താജ്മഹലിന്റെ രാജശില്‍പ്പി ആരാണ്?
1640ല്‍ ആഗ്രയിലെത്തിയ അഗസ്റ്റീനിയന്‍ പാതിരി ഫാദര്‍ മാന്‍ റിക്കിന്റെ ഡയറിയില്‍ പറയുന്നത് താജ്മഹല്‍ നിര്‍മ്മിച്ചത് വെനീഷ്യന്‍ ശില്‍പ്പിയായ വെറോണിയോ ആണെന്നാണ്. എത്രയോ പ്രഗല്‍ഭരായ കലാകാരന്മാരുടെ കൂട്ടായ്മയാണ് സത്യത്തില്‍ അത്
പേഴ്‌സ്യന്‍, തുര്‍ക്കിക്ക്, സാരസന്‍, യൂറോപ്പ്യന്‍, രാജപുത് ശൈലികളുടെ സമഞ്ജസമായ സമ്മേളനമാണ് താജ്മഹലിനെ വേറിട്ടതാക്കുന്നത്. കേവലമായ ഒരു ശവകുടീരത്തില്‍ നിന്ന് കാലാതിവര്‍ത്തിയായ പ്രണയകുടീരമായി ആ വെണ്ണക്കല്‍ സൗധം മാറിയതും അതുകൊണ്ടു തന്നെ. ഇരുപതിനായിരം ജോലിക്കാര്‍ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ കൊണ്ടു തീര്‍ത്ത ബൃഹത്തായ എന്നാല്‍ സമഗ്രമായ അത്ഭുത സൗധം. അന്ന് 3.2 കോടിയാണതിനു വേണ്ടി ചക്രവര്‍ത്തി ചെലവിട്ടത്.
താജിനഭിമുഖമായി യമുനക്കപ്പുറത്ത് മറ്റൊരു കറുത്ത താജ് (മധ്യപ്രദേശത്തെ കറുത്ത ശിലകള്‍ കോണ്ടുള്ള), തനിക്കുള്ള കുടീരമായി നിര്‍മ്മിക്കാനുള്ള ആലോചന മൂത്തപ്പോഴാണ് ഔറംഗസീബ് ഷാജഹാനെ തടവിലിട്ടതെന്ന് ഓഡ്രി ട്രഷ്‌കെയുടെ 'അറംഗസീബ്, ദ മാന്‍ ആന്‍ഡ് ദ മിത്ത്' എന്ന ലഘുജീവചരിത്രത്തില്‍ പറയുന്നുണ്ട്. കിരീട മോഹത്തിനു പുറമെ സാമ്രാജ്യത്തെ പാപ്പരാക്കാനുള്ള സ്വപിതാവിന്റെ അഭിവാഞ്ഛയെ തടയിടുക എന്നതും പുത്രനു ലക്ഷ്യമായിക്കാണണം. നിര്‍മ്മിതികള്‍ മതശാസനകള്‍ക്കെതിരാണെന്നതു മാത്രമല്ല അവ ഖജനാവിനെ പാപ്പരാക്കുമെന്നതും ഔറംഗസീബിനറിയാമായിരുന്നു എന്നു പുസ്തകത്തില്‍ നിരീക്ഷിക്കുന്നു.
പടയോട്ടങ്ങളൊഴിച്ച് എടുത്തുപറയത്തക്ക ഒരു നിര്‍മ്മാണവും ഔറംഗസീബിന്റെ കാലത്തുണ്ടായിരുന്നില്ല താനും. 1665ല്‍ ആഗ്ര സന്ദര്‍ശിച്ച ഫ്രഞ്ച് രത്‌ന വ്യാപാരിയായിരുന്ന ഴാങ്ങ് ബാപ്റ്റിസ്റ്റ് ടവേണിയ കറുത്ത താജിന്റെ കാര്യം എഴുതിയിട്ടുണ്ട്. എന്നാല്‍ ഇതു കേവലം കാല്‍പ്പനിക ഭാവന മാത്രമാണെന്നു ചരിത്രകാരന്‍മാര്‍ കരുതുന്നു.
