റോക്കറ്റ് വിക്ഷേപണ സമയത്തെ കൗണ്ട് ഡൗണിന്റെ പ്രാധാന്യമെന്ത്?
ഇത് സാധാരണപോലെ ക്ലോക്ക് സമയത്തിൽ പറഞ്ഞാൽ പോരെ?
റോക്കറ്റ് വിക്ഷേപണം പോലെയുള്ള സുപ്രധാന ഓപ്പറേഷനുകളില്‍ സമയത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. സെക്കന്റുകള്‍ മാത്രമല്ല, മില്ലി സെക്കന്റുകള്‍ക്ക് പോലും പല അവസരങ്ങളിലും സുപ്രധാനമാണ്. റോക്കറ്റിന്റെ നിയന്ത്രണസംവിധാനത്തിനു
വേണ്ടിയുള്ള കമ്പ്യൂട്ടറുകളും , ഗ്രൗണ്ട് കണ്‍ട്രോള്‍ കമ്പ്യൂട്ടറുകളും എല്ലാം കിറുകൃത്യമായി നടക്കുവാന്‍ ഒരേ ക്ലോക്ക് സ്പീഡില്‍, ഒരേ ക്ലോക്ക് കൗണ്ടില്‍ പ്രവര്‍ത്തിക്കേണ്ടത് വളരെ വളരെ ആവശ്യമാണ് . മിക്ക ബഹിരാകാശ പദ്ധതികളിലും സമയത്തിന്റെ പ്രാധാന്യം റോക്കറ്റ് വിക്ഷേപണത്തോടെ അവസാനിക്കുന്നില്ല. അവയില്‍ മറ്റൊട്ടനവധി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായിത്തന്നെ നടത്തേണ്ടതുണ്ട് .എന്നിരുന്നാലും നാം പറയുന്ന ദൈനംദിന ക്ലോക്ക് സമയത്തിന് “രാവിലെ അഞ്ചുമണി, വൈകിട്ട് ആറരമണി“ തുടങ്ങിയ സമയക്കണക്കുമായി പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ല .ഉണ്ടാവേണ്ട ആവശ്യവുമില്ല. കാരണം ഭൂമിയ്ക്കു വെളിയില്‍, മണിക്കൂറില്‍ പതിനായിരക്കണക്കിനു കിലോമീറ്റര്‍ സ്പീഡില്‍ സഞ്ചരിക്കുന്ന ഒരു ബഹിരാകാശവാഹനത്തെ സംബന്ധിച്ചിടത്തോളം, അതു വിക്ഷേപിച്ച സ്ഥലത്ത് ഇപ്പോള്‍ എത്ര സമയമായി എന്നതില്‍ ഒരു പ്രാധാന്യവും ഇല്ല. 24 മണിക്കൂറിനുള്ളില്‍ അനവധി സൂര്യോദയങ്ങളും, സൂര്യാസ്തമയങ്ങളും ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ഒരു ബഹിരാകാശപേടകം കാണുന്നുമുണ്ട് .ഒരു സ്പേസ് മിഷനെ സംബന്ധിച്ചിടത്തോളം അതിന്റെ ഒരു സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ നിന്ന് ഇപ്പോള്‍ എത്രസെക്കന്റ്, അല്ലെങ്കില്‍ എത്രമിനിറ്റ്, അതുമല്ലെങ്കില്‍ 78:24:32:004 (78 മണീക്കൂര്‍, 24 മിനുട്ട്, 32 സെക്കന്റ്, 4 മില്ലിസെക്കന്റ്), എന്നൊക്കെയാണ് കണക്കാക്കുന്നത്. അതിനനുസരിച്ചാണ് ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടറുകളും , ഗ്രൗണ്ട് കമ്പ്യൂട്ടറുകളുമൊക്കെ പ്രവര്‍ത്തിക്കുന്നത് . അവയ്ക്കനുസരിച്ചാണ് ഒരു പദ്ധതിയിലെ ഓരോ ചുവടും മുമ്പോട്ട് പോകുന്നത്.
