ബുദ്ധി, ഓർമ എന്നിവ എങ്ങനെ വർധിപ്പിക്കാം ?


ഇന്ദ്രിയങ്ങളിലൂടെ തലച്ചോറിലെത്തുന്ന അറിവുകളുടെ രേഖപ്പെടുത്തലും അത് ആവശ്യം വരുമ്പോൾ തിരിച്ച് എടുക്കലുമാണ് ഒാർമ. ഇന്ദ്രിയങ്ങളിലൂടെ മാത്രമല്ല ഒാർമയ്ക്കാവശ്യമായ അറിവു ലഭിക്കുന്നത്. മറിച്ച് ലഭ്യമായ അറിവുകളുടെ വിശകനത്തിലൂടെയും പുതിയ അറിവ് തലച്ചോറിൽ രൂപം കൊളളുന്നുണ്ട്.
ഒാർമയാണു ബുദ്ധി എന്നു കരുതുന്നവരുണ്ട്. എന്നാൽ ഒരു പ്രത്യേക സന്ദര്‍ഭത്തിൽ ആവശ്യമായ ഒാർമകൾ വീണ്ടെടുത്ത് ഒരു കാര്യനിർവഹണത്തിനോ ശ്രമിക്കുന്നതിനുളള തലച്ചോറിന്റെ ശേഷിയാണു ബുദ്ധി. ഒാർമയും ബുദ്ധിയും ഒന്നല്ല; എന്നാൽ ബുദ്ധിക്കു പ്രവർത്തിക്കാനാവശ്യമായ ഏറ്റവും പ്രധാന അസംസ്കൃതവസ്തുവാണ് ഒാർമയെന്നു പറയാം.

ഇവിടെ ഒാർമയെയും ബുദ്ധിയെയും ലളിതമായി പറഞ്ഞുവച്ചുവെന്നേയുളളൂ. എന്നാൽ രണ്ടിന്റെയും പ്രവർത്തനം ഇന്നും പൂർണമായി നമുക്കു മനസ്സിലാക്കാൻ ആവാത്തത്രയും സങ്കീർണമാണ്.
ഒാർമയും ബുദ്ധിയും വർധിപ്പിക്കാനാകുമോ? മരുന്നുകൾക്കും പരിശീലനങ്ങൾക്കും ഗുണമുണ്ടാകുമോ? ഇവിടെയും ഒാർമയും ബുദ്ധിയും വേറിട്ടുനിൽക്കുന്നു. തലച്ചോറിന്റെ ഒാർമശക്തി വർധിപ്പിക്കാനുളള ചില മാർഗങ്ങൾ പണ്ടേ കണ്ടെത്തിയിട്ടുണ്ട്. ഇതിനുളള സൂത്രവിദ്യകള്‍ നിമോണിക്സ് (Mnemonics) എന്ന വിഭാഗമായി ഇന്നു വളർച്ച പ്രാപിക്കുകയും ചെയ്തിരിക്കുന്നു. തലച്ചോർ കാര്യങ്ങളെ ശേഖരിക്കുകയും ഒാർത്തെടുക്കുകയും ചെയ്യുന്ന രീതിയിൽ ഒാർമിക്കാൻ പഠിപ്പിക്കുന്ന സൂത്രങ്ങളാണ് ഇതിൽ പ്രധാനം. സാധാരണ ഒാർമശേഷിയുളള ഏതൊരാൾക്കും ഇത്തരം മാർഗങ്ങളിലൂടെ ഒാർമ മെച്ചപ്പെടുത്താം. പണ്ടു ശ്ലോകരൂപത്തിൽ കവിത രചിച്ചതും അവയിൽ സദൃശ്യമായ അക്ഷര, പദവിന്യാസം നടത്തുന്നതും മുതല്‍ ചുരുക്കെഴുത്തു രീതിവരെ (ഉദാ: ISRO- ഇന്ത്യൻ സ്പേസ് റിസർച്ച് ഒാർഗനൈസേഷൻ) ഒാർമ വർധിപ്പിക്കൽ മാർഗങ്ങളുടെ ലളിതമായ ഉദാഹരണങ്ങളാണ്.

