വഴിയടയാളങ്ങളായി ഉപയോഗിക്കുന്നത് മൃതദേഹങ്ങൾ..!
നിങ്ങൾക്കറിയാമോ... 200 മൃതദേഹങ്ങൾ എവറസ്റ്റിലെ വഴിയടയാളങ്ങളായി ഉപയോഗപ്പെടുത്തുന്നുവത്രേ...
ലോകത്തിൻ്റെ നെറുകയാണ് എവറസ്റ്റ് കൊടുമുടി , ഉയരങ്ങളിലെ തുറന്ന ശ്മശാനവും.. എവറസ്റ്റിൻ്റെ തുഞ്ചത്തെത്തുക എന്നത് ഏതൊരു പർവ്വതാരോഹകൻ്റേയും സാഹസികൻ്റെയും സ്വപ്ന സാക്ഷാത്ക്കാരമാണ്. എന്നാൽ അതിനൊപ്പം സ്വന്തം ജീവൻ കൂടി പണയമായി മാറ്റി വെക്കേണ്ടി വരും എന്നു മാത്രം. സാഹസികരായ പലരും കഴിവും, ഭാഗ്യവും, ജീവനും പണയം വച്ച് എവറസ്റ്റുമായി മല്ലിടുന്നു. പലരും വിജയിക്കുന്നു, അതിനേക്കാൾ കൂടുതൽ പരാജിതരും. പരാജിതരിൽ പലരും തിരിച്ചു വരാത്തവരാണ്, മരണത്തിനു കീഴടങ്ങിയവർ... മരിച്ചവർ അനവധിയുണ്ടെങ്കിലും 200 മൃതദേഹങ്ങൾ മാത്രമാണ് ലാൻഡ്മാർക്കായി മാറിയിട്ടുള്ളത്... അവർ മരിച്ച സ്ഥലത്തിൻ്റെ പ്രാധാന്യം മൂലമാവാം ഇത്തരത്തിലൊരു ബഹുമതി ലഭിച്ചത്. എന്നാൽ ഓരോന്നും ലോകനെറുകയിലേക്കുള്ള ദൂരത്തെ മാത്രമല്ല അടയാളപ്പെടുത്തുന്നത്, പ്രയാണവഴിയിലെ അങ്ങേയറ്റത്തെ അപായ സാദ്ധ്യത വിളിച്ചു പറയുന്ന ഞെട്ടിക്കുന്ന ഓർമ്മപ്പെടുത്തലുകളാണ് ഓരോ മൃതദേഹവും. പല ആരോഹകരുടേയും അഭിപ്രായത്തിൽ ലാൻഡ്മാർക്കായും അല്ലാതെയുമെല്ലാമുള്ള ഇത്തരം നിരവധി മൃതദേഹങ്ങൾ കാണേണ്ടി വരുന്നതാണ് എവറസ്റ്റ് യാത്രയിൽ ഏറ്റവും കഠിനം ആയി തോന്നുന്നത് എന്നാണ്. പക്ഷേ അവിടെ നിന്നും മൃതദേഹങ്ങൾ വീണ്ടെടുക്കുക എന്നത് അസാദ്ധ്യമാണ്.. പലപ്പോഴും മൃതപ്രായരായവരെ രക്ഷിക്കാനാവാതെ മരണത്തിന് വിട്ടു കൊടുത്ത് പോരേണ്ടിയും വരും. കാരണം അതിനായി ചിലവാക്കുന്ന ഓരോ അധിക നിമിഷങ്ങൾ പോലും അപകടമാണ്, സ്വന്തം മരണത്തിലേക്കേ അത് നയിക്കൂ. അങ്ങനെ മരണത്തിന് കീഴടങ്ങിയവരും ഉണ്ട്.
അതി തീക്ഷ്ണമായ തണുപ്പായതു കൊണ്ടു തന്നെ 50 വർഷം മുമ്പത്തെ മൃതദേഹങ്ങൾ വരെ ചെറിയ നാശങ്ങളോടെ ഇപ്പോഴും കാണാം. താരതമ്യേന പുതിയവയോ ഒട്ടും നശിക്കാതെയുമിരിക്കുന്നു. ഭൂരിഭാഗം പേരും അൽപ്പനേരത്തെ വിശ്രമത്തിനായി ഇരിക്കുന്നവരോ ഒന്നു മയങ്ങി പോവുന്നവരോ ആണ് പിന്നീട് ശരീരം മരവിച്ച് എഴുന്നേൽക്കാനാവാതെ മരണത്തിന് കീഴടങ്ങുന്നു. കടുത്ത തണുപ്പിനെ ഏറെ അതി ജീവിക്കുമെങ്കിലും ശീതാധിക്യത്താൽ പെട്ടെന്നുണ്ടാകുന്ന ശരീരവീക്കമാണ് ഏറ്റവും മുകളിലെത്തുന്നവർ (summit) നേരിടേണ്ടി വരുന്ന ഒരു പ്രശ്നം. മറ്റൊന്ന് കൂട്ടത്തിൽ നിന്നും വേർപ്പെടുന്നതാണ്, അത്തരത്തിൽ ഒറ്റയ്ക്കാവുമ്പോൾ അപകട സമയത്ത് തുടക്കത്തിൽ തന്നെ സഹായം ലഭിക്കാതാവുന്നതാണ് കാരണം.