താജ്മഹലിന്റെ രാജശില്‍പ്പി ആരാണ്? പേഴ്‌സ്യന്‍ ശില്‍പ്പിയായ ഉസ്താദ് ഈസയുടെ പേരാണ് പൊതുവെ പറഞ്ഞു കേള്‍ക്കാറുളളത്. പക്ഷെ തുര്‍ക്കിഷ് വംശജനായ ഉസ്താദ് അഹമ്മദ് ലാഹോറിയാണ് താജിന്റെ പ്രധാന ശില്‍പ്പി എന്ന് അദ്ദേഹത്തിന്റെ മകന്‍ ലുത്ഫുല്ല മുഹന്‍ദിസ് എഴുതിയ കുറിപ്പുകള്‍ പറയുന്നു. ചരിത്രകാരന്‍മാരും ഇത് സാധൂകരിക്കുന്നു ഷാജഹാന്റ പിതാവ് ജഹാംഗീറിന്റെ പ്രിയ ശില്‍പ്പിയായ മിര്‍ അബ്ദുല്‍ കരീം മേല്‍ നോട്ടം വഹിച്ചിട്ടുണ്ടാവാനും മതി. താജ്മഹലിന്റെ പ്രത്യേകതകളില്‍ ഒന്ന് മാര്‍ബിളില്‍ ആലേഖനം ചെയ്ത വര്‍ണ്ണക്കല്‍ ചിത്രങ്ങളാണ്. വെണ്ണക്കല്ലില്‍ കല്ലുകള്‍ പതിപ്പിക്കുന്ന പെട്ര ഡ്യൂറ (Pietra Dura) ശൈലി നിസ്സംശയമായും ഇറ്റാലിയനാണ്. അതിനാല്‍ ലാഹോറിലെ ഒരു ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ആര്‍ഭാടമില്ലാത്ത ഒരു കല്ലറയില്‍ കഴിയുന്ന ജെറോണിമോ വെറോണിയോ ആണ് താജിനെ വിഭാവനം ചെയ്തത് എന്ന് ചിലര്‍ വാദിക്കുന്നുണ്ട്. വെനീഷ്യന്‍ ശില്‍പ്പിയായ വെറോണിയോയെ ഷാജഹാന്റെ കല്‍പ്പനയനുസരിച്ച് 1640 ല്‍ വധിക്കുകയായിരുന്നു എന്ന് രേഖകള്‍ പറയുന്നു. കുറ്റം അപൂര്‍വ രത്‌നങ്ങളുടെ മോഷണം! 1640ല്‍ ആഗ്രയിലെത്തിയ അഗസ്റ്റീനിയന്‍ പാതിരി ഫാദര്‍ മാന്‍ റിക്കിന്റെ ഡയറിയില്‍ പറയുന്നത് താജിന്റെ യഥാര്‍ഥ രൂപരേഖയുണ്ടാക്കിയത് വെറോണിയോ ആണെന്നാണ്.
താജ്മഹല്‍ പണിയാന്‍ ഉചിതമായ ഒരു സ്ഥലമന്വേഷിച്ച് ചക്രവര്‍ത്തി ആളുകളെ അയച്ചു. ആറു മാസത്തിനു ശേഷമാണ് രാജാ ജയ്‌സിങ്ങിന്റെ പക്കലുള്ള യമുനാ തീരം പകരം സ്ഥലം കൊടുത്ത് ചക്രവര്‍ത്തി വാങ്ങിയത്
ചക്രവര്‍ത്തിയുടെ ശ്രദ്ധാപൂര്‍വമായ നിരീക്ഷണത്തില്‍ താജ്മഹലിന്റെ ആദ്യ രൂപ രേഖ തയ്യാറാക്കിയത് അഹമ്മദ് ലാഹോറിയാണെന്നും താഴികക്കുടങ്ങള്‍ രൂപകല്‍പ്പന ചെയ്തത് പ്രശസ്ത തുര്‍ക്കിഷ് ശില്‍പ്പി ഇസ്മയില്‍ എഫന്ദിയാണന്നും വിശ്വസനീയമായ ചരിത്രം. തക്ഷശിലക്കാരനായ ശില്‍പി ക്വാസിം ഖാനും ലാഹോരിയെ സഹായിക്കാനെത്തി. രൂപരേഖാ വിദഗ്ദ്ധനായ ഉസ്താദ് ഈസയും ലാഹോരിയും ചേര്‍ന്നാണ് താജിന്റെ അവസാന രേഖാചിത്രം തയ്യാറാക്കിയത്. നിരവധി കലാകാരന്‍മാരും കരകൗശല വിദ്ഗ്ധരും താജിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുത്തു. മൊസെയ്ക് ആലേഖകനായ ദില്ലിയിലെ ചിരഞ്ജി ലാല്‍, ഇറാനില്‍ നിന്നുള്ള കാലിഗ്രാഫര്‍ അമാനത്ത് ഖാന്‍, കല്ലുകൊത്തു വിദഗ്ധനായ അമീര്‍ അലി എന്ന ബലൂചി, മുള്‍ത്താനില്‍ നിന്നുള്ള മാര്‍ബിള്‍ വിരി പണിക്കാരനായ മുഹമ്മദ് ഹനീഫ്, തേപ്പു പണിവിദഗ്ദ്ധരായ മുഹമ്മദ് ഹനീഫ് (കന്ദഹാര്‍), മുമ്മദ് സയ്യിദ് (മുല്‍ത്താന്‍), അബു തോറ (മുല്‍ത്താന്‍). സമര്‍ഖണ്ഡില്‍ നിന്നുള്ള താഴികക്കുട നിര്‍മ്മാണ വിദഗ്ധന്‍ മുഹമ്മദ് ഷരീഫ് എന്നിവര്‍ നിര്‍മ്മാണവുമായി സഹകരിച്ചു. ഇവര്‍ക്കെല്ലാം മികച്ച പ്രതിഫലമാണ് നല്‍കിയിരുന്നത്.
