ഒരിക്കൽ യാത്രപോയാൽ തിരികെയെത്താൻ കഴിയാത്ത സ്ഥലം

ഒരിക്കൽ യാത്രപോയാൽ തിരികെയെത്താൻ കഴിയാത്ത ചില സ്ഥലങ്ങൾ ഭൂമിയിലുണ്ട്. മൃതശരീരങ്ങൾ പോലും ലഭിക്കാറില്ല. ഇന്ത്യയ്ക്കും ഉണ്ട് അങ്ങനെയൊരു സ്ഥലം. ഇന്ത്യൻ മഹാസമുദ്രത്തിലെ നോർത്ത് സെന്റിനൽ ദ്വീപ്. ഒരു ചെറിയ കടൽത്തീരത്തിനടുത്തായി വനത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ ദ്വീപാണിത്. പുറത്തുനിന്നു എത്തുന്നവരെ ഭയക്കുന്ന ഒരു പ്രാകൃത മനുഷ്യസമൂഹം ഇവിടുണ്ട്. ദ്വീപിലേക്ക്‌ ചെല്ലുന്നവരെ ആക്രമിച്ചു കൊല്ലുകയാണ് ഇവരുടെ പതിവ്. 60,000 വർഷമായി ഇവർക്ക് പുറം ലോകവുമായി ബന്ധമില്ലെന്ന് നരവംശ ഗവേഷകർ പറയുന്നു. ടൂറിസ്റ്റുകൾ പോയിട്ട്, മീൻപിടുത്തക്കാർ പോലും ഈ വശത്തേക്ക് അടുക്കില്ല. 2006-ൽ ഇവിടെ എത്തിയ രണ്ട് മീൻപിടുത്തക്കാരെ കൊന്നതാണ് ഏറ്റവും ഒടുവിൽ പുറംലോകം അറിഞ്ഞത്. താഴ്ന്നുപറക്കുന്ന വിമാനങ്ങളോ ദ്വീപിന് മുകളിലൂടെ വട്ടമിട്ടുപറക്കുന്ന ഹെലികോപ്ടറുകളോ കണ്ടാൽ ഇവർ അമ്പെയ്യുകയും കല്ലെറിയുകയും ചെയ്യും. ഇന്ത്യയുടെ ഭാഗമാണെങ്കിലും ഈ ദ്വീപിലെ ഭാഷയോ ആചാരങ്ങളോ പുറംലോകത്തിന് അറിയില്ല.


ശിലായുഗത്തിന് തുല്യമായ അവസ്ഥയിൽ തന്നെ ജീവിക്കുന്ന മനുഷ്യരെ ബന്ധപ്പെടാൻ ഇന്ത്യൻ സർക്കാർ ഒട്ടേറെ തവണ ശ്രമിച്ചുവെങ്കിലും കാര്യം നടന്നില്ല. ദ്വീപിന് ചുറ്റും മൂന്ന് മൈൽ ചുറ്റളവിൽ നിരോധിത മേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിൽ പ്രവേശിക്കുന്നതും അവിടുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതും കുറ്റകരമാണിപ്പോൾ. ഒറ്റപ്പെട്ട് ജീവിക്കുന്നതിനാൽ പകർച്ചവ്യാധികൾ പിടിപെട്ട് ഈ സമൂഹം തന്നെ ഇല്ലാതാകാനുള്ള സാധ്യത ഏറെയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ പുറംലോകത്തു നിന്ന് എത്തുന്നവരെ നേരിടാൻ ഇവർ അസാമാന്യ കരുത്തും ചങ്കൂറ്റവും പ്രകടിപ്പിക്കുന്നു. വേട്ടയാടിയും മീൻപിടിച്ചുമാണ് ആഹാരത്തിനുള്ള വക കണ്ടെത്തുന്നത്. കൈയിൽ കിട്ടുന്നതെന്തും ഭക്ഷിക്കുന്നവരാണ് ഈ ദ്വീപ് നിവാസികൾ.

         

                                                        



Most Viewed Website Pages