ടിപ്പുവിന്റെ ചരിത്രത്തിലെ ചില സത്യങ്ങൾ
"ഒരുജന്മം കഴുതയെപ്പോലെ ജീവിക്കുന്നതിലും ഭേദം, ഒരുദിവസം കടുവയെപ്പോലെ ജീവിക്കുന്നതാണ്."
ആ വാക്കുകൾ ഏതൊരുയോദ്ധാവിനും, രാജ്യസ്നേഹികൾക്കും വിസ്മരിക്കാൻ കഴിയുന്നവയല്ല എന്നത് നിശ്ചയമാണ്. ചതിയിൽനിന്ന് രക്ഷപെടാൻ ശ്രമിക്കാതെ പടയാളികൾക്കൊപ്പം പടപൊരുതാൻ വാളൂരി ചാടി ഇറങ്ങി പോരാടി വീണവൻ. പിറ്റേന്ന് പുലർച്ചയിൽ 11000 ശവങ്ങളിൽ ഒന്നായി ശ്രീരംഗപട്ടണം കോട്ടക്കകത്തു കിടന്ന സ്വതന്ത്ര സമര വീരനാണ് ടിപ്പു. ടിപ്പു സുൽത്താന് അധികാരം കിട്ടിയ അന്ന് മുതൽ അദ്ദേഹത്തിൻറെ മരണം വരെ 'പൂർണയ്യ' എന്ന ബ്രാഹ്മണൻ അയിരുന്നു ടിപ്പുവിന്റെ പ്രധാന മന്ത്രി. ടിപ്പുവിന്റെ മന്ത്രി സഭയിലെ മറ്റു പ്രമുഖ മന്ത്രിമാർ കൃഷ്ണറാവു , അപ്പറാവു എന്നിവരായിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിനു ഏക്കര്‍ കണക്കിന് ഭൂമി ഇനാം കൊടുത്ത ദേശസ്നേഹി.താഴ്ന്ന ജാതിക്കാർക്ക് മാറ് മറക്കാനുള്ള അവകാശവും, ക്ഷേത്ര പ്രവേശനവും ആദ്യമായി ഒർഡിനൻസ് വഴി കൊണ്ടുവന്നത് ടിപ്പു സുൽത്താനാണ്. മറാട്ടി രാജാക്കൻമാർ ശ്രിങ്ങേരി ശാരദാ മഠം അക്രമിച്ചു നശിപ്പിച്ചപ്പോൾ പുനർ നിർമാണം നടത്തിയത് ടിപ്പു സുൽത്താൻ ആയിരുന്നു.
ബ്രിട്ടീഷുകാർക്ക് ടിപ്പുവിനെയായിരുന്നു എന്നും ഭയം. ഹിന്ദുക്കൾ ഒറ്റകെട്ടായി ടിപ്പുവിന്റെ പിന്നിൽ അണി നിരന്നപ്പോൾ ബ്രിട്ടീഷുകാർ അവരുടെ സ്ഥിരം തന്ത്രമായ വർഗീയ വിഷം കുത്തി വെച്ച് നാട്ടു രാജാക്കൻ മാർക്കിടയിൽ തെറ്റിധാരണ പടർത്തി. ബ്രിട്ടീഷുകാരോട് നേരിട്ട് യുദ്ധത്തിൽ ഏറ്റുമുട്ടി മരിച്ച ഒരേ ഒരു ഇൻഡ്യൻ രാജാവ് ടിപ്പു സുൽത്താൻ.
ഏറ്റവും കൂടുതൽ ബ്രിട്ടീഷ് സൈന്യത്തെ കൊലപ്പെടുത്തിയത് ടിപ്പുവിന്റെ സൈന്യമാണ്. ടിപ്പുവിന്റെ എല്ലാ വിജയത്തിനും കാരണം പൂർണയ്യ ആയിരുന്നതിനാൽ ബ്രിട്ടീഷു കാർ അദ്ദേഹത്തെ ചതിച്ചുകൊല്ലാൻ ശ്രമിച്ചത് ടിപ്പു പരാജയപെടുത്തി (പല തവണ).
ടിപ്പുവിന്റെ പിതാവ് ഹൈദർ അലി മൈസൂർ റാണിയുടെ വിശ്വസ്ത്തനും, സർവ സൈന്യാധിപനും ആയിരുന്നു.
ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിലേക്ക് ടിപ്പു സംഭാവന ചെയ്ത പൂജാ ഉപകരണങ്ങൾ ഇന്നും അവിടേ ഉപയോഗിക്കുന്നു.നഞ്ചൻ കോട് കാൻതെശ്വര ക്ഷേത്രത്തിൽ പ്രതിഷ്ട്ടിച്ചിരിക്കുന്ന ശിവ ലിങ്കം ടിപ്പു സംഭാവന ചെയ്തതാണ്.
മലബാറിൽ നായന്മാരെ കൊന്നു എന്ന വാദത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് നായന്മാരുടെയും, നമ്പൂരി ഇത്യാദി മേലാളരുടെ അടിച്ചർത്തലുകളിലും, അവകാശ മിഷേധങ്ങളിലും മണ്ണിലും ,പെണ്ണിലും അവകാശമില്ലാതിരുന്ന കീഴാളരുടെ ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. ടിപ്പുവിന്റെ പടയാളികളിൽ ഭൂരിപക്ഷം കീഴാളരായിരുന്നൂ. അവർ അടിമത്വത്തിൽ നിന്നുള്ള മോചനത്തിനായി ടിപ്പുവിന്റെ പടയിൽ ചേർന്ന് സമരരംഗത്തു നിലയുറപ്പിക്കുകയും സംരക്ഷണം നേടുകയും ചെയ്തു. ധനം ക്ഷേത്രങ്ങളിൽ ഒളിപ്പിച്ചവ അടിയാളർ കൊള്ളയടിച്ചപ്പോൾ ടിപ്പുവിന് ചരിത്രത്തിൽ അതിന്റെ പാപഭാരം ഏൽക്കേണ്ടതായി സമീപകാലത്തു വന്നിട്ടുണ്ട്. ഒന്നിലും പക്ഷെ നീതികേടിന്റെ അംശം ടിപ്പു സുൽത്താന്റെ ചരിത്രത്തിലൊരിടത്തും കാണാൻകഴിഞ്ഞിട്ടില്ല. മലബാറിലെ ഒട്ടു മിക്ക റോഡുകളും ടിപ്പു നിർമിച്ചതാണ്. ബാഗ്ളൂരിലെ ലാല്ബാഗ് ഗാർഡൻ & മൈസൂർ വൃന്ദാവൻ ഗാർഡൻ ടിപ്പു നിർമിച്ചു. മൈസൂരിലെ അണകെട്ടിനു തറകല്ലിട്ടു. ഇന്നറിയ പെടുന്ന പല കൊച്ചു നഗരങ്ങളും ടിപ്പു നിർമിച്ചതാണ്.
ബ്രിട്ടീഷുകാർ ഇന്നും, എന്നും പകയോടെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലും ഇടം കൊടുക്കാതിരിക്കാൻ പാടുപെട്ടെഴുതിയ ചരിത്രവുമല്ല ടിപ്പുവിനുള്ളത്.
ടിപ്പു ലോകം കണ്ടതിൽ വാഴ്ത്തപ്പെടേണ്ട "ധീര" യോദ്ധാവും ഭാരതത്തിന്റെ അഭിമാനസ്തംഭവുമാണ്.
ടിപ്പു എന്ന മതേതര വാദി, മനുഷ്യസ്നേഹി, യോദ്ധാവ്, ഭരണാധികാരി, യുദ്ധ തന്ത്ര വിദക്തൻ, ബ്രിട്ടനെ തളർത്തിയ പോരാട്ടം വീര്യം,
സാങ്കേതിക പരിഷ്‌കർത്താവ് അങ്ങിനെ ഭാരതത്തിന് അഭിമാനിക്കാൻ ടിപ്പുവിനെപ്പോലെ ടിപ്പു മാത്രമേ ഉള്ളൂ. ടിപ്പുവിനോടുള്ള പക ഇന്ത്യയുടെ ചരിത്രത്തിലും ടിപ്പുവിന് സ്ഥാനമില്ലാതാക്കാൻ ബ്രിട്ടൻ ചെയ്ത പ്രവർത്തനങ്ങൾ പകൽപോലെ വ്യക്തതയുള്ളവയാണ്.
