AC തരുന്നത് ചൂടൊ തണുപ്പൊ?
ശീതികരിച്ച മുറിയിലിരിക്കുമ്പോൾ തണുപ്പുണ്ടാക്കുന്ന യന്ത്രമാണ് AC യെന്ന് ചിലരെങ്കിലും കരുതിയേക്കാം. മുറിക്കുള്ളിലെ വായുവിനെ തണുപ്പിച്ച് അതിലെ ചൂടിനെ ഉഷ്ണവായുവായി പുറത്തേക്ക് വിടുകയാണ് AC ചെയ്യുന്നത്. AC വാങ്ങാൻ കഴിവുള്ളവർ അവരുടെ ചൂട് AC വാങ്ങാൻ കഴിവില്ലാത്തവർക്ക് നൽകുന്നുവെന്ന് സാരം. ആദ്യകാലങ്ങളിൽ AC കളുടെ എണ്ണം കുറവായിരുന്നു. ആഗോളതാപനം വർധിച്ചതോടെ AC കളുടെ എണ്ണവും കൂടി. ഏകദേശം 200 കോടിയോളു AC യൂണിറ്റുകൾ ലോകത്താകമാനം പ്രവർത്തിക്കുന്നുണ്ട്.അടുത്ത 25 വർഷത്തിനുള്ളിൽ ഇത് 500 കോടിയിലെത്തുമെന്ന് കണക്കാക്കുന്നു. പാരീസ് നഗരത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് AC മൂലം വേനൽക്കാലത്ത് താപനില 2 ഡിഗ്രി കൂടുന്നുവെന്നാണ്. ജേർണൽ ഓഫ് ജിയോ ഫിസിക്കൽ റിസർച്ചിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഓരോ നഗരത്തിലും ഇത് വർധിച്ച് കൊണ്ടേയിരിക്കും. ഗ്രാമങ്ങളിൽ പ്രശ്നമായിട്ടില്ല. മുറിക്കുള്ളിലെ ചൂട് അതേ അളവിൽ പുറംതള്ളുവാണെങ്കിൽ പ്രാദേശികമായ ചൂട് വർധിക്കുക എന്നല്ലാതെ ആഗോള താപനത്തിന് കാരണമാവില്ല. എന്നാൽ മുറിക്കുള്ളിലെ ചൂടിനേക്കാൾ കൂടുതലാണ് AC പുറംതള്ളുക. AC ക്കുള്ളിലുള്ള ഫാൻ, കംപ്രസർ എന്നിവ പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോറുകൾ ചൂടുണ്ടാക്കുന്നവയാണ് ഇതും ചേർത്താണ് പുറത്തേക്ക് വിടുന്നത്. കോടിക്കണക്കിന് AC കളുടെ പ്രവർത്തനം ആഗോള താപനത്തിൻ്റെ വർധനവിന് കാരണമാവും. അവയുടെ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ മൂലമുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളും ആഗോളതാപനമുണ്ടാക്കുന്നവയാണ്.ഇത് ഫ്രിഡ്ജിനും ബാധകമാണ്. ഫ്രിഡ്ജിന് പുറകിൽ തൊട്ട് നോക്കിയാൽ ചൂടറിയാം. ഫ്രിഡ്ജുണ്ടാക്കുന്ന താപം വളരെ കുറവാണ്. ലോകത്തുണ്ടാക്കുന്ന വൈദ്യുതിയുടെ പത്തിലൊന്ന് AC കളാണ് ഉപയോഗിക്കുന്നത്. അത്രയും വൈദ്യുതിയുല്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും പരിഗണിച്ചാൽ കഴിയുന്നത്ര ഹരിതോർജം AC കൾ പ്രവർത്തിപ്പിക്കാൻ പ്രയോജനപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത മനസ്സിലാവും.





