എന്താണ് കുങ്കിയാനകൾ (Kumki Elephant )?

നാടാകെ ഭീതിപരത്തുന്ന കാട്ടാനകളെ തളയ്ക്കാൻ വരുന്ന ആനകളെ കുങ്കിയാനകൾ (താപ്പാന)  എന്നാണ് വിളിക്കുന്നത്. നാടുവിറപ്പിച്ച ചട്ടമ്പികളായ ആനകളാണ് പിന്നീട് കുങ്കിയാനകളായി വരുന്നത്. മാനസാന്തരപ്പെട്ട പഴയ ചട്ടമ്പികളാണു പിന്നീട് കുങ്കിയാകുന്നത്.  വില്ലൻമാരുടെ എല്ലാ ബലവും , ബലഹീനതയുമെല്ലാം അറിയുന്നവർ. ഒരേ സമയം വില്ലനും നായകനുമായി മാറുന്നവരാണ്  കുങ്കിയാനകൾ .

ചങ്ങലയ്‌ക്കിട്ട കാട്ടാന എന്ന വിശേഷണമാകും കുങ്കിയാനകൾക്ക്‌ ഇണങ്ങുക. ഒറ്റക്കാലിൽ കൊരുത്ത ചങ്ങല വലിച്ച്‌ കാടുകയറുന്ന കുങ്കി ഒറ്റ വിളിയിൽത്തന്നെ ചട്ടത്തിന്‌ കീഴ്‌പ്പെട്ട്‌ കാടിറങ്ങും. ഇടിച്ചോ, അടിച്ചോ, കുത്തിയോ, ഭയപ്പെടുത്തിയോ എതിരാളിയെ തുരത്തും. കലിപൂണ്ടു നിൽക്കുന്ന ആനകളെ ഇണക്കി, വളച്ചു, പിടിയിലെ‍ാതുക്കുന്നവരാണ് കുങ്കിയാനകൾ. അനുനയവും റൗഡിത്തരവും ഒരുപോലെ ഒത്തു ചേർന്നവർ. തമിഴ്‌നാട്ടിലെ പ്രാദേശിക പേരാണ് ‘കുങ്കി’ എന്നത്. താപ്പാന എന്നു തന്നെ ഇതിനർഥം.

 പ്രത്യേക ശിക്ഷണവും , പരിചരണവും ലഭിക്കുന്ന കുങ്കിയാനകൾക്ക് സാധാരണ ആനകളേക്കാൾ വലുപ്പവും ബുദ്ധിയും ശക്‌തിയുമുണ്ടാകും. കൊമ്പനാനകളെയാണ് കുങ്കിയാനകളായി ഉപയോഗിക്കുക. മുറിവേറ്റു വീഴുന്ന ആനകളെ രക്ഷിക്കാനും നേരെ നിൽക്കാ‍ൻ ബുദ്ധിമുട്ടുള്ള കാട്ടാനകളെ താങ്ങി നിർത്താനും കുങ്കിയാനകളെ ഉപയോഗിക്കുന്നു. വാരിക്കുഴിയിലോ , പൊട്ടക്കുളത്തിലോ  , ചതുപ്പിലോ അകപ്പെട്ടുപോയ ആനകളുടെ രക്ഷകനായും കുങ്കിയാനകൾ വരും. മയക്കുവെടി വച്ചു വീഴ്ത്തുന്ന കാട്ടാനകളെ വാഹനത്തിലേക്ക് കയറ്റുന്നതും ഇവർ തന്നെ. 

വന്യജീവി സംരക്ഷണനിയമം വരുന്നതിനു മുൻപ് വാരിക്കുഴിയിലും മറ്റു കെണികളിലും പെട്ട് പിടിക്കപ്പെടുന്ന ആനകളെ മെരുക്കി കുങ്കിയാനകളാക്കി മാറ്റുകയായിരുന്നു. ഇതു നിരോധിച്ചതോടെ നാടു വിറപ്പിക്കുന്ന ചട്ടമ്പികളെ പിടികൂടി കുങ്കിയാക്കി മാറ്റും. പിടികൂടുന്ന കാട്ടാനകൾക്കു ദീർഘകാലം നീണ്ട പരിശീലനം നൽകിയാണു കുങ്കിയാക്കി മാറ്റുന്നത്. കാട്ടാനകൾക്കിടയിൽ മേധാവിത്ത സ്വഭാവമുള്ളവയെ പിടികൂടിയാണ് പരിശീലനം നൽകുക. കുങ്കി പദവി ലഭിക്കുന്നതോടെ കക്ഷി വനംവകുപ്പിന്റെ ഭാഗമാകും. പിന്നീട് കുങ്കിയുടെ ചട്ടമ്പിത്തരമെല്ലാം തികച്ചും ഒഫീഷ്യലാകും. അറുപതു വയസിൽ പെൻഷനില്ലാതെ വീരകഥകൾ മാത്രം ബാക്കിയാക്കി റിട്ടയർ ചെയ്യും. 

