ഇടുക്കിയെ പ്രണയിക്കുന്ന സഞ്ചാരികൾ കണ്ടിരിക്കേണ്ട 30 സ്ഥലങ്ങൾ
1 രാമക്കല്‍മേട്, ഇടുക്കി
ഇടുക്കിയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ടൂറിസ്റ്റ്‌കേന്ദ്രമാണ് രാമക്കല്‍മേട്. ചരിത്രപ്രാധാന്യ മുള്ള ഒരു കുന്നിന്‍പ്രദേശമാണിത്. ഇവിടെയുള്ള കുറവന്റേയും കുറത്തിയുടേയും പ്രതിമകള്‍ സംഘകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലെത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. 'രാമന്‍ കാല്‍ വെച്ച ഇടം' എന്നാണ് രാമക്കല്‍മേട് എന്ന വാക്കിനര്‍ത്ഥം.
സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്പശ്ചിമ ഘട്ടത്തിലാണ് നിലകൊള്ളുന്നത്. ഇത്രയും ഉയരത്തില്‍ നിന്ന് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉപരിവീക്ഷണം ത്രസിപ്പിക്കുന്ന കാഴ്ചയാണ്. പച്ചപുതച്ച പര്‍വ്വതങ്ങളും തണുത്ത കാറ്റും ഹരിത താഴ്വരകളും സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ്. ഏത് കാലാവസ്ഥയിലും കാറ്റിന്റെ സാന്നിദ്ധ്യമുള്ളത്‌കൊണ്ട് കാറ്റില്‍നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ഒരു ഫാം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
2. കുറിഞ്ഞിമല സാങ്ച്വറി, ഇടുക്കി.
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ വട്ടവട, കോട്ടകമ്പൂര്‍ ഗ്രാമങ്ങളിലായി കുറിഞ്ഞിമല സാങ്ച്വറി വ്യാപിച്ച് കിടക്കുന്നു. അപൂര്‍വ്വയിനം സസ്യവന്യജാലങ്ങളുടെ അനവധി ശേഖരം ഇവിടെയുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുഷ്പിക്കുന്ന നീലക്കുറിഞ്ഞിയാണ് അവയില്‍ ഏറെ പ്രമുഖമായ ഇനം. വംശമറ്റ്‌കൊണ്ടിരിക്കുന്ന ഈ മനോഹര പുഷ്പത്തിന് 32 ചതുരശ്ര കിലോമീറ്റര്‍ വലുപ്പത്തില്‍ വിശാലമായ ഒരു തോപ്പ് തന്നെ ഇവിടെയുണ്ട്.
2006 ലെ നീലക്കുറിഞ്ഞി ഉത്സവവേളയില്‍ ഈ സ്ഥലം ഒരു സംരക്ഷിത സങ്കേതമായ് അറിയപ്പെട്ടു. അന്ന് നീലക്കുറിഞ്ഞിയുടെ ഭംഗി കാണാന്‍ മൂന്നാറിലും സമീപ പ്രദേശങ്ങളിലും എത്തിച്ചേര്‍ന്നത് ഒരു ദശലക്ഷം സന്ദര്‍ശകരാണ്. ആന, നീലഗിരി, കാട്ട്‌പോത്ത്, മാനുകള്‍, വരയാടുകൾ എന്നീ മൃഗങ്ങളും നീലക്കുറിഞ്ഞി അടക്കമുള്ള അപൂര്‍വ്വമായ ജീവവൈവിദ്ധ്യങ്ങളെയും ഈ സാങ്ച്വറി സംരക്ഷിക്കുന്നു.
ചിന്നാര്‍ വന്യജീവി സങ്കേതവും ഇന്ദിരാഗാന്ധി വന്യജീവി സങ്കേതവും ഈ സാങ്ച്വറിയുടെ അടുത്ത്തന്നെയുണ്ട്. ഇരവികുളം, പാമ്പാടും ശോല, ആനമുടി ശോല എന്നീ ദേശീയോ ദ്യാനങ്ങളും കുറിഞ്ഞിമല സാങ്ച്വറിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നു. 2018 കുറിഞ്ഞി പൂക്കുന്ന വർഷമാണ് ഏപ്രിൽ മെയ് തൊട്ട് നീലക്കുറിഞ്ഞികൊണ്ട് മൂടുന്ന മൂന്നാറിനെ നമുക്ക് കാണാം.
3. കൊളുക്കുമല.
ഇടുക്കിയിൽ ഉദയാസ്തമയ കാഴ്ചകൾക്ക് മറ്റൊരു സ്ഥലവും തേടേണ്ടതില്ല, തമിഴ്‌നാട് സംസ്ഥാനത്തിലെ തേനിജില്ലയിലെ ബോഡിനായ്‌ക്കനൂർമുൻസിപ്പാലിറ്റിയിലാണ്, സമുദ്രനിരപ്പിൽ നിന്നും 8000 അടിയോളം ഉയരത്തിലായി കൊളുക്കു മല സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിലാണ് ഉള്ളത്. 75 വർഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാൿറ്ററി കൊളുക്കുമലയിൽ നിലനിൽക്കുന്നുണ്ട്. കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ അതിന്റെ ഉടമസ്ഥർ. 8651 അടി ഉയരമുള്ള മീശപുലിമല, 6988 അടി ഉയരമുള്ള തിപ്പടാമല എന്നീ മലകൾ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്, മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 km ദൂരെയായി നിലകൊള്ളുന്ന കൊളുക്കുമലയിലേക്ക് റോഡ് മാർഗ്ഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ, പ്രകൃതിഭംഗിയാല്‍ സമൃദ്ധമായ ഈ പ്രദേശം ഫോട്ടോഗ്രാഫേഴ്‌സിനെ ഇഷ്ടസ്ഥലങ്ങളിൽ ഒന്നാണ്.
4. കുളമാവ്.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3000 അടി ഉയരത്തില്‍ നിലകൊള്ളുന്ന കുളമാവ്, ഇടുക്കിയി ലെ പ്രസിദ്ധമായ കുന്നിന്‍പ്രദേശമാണ്. ട്രെക്കിംങിനും അനുയോജ്യമാണീ സ്ഥലം. പാറക്കുന്നു കള്‍ക്കിടയില്‍ കിടക്കുന്ന ഈ ജലാശയത്തിന്റെ വിസ്തൃതി 33 ചതുരശ്ര കിലോമീറ്ററാണ്. ഇടുക്കി ജലാശയ പദ്ധതിയുമായ് ബന്ധപ്പെട്ട മൂന്ന് പ്രമുഖ ഡാമുകളിലൊന്നാണിത്.
കുളമാവ് ഡാമിനും ചെറുതോണിക്കുമിടയില്‍ ഉല്ലാസയാത്രയ്ക്ക് ബോട്ടുകള്‍ ലഭ്യമാണ്. കുളമാവിനടുത്തായി സ്ഥിതിചെയ്യുന്ന മൂലമറ്റം ഭൂഗര്‍ഭ പവര്‍ സ്‌റ്റേഷന്‍ സന്ദര്‍ശകര്‍ കണ്ടിരിക്കേ ണ്ട സ്ഥലമാണ്. ഇടുക്കി വന്യജീവി സങ്കേതം കുളമാവില്‍ നിന്ന് സന്ദര്‍ശിക്കാം.