ടിപ്പുവിനെ ചതിച്ച് കൊന്നതിന് അടുത്തദിവസം ശ്രീരംഗപട്ടണം കോട്ടയ്ക്കുള്ളിൽ ഉണ്ടായിരുന്ന ടിപ്പുവിന്റെ കൊട്ടാരം അസ്ഥിവാരം അടക്കം ബ്രിട്ടീഷ് പട്ടാളം മാന്തിയെടുത്തൂ എന്നിട്ട് അവിടെ ഒരിക്കലും ഒരു സ്മാരകം ഉയരാതിരിക്കാൻ കൊട്ടാരം നിലകൊണ്ട ഇടത്തിന്റെ നെടുകെ ഒരു റെയിൽവേ പാത പണിതു. എന്നിട്ട് കൊട്ടാര അവശിഷ്ട്ടങ്ങൾ ഉൾപ്പെടെ അവിടുന്ന് നാട് കടത്തി. ശേഷം ബ്രിട്ടീഷ് സൈന്യത്തിൽ ഉണ്ടായിരിന്ന ഈ നാട്ടുകാരെയും, മുക്കുവരെയും ഒക്കെ അവിടെ കൊണ്ടുവന്ന് അധിവസിപ്പിച്ചൂ. അവരുടെ പിന്മുറക്കാർ അവിടെ കോട്ടയ്ക്കകത്ത് ഇപ്പോഴും ജീവിക്കുന്നത് കാണാൻകഴിയും. ഇത്രയൊക്കെ അവർക്ക് ടിപ്പുവിനോട് കലി ഉണ്ടായെങ്കിൽ ടിപ്പു ആരായിരുന്നിരിക്കും?
ബ്രിട്ടനിലെ വിക്ടോറിയ മ്യൂസിയത്തിൽ ടിപ്പുവിന്റെ കുട്ടിക്കാലത്തെ ഒരു കളിപ്പാട്ടം സൂക്ഷിച്ചിട്ടുണ്ട്. ഒരു ബ്രിട്ടീഷ് പട്ടാളക്കാരനെ കടുവ കടിച്ചുകൊന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഹൈദരാലിയുടെ നിർദ്ദേശപ്രകാരം പണികഴിപ്പിച്ചു ടിപ്പുവിന് സമ്മാനിച്ച കളിപ്പാട്ടം.
കുട്ടിക്കാലത്തു ബ്രിട്ടീഷ് പട്ടാളക്കാരനെ കൊല്ലുന്നുന്നതായ കളിപ്പാട്ടം കൊണ്ട് കളിച്ച, ബ്രിട്ടീഷ് കോളനി വാഴ്ചാ ചരിത്രത്തിൽ ലോകത്ത് ഏറ്റവും വെല്ലുവിളിച്ച യോദ്ധാവായ ടിപ്പുവിനെ അവർ ചരിത്രത്തിൽ എങ്ങനെ കുഴിച്ചുമൂടി എന്നതിന്റെ ഒരു പ്രതീകമായാണ് അവരതവിടെ സൂക്ഷിച്ചിട്ടുള്ളത്. നായാട്ടുകാർ വേട്ടമൃഗത്തിന്റെ പല്ല്, കൊമ്പ്, തല ഇത്യാദികൾ അഭിമാനത്തിനായി പ്രദർശിപ്പിക്കും പോലെ.
ഭാരതത്തിന് വേണ്ടി പോരാടി മരിച്ച ധീരരിൽ വീരൻ ടിപ്പുവിനെ ഭാരതീയർ ബ്രിട്ടീഷ് നർഥമൻമാരെക്കാൾ മോശമായാണ് കൈകാര്യം ചെയ്യുന്നത് എന്നത് മറ്റൊരു സത്യം. സാമൂതിരി, മൈസൂർ രാജാവ് വോഡയാർ ഉൾപ്പെടെ അധികാരത്തിനുവേണ്ടി പിറന്നനാടിനെ ബ്രിട്ടന് കീഴ്‌പ്പെടുത്തി കുഴലൂത്തു നടത്തിയ പല രാജാക്കന്മാരും നാടിനെ ഒറ്റി സുഗിച്ചപ്പോഴും ടിപ്പു ഒരിക്കലും ബ്രിട്ടനോട് സന്ധി ചെയ്തിട്ടില്ല അതാണ് ടിപ്പുവിന്റെ ചരിത്രം.
