തനിയെ കയറ്റം കയറുന്ന വാഹനം! മുകളിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടം!
സ്ഥലം കാശ്മീരിലെ ലഡാക്കില്‍ ഉള്ള “ലെ “(Leh) യിലെ മാഗ്നറ്റിക് ഹില്‍ . Leh യില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ അകലെ ദേശീയ പാതയില്‍ സമുദ്ര നിരപ്പില്‍ നിന്നും പതിനാലായിരം അടി ഉയരത്തില്‍ ആണ് ഇവിടം . രാജസ്ഥാനില്‍ നിന്നുള്ള ഒരുകൂട്ടം വിദ്യാര്‍ഥികള്‍ കുറച്ചു ബൈക്കുകളില്‍ ആണ് അവിടെ എത്തിയത് . പലരും പറഞ്ഞു കേട്ട ഈ “മാന്ത്രിക ” സ്ഥലം ഒന്ന് കാണാനും അനുഭവിക്കാനും പിന്നെ പറ്റുമെങ്കില്‍ ഒന്ന് പഠിക്കുവാനും ആണ് അവര്‍ കഷ്ടപ്പെട്ട് ഇവിടം വരെ യാത്ര ചെയ്തത് . സ്ഥലത്ത് എത്തിയപ്പോഴേ അവര്‍ ആ ബോര്‍ഡ് കണ്ടു . ” ഇവിടെ ഗുരുത്വാകര്‍ഷണത്തെ വെല്ലു വിളിച്ചു കൊണ്ട് നിങ്ങളുടെ വാഹനങ്ങള്‍ തനിയെ കയറ്റം കയറും ! വാഹനങ്ങള്‍ ന്യൂട്രല്‍ ആക്കി ഈ കാണുന്ന വെളുത്ത വരയില്‍ നിര്‍ത്തിയിടുക ! ” കൂട്ടത്തില്‍ ഒരാള്‍ തന്‍റെ ബൈക്ക് അവിടെ കൊണ്ട് ചെന്ന് നിര്‍ത്തി . ന്യൂട്രല്‍ ആക്കി …. പതുക്കെ കാല്‍ എടുത്തു ….. അത്ഭുതം ! ബൈക്ക് അതാ ഉരുണ്ട് തുടങ്ങുന്നു ! …. മുന്നില്‍ കാണുന്ന കയറ്റം അത് പതുക്കെ കയറുകയാണ് ! …. വിരണ്ടു പോയ അവന്‍ ബൈക്ക് നിര്‍ത്തി തിരികെ വന്നു . വിശ്വാസം വരാത്തത് പോലെ തന്‍റെ കയ്യില്‍ ഇരുന്ന ഒരു കുപ്പി ജലം പുറത്തെടുത്തു . ആ റോഡില്‍ ഒഴിച്ചു . വീണ്ടും അതാ …… ഒഴിച്ച വെള്ളം മുകളിലേക്ക് ഒഴുകുന്നു ! ങേ ! ഇവിടെ ഗ്രാവിറ്റി ഇല്ലേ ?ഇങ്ങനെ സ്വയം ചോദിച്ചുകൊണ്ട് അയാള്‍ ആ റോഡിലൂടെ നടന്നു തുടങ്ങി . ശരിയാണ് ഇവിടെ എന്തോ ഒന്നുണ്ട് ! കയറ്റമാണെങ്കിലും എന്തോ ഒരു ആയാസക്കുറവ് .. ഒരു സുഖം . എന്താ ഈ സ്ഥലത്തിന്‍റെ പേര് ? “മാഗ്നറ്റിക് ഹില്‍ ! ” അപ്പോള്‍ ഭൂമിയുടെ കാന്ത ശക്തിയാണോ വണ്ടിയെയും വെള്ളത്തെയും പിടിച്ചു മുകളിലേക്ക് വലിക്കുന്നത്? എങ്കില്‍ ഒന്ന് നോക്കിയിട്ട് തന്നെ കാര്യം. ഉടന്‍ തന്നെ കൂട്ടുകാരെ വിളിച്ച് കൂടെ കരുതിയിരുന്ന മാഗ്നെറ്റോ മീറ്ററും മറ്റു ഉപകരണങ്ങളും പുറത്തെടുത്തു . ഭൂമിയുടെ കാന്ത ശക്തി അളന്നപ്പോള്‍ ഒരു കാര്യം മനസ്സില്‍ ആയി. സാധാരണയിലും ഒരല്‍പം കൂടുതല്‍ ആണ്. പക്ഷെ നമ്മുടെ വീട്ടിലെ ഫ്രിട്ജിനടുത്തു അനുഭവപ്പെടുന്ന കാന്തിക ബലത്തിന്റെ പകുതി പോലുമില്ല! എന്ന് വെച്ചാല്‍ ഈ ബലം വെച്ച് ഒരു പൊടി പോലും അനക്കാന്‍ പറ്റില്ല എന്നര്‍ത്ഥം! (ഭൂമിയുടെ മാഗ്നെറ്റിക് ഫീല്‍ഡിന്‍റെ ശക്തി 25 to 65 മൈക്രോ ടെസ് ല ആണ്. വീട്ടിലെ ഒരു ഉപകരണത്തിനും ഇത് 100 മൈക്രോ ടെസ് ലയില്‍ കൂടില്ല! SOURCE :http://goo.gl/s4ZDzc ). അപ്പോള്‍ പേരിട്ടത് വെറുതെ ആണ്, കാന്തിക ശക്തിയുമായി ഇതിനു ബന്ധമില്ല.