ഇങ്ങനെ ഒരു മിഷന്റെ (പദ്ധതി) സ്റ്റാര്‍ട്ടിംഗ് പോയിന്റിനെ T എന്നാണ് പറയുന്നത്. T സെക്കന്റിലാണ് റോക്കറ്റ് ഉയരുന്നത് (ലിഫ്റ്റ് ഓഫ്) ചെയ്യുന്നത്. T സെക്കന്റിനു പിന്നിലേക്കുള്ള സമയത്തെ T minus എന്നും T യ്ക്കു ശേഷമുള്ള സമയത്തെ T Plus എന്നുമാണ് വിളിക്കുന്നത്. അതായത്, ഗണിതശാസ്ത്രത്തില്‍ നാം പറയാറുള്ള സംഖ്യാരേഖയിലെ പൂജ്യം എന്ന സ്ഥാനമാണ് ടി.സെക്കന്റിന് ഉള്ളത്. T യില്‍ നിന്നും ഇത്രമണിക്കൂര്‍ മുമ്പ് തന്നെ അവസാനവട്ട പരിശോധനകള്‍ ആരംഭിക്കുന്നു. സോഫ്റ്റ്‌വെയര്‍, കമ്പ്യൂട്ടറുകള്‍, അവയുടെ ബാക്കപ്പ് സിസ്റ്റങ്ങള്‍, നാവിഗേഷന്‍ സിസ്റ്റം ഇങ്ങനെ വിവിധഭാഗങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം, റോക്കറ്റിന്റെ വിവിധ ഘട്ടങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നു. ലോഞ്ച് പാഡില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നു. ഇങ്ങനെ “T മൈനസ് ഇത്ര മണിക്കൂര്‍“ മുതല്‍ ഒരു ഷെഡ്യൂള്‍ അനുസരിച്ച് അവസാനഘട്ട ജോലികള്‍ ആരംഭിക്കുന്നു. ഇതാണ് കൗണ്ട് ഡൗണ്‍ സീക്വന്‍സ് എന്നറിയപ്പെടുന്നത്.
T minus ഇത്രമണിക്കൂര്‍ എന്ന കണക്കിലായിരിക്കും ആരംഭത്തില്‍ കൗണ്ട് ഡൗണ്‍ ചെയ്യുന്നത്, T യോടടുക്കുംതോറും അത് മിനിറ്റ്, സെക്കന്റ് ഇങ്ങനെ മാറുന്നു. ഇതിനിടയില്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന T- hold കളും ഉണ്ടാവും. അതായത് ഈ ഹോള്‍ഡിംഗ് ഭാഗങ്ങളില്‍ കൗണ്ട് ഡൗണ്‍ ക്ലോക്ക് താല്‍ക്കാലികമായി നിര്‍ത്തുന്നു. ഒടുവില്‍ T സെക്കന്റിലേക്ക് ഈ കൗണ്ട് ഡൗണ്‍ അടുക്കുന്നു. ആധുനിക റോക്കറ്റ് വിക്ഷേപണങ്ങളിലെല്ലാം, സാധാരണയായി കൗണ്ട് ഡൗണിന്റെ ഏറ്റവും അവസാന നിമിഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ നിയന്ത്രണത്തിലായിരിക്കും. അവസാന പത്തു സെക്കന്റുകളാണ് ഉറക്കെ എണ്ണുന്നത് നാം കേള്‍ക്കുന്നത്.
ഓരോ തരം റോക്കറ്റുകള്‍ക്ക് അനുസരിച്ച്, T-4 സെക്കന്റിനോടടുപ്പിച്ചാണ് റോക്കറ്റ് എഞ്ചിനുകള്‍ സ്റ്റാര്‍ട്ടാവുന്നത്. T-2, T-1, T, T+1, T+2 എന്നിങ്ങനെ ക്ലോക്ക് മുമ്പോട്ട് പോകുന്നു. മുന്‍പു പറഞ്ഞതുപോലെ കൃത്യമായും Tസെക്കന്റില്‍ റോക്കറ്റ് മുകളിലേക്ക് ഉയരും. വീണ്ടും ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളും T കൗണ്ടിനനുസരിച്ച് മുമ്പോട്ട് പോകും.