പ്രണയകുടീരമെന്നതിനുപരിയായി താന്‍ പണി കഴിപ്പിക്കുന്ന ശില്‍പ്പം ലോകോത്തരമാവണമെന്ന് ചക്രവര്‍ത്തിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നിര്‍മ്മാണത്തിന്റെ ഒരോ ഘട്ടത്തിലും അദ്ദേഹം സൂക്ഷമമായ അവലോകനങ്ങളും അഭിപ്രായങ്ങളും നടത്തി. ''മാനവചേതനയില്‍ അത്ഭുതമുണര്‍ത്തുന്ന കാലാനുവര്‍ത്തിയായ കലാരൂപമായി നിസ്സംശയം താജ്മഹല്‍ മാറും.'' കൊട്ടാര ചരിത്രകാരനായ മുഹമ്മദ് അമിന്‍ ക്വാസിമി രേഖപ്പെടുത്തി. അത് അക്ഷരം പ്രതി സത്യവുമായി. താജ്മഹല്‍ പണിയാന്‍ ഉചിതമായ ഒരു സ്ഥലമന്വേഷിച്ച് ചക്രവര്‍ത്തി ആളുകളെ അയച്ചു. ആറു മാസത്തിനു ശേഷമാണ് രാജാ ജയ്‌സിങ്ങിന്റെ പക്കലുള്ള യമുനാ തീരം പകരം സ്ഥലം കൊടുത്ത് ചക്രവര്‍ത്തി വാങ്ങിയത്
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം രണ്ടു തവണ മാത്രമെ ചക്രവര്‍ത്തി താജ്മഹല്‍ സന്ദര്‍ശിച്ചിട്ടുള്ളൂ എന്ന് പുരാവസ്തു ചരിത്രകാരിയായ എബ്ബ കോച്ച് രേഖപ്പെടുത്തുന്നു. പ്രണയിനിയും ഭാര്യയുമായ മുംതാസിന്റെ മൃതദേഹം രണ്ടു തവണ മാറ്റിയ ശേഷമാണ് താജിനുള്ളില്‍ അടക്കിയത്. ആദ്യം സൈനാബാദ് തോട്ടത്തില്‍, പിന്നീട് താജിന്റെ വളപ്പില്‍. രസകരമായ വസ്തുത മുംതാസിന്റെ മരണശേഷം ചക്രവര്‍ത്തി വിവാഹം ചെയ്ത രണ്ടു രാജ്ഞിമാരുടേയും, അക്ബരാബാദി മഹലും ഫത്തേബാദി ബീഗവും, ശരീരങ്ങള്‍ താജ് വളപ്പില്‍ ഉണ്ട് എന്നതാണ്. പുത്രനാല്‍ തടവിലാക്കപ്പെട്ട ഷാജഹാന്റെ അടക്കം പക്ഷെ പകിട്ടില്ലാത്തതായിരുന്നു. നിരാശനും നിസ്വനുമായിത്തീര്‍ന്ന നിര്‍മ്മിതികളുടെ രാജകുമാരന്റെ മൃതദേഹം, ഒരനാഥ ശവം പോല, ആരോ രണ്ടു പേര്‍ തോണിയില്‍ യമുന കടത്തി താജില്‍ മുംതാസിനു ചേര്‍ന്ന് അടക്കുകയായിരുന്നുവത്രെ!