ആന ഉൾപ്പെടെയുള്ള വന്യജീവികളെ തുരത്തുന്നതിൽ ഏതു തരം ക്വട്ടേഷനും കുങ്കിമാർ പിടിക്കും. കാട്ടാനകളെ ഓടിക്കാൻ ഈ കുങ്കിയാനകൾ പലവിധ പരിപാടികൾ നടത്തും. കാട്ടാനകൾ തമ്പടിച്ചിരിക്കുന്ന സ്ഥലത്തേക്കു പാപ്പാനെയും പുറത്തിരുത്തി വനംവകുപ്പുകാർക്കൊപ്പം കുങ്കിയാനകൾ വരും. നീണ്ടു കൂർത്ത കൊമ്പൊക്കെയായി കിടിലൻ ലുക്കുള്ള കുങ്കിയാനകളെ കാണുമ്പോഴേ കാട്ടാനകൾ ഒന്നു വിറയ്ക്കും. കായികാധ്വാനം മാത്രമല്ല അത്യാവശ്യം മിമിക്രിയും ചെപ്പടി വിദ്യകളുമെല്ലാം കുങ്കികൾക്കറിയാം. കാട്ടാനകൾക്കു ചില ശബ്ദങ്ങൾ ഭയങ്കര പേടിയാണ്. അത്തരം ശബ്ദങ്ങളുണ്ടാക്കാൻ കുങ്കിയാനയ്ക്കറിയാം. 

കാട്ടാനയെ കണ്ടാലുടൻതന്നെ തുമ്പിക്കൈ, വാല്, മുൻകാലുകൾ, കൊമ്പ് ഇവയെല്ലാം ഉപയോഗിച്ചു പല സിഗ്നലുകൾ കാണിക്കും. തങ്ങളുടെ വിഹാരകേന്ദ്രം മറ്റേതോ വലിയ കൊമ്പനാനക്കൂട്ടം കൈക്കലാക്കിയെന്നു ധരിക്കും. മാറാതെ നിൽക്കുന്ന കാട്ടാനകളാണെങ്കിൽ കുങ്കികൾ തനിസ്വഭാവം പുറത്തെടുക്കും. തുമ്പിക്കൈയും  ,കൂർത്ത കൊമ്പും മുന്നോട്ടാഞ്ഞു കാട്ടാനയ്ക്കുനേരെ കുതിക്കും. മർ‍മം നോക്കി പ്രയോഗിക്കാനും അറിയാം. തിരിഞ്ഞോടുകയല്ലാതെ കാട്ടാനയ്ക്കു വേറെ നിവൃത്തിയില്ലാതാകും. 