ബ്രിട്ടന് വേണ്ടി ഭരിച്ച രാജാക്കന്മാരെ ടിപ്പു യുദ്ധം ചെയ്ത് തോൽപ്പിച്ചിട്ടുണ്ട്. ജാതി വ്യവസ്ഥയുടെ അടിച്ചമർത്തലുകളിൽ കീഴാളർ അനുഭവിച്ച യാതനകളാണ് മലബാറിൽ ജനം ടിപ്പുവിന്റെ പടയിൽ ചേർന്ന് സ്വയരക്ഷക്ക് വേണ്ടി കവചം തീർത്തത്.
കർണാടകയിലെ പലക്ഷേത്രങ്ങളിലും ഇന്നും ടിപ്പുവിന്റെ പേരുണ്ട് അവ പുനഃസൃഷ്ടിച്ച വകയിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എല്ലാ ദിവസവും ടിപ്പുസുൽത്താൻ പൂജകൂടിയുണ്ടെന്നറിയുമ്പോൾ മാത്രമാണ് ആ മഹാന് ഹിന്ദുമതത്തിൽ എത്രമാത്രം സ്വാധീനം ഉണ്ടെന്ന് നാമറിയുന്നത്.
ടിപ്പുവിന്റെ കടുവ
മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനുവേണ്ടി പതിനെട്ടാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ ഒരു യാന്ത്രിക കളിപ്പാട്ടമാണ് ടിപ്പുവിന്റെ കടുവ (Tipu's Tiger). മരത്തിൽ കടഞ്ഞെടുത്ത് ചായമടിച്ച ഈ കളിപ്പാട്ടം ഒരു കടുവ യഥാർത്ഥ വലിപ്പത്തിലുള്ള ഒരു ബ്രിട്ടീഷുകാരനെ തിന്നുന്ന രൂപത്തിലുള്ളതാണ്. പ്രവർത്തിപ്പിക്കുമ്പോൾ മനുഷ്യന്റെ കൈ ചലിക്കുകയും, ഒരു കരച്ചിൽ കേൾക്കുകയും ചെയ്യും, ഒപ്പം കടുവ മുരളുന്നതും ഒരു വശത്തുള്ള അടപ്പു നീക്കി നോക്കിയാൽ 18 നോട്ടുകളുള്ള ഒരു പൈപ്പ് ഓർഗന്റെ കീബോഡും കാണാം. ടിപ്പുവിനു വേണ്ടി ഉണ്ടാക്കിയ ഈ യന്ത്രത്തിൽ അദ്ദേഹത്തിന്റെ വ്യക്തിമുദ്രയായ കടുവയുടെ രൂപവും, തന്റെ ശത്രുവായ ബ്രിട്ടീഷുകാരോടുള്ള വെറുപ്പും കാണിച്ചിരിക്കുന്നു. 1799-ൽ ടിപ്പൂ കൊല്ലപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ കോട്ടയിൽ നിന്നാണ് ഈ കടുവയെ കണ്ടെടുത്തത്. ഗവർണർ ജനറലായ ലോഡ് മോർണിങ്ങ്‌ടൺ അതിനെ ലണ്ടൻ ടവറിൽ പ്രദർശിപ്പിക്കാൻ കൊണ്ടുപോയി. 1808-ൽ ഈസ്റ്റ് ഇന്ത്യ ഹൌസിൽ ആണിത് ആദ്യം പ്രദർശിപ്പിച്ചത്. പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ലണ്ടനിലെ ഓഫീസുകളിലും പ്രദർശിപ്പിച്ച ശേഷം ഇന്നത് വിക്ടോറിയ ആൻഡ് ആൽബേർട്ട് മൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു (V&A) in 1880 (accession number 2545(IS)). ലണ്ടനിൽ എത്തിയനാൾ മുതൽ എല്ലാക്കാലവും ഈ കടുവ ഒരു ശ്രദ്ധേയമായ പ്രദർശനവസ്തുവാണ്.