എബ്രഹാം ലിങ്കൺ

ചില അറിയാക്കഥകൾ
അമേരിക്കയിൽ അടിമക്കച്ചവടം നിർത്തലാക്കി ചരിത്രത്തിൽ ഇടം നേടിയ പ്രസിഡന്റ്. 1865 ഏപ്രിൽ 14-ന് വാഷിംഗ്ടണിൽ വച്ചു അദ്ദേഹം വെടിയേറ്റു മരിച്ചു. ജോൺ വിൽക്സ് ബൂത്ത് എന്നയാളാണ് ലിങ്കണെ വധിച്ചത്. പ്രസിഡന്റിനെ വധിച്ച ശേഷം സ്ഥലം വിട്ട ബൂത്തിനെ ഏപ്രിൽ 26ന് വിർജീനിയയിലെ ഒരു ഫാംഹൌസിൽ പട്ടാളക്കാർ കണ്ടെത്തി. പിന്നീട് നടന്ന എൻകൗണ്ടറിൽ അയാൾ കൊല്ലപ്പെട്ടു. ഇത് ചരിത്രം! പക്ഷേ അങ്ങനെയല്ല യാഥാർഥ്യം എന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. അതിനവരുടെ കൈയ്യിൽ ധാരാളം തെളിവുകളുമുണ്ട്. അന്ന് നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടത് ബൂത്ത് അല്ലെന്നവർ ഉറപ്പിച്ച് പറയുന്നു. കൊല്ലപ്പെട്ട ആൾ ചെമ്പൻ മുടിക്കാരൻ ആയിരുന്നു. പക്ഷെ, കറുത്ത മുടിയുള്ളയാൾ ആയിരുന്നു ബൂത്ത്. ഫോർഡ് തിയറ്ററിൽ നിന്നു ചാടി രക്ഷപ്പെടുന്നതിനിടയിൽ ബൂത്തിന്റെ കാലിനു പരിക്കേറ്റിരുന്നു. എന്നാൽ മരിച്ചയാളുടെ കാലിൽ പരുക്കിന്റെ ലാഞ്ജന പോലുമില്ലായിരുന്നു. ബൂത്ത് കൊല്ലപ്പെട്ടിട്ടില്ലെങ്കിൽ പിന്നെയെവിടെ പോയി.? ലിങ്കൺ വധത്തിനു ശേഷം 38 വർഷം കൂടി ബൂത്ത് ജീവിച്ചിരുന്നുവത്രേ. ടെക്സാസുകാരനായ ഫിനിഷ് ബെറ്റ്സ് എന്ന ഒരു അഭിഭാഷകൻ 1907-ൽ ഒരു പുസ്തകം പുറത്ത് ഇറക്കി. എസ്കേപ്പ് ആൻഡ് സൂയിസൈഡ് ഓഫ് ജോൺ വി. ബൂത്ത് എന്നായിരുന്നു അതിന്റെ പേര്. 1877-ൽ ഫിനിഷ് ടെക്സാസിലെ ഗ്രാന്ബറിയിൽ വച്ച് ജോൺ സെയിന്റ്റ് ഹെലൻ എന്നയാളെ പരിചയപ്പെട്ടു. എന്തോ മാരക രോഗം പിടിച്ചു തീരെ അവശനായിരുന്നു ഹെലൻ. താൻ മരിച്ചു പോകുമെന്ന് അയാൾ ഭയപ്പെട്ടിരുന്നു.അങ്ങനെ ഒരുദിവസം അയാൾ ഫിനിഷിനോട് കുറ്റസമ്മതം നടത്തി. താൻ യഥാർത്ഥത്തിൽ ലിങ്കന്റെ കൊലയാളിയാണെന്ന് പറഞ്ഞ ഹെലൻ തന്റെ പേര് ജോൺ. വി. ബൂത്ത് ആണെന്നും ഏറ്റുപറഞ്ഞു. ആദ്യമൊന്നും അത് വിശ്വസിയ്ക്കാൻ കൂട്ടാക്കാതിരുന്ന ഫിനിഷ് പക്ഷേ ലിങ്കണെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയത് മുതൽ കൊലപാതകം, ശേഷമുള്ള രക്ഷപ്പെടൽ എന്നിവയെല്ലാം അന്വേഷണങ്ങളെ വെല്ലുന്ന കൃത്യതയോടെ പറഞ്ഞു.