ഏപ്രിൽ 1: വിഡ്ഡിദിനത്തിന്റെ പിന്നിലെ കഥ
വിഡ്ഡിദിനത്തിന്റെ പിന്നിൽ ഒന്നിൽ കൂടുതൽ കഥകളുണ്ട്. ഏകദേശം 450 വർഷങ്ങൾക്ക് മുൻപ് ചാൾസ് ഒൻപതാമൻ ചക്രവർത്തി ഫ്രാൻസ് ഭരിച്ചിരുന്ന സമയം. അക്കാലത്ത് 1562 ൽ ഗ്രിഗോറിയൻ മാർപാപ്പ തന്റെ കലണ്ടർ പുറത്തിറക്കുന്നത്. ഗ്രിഗോറിയൻ കലണ്ടർ എന്നാണത് അറിയപ്പെടുന്നത്. ഈ കലണ്ടർ ഇറങ്ങുന്നതിനു മുമ്പ് മാർച്ച് 25 മുതൽ ഏപ്രിൽ 1 വരെയുള്ള ദിവസങ്ങളിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതുവൽസരമായി ആഘോഷിച്ചിരുന്നത്. പക്ഷേ, ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 1 നാണ് പുതുവൽസരം. ഇതൊന്നുമറിയാതെ പഴയ ആളുകൾ ഏപ്രിൽ 1 നു തന്നെ പുതുവൽസരം ആഘോഷിച്ചു. ഇക്കൂട്ടരെയാണ് ആദ്യമായി ഏപ്രിൽ ഫൂളുകളെന്ന് വിളിച്ചിരുന്നത്.
പണ്ടുകാലത്തെ രാജാവിന്റെ ഉത്തരുവുകൾ ഭടൻമാർ ചെണ്ടകൊട്ടിയും മറ്റുമാണ് ജനങ്ങളിലെത്തിച്ചിരുന്നത്. ഇത്തരം വിളംബരങ്ങൾ പലപ്പോഴും എല്ലാ ജനങ്ങളിലേക്കും എത്തിയിരുന്നുമില്ല, അല്ലെങ്കിൽ എല്ലാവരിലേക്കും എത്തുവാനായി കൂടുതൽ സമയം എടുത്തിരുന്നു. അതുകൊണ്ട് തന്നെ രാജകല്പനകൾ പലപ്പോഴും ലംഘിക്കപ്പെടുകയോ എതിർക്കപ്പെടുകയോ ചെയ്തിരുന്നു. ഇത്തരക്കാരേയും വിഡ്ഡികളെന്ന് വിളിച്ചെന്ന് ചരിത്രം.
തുടർന്ന് നിയമങ്ങൾക്കും കീഴ് വഴക്കങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ഏപ്രിൽ ഫൂളുകളെന്ന് വിളിക്കാൻ തുടങ്ങി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇംഗ്ലണ്ടിലും സ്കോട്ലന്റിലും വിഡ്ഡിദിനത്തിന് പ്രചാരം ലഭിച്ചു തുടങ്ങി. ഇന്നിപ്പോൾ എല്ലാ രാജ്യക്കാരും ഇതൊരു ആഘോഷമായി കൊണ്ടാടുന്നു.
ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം തലവൻ ജോസഫ് ബോസ്കിന്റെ അഭിപ്രായത്തിൽ വിഡ്ഡിദിനം പഴയ റോം ഭരിച്ചിരുന്ന കോൺസ്റ്റന്റയിൻ ചക്രവർത്തിമാരുടെ കാലം മുതൽക്ക് ഉണ്ടായിരുന്നതെന്ന് പറയുന്നു.
കോൺസ്റ്റന്റയിൻ ഒന്നാമന്റെ ഭരണകാലത്ത് കൊട്ടാരം വിദൂഷകർ ചക്രവർത്തിയുടെ ഭരണ പ്രതിഷേധ സൂചകമായി തങ്ങൾക്ക് ചക്രവർത്തിയേക്കാൾ നന്നായി ഭരിക്കാൻ അറിയാമെന്ന് അറിയിച്ചു. തന്റെ കൊട്ടാരത്തിൽ നിന്നുള്ള പ്രതിഷേധം മനസിലാക്കിയ രാജാവ് എല്ലാ വർഷവും ഒരു ദിവസം വിദൂഷകർക്ക് രാജ്യഭരണം നൽകാൻ തീരുമാനിച്ചു. ആദ്യവർഷം നറുക്ക് വീണത് ആസ്ഥാന വിദൂഷകനായ കുഗെലക്കായിരുന്നു.അതൊരു ഏപ്രിൽ 1 ആണെന്ന് പറയുന്നു. അന്നു മുതലാണ് ഏപ്രിൽ 1 വിഡ്ഡിദിനമായി ആചരിക്കപ്പെട്ടു തുടങ്ങിയതെന്ന് 1983ൽ പ്രസിദ്ധീകരിച്ച ബോസ്കിന്റെ പ്രബന്ധത്തിൽ പറയുന്നു.
ഏപ്രിൽ ഒന്നിന് വിഡ്ഡികളാകുന്നവരെ ഏപ്രിൽ ഫൂളെന്ന് വിളിക്കുമ്പോൾ മറ്റുള്ളവരെ വിഡ്ഡികളാക്കുന്നവരെ ന്യൂഡിൽ എന്നാണ് പറയുക. സ്കോട് ലൻഡിൽ മറ്റുള്ളവരെ പറ്റിക്കുന്നവരെ കുയിലുകളെന്ന് പറയും. കുയിൽ കാക്കയെ പറ്റിക്കുന്നതു പോലെ.
പറ്റിക്കപ്പെടുന്നവർക്ക് ഇംഗ്ലണ്ടിൽ ഏപ്രിൽ ഫൂളെന്നും സ്കോട് ലൻഡിൽ ഗൗക്കെന്നും ഫ്രാൻസിൽ ഏപ്രിൽ ഫിഷെന്നും പറയും.