ഈ കടുവയെ 1795-ൽ ടിപ്പുവിനു വേണ്ടി ഉണ്ടാക്കിയതാണ്. കടുവയുടെ ചിഹ്നം ടിപ്പു തന്റെ ആയുധങ്ങളിലും പടയാളികളുടെ യൂണിഫോമുകളിലും തന്റെ കൊട്ടാരം അലങ്കരിക്കുവാനുമെല്ലാം ഉപയോഗിച്ചിരുന്നു. ടിപ്പുവിന്റെ സിംഹാസനം നിലകൊണ്ടതും ഏതാണ്ട് യാഥാർത്ഥവലിപ്പത്തിലുള്ള ഒരു മരക്കടുവയുടെ പുറത്തായിരുന്നു. സ്വർണ്ണം പൊതിഞ്ഞിരുന്ന ഈ സിംഹാസനവും, മറ്റു വിലപിടിപ്പുള്ള വസ്തുക്കളെപ്പോലെ പൊളിച്ചുമാറ്റി ടിപ്പുവിനെ കീഴ്‌പ്പെടുത്തുമ്പോൾ കിട്ടാനിടയുള്ള ഉപഹാരങ്ങൾക്കായി ബ്രിട്ടീഷ് പടയാളികൾ പങ്കിട്ടെടുത്തു. തന്റെ പിതാവായ ഹൈദറിൽ നിന്നും അധികാരം കൈമാറിക്കിട്ടിയ ടിപ്പു, തന്റെ സാമ്രാജ്യവികസനമോഹങ്ങളുടെ ഏറ്റവും വലിയ തടസ്സമായ ബ്രിട്ടീഷുകാരെ തന്റെ ഏറ്റവും വലിയ ശത്രുവായിക്കരുതിയിരുന്നു. കടുവ കൂടാതെ ആനകളും ബ്രിട്ടീഷുകാരെയും, മറ്റു യൂറോപ്യന്മാരെയും പീഡിപ്പിക്കുന്ന രീതിയിലും കൊല്ലുന്നതരത്തിലും അപമാനിക്കുന്ന തരത്തിലുമെല്ലാമുള്ള ചിത്രങ്ങൾ ടിപ്പുവിന്റെ ശേഖരത്തിൽ ഉണ്ടായിരുന്നു. ഇത്തരം പലചിത്രങ്ങളും ടിപ്പുവിന്റെ ആജ്ഞപ്രകാരം തലസ്ഥാനമായ ശ്രീരംഗപാട്ടണത്തിന്റെ മുഖ്യതെരുവുകളിലെ വീടുകളുടെ ചുമരുകളിലും മറ്റും വരച്ചുവച്ചിരുന്നു. ദക്ഷിണേന്ത്യയിൽ അന്നു സാന്നിധ്യമുള്ളതും ബ്രീട്ടീഷുകാരോടു യുദ്ധത്തിലുമായിരുന്ന ഫ്രഞ്ചുകാരിലെ ചില കലാകാരന്മാരും കടുവയുടെ ആന്തരികഭാഗങ്ങൾ ഉണ്ടാക്കാൻ സംഭാവന നൽകിയിരിക്കണം.
റോൾസ് റോയ്സിൻറെ മൈസൂർ എഡിഷൻ
ടിപ്പുവിൻറെ ഓർമ്മക്കായി ലോകത്തിലെ ഏറ്റവും വിലയുള്ള ആഡംബരകാർ നിർമ്മാതാക്കളായ റോൾസ് റോയ്‌സ് പുറത്തിറക്കിയ ലിമിറ്റഡ് എഡിഷൻ കാർ. മുന്നേ മൂന്നെണ്ണം. അത് മുന്നും യു എ ഈ യിൽ ഉണ്ട്.
കേരളത്തിൽ നിന്നും മൈസൂരിലേക്ക് രഹസ്യതുരങ്കം. ടിപ്പുവിന്റെ ആയുധപ്പുരയായിരുന്ന കേരളാ ഗ്രാമം.