അടുത്തത് ഗ്രാവിറ്റി . ബൈക്കെടുത്തു വീണ്ടും പഴയ സ്ഥലത്ത് കൊണ്ട് വെച്ചു. പിന്നെയും പഴയ പടി ബൈക്ക് ഉരുണ്ടു . മാക്സിമം വേഗത മണിക്കൂറില്‍ ഇരുപത് കിലോമീറ്റര്‍! (Terminal velocity). വീണ്ടും കൂട്ടുകാരോടും ഇത് പല വാഹനങ്ങളില്‍( ബൈക്ക് , കാര്‍ , ജീപ്പ് ) ആവര്‍ത്തിക്കുവാന്‍ പറഞ്ഞു. ഉത്തരം ഏകദേശം ഒന്ന് തന്നെ! മണിക്കൂറില്‍ ഇരുപത് കിലോമീറ്റര്‍. അപ്പോള്‍ ആളെ പിടികിട്ടി! കക്ഷി ഗുരുത്വാകര്‍ഷണം തന്നെ! കൂടുതലോ? കുറവോ? രണ്ടുമല്ല! നമ്മുടെ നാട്ടിലൊക്കെ എത്രയുണ്ടോ അത്രയും തന്നെ! പിന്നെ ഇവിടെ എന്താ കുഴപ്പം? കുഴപ്പം നമ്മുടെ കണ്ണിനാണ്! സത്യത്തില്‍ ഇത് കയറ്റമല്ല! ഇറക്കമാണ്! ന്യൂട്രലില്‍ ഇട്ട വണ്ടികള്‍ ഇറക്കത്തില്‍ ഉരുളുകയാണ് ചെയ്യുന്നത്. ങേ! അപ്പോള്‍ നാം കാണുന്നതോ? കണ്ണ് ഇങ്ങനാണ് ഭായി. ചിലപ്പോള്‍ പണി തരും! ഇതൊരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ആണ്. ഇറക്കം കയറ്റമായി തോന്നുന്നതാണ് !!!!
ലഡാക്കിലെ മാഗ്നറ്റിക് ഹില്‍ പോലെ ലോകമെമ്പാടും ഏറെക്കുറെ എല്ലാ രാജ്യങ്ങളിലും ഇത്തരം ഗ്രാവിറ്റി മലകള്‍ ഉണ്ട് . ( ഈ ലിസ്റ്റ് നോക്കുക >> https://goo.gl/ZmClwc). സൌദിയിലും (Wadi-Al-Jinn in Madinah North East of Masjid Al-Nabawi) ഒമാനിലും (സലാല ) ഉള്ള നമ്മുടെ സുഹൃത്തുക്കളില്‍ പലരും ഇത് നേരിട്ട് കണ്ടിട്ടുണ്ടാവും . സത്യത്തില്‍ ഇവിടെ എന്താണ് സംഭവിക്കുന്നത് ? ഏറെക്കുറെ എല്ലാ ഗ്രാവിറ്റി മലകളും ഇതിനകംപഠന വിധേയമാക്കപ്പെട്ടു കഴിഞ്ഞു ഇത്തരം “അത്ഭുത” മലകളിൽ വാഹനങ്ങൾ കയറ്റം കയറുകയല്ല മറിച്ചു ഇറങ്ങുകയാണ് ചെയ്യുന്നത്! ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ള എല്ലാ ഗ്രാവിറ്റി കുന്നുകളുടെയും സ്റ്റാർട്ടിങ്ങ് പോയിന്റിലെ ഉയരം ഫിനിഷിംഗ് പോയിന്റിലെ ഉയരത്തെക്കാൾ കൂടുതൽ ആണ്!!! പക്ഷെ ആ സ്ഥലത്ത് നിൽക്കുന്നവർക്ക് മറിച്ചാണ് തോന്നുന്നത് എന്നുള്ളതാണ് രസകരം. ലോകത്തുള്ള ഏതു വസ്തുവിന്റെയും ഉയരവും , നീളവും , വീതിയുമൊക്കെ നമ്മുക്ക് മനസ്സിലാവുന്നത് അത് മറ്റു വസ്തുക്കളുമായി താരതമ്യം ചെയ്യമ്പോൾ ആണ് . മാഗ്നറ്റിക് കുന്നുകൾ നില്ക്കുന്നിടതെല്ലാം ഇത്തരം താരതമ്യം അസാധ്യമാണ് . തൊട്ടടുത്ത് ഇതിനെക്കാൾ ഗണ്യമായി ഉയര വ്യത്യാസമുള്ള മറ്റൊരു വസ്തുവും ഉണ്ടായിരിക്കില്ല. മാത്രവുമല്ല ഭൂമിയുടെ ചെരിവ് തീർത്തും കുറവും ആയിരിക്കും . ചക്രവാളം മറക്കപ്പെടുന്ന രീതിയില്‍ ഉള്ള ഭൂപ്രകൃതി നമ്മുക്ക് താരതമ്യം അസാധ്യമാക്കും . ഗ്രാവിറ്റി കുന്നിലൂടെ ഒന്ന് നടന്നാൽ ഇറക്കം ഇറങ്ങുന്ന അനുഭവം ആയിരിക്കും ഉണ്ടാവുക . പക്ഷെ ഇത് ഗ്രാവിറ്റി കുറവുള്ളത് കൊണ്ടാണെന്നാണ് നാം തെറ്റിദ്ധരിക്കാറ് . ചുരുക്കത്തിൽ ഗ്രാവിറ്റി മലകൾ ഒരു optical illusion ആണ് . ഇത് പോലെ തന്നെ സൈക്കിള്‍ സവാരിക്കാര്‍ക്ക് അനുഭവപ്പെടുന്ന മറ്റൊരു പ്രതിഭാസം ആണ് false flat. ചെറിയ കയറ്റം , നിരപ്പ് ഭൂമി ആയി തോന്നുന്ന ഒരു ഇല്ല്യൂഷന്‍ ആണ് ഇത് . ( A low-gradient climb, usually occurring partway up a steeper climb. So-called because while it may look deceptively flat and easy (especially after the steep climb preceding it), it is still a climb). ഇത്തരം അത്ഭുതങ്ങള്‍ നമ്മുക്ക് വീട്ടിലും ഉണ്ടാക്കിയെടുക്കാം . Ames റൂമുകൾ എന്നാണ് അവയെ വിളിക്കുന്നത് . ഈ റൂമിന്‍റെ രണ്ടു വശങ്ങളില്‍ ഒരേ ഉയരമുള്ള രണ്ടു ആളുകള്‍ നിന്നാല്‍ , വാതിക്കല്‍ നില്‍ക്കുന്ന മൂന്നാമന് ഒരാള്‍ തീരെ ചെറുതുമായും മറ്റേ ആള്‍ ഒരു “ഭീമനായും ” തോന്നും .
ഗ്രാവിറ്റിയെ വെല്ലുവിളിക്കുന്നു എന്നും പറഞ്ഞ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന മറ്റൊന്നാണ് ” മുകളിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടം ‘ ! ജലപാതത്തിന്റെ മുകളില്‍ നിന്നും നോക്കിയാല്‍ മാത്രമേ ഇത് ” മുകളിലേക്ക് ‘ ചീറ്റുന്നതായി തോന്നുകയുള്ളൂ എന്നതാണ് രസകരം . ഇതിന്‍റെ കാരണം മറ്റൊന്നുമല്ല , വെള്ളച്ചാട്ടത്തിന്റെ അടിയില്‍ നിന്നും മുകളിലേക്ക് വീശുന്ന അതി ശക്തമായ കാറ്റിന്‍റെ ബലത്താല്‍ കുറച്ചു ജലം മുകളിലേക്ക് ചീറ്റി തെറിക്കുന്നതാണ് . കൊടൈക്കനാല്‍ മലനിരകളില്‍ ഒരു “തൊപ്പി തൂക്കി ” പാറയുണ്ട് ആ ഗര്‍ത്തത്തിന്റെ മുകളില്‍ നിന്നും നാം ഒരു തൊപ്പിയോ ടൌവ്വലോ താഴേക്കു ഇട്ടാല്‍ അതേ പടി അത് മുകളിലേക്ക് വരും ! ഇതിനു കാരണവും അടിയില്‍ നിന്നുള്ള ശക്തമായ കാറ്റ് ആണ് . ഇനി ഒന്ന് ആലോചിച്ചു നോക്കൂ … അവിടെ ഒരു വെള്ളച്ചാട്ടം ഉണ്ടായിരുന്നെങ്കിലോ ???? ……
മനുഷ്യന്‍ കണ്ടു പിടിക്കുന്നതുവരെ ഇതെല്ലാം “ചുരുള്‍ അഴിയാത്ത രഹസ്യങ്ങള്‍ !” കണ്ടു പിടിച്ചു കഴിഞ്ഞാലോ ? വെറും ശാസ്ത്ര സത്യങ്ങള്‍.