ക്രിസ്തു വർഷം 16,17,18 നൂറ്റാണ്ടുകളിൽമുഗളരുടെ ഭരണകാലത്ത് നിലനിന്നിരുന്ന വാസ്തുശൈലിയാണ് മുഗൾ വാസ്തുവിദ്യ (Mughal architecture)എന്നറിയപ്പെടുന്നത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീരാജ്യങ്ങളിലെല്ലാം മുഗൾ സാമ്രാജ്യകാലത്തെ നിർമിതികൾ അവശേഷിക്കുന്നുണ്ട്. ഇസ്ലാമിക്-പേർഷ്യൻ-തുർകി-ഭാരതീയ വാസ്തുവിദ്യകളുടെ സങ്കരരൂപമാണ് മുഗൾ വാസ്തുവിദ്യ.
സാമ്രാജ്യസ്ഥാപകനായ ബാബർ നിർമിച്ച ചില നിർമിതികളോടെയാണ് മുഗൾ വാസ്തുവിദ്യയുടെ ബാല്യകാലം ആരംഭിക്കുന്നത്. അഞ്ചുവർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണകാലത്തെ നിർമിതികളിൽ വളരെ കുറച്ചെണ്ണം മാത്രമേ ഇന്നവശേഷിക്കുന്നുള്ളൂ. പ്രമുഖ മുഗൾചക്രവർത്തിമാരിൽ ഔറംഗസേബ്ഒഴികെയുള്ളവരെല്ലാം വാസ്തുവിദ്യയെ പ്രോത്സാഹിപ്പിച്ചിരുന്നു. മുഗൾ വാസ്തുവിദ്യയുടെ ഒരു പ്രധാന ഘട്ടംഅക്ബറിന്റെ ഭരണകാലമാണ്. ചുവന്ന മണൽക്കല്ലിൽ പൊതിഞ്ഞ നിർമിതികളായിരുന്നു ഈ കാലത്തെ പ്രത്യേകത. രണ്ടാമത് ഷാജഹാന്റെകാലഘട്ടമാണ് പ്രസിദ്ധം. വെണ്ണക്കല്ല്, മുഗൾനിർമിതികളിൽ അതിന്റെ അദ്വിതീയ സ്ഥാനം ഉറപ്പിക്കുന്നത് ഈ കാലഘട്ടത്തിലാണ്. ഷാജഹാനുശേഷം വന്ന ഔറംഗസേബിന്റെ കാലത്ത് മുഗൾ വാസ്തുവിദ്യ വികസിച്ചില്ല. പിന്നീടുവന്ന ചക്രവർത്തിമാരും മുഗൾ വാസ്തുവിദ്യയ്ക്ക് കാര്യമായ സംഭാവനകൾ ഒന്നുംതന്നെ നൽകിയില്ല. ഇന്ത്യൻ, പാകിസ്താനി, അഫ്ഗാനി, ഇറാനി വാസ്തുവിദ്യകളിലെല്ലം ഇന്നും മുഗൾ വാസ്തുവിദ്യയുടെ സ്വാധീനം ദർശിക്കാൻ സാധിക്കും.
