അങ്കോർ വാട്ട് : ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ് അങ്കോർ വാട്ട് (Angkor Wat). കമ്പോഡിയയിലെ അങ്കോർ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ന് കമ്പോഡിയയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഈ ക്ഷേത്രം. കമ്പോഡിയയുടെ ദേശീയപതാകയിൽ വരെ ഈ ക്ഷേത്രം മുദ്രണം ചെയ്തിരിക്കുന്നു.
                                                                     കംബോഡിയയുടെ ദേശീയ പതാക
 നഗരം എന്ന വാക്കിന്റെ കമ്പോഡിയൻ ഭേദമായ അങ്കോർ എന്ന പദവും ഖെമർ കാലഘട്ടത്തിൽ ക്ഷേത്രം എന്ന പദത്തിന് ഉപയോഗിച്ചിരുന്ന വാട്ട് എന്ന പദവും ചേർന്നാണ് അങ്കോർ വാട്ട് എന്ന പദമുണ്ടാകുന്നത്.

9ആം നൂറ്റാണ്ട് മുതൽ 15ആം നൂറ്റാണ്ട് വരെ ഖമർ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന കംബോഡിയയിലെ ഒരു സ്ഥലമാണ്‌ അങ്കോർ. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സൂര്യവർമ്മൻ രണ്ടാമൻ എന്ന ഖെമർ രാജാവിന്റെ കാലത്താണ് ഈ ക്ഷേത്രം പണിതതെന്ന് കരുതപ്പെടുന്നു. പതിനാലാം നൂറ്റാണ്ടിന്റെ അവസാനം 1351ലെ ആയുധായന്റെ അധിനിവേശം വരെ ഈ സാമ്രാജ്യം നില നിന്നിരുന്നതായി പറയപ്പെടുന്നു. അങ്കോർ എന്ന വാക്ക്, സംസ്കൃതത്തിലെ നഗര(नगर) എന്ന വാക്കിൽ നിന്നാണ്‌ വന്നത്, അതിനർഥം വിശുദ്ധ നഗരം എന്നാണ്‌.

കമ്പോഡിയയുടെ പഴയ തലസ്ഥാനമായിരുന്ന ബാഫുവോണിനു സമീപമുള്ള സീം റീപ് (Siem reap) എന്ന പട്ടണത്തിനു 5.5 കി.മീ. വടക്കുമാറിയാണ് അങ്കോർ വാട്ട് സ്ഥിതി ചെയ്യുന്നത്. കമ്പോഡിയയിലെ ഏറ്റവും പഴയ ഒരു കൂട്ടം കെട്ടിടങ്ങൾ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു കോട്ട പോലെയാണ് ഈ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്ര നഗരത്തിന് ചുറ്റും 200 മീറ്റർ വീതിയുള്ള ഒരു കിടങ്ങുണ്ട്. അതിനുള്ളിൽ 5 മീറ്റർ ഉയരമുള്ളതും ഏകദേശം ഒരു മീറ്റർ വീതിയുള്ളതുമായ മതിൽ ക്ഷേത്രനഗരത്തെ സംരക്ഷിക്കുന്നു.


കരിങ്കല്ലുകളും ചുടുകട്ടകളും ഒഴിവാക്കി വെട്ടുകല്ല് പോലുള്ള കല്ലുകൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കൽക്കഷണങ്ങളെ കൂട്ടിനിർത്താൻ ഉപയോഗിച്ചിരിക്കുന്ന പദാർത്ഥം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അത് മരപ്പശയോ കുമ്മായക്കൂട്ടോ ആയിരിക്കാനിടയുണ്ടെന്നു കരുതുന്നു. ഈ ക്ഷേത്രത്തിന് നടുവിലുള്ള ഗോപുരത്തിന്റെ ഉയരം 200 അടിയാണ്. അതിന്റെ ഉള്ളിലെ വിഷ്ണു പ്രതിഷ്ഠയിലേക്കുള്ള സോപാനത്തിൽ 2 അടി വീതം ഉയരമുള്ള 38 പടികളുണ്ട്.

 
         വിഷ്ണു പ്രതിഷ്‌ഠ


ക്ഷേത്രം ചുറ്റുമുള്ള ഗ്രാമത്തേക്കാൾ ഉയർന്നു നിൽക്കുന്നു. ഒന്നിനേക്കാൾ മറ്റൊന്ന് വലിയത് എന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന് മൂന്ന് മണ്ഡപങ്ങൾ വഴിയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഇവ ബ്രഹ്മാവ്, ചന്ദ്രൻ , വിഷ്ണു എന്നിവർക്ക് സമർപ്പിച്ചിരിക്കുന്നതായി വിശ്വസിക്കുന്നു. ചുറ്റമ്പലത്തിന്റെ നാലു മൂലകളിലും ചെറിയ ഓരോ ഗോപുരം നിർമിച്ചിട്ടുണ്ട്. കൊത്തുപണികൾ കൊണ്ട് മോടിപിടിപ്പിച്ച തൂണുകളും ചിത്രാലംകൃതങ്ങളായ ചുവരുകളുംകൊണ്ട് ചുറ്റപ്പെട്ടതാണ് ഗർഭഗൃഹം.

കൊത്തുപണികളിൽ രാമരാവണയുദ്ധം, കുരുക്ഷേത്രയുദ്ധം, പാലാഴിമഥനം, കൃഷ്ണ-ബാണയുദ്ധം എന്നിവയെല്ലാം ഉൾപ്പെട്ടിരിക്കുന്നു. ദേവാസുരൻമാർ, വാസുകി, മന്ദരപർവതം, കൂർമ്മാവതാരം തുടങ്ങി ഓരോ ഇനവും വ്യക്തമായി ചിത്രണം ചെയ്തിട്ടുള്ള ശില്പങ്ങൾ കൊണ്ടു നിറഞ്ഞ പാലാഴിമഥനശില്പം ഉദാത്തമായ ഒരു കലാശൈലിയുടെ ഉജ്ജ്വലമായ നിദർശനമാണ്.

ക്ഷേത്രത്തിന് ചുറ്റും വിശാലമായ അങ്കണങ്ങളുണ്ട്. ഇവയും കലാപരമായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ചുറ്റുപാടും പണിഞ്ഞിട്ടുള്ള മുറികളിലും നിരവധി ചിത്രശില്പങ്ങൾ കാണാം.

തമിഴ്നാട്ടിലെ ചോള ശില്പകലയുടെ സാന്നിദ്ധ്യം ഈ ക്ഷേത്രത്തിലുണ്ട്. ഹൈന്ദവ വിശ്വാസത്തിലെ മഹാമേരു എന്ന പർവ്വതത്തിന്റെ രൂപത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഹൈന്ദവ ദേവതകളുടേയും അസുരന്മാരുടേയും ഗരുഡന്റേയും താമരയുടേയുമെല്ലാം രൂപങ്ങൾ ഇവയിൽ കാണാൻ കഴിയും. തമിഴ്നാട്ടിലെ ചോള ശില്പകലയുടെ സാന്നിദ്ധ്യം ക്ഷേത്രത്തിൽ ഉണ്ട്. മറ്റ് ഹൈന്ദവക്ഷേത്രങ്ങൾ അധികവും കിഴക്കോട്ട് ദർശനമായി ഇരിക്കുമ്പോൾ അങ്കോർ വാട്ട് പടിഞ്ഞാറോട്ട് ദർശനമായാണ് സൃഷ്ടിച്ചിരിക്കുന്നത്.


ശാസ്ത്രത്തിനു പിടികിട്ടാത്ത പല പ്രത്യേകതകളും അങ്കോർ വാട്ട് ക്ഷേത്രസമുച്ചയത്തിനുണ്ട്. ക്രിസ്തുവിനു മുമ്പ് 10,500 ലെ വസന്തവിഷുവത്തിൽ ദൃശ്യമായിരുന്ന ആകാശത്തിന്റെ അതേ മാതൃകയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. സൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തിനെയാണ്‌ വിഷുവം (Equinox) എന്നു പറയുന്നത്. ഇതു മാർച്ച് 20നും സെപ്റ്റംബർ 23നുമാണ് സംഭവിക്കുന്നത്. ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ഏകദേശം തുല്യനീളമാണ്. അങ്കോർ വാട്ടിനകത്തെ ക്ഷേത്രങ്ങളിലൊന്നായ നോം ബാക്കെങ്ങിന്റെ (Phnom Bakheng) ചുറ്റും 108 ഗോപുരങ്ങളുണ്ട്. ഹിന്ദു - ബുദ്ധ വിശ്വാസങ്ങളിൽ 108 എന്ന എണ്ണത്തിനു (72+36, 36=72/2) ചില പ്രത്യേകതകളുണ്ട്. 72 എന്ന സംഖ്യ ഭൂമിയുടെ അച്ചുതണ്ടിന്റെ സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ 25,920 വർഷത്തിലും ഭൂമിയുടെ സ്ഥാനം നക്ഷത്രരാശികളെ അപേക്ഷിച്ച്‌ മാറും എന്നു കരുതുന്നു. അതായത് ഓരോ എഴുപത്തിരണ്ട് വർഷത്തിലും ഒരു ഡിഗ്രി വീതം.
 