ബുദ്ധിയുടെ പ്രധാന സഹായിയായ ഒാർമയെ മെച്ചപ്പെടുത്തുന്നതു ബുദ്ധിയെ സഹായിക്കാമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഒരാളുടെ ബുദ്ധിശക്തിയിൽ കാര്യമായ വർധനവുവരുത്താനാവശ്യമായ അത്ഭുതമൊന്നും ഇന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതിന്റെ പ്രധാന കാരണം ബുദ്ധിയെന്ന സവിശേഷതയുടെ രഹസ്യങ്ങൾ ഇനിയും പൂർണമായി തുറക്കപ്പെടാത്തതുതന്നെയാണ്.
ബുദ്ധിസംബന്ധമായ രോഗങ്ങളുളളവരിൽ മരുന്നിൽ കുറെയൊക്കെ പ്രയോജനം ചെയ്യാറുണ്ട്. ഒരാളുടെ ബുദ്ധിശക്തിയുടെ 70 ശതമാനവും ജന്മസിദ്ധമാണെന്നു സദൃശ ഇരട്ടകളിൽ നടത്തിയ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്ന 30 ശതമാനം ജീവിതത്തിലൂടെ നേടിയെടുക്കുന്നതാണ്. പ്രശ്ന പരിഹാരവേഗത (Problem Solving Speed), ആസൂത്രണ പാടവം തുടങ്ങിയവയാണ് പൊതുവേ ബുദ്ധിയിലെ പ്രധാന സവിശേഷതകൾ. കണക്കിലെ പ്രശ്നം പരിഹരിക്കുന്നതിൽ അതീവവേഗത പ്രകടിപ്പിക്കുന്ന ഒരാൾ നല്ല ബുദ്ധിമാനാണ് എന്നു പൊതുവേ കരുതാറുണ്ട്. എന്നാൽ ഇതേ വ്യക്തി ജീവിതത്തിൽ നേരിടേണ്ടിവരുന്ന ഒരു പ്രശ്നം പരിഹരിക്കാൻ പെടാപ്പാടു പെട്ടേക്കാം. ആ പ്രശ്നം വലിയ ബുദ്ധിമാനാണെന്നു കരുതാത്ത ചിലർ വളരെ നിസ്സാരമായി പരിഹരിക്കുന്നതു കാണുമ്പോൾ അത്ഭുതപ്പെട്ടുപോകും.

സാഹചര്യങ്ങളാണ് ഒരാളുടെ ബുദ്ധിശേഷി പ്രകടമാക്കാൻ സഹായിക്കുന്നത്. 30 ശതമാനം വരുന്ന, ചുറ്റുപാടുകളിൽ നിന്നും നേടുന്ന ബുദ്ധിവൈഭവത്തിൽ സാഹചര്യങ്ങളോടുളള പൂർവപരിചയം വളരെ നിർണായകമാണ്. ഒരു പ്രശ്നം ഒരിക്കല്‍ പരിഹരിച്ചയാൾക്ക് സമാനമായ പ്രശ്നം ആദ്യത്തേതിനേക്കാൾ കൂടുതൽ വേഗത്തിൽ മെച്ചപ്പെട്ട രീതിയിൽ പരിഹരിക്കാനുളള ശേഷി കൈവരുന്നു. ഇത് ഒാർമയും അനുബന്ധ വിശകലനങ്ങളും കൂട്ടിക്കുഴച്ചു മനസ്സു നിർമിക്കുന്ന ബുദ്ധിയുടെ പ്രയോഗത്തിലൂടെയാണ് സാധിക്കുന്നത്. പ്രശ്നങ്ങൾക്കു (problems) പരിഹാരം കണ്ടെത്താനുളള സാഹചര്യങ്ങൾ കൂട്ടുകയെന്നതാണ് ബുദ്ധിവികാസത്തിന്റെ സാധ്യമായ മാർഗം.

