തൊട്ടാവാടി തൊട്ടാല്‍ വാടുന്നത് എന്തുകൊണ്ട്?

തൊട്ടാവാടി എന്ന പേരുതന്നെ ചെടിയുടെ പ്രത്യേകത കാണിക്കുന്നുണ്ട്. ഒന്ന് തൊടുകയോ, ചൂടേൽപ്പിക്കുകയോ ചെയ്താല്‍ പെട്ടെന്ന് ഇല വാടി തളരുന്നു. മൃഗങ്ങളെപ്പോലെ ഞരമ്പുണ്ടോ ഈ ചെടിക്ക് എന്ന് പലരും സംശയിച്ചിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനത്തിന് പിന്നില്‍ വെള്ളത്തിന്‍റെ ശക്തിയാണെന്ന് പഠനങ്ങള്‍ തെളിയിച്ചു. ഓരോ ഇലയുടെയും ഞെട്ടിലും ഒരു മുഴ കാണാം. ഇതിനെ സ്ഥൂലസന്ധി (Pulvinus) എന്നുപറയുന്നു. ഈ മുഴ വലുപ്പം കൂടിയ കോശങ്ങളെക്കൊണ്ട് നിര്‍മ്മിതമാണ്. ഈ കോശങ്ങള്‍ക്കിടയില്‍ ധാരാളം ശൂന്യസ്ഥലങ്ങള്‍ ഉണ്ട്.

ചെടിയുടെ ഇലകള്‍ നിവര്‍ന്നുനില്‍ക്കുമ്പോള്‍ ഈ കോശങ്ങളില്‍ നിറച്ച് വെള്ളമുണ്ടാകും. ഈ വെള്ളം മര്‍ദ്ദം കൊണ്ട് കോശങ്ങളെ ചീര്‍പ്പിച്ചിരിക്കും. ഈ അവസ്ഥയിലാണ് ഇലകള്‍ നിവര്‍ന്നുനില്‍ക്കുക.തൊടുകയോ, ചൂടേല്‍പ്പികുകയോ ചെയ്താല്‍ ഇലയിലൂടെ ഒരു സിഗ്നല്‍ താഴോട്ട് പായും. അത് Pulvinus ല്‍ എത്തും. ഈ സിഗ്നല്‍ ഒരു ഹോര്‍മോണ്‍ ആണെന്ന് പറയപ്പെടുന്നു. ഈ സിഗ്നല്‍ Pulvinus ന്‍റെ അടിവശത്തുള്ള കോശങ്ങളിലാണ്‌ പ്രവര്‍ത്തിക്കുന്നത്. അതുമൂലം ആ കോശങ്ങളിലെ ജലം ശൂന്യസ്ഥലങ്ങളിലേക്ക് പ്രവഹിക്കുന്നു. കോശങ്ങളുടെ ചീര്‍പ്പ് തന്മൂലം നഷ്ടപ്പെടുന്നു. ജലമര്‍ദ്ദം കുറയുമ്പോള്‍ ഇല വാടിതാഴുന്നു. സ്പര്‍ശനമേറ്റാല്‍ ഇല വാടുന്നത് നിമിഷത്തിന്റെ പത്തിലൊന്ന് സമയം കൊണ്ട് നടന്നിരിക്കും. അതുകഴിഞ്ഞു കുറച്ച് നിമിഷത്തിനകം ഹോര്‍മോണിന്റെ ഫലം നിര്‍വീര്യമാകും. നഷ്ടപെട്ട വെള്ളം വീണ്ടും കോശങ്ങളിലേക്ക് കയറി മര്‍ദ്ദം വര്‍ദ്ധിക്കും. ഇല വീണ്ടും നിവരും.

ഏത് വസ്തു തൊട്ടാലും ഇലകൾ ഇങ്ങനെ ചുരുളും. എന്തു വസ്തുവും ഈ പ്രവർത്തനത്തിനു കാരണമാകാം.  ഒരു മീറ്ററോളം നീളത്തിൽ‍ പടർന്ന് കിടക്കുന്ന രീതിയിലാണ് തൊട്ടാവാടി കാണപ്പെടുന്നത് . നൈട്രജൻ ഏറ്റവും കൂടുതൽ മണ്ണിലെത്തിക്കുന്ന സസ്യമാണിത്.

മൈമോസ പ്യൂഡിക്ക (Mimosa pudica) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സസ്യമാണ് തൊട്ടാവാടി. സംസ്കൃത ഭാഷയില്‍ ലജ്ജാലു എന്ന് വിളിക്കുന്നു.സമംഗ എന്ന ഒരു ഇരട്ടപ്പേരും  സംസ്കൃതത്തില്‍ ഉണ്ട്. 

ഇംഗ്ലീഷിൽ “ടച്ച് മി നോട്ട്” എന്നാണവനെ വിളിക്കാറ്. ബ്രസീൽ ആണ് ജന്മദേശമെങ്കിലും ഇന്ന് ഭൂമധ്യരേഖാപ്രദേശങ്ങളിൽ പരക്കെ ഇവന്റെ സാന്നിധ്യം ഉണ്ട്. 

തൊട്ടാവാടിയുടെ കുടുംബത്തിൽപ്പെട്ടതും വിഷമുള്ളതും ഔഷധത്തിന് ഉപയോഗിക്കാത്തതുമായ ഒരു സസ്യമാണ്‌ ആനത്തൊട്ടാവാടി. പാണ്ടി തൊട്ടാവാടി എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ തണ്ടിലുടനീളം കാണുന്ന മുള്ളുകളേറ്റാൽ വേദന അസഹ്യമാണ്‌. മുള്ളുകളേറ്റാലുള്ള വേദന ആനയ്ക്കുപോലും വേദന ഉളവാക്കുന്നതിനാലാണ്‌ ഇതിന്‌ ആനത്തൊട്ടാവാടി എന്ന പേരു വന്നത്. മറ്റുചെടികൾക്കു വളരാൻ പറ്റാത്ത വിധം തായ്ത്തടിയിൽ പറ്റിച്ചേർന്നാണ്‌ ഈ പാഴ്‌ചെടിയുടെ വളർച്ച. ആനത്തൊട്ടാവാടി വളരെ വേഗത്തിൽ വളർന്ന് മറ്റു ചെടികളെക്കൂടി ശ്വാസം മുട്ടിക്കുന്നു.