എന്താണ് കണ്ണീർ വാതകം അഥവാ ടിയർ ഗ്യാസ്?
അക്രമാസക്തം ആകുന്ന ആൾക്കൂട്ടങ്ങളും, സമരങ്ങളും പിരിച്ചുവിടാൻ കേരള പോലീസ് ഉൾപ്പെടെ ലോകത്ത് ഒട്ടേറെ പോലീസ് സേനകൾ ഉപയോഗിക്കുന്ന ഒരു മാർഗമാണ് കണ്ണീർ വാതകം അഥവാ ടിയർ ഗ്യാസ് പ്രയോഗം. ഇത് ഒരു കെമിക്കൽ ആയുധമാണ്. ഈ വാതകം മനുഷ്യർക്ക് നേരെ പ്രയോഗിച്ചാൽ കണ്ണിനുള്ളിലെ കണ്ണുനീർ പുറപ്പെടുവിക്കുന്ന ഗ്രന്ഥികൾ തനിയെ കണ്ണുനീർ പുറപ്പെടുവിക്കുകയും, കണ്ണിനുള്ളിൽ തീവ്രമായ പുകച്ചിലും, അസ്വസ്ഥതയും ഉണ്ടാവുകയും ചെയ്യും. ഇതിനു പുറമേ തൊലിയിലും എല്ലാം എരിച്ചിൽ ഉണ്ടാകുന്നു. ശ്വസിക്കാനും, കണ്ണീർ വാതക പ്രയോഗം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ലഹളകളെ നിയന്ത്രിക്കാൻ സായുധസേനകൾ ഇത് ഗ്രനേഡ് രൂപത്തിൽ ആളുകൾക്ക് നേരെ എറിയുകയോ അല്ലെങ്കിൽ തോക്കിന് ഉള്ളിൽ വെച്ച് വെടി വയ്ക്കുകയോ ആണ് ചെയ്യുന്നത്. ഇത് ഉപയോഗിക്കുമ്പോൾ ആകാശത്ത് ചെറു കണികകളായി വ്യാപിച്ച് പുകപടലം സൃഷ്ടിക്കപ്പെടുന്നു. ഈ പുകയിൽ പെടുന്നവർക്ക് എല്ലാം അസ്വസ്ഥതകൾ ഉണ്ടാകുന്നു.
ഒന്നിലേറെ രാസപദാർത്ഥങ്ങൾ കണ്ണീർവാതകം ആയി ഉപയോഗിക്കാം.ഇന്നു വ്യാപകമായി ഉപയോഗിക്കുന്ന ടിയർ ഗ്യാസ് ക്ലോറോ അസറ്റോ ഫിനോൺ (C6H5COCH2Cl) ആണ്.1 മീ വായുവിൽ 10 മി. ഗ്രാം എന്ന അളവിൽത്തന്നെ ഇതു കാര്യക്ഷമമായി പ്രവർത്തിക്കും. ഓർത്തോക്ലോറോ ബൻസിലിഡീൻ, മലാനോനൈട്രൈൽ, ഈതൈൽ ബ്രോമോ അസറ്റോൺ,ബ്രോമോഅസറ്റോൺ, ബെൻസൈൽ ബ്രോമൈഡ് എന്നീ രാസ പദാർത്ഥങ്ങളും കണ്ണീർവാതകം ആയി ഉപയോഗിക്കപ്പെടുന്നു.