പാർക്കിംഗ് ഏരിയയിൽ നിന്ന് ഒന്നര കിലോമീറ്ററുണ്ട് ...പരിസ്ഥിതി സംരക്ഷണ മേഖലയായ താജിന്റെ പരിസരത്തേക്ക് മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനമില്ല.ബാറ്ററി കാറുകൾ നിരയായി നിൽക്കുന്നു .ഒരു ബാറ്ററി ബസിൽ കയറി ഞങ്ങളും പ്രവേശന കവാടത്തിലെത്തി. കർശനമായ പരിശോധനകൾ കടന്നു ,പ്രധാന കവാടത്തിന്റെ അരികിലെ ഒരു തണലിൽ രാജ നിന്നു .ഞങ്ങൾ ചുറ്റിലും ...എല്ലാവർക്കും അറിയാവുന്ന പോലെ ,ദാ.. ആ വാതിൽ കടന്നാൽ താജ് ആണ് ...1632 ൽ തുടങ്ങി ഇരുപത് വർഷം കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയയത്...ഒരു പ്രധാനകാര്യം ,ഷാജഹാൻ ഇതിനെ ഒരിക്കലും താജ് മഹൽ എന്ന് വിളിച്ചിട്ടില്ല ...പിന്നെ രാജ എന്തോ വളരെ നീണ്ട ഒരു അറബിക് പേര് പറഞ്ഞു ...അതിന്റെ ചുരുക്കെഴുത്താണത്രേ താജ്. ഷാജഹാന്റെ മൂന്നാമത്തെ ഭാര്യയിരുന്നു ,മുഗൾ സാമ്രാജ്യത്തിന്റെ വിശ്വസ്ത സഹചാരികളായ പേർഷ്യൻ കുടുംബത്തിലെ അർജുമാന്ദ് ബാനു ബീഗം എന്ന മുംതാസ് മഹൽ. ഷാജഹാന്റെ പ്രിയപ്പെട്ട ഭാര്യ ...അവർ മരിച്ചത് ,തന്റെ പതിനാലാമത്തെ കുട്ടിയായ ജഹനാര ബീഗത്തിന്റെ ജനനത്തോടനുബന്ധിച്ച് ....രാജ ഒരു നിമിഷം നിർത്തി ...ഞങ്ങൾ മുസ്ലീങ്ങൾക്ക് നാല് വരെ വിവാഹം അനുവദനീയമാണ് ,ഒഴിച്ച് കൂടാൻ പറ്റാത്ത സാഹചര്യത്തിൽ ,എല്ലാ ഭാര്യമാർക്കും ഒരു പോലെ നീതി നൽകും എന്ന ഉറപ്പിന്മേൽ ...നിങ്ങൾക്ക് ഷാജഹാന്റെ മറ്റു ഭാര്യമാരെ കുറിച്ച് എത്ര അറിയാം ...എത്ര പേർക്ക് ഇത് പോലെ സ്മാരകങ്ങൾ ഉണ്ട് ...ആലോചിക്കൂ ..ഇത് നീതിയാണോ ...മനസ്സിൽ ഒരു വലിയ ചോദ്യം കോരിയിട്ട് രാജ ,പ്രധാന കവാടത്തിലേക്ക് നടന്നു ...ഞങ്ങൾ പിന്നാലെയും ..
പ്രധാന കവാടം കടന്നതും ,താജിന്റെ അനിർവചനീയമായ സൌന്ദര്യം തെളിഞ്ഞു ..പടിഞ്ഞാറ് ചായാൻ തുടങ്ങിയ സൂര്യരശ്മികൾ ,തൂവെള്ള പ്രതലത്തിൽ വെട്ടിത്തിളങ്ങി ...മുൻപിലെ വിശാലമായ പൂന്തോട്ടത്തിനു നടുവിലെ ജലപ്പരപ്പിൽ സയാഹ്നവെയിൽ നീന്തിക്കളിച്ചു ...പൂന്തോട്ടത്തിനു നടുവിലെ ഇത്തിരിത്തണലിൽ രാജ വീണ്ടും നിന്നു ...നോക്കൂ ..ഈ പൂന്തോട്ടം നാലായി പകുത്തിരിക്കുന്നു .അതങ്ങിനെയാണ് .എത് ഇസ്ലാമിക നിർമ്മിതികലിലുമുള്ള പൂന്തോട്ടങ്ങൾക്ക് നാല് ഭാഗമുണ്ട് ..ഇത് സ്വർഗത്തിലെ ,സാക്ഷാൽ ഏദൻ തോട്ടത്തിന്റെ മാതൃകയാണ് ..നാല് ഭാഗത്ത് ,നാല് അവശ്യ പാനീയങ്ങൾ ലഭിക്കും ..വെള്ളം ,പാൽ ,തേൻ ,മദ്യം ...ഇതിൽ മദ്യം മരണാനന്തരം എദനിൽ മാത്രമേ ലഭിക്കൂ ...ഭൂമിയിൽ ഇസ്ലാമിനു അത് നിഷിദ്ധമാണ് ...പൂന്തോട്ടങ്ങളുടെ അതിരിൽ നീളൻ കുഴികൾ ..ഇത് ശരിക്കും പതിഞ്ച് ,ഇരുപത് അടി ആഴമുള്ളതാണ് ..ഏദൻ തോട്ടത്തിൽ ,ഈ കിടങ്ങുകളിലാണ് ഫലവൃക്ഷങ്ങൾ ഉള്ളത് ..അത് കൊണ്ട് , സാധാരണ നിരപ്പിൽ നിന്ന് ഫലങ്ങൾ പറിച്ചെടുക്കാം ...