5. പാമ്പാടും ഷോല നാഷണൽ പാർക്ക്.
മുന്നാറിൽ നിന്നും ടോപ്പ് സ്റ്റേഷൻ വഴി 30Km സഞ്ചരിച്ചാൽ വന്യതയുടെ വിശാലലോകം ഏതൊരു സഞ്ചാരിയുടെയും മനസ്സ്നിറക്കും യൂക്കാലി മരങ്ങൾ തണൽവിരിക്കുന്ന മനോഹരവഴിയിലൂടെയുള്ള ഈ യാത്ര. കാട്ടുപോത്തിനേയും മ്ലാവിനെയും പ്രതീക്ഷിക്കാം ചെക്‌പോസ്റ്റിൽ നിങ്ങളുടെ വിവരങ്ങൾ നൽകിയാൽ ഈ വിശാല കാനന പാത നിങ്ങൾക്ക് മുൻപിൽ തുറക്കും വട്ടവടയിലേക്കുള്ള യാത്ര നാഷണൽ പാർക്ക് വഴി തന്നെയാവട്ടെ. നാഷണൽ പാർക്കിൽ വനത്തിനുള്ളിൽ തന്നെ താമസവും, ട്രക്കിങ്ങിന്റെ വിശാല ലോകവും ഫോറെസ്റ് ഡിപ്പാർട്ടമെന്റ് നമുക്കായി ഒരുക്കിവെച്ചിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ഫോറെസ്റ് ഓഫീസുമായി ബന്ധപ്പെടണം...
6. പാൽക്കുളമേട്
സമുദ്രനിരപ്പില്‍ നിന്ന് 3125 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഗിരിശൃംഗമാണ് പാല്‍കുളമേട്. ഇടുക്കിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. കാട്ടാനകളുടെ വിഹാരകേന്ദരം, അതിപുരാതന കുന്നുകളും പച്ചപുതച്ച താഴ്വരകളും ഈ മേടിനെ സന്ദര്‍ശകരുടെ പ്രിയഭൂമിയാക്കുന്നു. ഹൈക്കിംങിനും ട്രെക്കിംങിനും സൌകര്യമുള്ള ഈ കൊടുമുടിയില്‍ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലുംസന്ദര്‍ശിക്കാം. പ്രകൃതിസ്‌നേഹികളും പ്രകൃതിയെ കാമറയുടെ വരുതിയിലാക്കാന്‍ ഇഷ്ടപ്പെടുന്നവരും ഈ സ്ഥലം മിസ് ചെയ്യില്ല. ഓഫ് റോഡ് റൈഡ് കൊതിക്കുന്ന സഞ്ചാരികളുടെ അവസാന വാക്ക്.
7. മൂന്നാർ
കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. മധുരപ്പുഴ, നല്ലത്തന്നി, കണ്ടലി എന്നിങ്ങനെ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് മൂന്നാര്‍ എന്ന പേരുവീണത്.
തമിഴ്‌നാടുമായി വളരെ അടുത്തുകിടക്കുന്ന സ്ഥലമാണിത്. അതിനാല്‍ത്തന്നെ സാംസ്‌കാരികമായ ഒരു സങ്കലനം മൂന്നാറിലെ ജനതയിലും സംസ്‌കാരത്തിലും കാണാന്‍കഴിയും. കേരളത്തിന് പുറത്തും ഏറെ പ്രശസ്തമാണ് മൂന്നാര്‍.
കോളനിവാഴ്ചക്കാലത്തേ തുടങ്ങുന്നതാണ് ഒരു അവധിക്കാലകേന്ദ്രമെന്നനിലയിലുള്ള മൂന്നാറിന്റെ പ്രസക്തി.
തേയിലകൃഷിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ട ബ്രിട്ടീഷുകാര്‍ ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങി. ബ്രിട്ടീഷുകാര്‍ക്ക് താമസിക്കാനായി പണിത പല ബംഗ്ലാവുകളും ഇപ്പോഴും മൂന്നാറില്‍ കാണാം.
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1600-1800 മീറ്റര്‍ ഉയരത്തിലാണ് മൂന്നാര്‍ സ്ഥിതിചെയ്യുന്നത്.
വെറുമൊരു വിനോദസഞ്ചാരകേന്ദ്രമെന്നതിലുമുപരി, കാണാനും മനസ്സിലാക്കാനും ഒട്ടേറെ കാര്യങ്ങളുള്ള സ്ഥലമാണിത്. പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് ഒരു പറുദീസയാണ് മൂന്നാര്‍.
മൂന്നാറിലെ സൈറ്റ്‌സീയിങ് നന്നായി ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ്. ഇതിനുള്ള പ്രധാനകാരണം ഒട്ടും അലോസരപ്പെടുത്താത്ത കാലാവസ്ഥതന്നെയാണ്. ബൈക്കില്‍ ഉയരമേറിയ സ്ഥലങ്ങളിലേയ്ക്ക് യാത്രചെയ്യുന്നവര്‍ക്കും ട്രക്കിങ് പ്രിയര്‍ക്കുമെല്ലാം മൂന്നാര്‍ ഇഷ്ടലൊക്കേഷനാകുന്നതും ഇതുകൊണ്ടുതന്യൊണ്. അസ്സല്‍ ട്രക്കിങ്, ബൈക്കിങ് ട്രെയിലുകളാണ് ഇവിടുത്തേത്.
ഹണിമൂണ്‍ ആഘോഷിക്കാനെത്തുന്നവര്‍ക്കും, സാഹസികതയിലേര്‍പ്പെടാനാഗ്രഹിയ്ക്കുന്ന യുവാക്കള്‍ക്കും ഏകാകികളായി യാത്രചെയ്യുന്നവര്‍ക്കുമെല്ലാം മൂന്നാര്‍ ഒരു സ്വര്‍ഗ്ഗീയാനുഭൂതി തന്നെയാണ് സമ്മാനിയ്ക്കുകയെന്നതില്‍ സംശയം വേണ്ട. ഇരവികുളം ദേശീയോദ്യാനം. നീലഗിരി മേഘലയില്‍ മാത്രം കാണുന്ന തദ്ദേശീയ ജീവിവര്‍ഗ്ഗമായ വരയാടുകളുടെ(നീലഗിരി താര്‍) വാസസ്ഥാനമെന്നതരത്തില്‍ ശ്രദ്ധേയമാണ് ദേശീയോദ്യാനം. തെക്കേഇന്ത്യയിലെ ഏറ്റവും ഉയരമേറിയ ഗിരിശിഖരമായ ആനമുടിയും ഈ ദേശീയോദ്യാനത്തിനുള്ളിലാണ്. ആനമുടിയില്‍ 2700 മീറ്ററോളും ഉയരത്തില്‍ ട്രക്കിങ് നടത്താന്‍ സാധിയ്ക്കും.