ആനയെ മാത്രമല്ല സാക്ഷാൽ കടുവയെ തളയ്ക്കാനും കുങ്കികളെ ഇറക്കാറുണ്ട്. വയനാട്ടിലെ ഗ്രാമങ്ങളിൽ വളർത്തു മൃഗങ്ങളെ കൊല്ലുകയും ആക്രമിക്കുകയും ചെയ്യുന്ന കടുവയെ പിടികൂടാൻ വർഷങ്ങൾക്കു മുൻപ് കർണാടകത്തിൽനിന്ന് പ്രത്യേക ആനപ്പടയെ തന്നെ എത്തിച്ചിരുന്നു. ശക്തിയും ബുദ്ധിയും ഒരു പോലെ ചേർന്ന പരിശീലനമാണ് ഒരു ആനയെ കുങ്കിയാക്കുന്നത്.  മടിയൻ ആനയാണെങ്കിൽ കുങ്കിയാക്കാൻ കഴിയില്ല. അലമ്പൻ ആനകളെയും കുങ്കിയാക്കാൻ കഴിയില്ല. മെരുക്കുന്നതിന്റെ ആദ്യപടിയായി തടികൊണ്ടു നിർമിച്ച ആനക്കൂട്ടിൽ അടയ്ക്കുകയാണു ചെയ്യുക. യൂക്കാലിപ്റ്റസ് മരംകൊണ്ടു നിർമിച്ച കൂട്ടിലാണ് കുങ്കിയാക്കേണ്ടേ അനയെ പാർപ്പിക്കുക. രണ്ടു പാപ്പാന്മാരെ മേൽനോട്ടത്തിനായി നിയമിക്കും. കൂട്ടിലടയ്ക്കുന്ന ആദ്യനാളുകളിൽ കൂടു തകർ‌ക്കാൻ ഇവർ പരമാവധി ശ്രമിക്കും. പതിയെ മെരുങ്ങാൻ തുടങ്ങിയാൽ പരിശീലനം ആരംഭിക്കും.  അനുസരണക്കാരനാക്കാൻ ചെറിയ ചെറിയ ‘ടാസ്കുകൾ’ കൊടുക്കും. ചെയ്താൽ പാരിതോഷികമായി കരിമ്പോ ശർക്കരയോ നൽകും.മെല്ലെ ആനയെ തൊട്ടും തലോടിയും പാപ്പാന്മാർ അടുപ്പമുണ്ടാക്കും. തുടർന്നു കൂട്ടിനു പുറത്തിറക്കി വിദഗ്ധ പരിശീലനം തുടങ്ങും. മൂന്നു വർഷത്തോളമാണ് ഡോക്ടർമാരുടെയും , വനം ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിൽ പരിശീലനം. മാനസികമായി ആനകളെ ഒരുക്കുക എന്നതാണ് അടുത്ത പരിപാടി. ഇതിനായി മറ്റ് ആനകളുമായി എപ്പോഴും ഇടപഴകാൻ അനുവദിക്കും. പാപ്പാനൊപ്പം കാട്ടിലേക്ക് സവാരികൾ നടത്തി കാടുമായി ബന്ധം സ്ഥാപിക്കും. 

നാട്ടിലിറങ്ങുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള പരിശീലനമാണു പ്രധാനമായും നൽകുന്നത്, കാട്ടാനകളെ പിടികൂടുമ്പോൾ വടം കഴുത്തിൽ കെട്ടുക, കൊട്ടിലിലേക്കു മാറ്റുക, തടികൾ വലിച്ചു മാറ്റുക എന്നിവയ്ക്കും ലോറിയിൽ കയറാനും പരിശീലനം നൽകും. രണ്ടു കാലിൽ നിൽക്കാനും പരിശീലിപ്പിക്കും. പരിശീലനത്തിന്റെ അവസാനപടിയായി ഇവയെ രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് കാട്ടിലേക്ക് അയയ്ക്കും. മര്യാദക്കാരനായി വന്നാൽ മനസ്സിലാക്കാം അവൻ ലക്ഷണമൊത്ത കുങ്കിയായി എന്ന്. പരിശീലന കാലത്ത് ഓരോ ആനയുടെയും രുചിയും താത്പര്യവും അറി‍ഞ്ഞു ഭക്ഷണം നൽകും. കണ്ടമാനം തീറ്റ നൽകി പൊണ്ണത്തടിയൻമാരാക്കാനൊന്നും സമ്മതിക്കില്ല. പട്ടയ്ക്കു പുറമേ മുതിര, ശർക്കര, റാഗി, ചോറ്, ഈന്തപ്പഴം, പഴം എന്നിവയെല്ലാം നൽകും. വൈറ്റമിൻ ഗുളികകളും നൽകും. അണുക്കളെ പ്രതിരോധിക്കാൻ മഞ്ഞൾ പൊടിയും നൽകും. 

