ഏതാണ് ഇന്ത്യയുടെ ദേശീയ ഭാഷ.?
ഓരോ സംസ്ഥാനത്തും ഉപയോഗിക്കുന്ന ഔദ്യോഗിക ഭാഷക്കും ദേശീയഭാഷ എന്നുപറയാനുള്ള യോഗ്യതയുണ്ട്.
ഇന്ത്യയുടെ ഭരണഘടന നിലവിൽവന്നത് 1950 ജനുവരി 26 നാണ്. ഭരണഘടന അനുഛേദം 343 പ്രകാരം ദേവാനഗരി ലിപിയിലുള്ള ഹിന്ദി ആയിരിക്കണം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയെന്നും എന്നാൽ 15 വർഷത്തേക്കു ഇംഗ്ലീഷ് തുടർന്നും ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഉപയോഗിക്കാം എന്നതുമായിരുന്നു ധാരണ. അതിനു ശേഷം ഘട്ടം ഘട്ടമായി അതുപേക്ഷിച്ച് ദേവാനഗരി ലിപിയിലുള്ള ഹിന്ദി ഔദ്യോഗിക ഭാഷയാക്കാനും വേണമെങ്കിൽ ഇന്ത്യൻ പാർലമെന്റിന്റെ അനുമതിയോടെമാത്രം ഇംഗ്ലീഷ് തുടർന്നും ഉപയോഗിക്കാനും അന്ന് വിഭാവന ചെയ്തിരുന്നു.
എന്നാൽ 1964 ൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കുന്നതിനെതിരെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് തമിഴ്നാട്ടിൽ അലയടിച്ച പ്രക്ഷോഭം അതിന്റെ മുന ഓടിച്ചു കളഞ്ഞു.
1963 ലെ ഒഫീഷ്യൽ ലാംഗ്വേജ് ആക്ട് പ്രകാരം പാർലമെന്റ് ഒരു തിരുത്തൽ വരുത്തുന്നതുവരെ ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായിത്തന്നെ തുടരണമെന്നാണ് നിയമം.
എന്താണ് രാഷ്ട്ര ഭാഷയും
ഔദ്യോഗിക ഭാഷയും തമ്മിലുള്ള വ്യത്യാസം എന്നു നോക്കാം. രാഷ്ട്രഭാഷയെന്നാൽ ഒരു രാജ്യത്തെ ജനങ്ങളെയും അവരുടെ സംസ്കാരിക പൈതൃകത്തേയും നിർവ്വജിക്കാൻ പര്യാപ്തമാണ്. എന്നാൽ ഔദ്യോഗികമായ എഴുത്തുകുത്തുകൾക്ക് ഉപയോഗിക്കുന്ന ഭാഷയാണ്
ഔദ്യോകിക ഭാഷ. ഒരു രാഷ്ട്രഭാഷ ഉണ്ടെങ്കിൽ അത് ഓട്ടോമാറ്റിക് ആയിത്തന്നെ ഔദ്യോഗിക ഭാഷയുമാകും. എന്നാൽ ഔദ്യോഗിക ഭാഷ രാഷ്ട്രഭാഷ ആകണമെങ്കിൽ അതിന് നിയമനിർമ്മാണം വേണ്ടിവരും.
1950 ജനുവരി 26 മുതൽ 15 വർഷത്തേക്കായിരുന്നല്ലോ ഇംഗ്ലീഷും ഹിന്ദിയും ഔദ്യോഗിക ഭാഷയായി തുടരാൻ തീരുമാനിച്ചിരുന്നത്. 1965 ജനുവരി 26 അടുത്തപ്പോൾ ഹിന്ദി രാഷ്ട്രഭാഷയാക്കാനുള്ള നിയമനിർമ്മാണം തടയുന്നതിനായി ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ജനങ്ങൾ ഇതിനെതിരായി ശബ്ദമുയർത്തിത്തുടങ്ങി. തമിഴ്നാട്ടിലായിരുന്നു ഇതിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭം ആഞ്ഞടിച്ചത്.
വളരെ പഴയൊരു ചരിത്രമുണ്ട് ഈ ഭാഷാ തര്‍ക്കത്തിനു പുറകില്‍.
സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് 1937-ല്‍ രാജാജിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് ആദ്യമായി ത്രിഭാഷാ പദ്ധതി നടപ്പിലാക്കിയതും ഹിന്ദി പഠനം നിര്‍ബ്ബന്ധമാക്കിയതും. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാക്കണമെന്നും എല്ലാവരും ഹിന്ദി പഠിക്കണമെന്നുമുള്ള മഹാത്മജിയുടെ ആഹ്വാനം അനുസരിച്ചായിരിക്കണം അന്നത് ചെയ്തത്. ഒരുപക്ഷേ, ബ്രിട്ടീഷുകാര്‍ക്കെതിരായി നമ്മുടെ ദേശീയതയുടെ പ്രതീകമായി, കൂടുതല്‍ പ്രദേശങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന ഒരു ഭാഷ പഠിക്കണമെന്നേ മഹാത്മജി ആഗ്രഹിച്ചു കാണുള്ളൂ. പക്ഷേ, തമിഴ്നാട്ടില്‍ അന്നുണ്ടായ അലയിളക്കം ചെറുതായിരുന്നില്ല. പെരിയാര്‍ രാമസ്വാമി നായ്ക്കരുടേയും അണ്ണാദുരൈയുടേയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ ആയിരത്തോളം പേര്‍ അറസ്റ്റിലായി. രണ്ടു വര്‍ഷങ്ങളോളം ഈ പ്രക്ഷോഭം നീണ്ടുനിന്നു. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിന്റെ പേരില്‍ ഗവണ്‍മെന്റ് രാജിവച്ചപ്പോള്‍ 1940-ല്‍ ബ്രിട്ടീഷുകാരാണ് ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്നുള്ള നിയമം പിന്‍വലിച്ചത്.
1948-ല്‍, ഭരണഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ചേര്‍ന്നപ്പോള്‍, അതിലെ ഭാഷാസംബന്ധമായ ചര്‍ച്ചയില്‍ ടി.ടി. കൃഷ്ണമാചാരിയുടെ പ്രസംഗം വളരെയേറെ വികാരഭരിതമായിരുന്നു. അതിലെ ചില പ്രസക്ത ഭാഗങ്ങള്‍ ചുവടെ:
''...പലതരം സാമ്രാജ്യത്വങ്ങളുണ്ട്. അതില്‍ ഭാഷകൊണ്ടുള്ള സാമ്രാജ്യത്വമാണ്, സാമ്രാജ്യത്വ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഏറ്റവും ശക്തമായ മാര്‍ഗ്ഗങ്ങളിലൊന്ന്... ഒരു ശക്തമായ കേന്ദ്രം നമുക്ക് വേണമെങ്കിലും, ഇത്തരത്തിലുള്ള അസഹിഷ്ണുത, അത് നിയമനിര്‍മ്മാണസഭയുടേയും കേന്ദ്രത്തിന്റേയും ഭാഷ സംസാരിക്കാത്ത ജനങ്ങളെ അടിമകളാക്കുമോയെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.... യു.പിയിലെ എന്റെ സുഹൃത്തുക്കള്‍ ചിന്തിക്കേണ്ടത് ഒരു 'മുഴുവന്‍ ഇന്ത്യ' (Whole India) വേണോ, അതോ ഒരു 'ഹിന്ദി ഇന്ത്യ' (Hindi India) വേണോ എന്നതാണ്. തീരുമാനം അവരുടേതു തന്നെ...''
1964 ലും ഇങ്ങനെ ഒരു നിയമം വന്നാൽ അത് തെക്കേ ഇന്ത്യയിലെ ജനങ്ങളോട് കാണിക്കുന്ന വലിയ ഒരു വിവേചനം ആണ് ഇതെന്ന് അവർ വാദിച്ചു. കാരണം കുറേശ്ശേ കുറേശ്ശേയായി ഇംഗ്ലീഷ് മാറ്റി ഹിന്ദി ആക്കുകയെന്നാൽ ഉന്നത വിദ്യാഭ്യാസത്തിനും, ഗവണ്മെന്റ് ജോലിക്കും വേണ്ട മത്സരപരീക്ഷകളുടെ പൊതു സ്വഭാവം ഹിന്ദിയിൽ ആകുകയും, വടക്കേ ഇന്ത്യക്കാർക്ക് ഹിന്ദി അവരുടെ സംസാരഭാഷ ആയതിനാൽ അതിൽ മേൽക്കൈ നേടാൻ ഇടയ്ക്കുകയും ചെയ്യുമെന്ന് അവർ വാദിച്ചു. അത് ഇംഗ്ലീഷ് വിദ്യാഭ്യാസം മാത്രമുള്ള തെക്കേ ഇന്ത്യക്കാരോട് കാണിക്കുന്ന വിവേചനം ആയിരിക്കും ഇതെന്ന് അവർ സമർത്ഥി ച്ചു.