8. ആട്ടുകൽ
വെള്ളച്ചാട്ടം തന്നെയാണ് ആട്ടുകലിലെയും പ്രധാന ആകര്‍ഷണം. മൂന്നാറില്‍ നിന്നും 9 കിലോമീറ്റര്‍ മാറിയാണ് ഈ വെള്ളച്ചാട്ടം മൂന്നാറിനും പള്ളിവാസലിനും ഇടയിലാണ് ഈ വെള്ളച്ചാട്ടം. പള്ളിവാസലിലേയ്ക്കുള്ള ട്രിപ്പില്‍ത്തന്നെ ആട്ടുകല്‍ വെള്ളച്ചാട്ടവും കാണാവുന്നതാണ്. ഉയരമേറിയ കുന്നിന്‍നിരകള്‍ക്കിടയിലാണ് വെള്ളച്ചാട്ടം. ട്രങ്ങിന് പറ്റിയ സ്ഥലമാണിത്, വെള്ളച്ചാട്ടത്തിന്റെ പരിസരത്തായി ഒട്ടേറെ ട്രക്കിങ് ട്രെയിലുകളുണ്ട്. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം കാണേണ്ടത്. മഴയത്ത് വെള്ളം നിറയുന്നതിനാല്‍ വെള്ളച്ചാട്ടം പൂര്‍വ്വാധികം ഭംഗിയാകും. ചീയപ്പാറ വെള്ളച്ചാട്ടവും, വളര വെള്ളച്ചാട്ടവും ആട്ടുകലിന് അടുത്താണ്.
9. പള്ളിവാസൽ
മൂന്നാര്‍ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ മാറി ദേവികുളത്താണ് പള്ളിവാസല്‍ വെള്ളച്ചാട്ടമുള്ളത്, വെള്ളച്ചാട്ടം വലിപ്പം കൊണ്ട് ചെറുതാണെങ്കിലും ഇതിന്റെ കാഴ്ച മനോഹരമാണ്. ദേവികുളത്തെ മറ്റൊരു ആകര്‍ഷണമാണ് സീത ദേവി തടാകത്തിന് അടുത്തായിട്ടാണ് ഈ വെള്ളച്ചാട്ടം. പച്ചപ്പുള്ള ചുറ്റുപാടിനിടയിലൂടെയുള്ള വെള്ളച്ചാട്ടത്തിന്റെ കാഴ്ച മനോഹരമാണ്. നഗരത്തിലെ തിരക്കുകളില്‍ നിന്നെല്ലാം മാറി ശുദ്ധവായുശ്വസിച്ചും പ്രകൃതിസൗന്ദര്യം ആസ്വദിച്ചും കുറച്ചുസമയം ചെലവഴിക്കാനാഗ്രഹിയ്ക്കുന്നവര്‍ക്ക് പറ്റിയൊരു സ്ഥലമാണിത്.
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയുടെ പേരില്‍ കേരളത്തിനകത്തും പുറത്തും പ്രശസ്തമാണ് ഇടുക്കി ജില്ലയിലെ പള്ളിവാസല്‍. മൂന്നാര്‍നഗരത്തില്‍ നിന്നും റോഡുമാര്‍ഗ്ഗം എളുപ്പത്തില്‍ ഇവിടെയെത്താം. പള്ളിവാസല്‍ വെള്ളച്ചാട്ടത്തിലേയ്ക്കും, സീത ദേവി തടാകത്തിലേയ്ക്കുമായി ഒറ്റയാത്ര പ്ലാന്‍ ചെയ്താല്‍ മതി, രണ്ടും അടുത്തടുത്താണ്.
10. ഇരവികുളം
പശ്ചിമഘട്ട മലനിരകളില്‍ 97 ചതുരശ്രകിലോമീറ്ററിലേറെ സ്ഥലത്ത് പരന്നുകിടക്കുന്നതാണ് ഈ ഉദ്യാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. വനം,വന്യജീവി വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം. വരയാടുകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ജീവിവര്‍ഗ്ഗം.
അടുത്തുള്ള ചിന്നാര്‍, ഇന്ദിരഗാന്ധി വന്യജീവിസങ്കേതംകൂടി ചേരുമ്പോള്‍ പശ്ചിമഘട്ടത്തിലെ വലിയൊരു ജൈവവൈവിധ്യ മേഘലയായി സ്ഥലം മാറുന്നു. ഒട്ടേറെ നദികളുടെ ഉത്ഭവസ്ഥാനവും ഈ ഉദ്യാനത്തിനുള്ളിലാണ്.
കോര്‍ ഏരിയ, ബഫര്‍ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെ ഉദ്യാനത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. രാജമലയെന്ന് അറിയപ്പെടുന്നത് ടൂറിസം ഏരിയയാണ്. ഇവിടെ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളു. 26 തരത്തില്‍പ്പെട്ട സസ്തനികള്‍, 132 വിഭാഗം പക്ഷികള്‍ എന്നിവയെല്ലാം ഈ ഉദ്യാനത്തിനകത്ത് സുരക്ഷിതരായി ജീവിയ്ക്കുന്നുണ്ട്. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കില്ല. മൃഗങ്ങളുടെ പ്രജനനകാലമായതിനാലാണ് ഇക്കാലത്ത് സഞ്ചാരികളെ നിരോധിയ്ക്കുന്നത്.
11. പോതമേട്.
മൂന്നാറിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണിത്. മനോഹരമായ ഒരു കൊച്ചുഗ്രാമമാണിത്. മൂന്നാര്‍ ടൗണില്‍ നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഇവിടെയുള്ള ഒരു വ്യൂപോയിന്റില്‍ നിന്നും മൂന്നാറിന്റെ വിദൂരഭംഗി ആസ്വദിയ്ക്കാം. സമീപത്തുള്ള സമതലങ്ങളുടെയും മധുരപ്പുഴ നദിയുടെയും മനോഹരമായ കാഴ്ച കാണാം ഇവിടെനിനനാല്‍. ട്രക്കിങ്പ്രിയരുടെയും പ്രകൃതിസ്‌നേഹികളുടെയും ഇഷ്ടകേന്ദ്രമാണിത്.
തേയിലത്തോട്ടങ്ങളും, ഏലത്തോട്ടങ്ങളും ഏറെയുള്ള ഇവിടത്തെ കാറ്റിനുപോലും സുഗന്ധമാണ്. സുഗന്ധദ്രവ്യത്തോട്ടങ്ങളിലൂടെ നടന്നുവേണം വ്യൂപോയിന്റിലെത്താന്‍. ഫോട്ടോഗ്രാഫില്‍ താല്‍പര്യമുള്ളവരും കണ്ടിരിക്കേണ്ട സ്ഥലമാണിത്. വളഞ്ഞുപുളഞ്ഞുപോകുന്ന റോഡും കൊച്ചുകൊച്ചുകുന്നുകളുമെല്ലാം ചേര്‍ന്ന് പോത്തന്‍മേടിനെ മനോഹരമാക്കുന്നു. വ്യൂപോയിന്റിലേയ്ക്ക് പോകുമ്പോള്‍ വെള്ളം, ഭക്ഷണം എന്നിവ കയ്യില്‍ക്കരുതാന്‍ മറക്കരുത്.
