കൊവിഡ് 19 -നും ഒരു നൂറ്റാണ്ടുമുമ്പ് ഇന്ത്യയില്‍ ഇരുപതുലക്ഷത്തോളം പേരുടെ ജീവനെടുത്ത 'ബോംബെ പനി'.
ലോകാരോഗ്യ സംഘടന ഒരു മഹാമാരി (pandemic) ആയി പ്രഖ്യാപിച്ചു കഴിഞ്ഞ കൊവിഡ് 19 എന്ന പകര്‍ച്ചപ്പനി ഇന്നുവരെ 114 രാജ്യങ്ങളിലായി 118000 -ലധികം പേര്‍ക്ക് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. അതില്‍ തന്നെ 4000 -ലധികം പേര്‍ മരിച്ചും കഴിഞ്ഞു. ഈ കണക്കുകള്‍ പ്രതിനിമിഷം കൂടിക്കൊണ്ടിരിക്കുകയാണ്. വലിയ ആശങ്കകളാണ് ഈ അസുഖവും അതേപ്പറ്റിയുള്ള വാര്‍ത്തകളും നമുക്കിടയില്‍ പരത്തിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍, ഈ അവസരത്തില്‍ ഓര്‍ക്കേണ്ട മറ്റൊരു മഹാമാരി കൂടിയുണ്ട്. ഇന്നേക്ക് ഏകദേശം 102 വര്‍ഷം മുമ്ബ് ലോകത്തെയാകെ, വിശേഷിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഗ്രസിച്ച സ്പാനിഷ് ഇന്‍ഫ്ളുവന്‍സ എന്ന മഹാവ്യാധി. 1918 -ല്‍ ലോകമെമ്ബാടും പടര്‍ന്നുപിടിച്ച ഈ മഹാമാരി അന്നപഹരിച്ചത് അഞ്ച് കോടിക്കും 10 കോടിക്കും ഇടയില്‍ പേരുടെ ജീവനാണ്.
അതില്‍ ഒരുകോടിക്കും രണ്ടു കോടിക്കും ഇടയില്‍ പേര്‍ മരിച്ചത് ഇന്ത്യയില്‍ മാത്രമാണ്.അന്ന് ആ അസുഖം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അറിയപ്പെട്ടത് 'ബോംബേ ഇന്‍ഫ്ളുവന്‍സ' അഥവാ 'ബോംബെ ഫ്ലു' എന്നൊക്കെയാണ്. ബോംബെ തുറമുഖത്ത് വന്നടുത്ത കപ്പലുകളാണ് ഇവിടേക്ക് ആ രോഗാണുവിനെ എത്തിച്ചത്. "രാത്രിയുടെ ഇരുട്ടില്‍ ഒരു കള്ളനെപ്പോലെ ആ രോഗം പതുങ്ങിവന്നു" എന്നാണ് ജെ എ ടേണര്‍ തന്റെ റിപ്പോര്‍ട്ടില്‍ കുറിച്ചത്.
ബോംബെ ഡോക്ക്സിലെ ഏഴു പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. അവരെ അന്ന് പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 'മലേറിയ' അല്ലാത്ത ഏതോ പനി എന്നായിരുന്നു ആദ്യത്തെ പരിശോധനാ ഫലങ്ങള്‍. 1918 മെയ് ആയപ്പോഴേക്കും, ഡോക്കിലെ ഷിപ്പിംഗ് കമ്ബനികളിലെയും, ബോംബെ പോര്‍ട്ട് ട്രസ്റ്റിലെയും, ഹോങ്കോങ് ആന്‍ഡ് ഷാങ്ഹായി ബാങ്കിലെയും കമ്ബിത്തപാല്‍ ഓഫീസിലെയും അടുത്തുള്ള മില്ലുകളിലെയും ഒക്കെ ജീവനക്കാരെ അസുഖം ബാധിച്ചു. അതിന് താമസിയാതെ ഒരു പകര്‍ച്ചവ്യാധി (epidemic) ന്റെ സ്വഭാവം കൈവന്നു. കുട്ടികളിലും വൃദ്ധരിലുമായിരുന്നു ബാധ കൂടുതലും കണ്ടിരുന്നത്. അത് ആദ്യഘട്ടം. രണ്ടാം ഘട്ടം കുറേക്കൂടി മാരകമായിരുന്നു. അത് 20 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവാക്കളുടെ കൂട്ടമരണത്തിന് കാരണമായി.
1918 ഒക്ടോബര്‍ മാസമായപ്പോഴേക്കും മരണസംഖ്യ 768 കടന്നു. ആദ്യം ബോംബെയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ആ പകര്‍ച്ചപ്പനി പിന്നീട് പഞ്ചാബിലേക്കും, ഉത്തരദേശത്തിലേക്കും പടര്‍ന്നുപിടിച്ചു. പലരും നടന്നുപോകുന്നതിനിടെ മരിച്ചു വീണു. ഗംഗാ നദിയിലും മറ്റും ശവങ്ങള്‍ പൊന്തിയതിന്റെ റിപ്പോര്‍ട്ടുകള്‍ വന്നു. ഒരു കോടിക്കും രണ്ടരക്കോടിക്കും ഇടയില്‍ ജനങ്ങള്‍ ഈ മാരകമായ മഹാമാരിയില്‍ അന്ന് മരിച്ചു എന്നാണ് കണക്കുകള്‍. "വല്ലാത്തൊരു കാലമായിരുന്നു അത്. കണ്ണടച്ച് തുറക്കും മുമ്ബ് എന്റെ ഉറ്റവരെ എല്ലാം എനിക്ക് നഷ്ടമായി" എന്ന് അന്നത്തെ വിഖ്യാത ഹിന്ദി കവി സൂര്യകാന്ത് ത്രിപാഠി 'നിരാല' തന്റെ ഓര്‍മ്മക്കുറിപ്പില്‍ എഴുതി.
അന്ന് കടുത്ത അതിസാരം കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരുന്ന മഹാത്മാ ഗാന്ധിയും, ഗംഗാ ബെന്നിന് എഴുതിയ കത്തില്‍ ഈ മഹാമാരിയെപ്പറ്റി ഇങ്ങനെ കുറിച്ചു, "നമ്മുടെ പൂര്‍വികരുടെ ശരീരങ്ങള്‍ക്ക് നല്ല രോഗപ്രതിരോധ ശേഷിയുണ്ടായിരുന്നു. ഇന്ന് വായുവിലൂടെ പടരുന്ന രോഗാണുക്കള്‍ കയറിക്കൂടിയാല്‍ അപ്പോഴേക്കും മരിച്ചു പോകുന്ന ദുര്‍ബലദേഹങ്ങള്‍ക്ക് ഉടമകളാണ് നമ്മള്‍. നമ്മുടെ പ്രവൃത്തികളിലും ഇച്ഛകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ നമുക്ക് ഇങ്ങനെയുള്ള മഹാവ്യാധികളില്‍ നിന്ന് രക്ഷനേടാനാകൂ."