ഈ 200 മൃതദേഹങ്ങളിൽ ഭൂരിഭാഗത്തിനും ഓരോ പേരുമുണ്ട്. ഇതിലെ പ്രധാനിയാണ് ഗ്രീൻബൂട്സ്... 1996 ൽ മരിച്ച സേവാങ് പാൾജോർ എന്ന ഇന്ത്യക്കാരനാണിത്. എവറസ്റ്റിൻ്റെ അഗ്രഭാഗത്തേക്കെത്താൻ നിർബന്ധമായും പിന്നിടേണ്ടി വരുന്ന ഒരു ഗുഹയ്ക്കരികിലാണ് ഗ്രീൻ ബൂട്സ് ൻ്റെ സ്ഥാനം. ലക്ഷ്യം എത്ര അടുത്തെത്തി കഴിഞ്ഞു എന്ന അടയാളം... പത്തു വർഷം കഴിഞ്ഞപ്പോഴേക്കും ഗ്രീൻ ബൂട്സിനൊരു പങ്കാളിയെകൂടി ലഭിച്ചു. 2006 ൽ ഇംഗ്ലീഷ് ക്ലൈംബർ ഡേവിഡ് ഷാർപ്, ഗ്രീൻ ബൂട്സിനരികിലായി ആ ഗുഹയ്ക്കടുത്ത് അൽപ്പനേരത്തെ വിശ്രമത്തിനിരുന്നതാണ് ഡേവിഡ്. ആ ഇരിപ്പിൽ ശരീരം മരവിച്ച് ചലിക്കാനാവാതെയായി, എന്നാൽ മരിച്ചിരുന്നുമില്ല. മുപ്പതോളംപേർ ആ സമയത്ത് അതു വഴി കടന്നു പോയെങ്കിലും അവസാനം വന്ന ചിലർക്കേ അദ്ദേഹം മരിച്ചിട്ടില്ല എന്ന് മനസ്സിലായുള്ളു. എന്നാൽ വൈകിപ്പോയതിനാൽ ഒന്നും ചെയ്യാനാകാതെ മരണത്തിനു വിട്ടു കൊടുക്കേണ്ടി വന്നു.
ഓക്സിജൻ മാസ്കിനുണ്ടായ പ്രശ്നം മൂലം മരണത്തിനു കീഴടങ്ങേണ്ടി വന്ന സ്ലൊവേനിയക്കാരനാണ് മാർകോ ലിഹ്‌നേക്കർ. തിരിച്ചു വരുന്ന വഴിയെ ഓക്സിജൻ്റെ അഭാവം മൂലമുണ്ടായ തളർച്ചയാണ് മരണത്തിലേക്കെത്തിച്ചത്. 8,800 മീറ്റർ ഉയരത്തിലാണ് ആ മൃതദേഹം കാണപ്പെടുന്നത്. ഏറ്റവും ഉയരത്തിലെത്തി എവറസ്റ്റ് കീഴടക്കിയാൽ, കൂടിയാൽ അഞ്ചു മിനിട്ടോ മറ്റോയേ അവിടെ ചിലവഴിക്കാവൂ. അധികം നിൽക്കുന്ന ഓരോ സമയവും അപായ സാദ്ധ്യത കൂട്ടുന്നവയാണ്. അതിനുദാഹരണമാണ് ശ്രിയ ഷാഹ് ക്ളോർഫിനെ 2012 ൽ സമ്മിറ്റിലെത്തിയ ഷ്രിയ 25 മിനുട്ടാണ് അവിടെ ചിലവഴിച്ചത്. തിരിച്ചിറങ്ങിയപ്പോൾ ഓക്സിജൻ്റെ അഭാവം മൂലം തളർന്ന അവർക്ക് 300 മീറ്ററേ താഴേക്കിറങ്ങാനായുള്ളു. കനേഡിയൻ പതാകയും പുതച്ചിരിക്കുന്ന നിലയിലാണ് ആ മൃതദേഹം കാണപ്പെടുന്നത്.
ബോട്ടിൽഡ് ഓക്സിജൻ്റെ സഹായമില്ലാതെ എവറസ്റ്റിനു മുകളിലെത്തിയവരുമുണ്ട്. അതിലെ ആദ്യ അമേരിക്കൻ വനിതയാണ് ഫ്രാൻസിസ് ആർസെൻറ്റീവ്, പക്ഷേ തിരിച്ചിറങ്ങി ഒരു പാടു ദൂരം പിന്നിട്ട അവരെ പിന്നീട് കാണാതായി. വൈകുന്നേരത്തെ ട്രെക്ക് ക്യാമ്പിലെത്തിയ അവരുടെ ഭർത്താവാണ് അവളെത്തിയിട്ടില്ല എന്നു കണ്ടെത്തിയത്. സുരക്ഷിത സ്ഥാനത്തെത്തിയിരുന്ന അദ്ദേഹം ഭാര്യയെ തിരക്കി വീണ്ടും മുകളിലേക്ക് കയറി. കൈവശമുള്ള ഓക്സിജൻ കുറവാണെന്നതിനാൽ തന്നെ അതുകൊണ്ട് പ്രയോജനമൊന്നുമില്ല എന്നെല്ലാവർക്കും അറിയാമായിരുന്നു. പിറ്റേ ദിവസം തന്നെ ഫ്രാൻസിസ് ആർസെൻറ്റീവ് ൻ്റെ മൃതദേഹം രണ്ടു കയറ്റക്കാർ കണ്ടെത്തി. എന്നാൽ അതിനു ഒരു വർഷത്തിനു ശേഷമാണ് അവരെ തിരക്കി മുകളിലേക്ക് തിരിച്ചു പോയ ഫ്രാൻസിസ് ന്റെ ഭർത്താവിൻ്റെ മൃതദേഹം കണ്ടെത്താനായത്.