ചെസ്സ്, സുഡോക്കു, റൂബിക്സ് ക്യൂബ് തുടങ്ങിയ പ്രോബ്ലം സോൾവിങ് കളികൾ തലച്ചോറിന്റെ ചില ശേഷികളെ ആവര്‍ത്തന പരിചയം വഴി വർധിപ്പിക്കും. അതു സമാന സാഹചര്യങ്ങളെ മെച്ചപ്പെടുത്തും. മാത്രമല്ല ഒരു പ്രത്യേകവിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുളള ഏകാഗ്രതാ സമയം വർദ്ധിപ്പിക്കാൻ കഴിയും. ഇതു ശീലുക്കുന്നവർക്ക് പഠനകാര്യങ്ങളിൽ ഏകാഗ്രത കൂടിക്കിട്ടാൻ ഇടയുണ്ട്.
തലച്ചോറിന് ഇടതു വലതു ഭാഗങ്ങളുണ്ട്. ഇടതു തലച്ചോർ യുക്തിപരമായ ചിന്തകളുടെ ഇരിപ്പിടമാണെന്നു കരുതാം. ഇതു പൂർണമായും ശാസ്ത്രീയമെന്നു പറയാനാകില്ലെങ്കിലും അങ്ങനെ കരുതുന്നതുകൊണ്ടു പല സൗകര്യങ്ങളുമുണ്ട്. ഇടതു തലച്ചോർ ശരീരത്തിന്റെ വലതു ഭാഗത്തേയും വലതു തലച്ചോറിന് ശരീരത്തിന്റെ ഇടതു ഭാഗത്തേയുമാണ് കൂടുതൽ സ്വാധീനിക്കുന്നത്. ഈ രണ്ടു തലച്ചോറുകളിൽ ഒന്നായിരിക്കും ഒാരോരുത്തരിലും പ്രബലം. പ്രബലമല്ലാത്ത മറുഭാഗത്തേയും പ്രയോജനപ്പെടുത്താനുളള ശ്രമമാണ് "ഹോൾ ബ്രയിൻ തിങ്കിങ് "എന്ന ആശയം. ഇതിനു സഹായിക്കുന്ന ചില ഉദാഹരണങ്ങൾ ചെയ്തു നോക്കാം.

നിറവും പേരും:
 ഒരേ സമയം വലതു തലച്ചോർ നിറത്തേയും ഇടതു തലച്ചോർ പേരിനേയും മനസ്സിലാക്കാൻ ശ്രമിക്കുന്നതിന്റെ ആശയക്കുഴപ്പമാണ് ഇത് എന്നാണു നിഗമനം. എന്നാൽ ഒരേ സമയം തലച്ചോറിനു രണ്ടു കാര്യങ്ങളെ വിശകലനം ചെയ്യേണ്ടിവരുന്നതാണ് ചിന്താക്കുഴപ്പം വരാന്‍ കാരണമെന്നും രണ്ടാമത്തേയോ മൂന്നാമത്തേയോ വായനയാകുമ്പോൾ മനസ്സ് അതിൽ ഒന്നിനു മുൻഗണന നൽകുന്നതോടെ തെറ്റാതെ വായിക്കാന്‍ കഴിയുമെന്നതാണ് കൂടുതൽ കൃത്യതയുളള വിശദീകരണം. സാധാരണ മട്ടിൽ ചിന്തിച്ചിരുന്ന തലച്ചോറിനെ കൂടുതൽ കരുതലോടെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കളിയോ വ്യായാമമോ ആണിത് എന്നു പറയാം.