ചാട്ടത്തിനിടയ്ക്ക് കാലിൽ പരിക്കേറ്റതും രഹസ്യമായി ചികിത്സ തേടിയതും സുഖം പ്രാപിച്ച ശേഷം വിർജീനിയയിലേക്ക് രക്ഷപെട്ടതും എല്ലാം അക്കമിട്ട് നിരത്തി പറഞ്ഞതോടെ ഫിനിഷ് ചിന്താക്കുഴപ്പത്തിലായി. രക്ഷപെടുന്നതിനിടയിൽ ബൂത്തിന്റെ കൈയിലുണ്ടായിരുന്ന വിലപ്പെട്ട ചില രേഖകൾ ആ ഫാം ഹൌസിൽ വച്ചു. അവ നഷ്ടപ്പെടുത്താൻ കഴിയാത്ത അത്ര വിലപ്പെട്ടതായിരുന്നു.അത് തിരിച്ചെടുക്കാൻ ബൂത്ത് അയച്ച ആളെയാണ് പട്ടാളക്കാർ വെടിവച്ചു കൊന്നത് എന്ന് ഹെലൻ പറഞ്ഞു നിർത്തി. പക്ഷേ ഹെലൻ ഭയന്ന പോലെയയാൾ മരിച്ചില്ല. രോഗംകുറഞ്ഞതും അയാൾ അപ്രത്യക്ഷനായി. വർഷങ്ങൾ പിന്നെയും കടന്ന് പോയി. 1903-ൽ ഒക്‌ലഹാമയിലെ ഈനിഡ് എന്ന സ്ഥലത്ത് ഒരു വാടകമുറിയിൽ വിഷബാധയേറ്റ് മരിച്ച നിലയിൽ ഹെലനെ കണ്ടെത്തി. വിവരമറിഞ്ഞ ഫിനിഷ് ഹെലന്റെ ശരീരം കേട് വരാതെ സൂക്ഷിച്ചു. വർഷങ്ങൾക്കു ശേഷം ഷിക്കാഗോയിൽ നിന്നുള്ള ആറു ഡോക്ടർമാർ ഹെലന്റെ ശരീരം പരിശോധിച്ചു. അമ്പരപ്പിക്കുന്ന ചില കണ്ടെത്തലുകൾ ആയിരുന്നു അവരെ കാത്തിരുന്നത്. രൂപസാദൃശ്യം പോട്ടേന്ന് വയ്ക്കാം! വലതു കൺപോളയിൽ ഒരു മുറിവ്, മുറിവേറ്റു ചതഞ്ഞ വലതു കൈയിലെ തള്ളവിരൽ, പിന്നെ ഒടിവുണ്ടായിരുന്ന ഇടതു കാൽ!! ബൂത്തിനുണ്ടായിരുന്നു എന്ന് പറയപ്പെട്ടിരുന്ന അതേ തിരിച്ചറിയാൻ ഉണ്ടായിരുന്ന അടയാളങ്ങൾ! തികഞ്ഞ അലംഭാവം ആയിരുന്നു ലിങ്കൺ വധം പുനരന്വേഷിയ്ക്കാൻ ഗവണ്മെന്റും കാണിച്ചത്. മണൽത്തരികൾ മുതൽ മേഘപടലങ്ങളിൽ വരെ സ്വാധീനമുള്ള ഒരു നെക്സസ് ആയിരുന്നു ഈ തിരക്കഥ രചിച്ചത് എന്ന് ഇന്നും ബഹുഭൂരിപക്ഷം അമേരിക്കൻ കുറ്റാന്വേഷകരും വിശ്വസിയ്ക്കുന്നു. ചിത്രങ്ങൾ: വിൽക്സ് ബൂത്ത്, ജോൺ ഹെലൻ, എബ്രഹാം ലിങ്കണെ വെടിവെയ്ക്കാനുപയോഗിച്ച തോക്കും ജീവനെടുത്ത തിരയും.