12. ആനയിറങ്കൽ
മൂന്നാറില്‍ നിന്നും 22 കിലോമീറ്റര്‍ ഗ്യാപ് റോഡ് വഴി സഞ്ചരിച്ചുവേണം ഈ സ്ഥലത്തെത്താന്‍. തേയിലത്തോട്ടങ്ങളും, അണക്കെട്ടും, തടാകവുമാണ് ഇവിടുത്തെ ആകര്ഷണങ്ങള്. ആനയിറങ്ങള്‍ തടാകവും അണക്കെട്ടും കാണാന് ,ഏറെ സഞ്ചാരികള് എത്തുന്നുണ്ട്. തടാകത്തില്‍ വെള്ളംകുടിയ്ക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളെയും ഇടക്കിടെ കാണാം. മൈലുകളോളും നീളുന്ന കാടുകളും, തേയിലത്തോട്ടങ്ങളും ഇവിടെകാണാം. ടാറ്റ ടീ പ്ലാന്റേഷനാണ് മറ്റൊരു ആകര്‍ഷണം.
ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്. സമ്മതം വാങ്ങിയാല്‍ തെയിലച്ചെടികള്‍ക്കിടയിലൂടെ നടക്കാം. ആനയിറങ്ങലിന് സമീപമാണ് പോത്തന്‍മേടും. രണ്ടുസ്ഥലങ്ങളും കൂടി ഒരു ട്രിപ്പില്‍ കാണാവുന്നതാണ്. ആനയിറങ്ങളില്‍ ഒട്ടേറെ മനോഹരമായ റിസോര്‍ട്ടുകളുംമറ്റുമുണ്ട്. ഒന്നോ രണ്ടോ ദിവസം താമസിച്ച് കാണാനുള്ളത്രയും കാഴ്ചകളുണ്ട് പോത്തന്‍മേട്ടിലും ആനയിറങ്ങലിലും.
13. രാജമല, മൂന്നാര്‍
മൂന്നാറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് രാജമല. നീലഗിരി വരയാടുകളുടെ വാസസ്ഥലമാണിത്. ലോകത്തെ ആകെയുള്ള വരയാടുകളില്‍ പകുതിയോളവും ഉള്ളത് ഇരവികുളം-രാജമല ഭാഗത്താണെന്നാണ് കണക്ക്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകള്‍തന്നെയാണ് രാജമലയിലെ ഏറ്റവും പ്രധാന ആകര്‍ഷണം. ഇവയെകാണാനായി പ്രതിദിനം അനേകം സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
പ്രകൃതിരമണീയമായ സ്ഥലമാണ് രാജമല. പുല്‍മേടുകളും കുന്നുകളും ട്രക്കിങ് ട്രെയിലുകളുമെല്ലാം ഇവിടെയുമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2700 മീറ്റര്‍ ഉയരത്തിലാണ് രാജമലയുടെ കിടപ്പ്. ഹണിമൂണ്‍ യാത്രക്കാര്‍ക്കും, ഫാമിലി ട്രിപ്പുകാര്‍ക്കുമെല്ലാം പറ്റിയ വിനോദകേന്ദ്രമാണിത്. റോക്ക് ക്ലൈമ്പിങ്, മലകയറ്റം, ട്രക്കിങ് എന്നിവയ്‌ക്കെല്ലാം ഇവിടെ സൗകര്യമുണ്ട് മൂന്നാർ ഫോറെസ്റ് ഓഫീസിൽ നിന്ന് മുൻകൂർ അനുമതി വാങ്ങേണ്ടതാണ്.
14. എക്കോപോയിന്റ്
മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് എക്കോ പോയിന്റ്. യുവസഞ്ചാരകള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ കേന്ദ്രം. മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്. നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനികള്‍ വീണ്ടുംവീണ്ടും കേള്‍ക്കുകയെന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്. ഇവിടെയെത്തുന്ന ചെറുപ്പക്കാരുടെ പ്രധാന വിനോദവും ഇതുതന്നെയാണ്. ചുറ്റുപാടുമുള്ള തേയിലത്തോട്ടങ്ങലും, ഏലത്തോട്ടങ്ങളുമെല്ലാം ചേര്‍ന്നൊരുക്കുന്ന മനോഹരമായ കാഴ്ചയാണ് ഈ സ്ഥലത്തിന്റേത്. ട്രക്കിങ് പ്രിയരുടെ ഇഷ്ടസ്ഥലംകൂടിയാണിത്.
തടാകക്കരയില്‍ കിടക്കുകയോ ഇരിയ്ക്കുകയോ ഒക്കെ ചെയ്യാം, സമീപത്തെ പുല്‍മേടുകളില്‍ കരണം മറിഞ്ഞ് കുട്ടിക്കാലത്തേയ്ക്ക് തിരിച്ചുപോകണമെന്നുള്ളവര്‍ക്ക് അതും ആവാം. മൂന്നാറിലെ ഒരു സാഹസികകേന്ദ്രമാണ് ഈ എക്കോ പോയിന്റ്. ഫോട്ടോഗ്രാഫര്‍മാരെ സംബന്ധിച്ച് കാഴ്ചകളുടെ പറുദീസയാണിവിടം
15. കാൽവരി മൗണ്ട്.
ഇടുക്കി ടൗണില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ ഒരു മലയുടെ മുകളിലാണ് ഈ സ്ഥലം. ചുറ്റുപാടുമുള്ള മലനിരകളുടെയും കാടുകളുടെയും ഇടുക്കി ജലാശയത്തിന്റെയും മേടുകളുടെയുമെല്ലാം മനോഹരമായ കാഴ്ച ഇവിടെനിന്നാല്‍ കാണാം. കുടുംബാംഗങ്ങള്‍ ചേര്‍ന്നുള്ള പിക്‌നിക്കിനും ഹണിമൂണ്‍യാത്രക്കാര്‍ക്കുമെല്ലാം പറ്റിയ സ്ഥലമാണിത്.
16. മീനുളി
തൊടുപുഴ വെണ്മണിയിൽ നിന്നും അടുത്തുള്ള പ്രശസ്തമായൊരു സ്ഥലമാണിത്. ട്രക്കിങ് പ്രിയര്‍ക്ക് പറ്റിയസ്ഥലമാണിത്. നിത്യഹരിത വനവും, കൂറ്റന്‍ പാറയുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍. ഏതാണ്ട് 500 ഏക്കറില്‍ പരന്നുകിടക്കുന്നതാണ് ഈ അസാധാരണമായ പാറ. ഇതിന് മുകളില്‍ നിന്നാല്‍ ലോവര്‍ പെരിയാറിന്റെയും ഭൂതത്താന്‍കെട്ടിന്റെയും കാഴ്ചകള്‍ കാണാം. പാറകയറ്റത്തില്‍ കമ്പമുള്ളവർക്ക് പറ്റിയ സ്ഥലമാണിത്. പാറയ്ക്ക് മുകളില്‍ രണ്ട് ഏക്കറോളം വരുന്ന ഒരു നിത്യഹരിത വനമുണ്ട്. മൂന്നാറില്‍ എത്തുന്നവര്‍ നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത കാഴ്ചകളും അനുഭവവുമാണ് ഇവിടുത്തേത്. ഇവിടേയ്ക്ക് യാത്രചെയ്യുമ്പോഴും വെള്ളവും, ഭക്ഷണവുമെല്ലാം കയ്യില്‍കരുതാന്‍ മറക്കരുത്.