പഴയ ചട്ടമ്പിയാണെങ്കിലും പല കുങ്കികളും വികാരജീവികളാണ്. പാലക്കാട് മുണ്ടൂർ ഒടുവങ്ങാട് മേഖലയിൽ നാട്ടുകാരെ വിറപ്പിച്ച ആനയെ പിടികൂടാൻ കൊണ്ടുവന്ന അഗസ്ത്യൻ എന്ന കുങ്കിയാന ഒടുവിൽ അതേ കാട്ടാനയുമായി ചങ്ങാത്തത്തിലായി. അഗസ്ത്യനു വേണ്ടി വനംവകുപ്പ് തയാറാക്കിയ ‘സ്പെഷൽ ഫൂഡ്’ വരെ കാട്ടാനയുമായി പങ്കുവയ്ക്കാൻ തുടങ്ങി.  കുങ്കി പരിശീലനം നൽകിയിട്ടും മടി കാരണം വിജയകരമായി പൂർത്തിയാക്കാത്ത ഒരാനയുമുണ്ട്. പേര് പീലാണ്ടി. അട്ടപ്പാടിയിൽ നിന്നു 2017ൽ പിടികൂടിയ പീലാണ്ടി (ഇപ്പോൾ പീലാണ്ടി ചന്ദ്രുവെന്ന് പേര്) എന്ന കൊമ്പനു മടി കൂടുതൽ ഉള്ളതിനാൽ കുങ്കിയാക്കാനായില്ല. മുത്തങ്ങയിൽ വർഷങ്ങളോളം പരിശീലനം നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നു കോടനാട് ആനക്കളരിയിലേക്ക് കൊണ്ടു പോയി. ഒൻപതു പേരെ കൊലപ്പെടുത്തി കാടും നാടും വിറപ്പിച്ച കൊമ്പന് അട്ടപ്പാടിക്കാർ ഇട്ട പേരായിരുന്നു പീലാണ്ടി. കോടനാട് എത്തിച്ചപ്പോൾ ചന്ദ്രു എന്ന പേരു കൂടി ചേർത്തു. 2016ൽ വയനാട് കല്ലൂരിലെ കൃഷിയിടങ്ങളിൽ സ്ഥിരം പ്രശ്നക്കാരനെ നാട്ടുകാർ കല്ലൂർ കൊമ്പനെന്നു വിളിച്ചു. ഒന്നും കയറിയും മറ്റൊന്ന് ഇറങ്ങിയും കൊമ്പുള്ളവൻ. കല്ലൂർ രാജീവ് ഗാന്ധി ആശ്രമം സ്കൂളിന് സമീപം വച്ച് ഒരാളെ ആക്രമിച്ച് പരുക്കേൽപ്പിച്ചതോടെ 2016 നവംബർ 22ന് മയക്കുവെടി വച്ചു പിടികൂടി കൂട്ടിലാക്കുകയായിരുന്നു. കാഴ്ചയിൽ വീരശൂരനെങ്കിലും ആളു പച്ചപ്പാവമാണെന്നതാണ് ഭരതനെന്ന പേരു വീഴാൻ കാരണം. ആറാം തമ്പുരാൻ സിനിമയിലെ ഭരതൻ എസ്ഐ എന്ന സിനിമാ കഥാപാത്രമാണ് അതിനു കാരണമായത്. 