വിരൽ കണ്ടെത്തൽ:
എഴുനേറ്റുനിന്നു കൈകൾ രണ്ടും തലയ്ക്കു മുകളിലേക്ക് ഉയർത്തിപ്പിടിക്കുക. ഇടതു കൈയിലെ ചൂണ്ടുവിരൽ മച്ചിലേക്കു ചൂണ്ടുക. മുകളിലേക്കു നോക്കാതെ ആ ചൂണ്ടുവിരലിന്റെ അഗ്രത്ത് മറുകൈയിലെ ഒാരോ വിരൽത്തുമ്പും ഉപയോഗിച്ചു സ്പർശിക്കാൻ ശ്രമിക്കുക. തുടക്കത്തിൽ കുറച്ചു പ്രയാസമായിരിക്കും. വിജയിച്ചുകഴിഞ്ഞാൽ വലതു കൈയിലെ ചൂണ്ടുവിരൽ ചൂണ്ടി ഇടതുവിരലുകൾ കൊണ്ടു തൊടാം. അതും കഴിഞ്ഞാൽ കണ്ണടച്ചുകൊണ്ടു ചെയ്യാം. തലച്ചോറിന്റെ സാധാരണ ഉപയോഗപ്പെടുത്താത്ത ശേഷികൾക്കുളള ഒരു വ്യായാമമായി ഇവയെ ചെയ്യാം.

കാൽകൊണ്ട് സംഖ്യയെഴുതൽ:
ഇതു പണ്ടേ നമ്മൾ ചെയ്തിരുന്ന ബ്രയിൻ വ്യായാമമാണ്. ഒരു സ്ഥലത്ത് ഇരുന്നിട്ട് വായുവിൽ ഇടതുപാദം കൊണ്ട് ആറും വലതു പാദത്തിനാൽ എട്ടും ഒരേ സമയം എഴുതാൻ നടത്തുന്ന ശ്രമം ഒട്ടും എളുപ്പമല്ല. ഇതു കൈകൊണ്ടു ശ്രമിച്ചു നോക്കൂ... അതും മികച്ച ബ്രയിൻ വ്യായാമങ്ങളാണ്.

നമുക്കിടയിൽ വലംകൈയന്മാരാണ് അധികവും. വലംകൈ കൊണ്ടു ശീലിച്ച കാര്യങ്ങൾ ഒരെണ്ണം വീതം അല്‍പസമയം മറുകൈ കൊണ്ടു ചെയ്യുക. ഉദാഹരണമായി വലതുകൈകൊണ്ടു ബ്രഷ് ചെയ്യുന്നത് ഒരു ദിവസം ഇടതുകൈയിലാക്കുക. ഇടംകൈയന്മാർ തിരിച്ചും. ഇതുപോലുളള ബ്രയിൻ ഗെയിം വ്യായാമങ്ങൾ തലച്ചോറിലെ രക്തപ്രവാഹവും പോഷകങ്ങളുടെ ഒഴുക്കും ഒാക്സിജൻ ലഭ്യതയും കൂട്ടും. ഇപ്പോൾ മൊബൈലുകളിലും പലതരത്തിലുള്ള  ബ്രയിന്‍ ഗയിമുകൾ ലഭ്യമാണ് അവയും ഗുണം ചെയ്യുന്നവ തന്നെയാണ്.

ഏറ്റവും ബുദ്ധിമാൻമാരിൽ ഒരാളായി ലോകം കരുതുന്ന ശാസ്ത്രജ്ഞൻ ഐൻസിറ്റീൻ ഒരിക്കൽ പറയുകയുണ്ടായി–‘ബുദ്ധിശക്തിയുടെ യഥാർഥ ലക്ഷണം അറിവല്ല; മറിച്ച് ഭാവനയാണ്’ എന്ന്... ഭാവനകളാണല്ലോ പിന്നീട് യാഥാർഥ്യമായി മാറുന്നത്. വിമാനം മുതൽ മൊബൈൽ ഫോൺ വരെ എത്രയെത്ര ഉദാഹരണങ്ങൾ...

         

                                                        



Most Viewed Website Pages