17. ദേവികുളം
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് ദേവികുളം. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ദേവികുളം മൂന്നാറില്‍ നിന്നും അടുത്താണ്. മനോഹരമായ പ്രകൃതിയും കാലാവസ്ഥയുമാണ് ഏതൊരു ഹില്‍ സ്റ്റേഷനിലെയും പോലെ ദേവികുളത്തെയും പ്രത്യേകത.
മൂന്നാറില്‍ നി്ന്നും 7 കിലോമീര്‍ ദൂരമേയുള്ളു. ട്രിക്കിങില്‍ താല്‍പര്യമുള്ളവര്‍ക്കും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഫോട്ടോഗ്രാഫിയില്‍ പരീക്ഷണങ്ങള്‍ നടത്തുവാനും താല്‍പര്യമുള്ളവര്‍ക്കും പറ്റിയ കേന്ദ്രമാണിത്. ജൈവവൈവിധ്യമാണ് ദേവികുളത്തെ മറ്റൊരു പ്രത്യേകത. ചുവന്ന അരക്കുമരങ്ങള്‍ ദേവികുളത്തെ പ്രത്യേകതയാണ്.
സീത ദേവി തടാകമാണ് ദേവികുളത്തെ പ്രധാന ആകര്‍ഷണം. രാമയണവുമായി ബന്ധപ്പെട്ടാണ് ഈ തടാകത്തിന് ദേവികുളം എന്ന പേരുതന്നെ വന്നത്. മനോഹരമായ ഈ തടാകത്തില്‍ സീത ദേവി സ്‌നാനം നടത്തിയിട്ടുണ്ടെന്നാണ് വിശ്വാസം, അതിനാലാണ് ഇതിനെ സീത ദേവി തടാകം എന്ന് വിളിയ്ക്കുന്നത്. പള്ളിവാസല്‍ വെള്ളച്ചാട്ടമാണ് മറ്റൊരു കാഴ്ച. കൂടാതെ തേയിലഉള്‍പ്പെടെയുള്ള തോട്ടങ്ങളും കാണാം, തോട്ടങ്ങള്‍ കാണാനായി ടൂറുകള്‍ തന്നെയുണ്ട്. ഫാം ടൂറിസത്തിന്റെ കേന്ദ്രമാണ് ദേവികുളം എന്നു വേണമെങ്കില്‍ പറയാം. ഇതുകൂടാതെ പുരാവസ്തുഗവേഷകര് 3000 വര്ഷത്തിലേറെ പ്രായം കണക്കാക്കിയിട്ടുള്ള എഴുത്തറകളും മുനിയറകളുമെല്ലാമുള്ള നാടാണ് ദേവികുളം. മൂന്നാറും ദേവികളവും ചേര്,ത്ത് ഒറ്റ യാത്രയില്‍ കാണാവുന്നതാണ്. വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണിത്. വേനല്‍ക്കാലത്ത് കഠിനായ ചൂട് അനുഭവപ്പെടാറില്ല, മണ്‍സൂണിലും ശൈത്യകാലത്തും ദേവികുളും പൂര്‍വ്വാധികം മനോഹരമായിട്ടാണ് കാണപ്പെടുന്നത്.
18. മാട്ടുപ്പെട്ടി
നിബിഡ വനവും പുല്‍മേടുകളുമെല്ലാമാണ് ഈ തടാകത്തിന് ചുറ്റുമുള്ള കാഴ്ച. വെറുതെ ഈ തടാകക്കരയില്‍ നില്‍ക്കുന്നതുതന്നെ മനസ്സിലെ കുളിര്‍പ്പിയ്ക്കും. പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ വിട്ടുകളയാന്‍ പാടില്ലാത്തൊരു സ്ഥലമാണിത്.
ഫോട്ടോഗ്രാഫിയ്ക്കും മികച്ച സാധ്യതകളുണ്ടിവിടെ. 1940ല്‍ പണിതീര്‍ത്ത മാട്ടുപ്പെട്ടി അണക്കെട്ട് ഇവിടെയാണ്. അണക്കെട്ട് പരിസരം മനോഹരമായ പിക്‌നിക് കേന്ദ്രമാണ്. ഇന്‍ഡോ-സ്വിസ് ലൈവ്‌സ്‌റ്റോക് പ്രൊജക്ടിന് കീഴിലുള്ള ഒരു കാലിവളര്‍ത്തുകേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്, നൂറോളം ഇനങ്ങളില്‍പ്പെട്ട കന്നുകാലികളെ ഫാമില്‍ കാണാം. തടാകത്തില്‍ ബോട്ടിങ്ങിന് സൗകര്യമുണ്ട്. സ്പീര്‍ ബോട്ടുകളും പെഡല്‍ ബോട്ടുകളുമെല്ലാം വിവിധ റേറ്റുകളില്‍ ലഭ്യമാണ്. പക്ഷിനിരീക്ഷണമാണ് ഇവിടുത്തെ മറ്റൊരു പ്രധാന വിനോദം.
19. തൂവാനം
മറയൂരില്‍ നിന്നും 10 കിലോമീറ്റര്‍ മാറി ചിന്നാര്‍ വന്യജീവിസങ്കേതത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. മനോഹരമായ കാഴ്ചയാണ് വെള്ളച്ചാട്ടത്തിന്റേത്. വെള്ളിപ്പാളികള്‍പോലെ ഒലിച്ചുവീഴുന്ന വെള്ളവും ചുറ്റുമുള്ള പച്ചപ്പുമെല്ലാം കണ്ണിന് ആനന്ദം പകരുന്നതാണ്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പറ്റിയസ്ഥലമാണിത്.
പമ്പാര്‍ നദിയില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം രൂപപ്പെടുന്നത്. വെള്ളച്ചാട്ടത്തിന് പരിസരത്ത് ട്രക്കിങ് ട്രെയിലുകളുണ്ട്. വര്‍ഷത്തില്‍ എല്ലാകാലത്തും തൂവാനം വെള്ളച്ചാട്ടം സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരിയ്ക്കും. കരിമുട്ടി ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും തുടങ്ങുന്ന ട്രക്കിങ് ട്രെയില്‍ അവസാനിയ്ക്കുന്ന വെള്ളച്ചാട്ടത്തിനടുത്താണ്. വന്യജീവികളെയും ജൈവവൈവിധ്യവും മറ്റും കണ്ടുകൊണ്ടുള്ള ട്രക്കിങ്ങിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഗൈഡുകളുമുണ്ട്.
20. വാഗമൺ
യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും വീക്‌നെസ്സാണ് ഹൈറേഞ്ചുകള്‍. കുളിരുള്ള ഹില്‍ സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രകള്‍ പറഞ്ഞറിയിയ്ക്കാനാവാത്ത മനോഹാരിതയുള്ളവയായിരിക്കും പലപ്പോഴും. കടല്‍ത്തീരങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും ചരിത്രപ്രധാനമായ നഗരങ്ങളും ഏറെയുള്ള കേരളത്തില്‍ ഹില്‍ സ്‌റ്റേഷനുകളുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാല്‍ ഉള്ളവ അതിമനോഹരമാണുതാനം. വയനാടും, മൂന്നാറും വാഗമണുമെല്ലാമാണ് കേരളത്തിലെ ഹില്‍സ്‌റ്റേഷന്‍ റാണിമാര്‍. വാഗമണ്‍ എന്ന പേരുതന്നെ ഓര്‍മ്മകളിലേയ്ക്ക് കുളിരുകോരിയിടും, നേരിട്ടുകാണാത്തവര്‍ക്കുപോലും വാഗമണ്‍ പ്രിയങ്കരമാണ്. അത്രയ്ക്കാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം.
കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലമയുള്ള മലനരികളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സ്വര്‍ഗീയമാക്കുന്നു. നിബിഢമായ പൈന്‍കാടുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. തങ്ങള്‍ ഹില്‍, മുരുഗന്‍ ഹില്‍, കുരിശുമല എന്നിവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങള്‍. വളരെ ചെറിയൊരു നഗരമാണ് വാഗമണിലേത്, പക്ഷേ ഇവിടുത്തെ പ്രകൃതിസൗന്ദര്യത്തിന് മുന്നില്‍ ഇതൊരു കുറവായി തോന്നുകയേയില്ല.
സഞ്ചാരികള്‍ക്ക് പലതരം വിനോദങ്ങള്‍ക്കുള്ള സാധ്യതകളാണ് വാഗമണ്‍ തുറന്നിടുന്നത്. പാറക്കൂട്ടക്കളില്‍ ഒരു റോക്ക് ക്ലൈംബിങ്ങാണ് ലക്ഷ്യമെങ്കില്‍ അതിനും ട്രക്കിങ്ങഇനും മലകയറ്റത്തിനും പാരഗ്ലൈഡിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. ഇനി ഇതൊന്നും വേണ്ട വെറുതേ നടന്ന് കാടും മേടും പൂക്കളും കാണണമെന്നാണെങ്കില്‍ വാഗമണില്‍ നിറയെ ഇതൊക്കെത്തന്നെയാണുള്ളത്. അനേകം ജാതി പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും ഇവിടെയുണ്ട്. ഏഷ്യയുടെ സ്‌കോട്‌ലാന്റ് എന്നാണ് വാഗമണിനെ വിശേഷിപ്പിക്കുന്നത്. നാഷണല്‍ ജിയോഗ്രാഫിക് ട്രാവല്‍ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയില്‍ വാഗമണും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ ഒട്ടുമിക്ക ഹില്‍ സ്റ്റേഷനുകളിലെയും സാധ്യതകള്‍ തിരിച്ചറിഞ്ഞ് അവിടം വാസയോഗ്യമാക്കിയെടുത്തത് ബ്രിട്ടീഷുകാരായിരുന്നു. വാഗമണിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. കോളനിവാഴ്ചക്കാലത്ത് വേനല്‍ച്ചൂടില്‍ നിന്നും രക്ഷേടാനായി വേനല്‍ക്കാലവസിതളും മറ്റും പണിയാനായി ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സ്ഥലമാണിത്. മാത്രമല്ല ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങിയതും അവര്‍തന്നെയാണ്. പിന്നീട് ക്രിസ്റ്റന്‍ മിഷനറിമാരാണ് ഇവിടെയെത്തിയത് കുരിശുമല കേന്ദ്രമാക്കിയായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള് .വാഗമണിലേയ്ക്ക് പോകുമ്പോള്‍കോട്ടയത്തുനിന്നും 65 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വാഗമണ്‍ ആയി. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ളത്. തീവണ്ടിമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലാണ് ഇറങ്ങേണ്ടത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കോട്ടയത്തേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
വാഗമണിനടുത്തുള്ള മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
തേക്കടി, പീരുമേട്, കുളമാവ് തുടങ്ങിയവയെല്ലാം ഏറെ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളാണ് ഇവിടങ്ങളിലെല്ലാം മികച്ച താമസസൗകര്യങ്ങളും ലഭ്യമാണ്. വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് വാഗമണിലും പരിസരങ്ങളിലും അനുഭവപ്പെടാറുള്ളത്.
കൂടുതൽ ചിത്രങ്ങൾക്കും വായനക്കും.
21. പീരുമേട്
ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ പ്രത്യേകത. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൂഫിവര്യന്‍ പീര്‍ മുഹമ്മദിന്റെ പേരുമായി ബന്ധപ്പെട്ടാണത്രേ പീരുമേടിന് ആ പേര് ലഭിച്ചത്. കോട്ടയം ജില്ലയില്‍ നിന്നും 75 കിലോമീറ്ററാണ് പീരുമേട്ടിലേയ്ക്കുള്ള ദൂരം. ഇടുക്കിയില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം.
സമുദ്രനിരപ്പില്‍ നിന്നും 915 മീറ്റര്‍ ഉയരത്തില്‍ പശ്ചിമഘട്ടമലനിരകളിലാണ് പീരുമേട് സ്ഥിതിചെയ്യുന്നത്, ഇതുതന്നെയാണ് പീരുമേടിന്റെ മനോഹരമായ കാലാവസ്ഥയ്ക്ക് കാരണം. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായിരുന്നു ഇത്. രാജകുടുംബാംഗങ്ങള്‍ വേനല്‍ക്കാലവസതിയായി ഉപയോഗിച്ചിരുന്ന കെട്ടിടം ചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ ഇതൊരു സര്‍ക്കാര്‍ അതിഥി മന്ദിരമാണ്. തേയില, ഏലം, റബ്ബര്‍ തുടങ്ങിയ വിളകളെല്ലാം ഇവിടെ കൃഷിചെയ്യു്‌നനുണ്ട്. പെരിയാര്‍ കടുവസങ്കേതവും വെള്ളച്ചാട്ടങ്ങളും, ട്രക്കിങ്ങുമാണ് പീരുമേട്ടിലെ പ്രധാന ആകര്‍ഷണങ്ങള്‍.
വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉയരത്തിലേയ്ക്ക് പോകുന്തോറും കുളിര് കൂടുകയാണ് ചെയ്യുന്നത്. നിബിഢമായ പൈന്‍ കാടുകളും, പുല്‍മേടുകളും, മനോഹരമായ വെള്ളച്ചാട്ടങ്ങളും വന്യമൃഗങ്ങളുമെല്ലാം ചേര്‍ന്ന് പീരുമേടിനെ അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കി മാറ്റുകയാണ്. മഴക്കാലത്ത് പീരുമേടിന് വല്ലാത്തൊരു സൗന്ദര്യം കൈവരും. മഴപെയ്യുമ്പോള്‍ പ്രകൃതിയുടെ പച്ചപ്പ് കൂടുന്നു. ഒട്ടേറെ ആയുര്‍വേദ റിസോര്‍ട്ടുകളുണ്ട് പീരുമേട്ടില് , മഴക്കാലത്ത് സുഖചികിത്സയ്ക്കും മറ്റുമായി ഒട്ടേറെപ്പേര്‍ ഇവിടെയെത്താറുണ്ട്. കൂടാതെ രുചിയേറിയ തേയില, ഗുണമേന്മയേറിയ തേയില തുടങ്ങിയവയ്‌ക്കെല്ലാം പ്രശസ്തമാണ് പീരുമേട്.
22. കുട്ടിക്കാനം
പീരുമേട്ടിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് കുട്ടിക്കാനം. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഇഷ്ടവേനല്‍ക്കാല വിനോദകേന്ദ്രമായിരുന്നു ഇത്. ഇവിടുത്തെ മനോഹരമായ കാലാവസ്ഥയും പ്രകൃതിയും ചേര്‍ന്ന് ഇപ്പോള്‍ ഇതിനെ കേരളത്തിലെ പ്രധാനപ്പെട്ട ഹണിമൂണ്‍ ലൊക്കേഷനുകളില്‍ ഒന്നാക്കി മാറ്റിയിട്ടുണ്ട്.
കാല്‍പനികരായ കവികള്‍ക്കും ചിത്രകാരന്മാര്‍ക്കുമെല്ലാം ഇഷ്ടപ്പെടുന്ന സ്ഥലമാണിത്. കുട്ടിക്കാനം പരിസരത്തെ ഒരു പ്രധാന കേന്ദ്രമാണ് പാഞ്ചാലിമേട്. ട്രക്കിങ് പ്രിയരുടെ സ്വര്‍ഗമെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. തേയിലത്തോട്ടങ്ങളും വളഞ്ഞങ്ങാനം വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍. ഇവിടുത്തെ പൈന്‍കാടുകള്‍ സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനാണ്.
ഒട്ടേറെ ഗാനരംഗങ്ങളും മറ്റും ഇവിടെ ചിത്രീകരിക്കാറുണ്ട്. തൊട്ടടുത്തായുള്ള വന്യജീവി സങ്കേതവും സന്ദര്‍ശനയോഗ്യമാണ്. മനോഹരമായ ഒട്ടേറെ അപൂര്‍വ്വയിനം പൂച്ചെടികളുള്ള ഈ സ്ഥലം മഴക്കാലം കഴിയുന്നതോടെ മൂടല്‍മഞ്ഞു പുതയ്ക്കും. കാർബൺ മൂവി ലൊക്കേഷനായ ബ്രിട്ടീഷുകാർ നിർമിച്ച അമ്മച്ചിക്കൊട്ടാരം എന്നറിയപ്പെടുന്ന കൊട്ടാരവും കുട്ടിക്കാനം ടൗണിനുള്ളിൽ തന്നെ.
23. ത്രിശങ്കു ഹിൽസ്.
പീരുമേട്ടില്‍ നിന്നും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ത്രിശങ്കു കുന്നിലെത്താം. ഈ ഭാഗത്തുനിന്നുമുള്ള ചുറ്റുപാടിന്റെ കാഴ്ച മനോഹരമാണ്. നഗരത്തിലെ തിരക്കുകളില്‍ നിന്നുമാറി പിക്‌നിക്കിനും മറ്റും പറ്റിയ സ്ഥലമാണിത്. സുഖശീതളിമയുള്ള കാറ്റും, ചുറ്റുപാടുമുള്ള കുന്നുകളുമെല്ലാം ചേര്‍ന്ന് ഈ സ്ഥലത്തെ മനോഹരമാക്കുന്നു.
അസ്തമയ സമയത്ത് ഈ കുന്നിലൂടെ വെറുതെ നടക്കുന്നത് തീര്‍ത്തും സുഖമുള്ള അനുഭവം തന്നെയാകും. ചെറിയതോതിലുള്ള ട്രക്കിങ്ങിനും മറ്റും പറ്റിയ സ്ഥലമാണിത്. ബൈക്കിങ് ട്രിപ്പുകാരും, ട്രക്കിങ്ങുകാരുമെല്ലാം ക്യാംപിങ് സ്ഥലമായി ഉപയോഗിക്കുന്നത് ഈ കുന്നാണ്. നാച്ചര്‍ ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്ക്കും ഹണിമൂണ് യാത്രക്കാര്ക്കും പറ്റിയ ലൊക്കേഷനാണിത്.
24. ഇടുക്കി ആർച്ച് ഡാം
സ്വദേശികളും വിദേശികളുമായ ധാരാളം സന്ദര്‍ശകര്‍ ദിവസവും ഇടുക്കിയില്‍ വന്ന്‌പോകുന്നു. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച് ഡാമാണ് ഇടുക്കി ആര്‍ച് ഡാം. ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്താണ് ഡാം പണിതിരിക്കു ന്നത്.
5 നദികളും 20 ഇതര ഡാമുകളും ഒരു ഭൂഗര്‍ഭ പവര്‍ ജനറേറ്ററും അനേകം ഭൂഗര്‍ഭ തുരങ്കങ്ങളും അടങ്ങുന്ന ജലവൈദ്യുത നിലയമാണ് ഇടുക്കി ആര്‍ച് ഡാം. 550 അടി ഉയരവും 650 അടി വീതിയുമുണ്ട് ഈ ഡാമിന്. ഇടുക്കി വന്യജീവിസങ്കേതം ഈ ആര്‍ച്ഡാമിന്‌സമീപത്ത് തന്നെയാണ്. ഡാമിന്റെ സവിശേ ഷമായ വലുപ്പത്തിന് പുറമെ പ്രകൃതിരമണീയമായ പരിസ്ഥിതിയും പേര് കേട്ടതാണ്. വെള്ളം കുതിച്ചൊഴുകുന്ന ആഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഈ ഡാം സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം.
25. ഹിൽവ്യൂ പാർക്ക്
ഇടുക്കിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ഹില്‍ വ്യൂ പാര്‍ക്ക്. മനോഹര മായി സജ്ജീകരിച്ച ഈ ഉദ്യാനം 8 ഏക്കറുകളിലായ് പരന്ന്കിടക്കുന്നു. ഇതിന്റെ ചാരുതയ്ക്ക് മോടി കൂട്ടാന്‍ പ്രകൃതിദത്തമായ ഒരു തടാകവും ഇതിനകത്തുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ പരിസ്ഥിതിയുടെ മനോഹരമായ പുറം കാഴ്ച ഇവിടെ നിന്ന് സന്ദര്‍ശകര്‍ക്ക് കിട്ടും. മാനുകളും കാട്ട്‌പോത്തുകളും ആനകളും അവയുടെ സ്വാഭാവിക താവളങ്ങളില്‍ യഥേഷ്ടം വിഹരിക്കുന്നത് കൌതുക കരമായ കാഴ്ചയാണ്. കായലിലൂടെ ഒരു ബോട്ട് യാത്ര ആ കാട്ടിലെ കാഴ്ചകളെ കുറെക്കൂടി സമീപസ്ഥവും ജീവസ്സുറ്റതുമാക്കും. ഔഷധസസ്യങ്ങളുടെ ഒരു തോട്ടവും കുട്ടികളുടെ ആനന്ദവേള ഉല്ലാസപ്രദമാക്കുന്ന കളിസ്ഥല ങ്ങളും ഇവിടെയുണ്ട്.