2017 നവംബർ മുതൽ മുത്തങ്ങയ്ക്കടുത്ത വടക്കനാട് മേഖലയെ വിറപ്പിച്ചവനാണു വടക്കനാട് കൊമ്പൻ. കൃഷി നശിപ്പിക്കലായിരുന്നു ഇവന്റെ മെയിൻ. തൊഴിലാളികൾ അരിവാൾ ഉപയോഗിച്ചു ചെയ്യുന്ന അതേ വഴക്കത്തിൽ ഇവൻ പാടം തുമ്പിക്കൈകൊണ്ട് നശിപ്പിച്ചിരുന്നു. ഇവനെ പിടികൂടാൻ നാട്ടുകാർ 22 ദിവസം വരെ നീണ്ട നിരാഹാര സമരം നടത്തി. പൊൻകുഴിയിൽ, ഗോത്ര വിദ്യാർഥിയായ മഹേഷിനെ കുത്തിക്കൊലപ്പെടുത്തിയതോടെ കഥ വീണ്ടും മാറി. മയക്കുവെടി വച്ച് പിടികൂടി കൊമ്പനെ മെരുക്കിയെടുക്കാനും ഏറെക്കാലമെടുത്തു. വിക്രം എന്ന പേരാണ് വടക്കനാട് കൊമ്പന് വനംവകുപ്പ് നൽകിയിട്ടുള്ളത്.  കേരളത്തിലെ ആദ്യ കുങ്കി ക്യാംപാണ് മുത്തങ്ങയിലേത്. ഇതിനു മുൻപ് തമിഴ്നാട്ടിലെ മുതുമലയിൽ കൊണ്ടുപോയി ലക്ഷങ്ങൾ ചെലവിട്ട് പഠിപ്പിച്ചാണ് കേരളത്തിലെ കുങ്കിയാനകളെ പരിശീലിപ്പിച്ചിരുന്നത്. കോന്നി സുരേന്ദ്രൻ, കോടനാട് നീലകണ്ഠൻ, സൂര്യ എന്നിങ്ങനെ മൂന്ന് ആനകളെയാണ് ആദ്യ ബാച്ചിൽ മുതുമലയിൽ പരിശീലിപ്പിച്ചത്. പിന്നീട് കേരളം വനംവകുപ്പിനു കീഴിലെ പാപ്പാൻ‍മാരെ തമിഴ്നാട്ടിലേക്ക് അയച്ച് കുങ്കിപരിശീലനം ലഭ്യമാക്കി. ഇവർ തിരിച്ചെത്തിയതോടെയാണ് മുത്തങ്ങയിൽ തന്നെ കുങ്കികളെ പരിശീലിപ്പിക്കാൻ തുടങ്ങിയത്. കോട്ടൂർ ആനക്യാംപിൽ നിന്നുള്ള സുന്ദരി, അഗസ്ത്യൻ, ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ മുത്തങ്ങയിൽ പരിശീലനം നൽകിയത്. സൂരേന്ദ്രൻ, സൂര്യ, പ്രമുഖ, നീലകണ്ഠൻ തുടങ്ങി പ്രമുഖ കുങ്കികൾ വനംവകുപ്പിനുണ്ട്.

രണ്ടുവർഷംവരെയുള്ള കടുത്ത പരിശീലനത്തിലൂടെയാണ്‌ ലക്ഷണമൊത്ത കുങ്കി രൂപപ്പെടുക. അപകടത്തിൽപ്പെടുന്ന മൃഗങ്ങളെ രക്ഷിക്കൽ മുതൽ നാട്ടിലിറങ്ങി ഭീതിവിതയ്‌ക്കുന്നവയെ തുരത്തലും വളഞ്ഞുപിടിച്ച്‌ കൂട്ടിലടയ്‌ക്കലും ഉൾപ്പെടെ  ചുമതലയിൽപ്പെടും. ഏത്‌ ആജ്ഞയും ഏറ്റെടുക്കാൻ പ്രാപ്‌തമാക്കുംവിധം തുമ്പിയിൽ പിടിച്ച മണികിലുക്കൽ, മുട്ടുകുത്തൽ, തുമ്പിക്കും കാലിനും വടംപിടിക്കൽ, രണ്ടുകാലിൽ നിൽപ്പ്‌, വളഞ്ഞുവച്ച ആനയെ കൊട്ടിലിലേക്ക്‌ ആനയിക്കൽ, സ്വയം വണ്ടിയിൽ കയറൽ, തടിപ്പണി എന്നിവയാണ്‌ പരിശീലനപാഠങ്ങൾ.

നാട്ടാനകൾക്ക്‌ ചട്ടംവയ്‌ക്കുന്നതുപോലെ കൊടിയ ഉപദ്രവമില്ല. അനുനയവും നല്ല ഭക്ഷണവും സ്വാതന്ത്ര്യവും പ്രധാനം. കുങ്കികളെ പകൽ കാടുകളിലേക്ക്‌ വിടുമെങ്കിലും ഒറ്റക്കാലിൽ ചങ്ങലനീട്ടിയിട്ടിരിക്കും. എന്നെന്നേക്കുമായി കാടുകയറിപ്പോയ കുങ്കികളുമുണ്ട്‌. പിഎം 2നെ പൂട്ടാൻ കൊണ്ടുവന്ന ‘പ്രമുഖ’എന്ന കുങ്കി കാട്ടാനയുമായി കാടുകയറിയത്‌ സമീപകാല സംഭവം.

                                                        



Most Viewed Website Pages