രാജ തുടരുകയാണ് ...മുംതാസ് മരിക്കുന്നത് ഇന്നത്തെ മധ്യപ്രദേശിലെ ബഹരംപൂരിലാണ് .അവരെ അവിടെത്തന്നെ അടക്കുകയും ചെയ്തു ...പിന്നീടാണ് താജിന്റെ നിർമ്മാണം തുടങ്ങിയത് ..നിർമ്മാണം മുക്കാൽ ഭാഗമെത്തിയപ്പോൾ മുംതാസിന്റെ ശരീരാവശിഷ്ടങ്ങൾ കുഴിച്ചെടുത്ത് ആഗ്രയിലേക്ക് കൊണ്ടുവന്നു ....രാജ പടിഞ്ഞാറ് ഭാഗത്തെ ഒരു മഞ്ഞ മതിലിലേക്ക് കൈ ചൂണ്ടി ...അതാ അവിടെയാണ് ,താജിന്റെ നിർമ്മാണം അവസാനിക്കുന്നത് വരെ മുംതാസിനെ വീണ്ടും ഖബറടക്കിയത് ...താജിന്റെ നിർമ്മാണം കഴിഞ്ഞ് ,ഒരിക്കൽ കൂടി ഖബർ മാന്തിയെടുത്ത് താജിനുള്ളിൽ അടക്കി ...ഇസ്ലാമിന്റെ പ്രമാണമനുസരിച്ച് ഒരിക്കൽ ഖബറടക്കിയാൽ പിന്നീടത് തുറക്കാൻ പാടില്ല ...പക്ഷെ ഷാജഹാൻ ചക്രവർത്തിയാണ് ...അധികാരത്തിനു മുൻപിൽ കുനിയാത്ത ഒരു മത ശാസനവുമില്ല ...രാജ , താജിന്റെ പടികൾ കയറാൻ തുടങ്ങി ...
72 മീറ്റരിൽ ആകാശം പിളർന്ന് നിൽക്കുന്ന താജിന്റെ , തൂവെള്ള മാർബിൾ പാകിയ മുറ്റത്ത് രാജ വീണ്ടും നിന്നു ...താജിന്റെ ഇടത് വശത്ത് ,വെള്ളിയാഴ്ചകളിൽ മാത്രം പ്രാർഥന നടക്കുന്ന ഒരു പള്ളിയാണ്.കൃത്യമായി അതെ പോലൊരു കെട്ടിടം വലതുഭാഗത്തുമുണ്ട് ...ഇതാണ് താജിന്റെ എറ്റവും വലിയ പ്രത്യേകത ..അതീവ സൂക്ഷ്മതയോടെ ,ബാലൻസ് ചെയ്താണ് ഇതിന്റെ ഭാഗവും പണിഞ്ഞിരിക്കുന്നത് ...എവിടെ നിന്ന് എങ്ങിനെ നോക്കിയാലും ,താജ് ഒരു പോലയെ കാണൂ ...ഈ അസാധാരണമായ symmatry ആണ് താജിനെ ലോകാത്ഭുതങ്ങളിൽ ഒന്നാക്കിയത് ...രാജ നടന്ന് ,മുറ്റത്തിനു നടുവിലെ ഒരു വലിയ മാർബിൾ റ്റൈലിൽ നിന്നു ...ബാക്കിയുള്ള ടൈലുകൽക്ക് ഒരേ വലിപ്പമാനങ്കിൽ ,ഇത് വളരെ വലുതാണ് ...ഈ കല്ലിനു നേരെ , ഭൂമിക്കടിയിലാണ് മുംതാസിന്റെയും ഷാജഹാന്റെയും ശരിക്കുള്ള ഖബർ ...നാം കാണുന്നത് ,യഥാർഥ ഖബറിന് മുകളിലുള്ള മാതൃകകൾ മാത്രം ...ഞങ്ങൾ ഉള്ളിലേക്ക് കടന്നു ...പ്രധാന മകുടത്തിന്റെ താഴെയുള്ള ഭീമൻ കവാടത്തിനു ചുറ്റും ഖുറാൻ വചനങ്ങൾ ...അത് എഴുതിയതല്ല ...കറുത്ത മാർബിളിൽ കൊത്തിയതാണ് ...ഖുറാൻ വചനങ്ങൾക്ക് പുറമേയുള്ള കൊത്തുപണികൾ ,പൂകളുടെയും ,ചെടികളുടെയും മാത്രം ...ഇതും താജിന്റെ ഒരു പ്രത്യേകത ...പ്രധാന മകുടത്തിനു താഴെ ,മുംതാസും ഷാജഹാനും വിശ്രമിക്കുന്നു ...ഫോട്ടോഗ്രഫി പാടില്ല എന്നെഴുതിയിട്ടുണ്ടങ്കിലും ,നിർലോഭം ഫ്ലാഷുകൾ മിന്നുന്നു ...നമുക്ക് ,നിയമങ്ങൾ ലംഘിക്കാനുള്ളതല്ലേ ,പാലിക്കാനല്ലല്ലൊ ...ചുറ്റുമായി ഏഴു വാതിലുകൾ ...ഇസ്ലാമിക വിശ്വാസ പ്രകാരം ,സ്വർഗത്തിന് ഏഴു കവാടങ്ങളാണ്...അതുകൊണ്ട് തന്നെ ഇസ്ലാമിക നിർമ്മിതികൾക്കും ഏഴു കവാടങ്ങൾ ഉണ്ടാകും ...