ഇടുക്കി ആര്‍ച്ഡാമിനും ചെറുതോണി ഡാമിനും അടുത്തായിട്ടാണ് ഹില്‍ വ്യൂ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഹില്‍ വ്യൂ പാര്‍ക്ക് സന്ദര്‍ശിക്കാതെ ഇടുക്കി സന്ദര്‍ശനം പൂര്‍ണ്ണമാവില്ല. ദൂരദര്‍ശിനിയും കാമറയും എടുക്കാന്‍ മറക്കരുത്. ഇടുക്കി യാത്ര ചിരകാലം ഓര്‍മയില്‍ സൂക്ഷിച്ച് വെക്കാന്‍ അസുലഭമായ ചിത്രങ്ങള്‍ ഇവിടെനിന്ന് പകര്‍ത്തിയെടുക്കാം.
26. തൊമ്മൻകുത്തും
ആനചാടികുത്തും.
തൊടുപുഴയിൽ നിന്നും ഉടുമ്പന്നൂർ വഴി 19Km സഞ്ചരിച്ചാൽ ശരീരവം മനസ്സും ഒരുപോലെ കുളിർപ്പിക്കുന്ന രണ്ട് വെള്ളച്ചാട്ടങ്ങൾ. തൊമ്മൻകുത്തിലേക്കുള്ള വഴി കാടിന്റെ മനസ്സറിഞ്ഞുള്ളതാണെങ്കിൽ ആനച്ചടിക്കുത്തിൽ നമുക്ക് നീരാടാൻ പാറക്കൂട്ടങ്ങൾക്കിടയിൽ ഒരു വിസ്മയം തന്നെ ഒരുക്കിവെച്ചിരിക്കുന്നു കുടുംബസമേതം കാട്ടുചോലയിൽ നീരാടാൻ ഇടുക്കിയിൽ ഇതിലും പറ്റിയ മറ്റൊരു സ്ഥലം തേടേണ്ടതില്ല.
27. വട്ടവട.
ഇടുക്കിയുടെ തീൻമേശ... മണ്ണിൽ പൊന്നു വിളയുന്ന സ്വർഗം. ശീതകാല പച്ചക്കറികളുടെ വിളനിലം. ക്യാരറ്റും, സ്ട്രോ്‌ബറിയും, ഉരുളക്കിഴങ്ങും എന്നുവേണ്ട സകല പച്ചക്കറികളും ഇവിടെ മണ്ണിനോടും മലമ്പാമ്പിനോടും കാട്ടുപന്നിയോടും മല്ലടിച്ചു വട്ടവടക്കാർ കൃഷി ചെയ്യുന്നു...മൂന്നാർ ടൗണിൽ നിന്ന് 40 km യാത്ര ചെയ്‌താൽ വട്ടവടയെത്താം ഒപ്പം നിരവധി വ്യൂ പോയിന്റുകളും, വട്ടവടയിൽ കാഴ്ചക്ക് നിറമേറും.
28. ആനക്കയം, കാഞ്ഞാർ.
കുഞ്ഞിക്കൂനൻ മുതൽ അവസാനം ആട് 2 വരെ ഷൂട്ട് ചെയ്ത ഡയറക്ടർമാരുടെ ഇഷ്ട ലൊക്കേഷൻ മലങ്കര ഡാമിന്റെ ജലസമ്പത് നിറഞ്ഞു നിൽക്കുന്ന അനുഗ്രഹീത ഗ്രാമം ഇടുക്കിയുടെ കവാടം ഇവിടെ നിന്നാണ് തുടങ്ങുന്നത്... നിരവധി സിനിമകളുടെ ഭാഗ്യ ലൊക്കേഷൻ ആയതിനാൽ ചലച്ചിത്ര നിർമാതാക്കൾ എന്നും തേടിവരുന്ന നാട്. തൊടുപുഴയിൽ നിന്ന് 10 Km ഇടുക്കി റൂട്ടിൽ സഞ്ചരിച്ചാൽ ഇവിടേക്കെത്താം കാഞ്ഞാറിൽ നിന്ന് തിരിഞ്ഞാൽ ഇലവീഴാപ്പൂഞ്ചിറയിലേക്കു 15Km ദൂരം മാത്രം. ഉരുൾപൊട്ടലിൽ ഇടുക്കി വനത്തിൽ നിന്നും കാട്ടാന ഒഴുക്കിൽ പെട്ടു വന്നടിഞ്ഞ സ്ഥലം ആനക്കയമായത് ചരിത്രം.
29. ആനക്കുളം.
മൂന്നാർ കണ്ടുമടുത്തവർ അടുത്ത യാത്ര ആനക്കുളത്തേക്കു മാറ്റിപിടിച്ചോ വനത്തിനുള്ളിലൂടെ കാട്ടാനകൾ മേയുന്ന പച്ചപ്പിലേക്ക് ഒന്നെത്തി നോക്കാം ഏകാന്തതയിൽ അലിഞ്ഞില്ലാതാവാം മൂന്നാർ റൂട്ടിൽ കല്ലാറിൽ നിന്ന് തിരിഞ്ഞാൽ കാട്ടാനകൾ നീരാടുന്ന ആനക്കുളത്തേക്കു മാങ്കുളത്തുനിന്നു 10km ഉള്ളിൽ സഞ്ചരിച്ചാൽ ആനക്കുളത്തെത്താം.
30. വൈശാലി ഗുഹ.
വൈശാലി സിനിമയുടെ പ്രധാന ലൊക്കേഷൻ ആയതിനാലാണ് ഈ പേര് വന്നത് ഇടുക്കി ഡാം മുഖത്തു നിന്നും മുൻപോട്ടു 5km നടന്നു കയറിയാൽ വൈശാലി ഗുഹയിലെത്താം ഇടുക്കി ഡാം സഞ്ചാരികൾക്ക് തുറന്നു തരുന്ന സമയത്തു മാത്രമേ ഈ വഴി സഞ്ചരിക്കാൻ സാധിക്കൂ, പാസ്സ് നൽകുന്ന കൗണ്ടറിൽ സംശയങ്ങൾ തീർക്കാം... ഇടുക്കി ജലാശയത്തിന്റെ മറ്റൊരു ദൃശ്യമാണ് വൈശാലി ഗുഹയിലൂടെ കടന്നുചെന്നാൽ നിങ്ങളെ കാത്തിരിക്കുന്നു.
ഇതിവിടെ അവസാനിക്കുന്നില്ല... പറഞ്ഞു തീർക്കാൻ ഇനിയും സഞ്ചരിക്കേണ്ടിയിരിക്കുന്നു...