ഭൂമിയില്‍ സ്വര്‍ണമുണ്ടാകുന്നത് എങ്ങനെ?
മഞ്ഞലോഹം എന്നറിയപ്പെടുന്ന സ്വര്‍ണത്തിന്റെ നിക്ഷേപം ഭൂമിയില്‍ എങ്ങനെ വന്നുവെന്നതിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. രണ്ടു ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍ നിന്നുണ്ടായ ഗുരുത്വതരംഗങ്ങളും പ്രകാശതരംഗങ്ങളും കണ്ടെത്തിയതോടെയാണ് ദീര്‍ഘകാലത്തെ ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചത്.
സ്വര്‍ണം, പ്ലാറ്റിനം, രസം തുടങ്ങിയ ലോഹങ്ങള്‍ പ്രപഞ്ചത്തില്‍ ഉത്ഭവിച്ചത് ഈ കൂട്ടിയിടി കാരണമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. അമേരിക്കയിലെ ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി (ലിഗോ) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് സ്വര്‍ണത്തെക്കുറിച്ചുള്ള രഹസ്യം പുറത്തുവന്നത്.
ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ ഇത്തരം കൂട്ടിയിടിയില്‍ നിന്നാണ് ലോഹങ്ങളുടെ പകുതിയും ഉണ്ടാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.
നക്ഷത്രങ്ങള്‍ കൂട്ടിയിടിക്കുമ്പോള്‍ പ്രപഞ്ചത്തില്‍ ചില രാസമാറ്റങ്ങള്‍ സംഭവിക്കുകയും ഇത് സ്വര്‍ണം ഉള്‍പ്പെടെ ഘനലോഹങ്ങളുടെ ഉത്ഭവത്തിന് കാരണമാകുകയും ചെയ്യുന്നുണ്ടെന്ന് ലിഗോ ഫിസിസ്റ്റ് പീറ്റര്‍ സോള്‍സണ്‍ പറഞ്ഞു.
ലോഹങ്ങളുടെ ഉത്ഭവത്തിനു പുറമെ ഭൗതികശാസ്ത്രത്തിലെ ചുരുളഴിയാത്ത നിരവധി ചോദ്യങ്ങള്‍ക്കും ഈ കണ്ടെത്തലിലൂടെ ഉത്തരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഭൂമിയില്‍ നിന്ന് 13 കോടി പ്രകാശവര്‍ഷം അകലെ നക്ഷത്രസമൂഹത്തിലെ അതിസാന്ദ്രമായ രണ്ട് ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടി നിരീക്ഷിച്ചാണ് ലിഗോ ശാസ്ത്രജ്ഞര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്.
ഗുരുത്വാകര്‍ഷണ ഫലമായി തകരുന്ന പിണ്ഡമേറിയ നക്ഷത്രങ്ങളുടെ ബാക്കിപത്രമാണ് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍. സൂപ്പര്‍നോവ സ്‌ഫോടനങ്ങളുടെ ഫലമായാണ് ഇത്തരം ന്യൂട്രോണ്‍ നക്ഷത്രങ്ങളുണ്ടാകുന്നത്.
ലിഗോ ഗവേഷകര്‍ക്ക് നൊബേല്‍
ഐസക് ന്യൂട്ടണ്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയതിന് ലിഗോ ഗവേഷകര്‍ക്ക് ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
ലിഗോ (ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി) പരീക്ഷണം വിഭാവനം ചെയ്ത് നടപ്പാക്കിയ റെയ്‌നര്‍ വെയ്‌സ്, ബാറി ബാരിഷ്, കിപ്‌തോണ്‍ എന്നിവര്‍ക്കാണ് പരമോന്നത പുരസ്‌കാരം ലഭിച്ചത്.
ലിഗോ ഡിറ്റെക്ടര്‍ സ്ഥാപിക്കുന്നതിലും ഗുരുത്വ തരംഗങ്ങളും കണ്ടെത്തുന്നതിലും നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ മാനിച്ചായിരുന്നു മൂവര്‍ക്കും പുരസ്‌കാരം നല്‍കിയത്.