ടിപ്പു സുൽത്താന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന സുൽത്താൻസ് ബാറ്ററി എന്ന വാക്കിൽ നിന്നും വന്ന വയനാടൻ ഗ്രാമം. കേരളവും ,കർണ്ണാടകയും, തമിഴ്നാടും സംഗമിക്കുന്ന സുൽത്താൻ ബത്തേരി. പ്രകൃതി ഭംഗി കൊണ്ടും അതിശയിപ്പിക്കുന്ന കഥകൾ കൊണ്ടും വ്യത്യസ്തമായ കാഴ്ചകൾ കൊണ്ടും ഒക്കെ എന്നും വേറിട്ടു നിൽക്കുന്ന ഇടമാണ്. ഗണപതി വട്ടം എന്നറിയപ്പെട്ടിരുന്ന സുൽത്താൻ ബത്തേരി വയനാട്ടിൽ എത്തുന്ന ആളുകളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. കേരളത്തിലെ മറ്റൊരു സ്ഥലത്തിന്റെയും പേരിനോട് യാതൊരു സാമ്യവും തോന്നാത്ത പേരാണ് സുൽത്താൻ ബത്തേരിയുടേത്. ടിപ്പു സുൽത്താൻ ഒരു കാലത്ത് തന്റെ ആയുധങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഒരു ഇടമായി ആയിരുന്നു ഈ സ്ഥലത്തെ കണ്ടിരുന്നത്. സുൽത്താൻസ് ബാറ്ററി എന്ന വാക്കിൽ നിന്നുമാണ് പില്ക്കാലത്ത് ഇവിടം സുൽത്താൻ ബത്തേരിയായത്. പോർച്ചുഗീസ് ഭാഷയിലെ ബത്തേറിയ എന്ന വാക്കും സുൽത്താൻ ബത്തേരിയോട് ചേർത്തു വയ്ക്കാറുണ്ട് ചില ചരിത്രകാരൻമാർ. അതിനും മുൻപ് കന്നഡയിൽ ഹന്നരഡു വീധി എന്നും ഇവിടം അറിയപ്പെട്ടിരുന്നുവത്രെ. സമുദ്ര നിരപ്പിൽ നിന്നും ആയിരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതി ഭംഗിയുടെ കാര്യത്തിൽ വയനാട്ടിലെ എല്ലാ സ്ഥലങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി നിൽക്കുന്ന ഇടമാണ്. കേരളവും, കർണ്ണാടകയും, തമിഴ്നാടും സംഗമിക്കുന്ന സുൽത്താൻ ബത്തേരി തികച്ചും ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ്. സമതലവും കുന്നിൻചെരുവും പാറക്കെട്ടുകളും താഴ്വരകളും ഒക്കെ ചേരുന്ന സ്ഥലമാണിത്. പണ്ട് ആദിവാസികൾ മാത്രം ഉണ്ടായിരുന്ന ഇടമായിരുന്നുവത്രെ സുൽത്താൻ ബത്തേരി. എഡി 1400 മുതൽ ഇവിടെ ജനവാസം ഉണ്ടായിരുന്നതായാണ് ചരിത്രം പറയുന്നത്. ജൈനരാണ് ഇവിടെ ആദ്യം കുടിയേറ്റം നടത്തിയത്. അങ്ങനെ അവരാണ് ഹെന്നരു ബീഡികെ എന്ന പേരു നല്കുന്നത്. ഇവർ ഉപയോഗിച്ചിരുന്ന പാതയാണ് പിന്നീട് ടിപ്പു സുൽത്താൻ വികസിപ്പിച്ചത്. അത് പിന്നീട് ദേശീയപാത 212 ആക്കി ഉയർത്തുകയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് വലിയ തോതിൽ കുടിയേറ്റം നടന്നിട്ടുണ്ട്. കേരളത്തിലെ ജൈന മതത്തിന്റെ വളർച്ചയെ സൂചിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ബത്തേരിയിലെ ജൈന ക്ഷേത്രം. 13-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ടിപ്പുവിന്റെ ആയുധപ്പുരയായിരുന്നു. ഇവിടുത്തെ കിണറിൽ നിന്നും മൈസൂർ വരെ അദ്ദേഹം ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. ക്ഷേത്രത്തിനു മുൻഭാഗത്തായാണ് ചരുരാകൃതിയിൽ കിണറുള്ളത്. മതിൽക്കെട്ടിനുള്ളിലായി കരിങ്കല്ലിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഗർഭഗൃഹം, അന്തരാള, അടച്ചുകെട്ടിയ മഹാമണ്ഡപം, മുഖമണ്ഡപം, നമസ്കാര മണ്ഡപം എന്നിവ ഇവിടെ കാണാം. ചരുരാകൃതിയിലുള്ള ശ്രീ കോവിലിൽ വിഗ്രഹം ഇല്ല. ജൈനരുടെ ദേവപ്രതിമകൾ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണാൻ സാധിക്കും. കൽപ്പറ്റയിൽ നിന്നും 24 കിലോമീറ്ററും മാനന്തവാടിയിൽ നിന്നും 41 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കോഴിക്കോടു നിന്നും 98 കിലോമീറ്റർ അകലെയാണ് സുൽത്താൻ ബത്തേരി സ്ഥിതി ചെയ്യുന്നത്. മൈസുരിൽ നിന്നും 115 കിലോമീറ്റർ അകലെയാണിത്. മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക താലൂക്കാണ് സുൽത്താൻ ബത്തേരി.