രാജ ,ഞങ്ങളെ ഒരു ഇടുങ്ങിയ മുറിയിലേക്ക് നയിച്ചു ...നോക്കൂ ,ഇതിനൊരു ഖബറിന്റെ ആകൃതിയാണ് ...നാം അവസാനം വന്നുചേരേണ്ട ഇടം ...അയാൾ താജിന്റെ പിന്നിലേക്ക് ഞങ്ങളെ നയിച്ചു ...കൊടും വേനലിലും ,താജിന്റെ വെള്ളിയരഞ്ഞാണം പോലെ ഒഴുകുന്ന യമുന..യമുന ഇപ്പോൾ ഏറക്കുറെ ശുദ്ധമാണ് ...യമുനയുടെ കരയിലെ ആയുരക്കണക്കിനു ഫാക്ടറികൾ വമിപ്പിച്ച സൾഫർ ,താജിനെ കുറച്ചൊന്നുമല്ല നശിപ്പിച്ചത് ...തൂവെള്ള മാർബിലുകൽക്ക് ,മഞ്ഞ നിറം കയറിത്തുടങ്ങിയിരിക്കുന്നു ..ഇങ്ങിനെ പോയാൽ താജ് ഓർമ്മ മാത്രമാകും എന്ന തിരിച്ചറിവിൽ നിന്നാണ് , ആ പരിസരം പരിസ്ഥിതി സംരക്ഷിതമാക്കിയതും ,മലിനീകരണ ഫാക്ടറികൾ അടച്ച് പൂട്ടിയതും ..
താജിന്റെ പിന്നിലെ വിശാലമായ അങ്കണത്തിൽ ,രാജ കത്തിക്കയറുകയാണ് ... ദാ നോക്കൂ ...അവിടെക്കാനുന്നതാണ് ആഗ്രാ കോട്ട.അതിന്റെ കൊത്തളത്തിലെ ,ഒരു മാർബിൾ മുറി കാണാം ..അവിടെയാണ് ,ഷാജഹാനെ പുത്രൻ അറംഗസീബ് തടവിലിട്ടത് ...താജിന്റെ എറ്റവും മനോഹരമായ കാഴ്ച ലഭ്യമാകുന്ന രീതിയിലാണ് ,ആ ബന്ധുരകാഞ്ചനക്കൂട് അറംഗസീബ് പിതാവിന് വേണ്ടി ഒരുക്കിയത് ...എന്തിനാണ് ഷാജഹാൻ തടവിലാക്കപ്പെട്ടത്.അത് കേവലം അധികാര മോഹം മാത്രമായിരുന്നില്ല ..ഭ്രാന്തിനോളം പോന്ന പ്രണയാതുരതയിൽ ഭരണം മറന്ന് ,രാജ്യത്തിന്റെ സമ്പത്ത് ധൂർത്തടിച്ച ഭരണാധികാരിയെ മറ്റൊന്നും ചെയ്യാൻ കഴിയില്ല എന്നതായിരുന്നത്രേ കാരണം ...അത് ശരിയുമായിരുന്നു ...20000 ശിൽപികൾ ഇരുപത് വർഷം കൊണ്ട് പണിതീർത്ത താജിൽ , ശ്രീലങ്ക മുതൽ ,തുർക്കി ,ഇറാൻ , അഫ്ഘാൻ ,ചൈന എന്നിവടങ്ങളിൽ നിന്ന് വരെ സാധനങ്ങൾ ഉപയോഗിച്ചിട്ടുണ്ട് ...നിലാവിൽ വെട്ടിത്തിളങ്ങുന്നത് രത്നങ്ങൾ തന്നയാണ് ... അക്കാലത്ത് താജിന് വേണ്ടി ചെലവഴിച്ചത് 35 ലക്ഷം രൂപയോളമാണ് ...ഇന്നത്തെ മൂല്യമനുസരിച്ച് 8000 കോടിയോളം ...