                           നോം ബാക്കെങ്

മാത്രമല്ല ഗിസയിലെ പിരമിഡിൽ നിന്നും 72° കിഴക്കുമാറിയാണ് അങ്കോർ വാട്ട് സമുച്ചയം സ്ഥിതി ചെയ്യുന്നത് എന്നതും വിസ്മയകരമാണ്. അങ്കോർ വാട്ടിനകത്തെ ക്ഷേത്രങ്ങളായ ബാക്കോന്റ്, പ്രാഹ് കോ, പ്രേ മോൺലി, എന്നിവ ക്രിസ്തുവിനു മുമ്പ് 10,500-ലെ വസന്തവിഷുവത്തിന്റെ അന്ന് "കൊറോണ ബൊറിയാലിസ്" എന്ന മൂന്നു നക്ഷത്രങ്ങൾ ദൃശ്യമായിരുന്ന വിധത്തിലാണെന്നു കരുതുന്നു. എന്നാൽ ക്ഷേത്രത്തിന്റെ നിർമ്മാണ കാലഘട്ടത്തിൽ ഈ നക്ഷത്രങ്ങളെ പ്രദേശത്തുനിന്നും വീക്ഷിക്കാൻ കഴിയില്ലായിരുന്നു എന്നതും കൗതുകകരമാണ്.

പുറത്തെ ഭിത്തി ഏതാണ്ട് 8,20,000 ചതുരശ്രമീറ്റർ (203 ഏക്കർ) സ്ഥലത്ത് ഉൾകൊള്ളുന്നു. ഇവയിൽ ക്ഷേത്രത്തിനു തെക്ക് വശത്തുള്ള കൊട്ടാരവും ഉൾപ്പെടുന്നു. അങ്കോറിലെ എല്ലാ കെട്ടിടങ്ങളേയും പോലെ തന്നെ ഇവയും കരിങ്കല്ലുകൾക്ക് പകരം നശ്വരമായ വസ്തുവകകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

ഇവയുടെ ഏറെ ഭാഗവും വനം മൂടിക്കിടക്കുകയാണ്. ക്ഷേത്രത്തേയും പടിഞ്ഞാറൻ ഗോപുരത്തേയും തമ്മിൽ 350 മീറ്റർ നീളമുള്ള ഒരു നടപ്പാത ബന്ധിപ്പിക്കുന്നു. നിലവിൽ ഏറ്റവും വലിയ മത നിർമ്മിതി എന്ന ഗിന്നസ് റെക്കോർഡ് അങ്കോർ വാട്ടിന് ലഭിച്ചിട്ടുണ്ട്. ലോകപൈതൃക സ്മാരകമായി യുനെസ്കോ പ്രഖ്യാപിച്ചത് അങ്കോർ വാട്ടിനെയാണ്.

അങ്കോർ വാട്ടിനെ വാസ്തു ശില്പകലയുടെ ഒരു ഇന്ദ്രജാലം എന്നു തന്നെ വിശേഷിപ്പിക്കാം അത്രയും മനോഹരവും അത്ഭുതകരവുമാണ് ഈ ക്ഷേത്രങ്ങളുടെ രൂപകല്പന. അങ്കോർ വാട്ട് നിലവിൽ കമ്പോഡിയയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമാണ്.
കമ്പോഡിയയിൽ വരുന്ന വിദേശ വിനോദസഞ്ചാരികളുടെ 50 ശതമാനവും ക്ഷേത്രം സന്ദർശിക്കുന്നുണ്ടെന്ന് സർക്കാരിന്റെ കണക്കുകൾ പറയുന്നു. വിനോദ സഞ്ചാരികളിൽ നിന്നും ഈടാക്കുന്ന പ്രവേശന ഫീസിന്റെ ഒരു ഭാഗം ക്ഷേത്ര നവീകരണത്തിനും സംരക്ഷണത്തിനുമായി ഉപയോഗിക്കുന്നു.