താജിനെപ്പറ്റി പല അബദ്ധ ധാരണകളും നിലനിൽക്കുന്നുണ്ട് ...ഇത് ,തെജോമഹാലയം എന്ന ഹിന്ദു ക്ഷേത്രമായിരുന്നു എന്നതാണ് അതിലൊന്ന് ...പണിത ശില്പികളുടെ കൈകൾ വെട്ടിക്കളഞ്ഞു എന്നത് മറ്റൊന്ന് ...ഒരു തെളിവുമില്ലാത്ത ,കുത്സിതമായ ആരോപണങ്ങൾ മാത്രമാണിത്..മുസ്ലീം രാജാക്കന്മാർ ,ഹിന്ദു ക്ഷേത്രങ്ങൾ ധാരാളം ആക്രമിച്ചിട്ടുണ്ട് ,അവക്കൊക്കെ വ്യക്തമായ തെളിവുകളുമുണ്ട് ...ആ മുറിവുകളിൽ ഉപ്പ് തേച്ച് മുതലെടുക്കുക എന്ന ഉദ്ദേശ്യം മാത്രമേ ഇത്തരം ആരോപനങ്ങൾകുള്ളൂ എന്നതാണ് യാഥാർഥ്യം ...
താജിന്റെ ചരിത്രത്തിൽ നിന്നും രാജ പതുക്കെ ,ഇസ്ലാമിന്റെ സാമ്പ്രദായിക യാഥാർഥ്യങ്ങലിലെക്കു കടന്നു ...അനുനിമിഷം ആ ചെറുപ്പക്കാരൻ എന്റെ മനസ്സിൽ വളരുകയായിരുന്നു ...കൂട്ടത്തിലുള്ള പലരുടെയും പ്രകോപനപരമായ ചോദ്യങ്ങൾ പോലും എത്ര പക്വമായാണ് അയാൾ കൈകാര്യം ചെയ്തത് ...ഒന്നയാൾ തീർത്തു പറഞ്ഞു ..ഇസ്ലാമിന്റെ വക്താക്കളായി ചമഞ്ഞു വരുന്ന പരാന്നഭോജികളായ പുരോഹിതന്മാരുടെ വരട്ടുവാദങ്ങൽക്ക് മറുപടി പറയാൻ എനിക്കാവില്ല ..മഹാന്മാരായ പ്രവാചകരും ,വിശുദ്ധ ഖുറാനും മാത്രമാണെന്റെ വഴിവിളക്കുകൾ ...സ്ത്രീകളുടെ പള്ളി പ്രവേശനത്തെപ്പറ്റി ഇത്ര ആധികാരികമായും ,ലോജിക്കായും ഒരു പണ്ഡിതനും പ്രതികരിക്കുന്നത് കണ്ടിട്ടില്ല ...സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശനമുണ്ട് ,പുരുഷന്മാരുമായി ഇടകലർന്നുള്ള പ്രാർഥന മാത്രമാണ് നിഷിദ്ധം ...കാരണം ,ഇസ്ലാമിക പ്രാർഥനക്ക് ,നിന്നും ,കുനിഞ്ഞും ഇരുന്നുമുള്ള പല ശാരീരിക നിലകളുണ്ട് ...യുവതികളും ,പുരുഷന്മാരും ഇങ്ങിനെ പല നിലകളിൽ ഒരുമിച്ച് നിന്ന് നമസ്കരിക്കുമ്പോൾ ,ലൗകികരായ ആൾക്കാർ സാധനയിൽ നിന്ന് വ്യതിചലിക്കാൻ സാധ്യതയുണ്ട് ...ശബരിമലയിൽ യുവതികളെ അനുവദിക്കുന്നില്ല എന്നതിന്റെ പ്രാക്ടിക്കൽ ലോജിക്ക് തന്നെ ആണിതും.