നമ്മുടെ മുടി നരയ്ക്കുന്നത് എന്തുകൊണ്ട്?


മുടിയുടെ യഥാർത്ഥ നിറം വെളുപ്പാണ്.അതിന് നിറം ലഭിക്കുന്നത് മെലാനോസൈറ്റ് എന്ന പ്രത്യേക കോശങ്ങളിലൂടെ മെലാനിൻ അവയിൽ എത്തുന്നതിനാലാണ്.ഈ കോശങ്ങൾ മുടിയുടെ ഫോളിക്കുകളിൽ മെലാനിൻ പമ്പ് ചെയ്യുന്നു.അതനുസരിച്ച് മുടിയ്ക്ക് നിറം ലഭിക്കുന്നു.
വ്യത്യസ്ത അനുപാതത്തിലും ഉത്പാദനത്തിലും മെലാനിൻ പമ്പ് ചെയ്യപ്പെടുന്നതിനാലാണ് പല വർഗങ്ങളിലും മുടിയിഴകൾ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നത്.പ്രധാനമായും നമ്മുടെ ജീനുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മെലാനിന്റെ അളവും ഏത് മെലാനിൻ വിഭാഗമാണെന്നതുമൊക്കെ നിശ്ചയിക്കപ്പെടുന്നത്.
ജനിക്കുന്നതിനു മുൻപ്‌ തന്നെ മെലാനോസൈറ്റുകളുടെ ഉത്പാദനം ആരംഭിക്കുന്നു.അവയുടെ പ്രവർത്തനം പ്രായമാകുന്നതിനസരിച്ച് കുറഞ്ഞു തുടങ്ങുന്നു.സാധാരണയായി മുപ്പത്‌ വയസ്സുകഴിഞ്ഞാൽ ഓരോ പത്തു വർഷം കഴിയുമ്പോഴും ഇവയുടെ പ്രവർത്തനം ഏകദേശം 10 മുതൽ 20 ശതമാനം വരെ കുറയുന്നു.അത് എങ്ങനെ സംഭവിക്കുന്നുവെന്നത് ഇപ്പോഴും നിഗൂഢ രഹസ്യമാണ്.
ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് നമ്മുടെ മുടിയിലെ ഫോളിക്കുകളിൽ ഒരു മെലനോജനിക്ക് ക്ലോക്ക് പ്രവർത്തിക്കുന്നുവെന്നാണ്.ആ ക്ലോക്കാണ് കാലാനുസൃതമായി ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.നര ബാധിച്ച മുടിയിൽ മെലാനിന്റെ കുറവോ അസാന്നിദ്ധ്യമോ ഉണ്ടാകും.ഇത് മെലാനോസൈറ്റുകളുടെ പ്രവർത്തനം നിലയ്ക്കുന്നത് കൊണ്ട് സംഭവിക്കുന്നതാണ്.
ചില മുടി വിശേഷങ്ങൾ
സസ്തനികളുടെ ഏറ്റവും സവിശേഷമായ പ്രത്യേകതയാണ് അവയുടെ മുടിയും രോമങ്ങളും. ത്വക്കിനടിയിലുള്ള ഫോളിക്കിൾ എന്നറിയപ്പെടുന്ന പ്രദേശത്ത് നിന്നാണ് മുടിനാരുകൾ വളരുന്നത്. മുടിയിലെ ജീവനുള്ള ഏകഭാഗം ഈ ഫോളിക്കുകളിലാണ് കാണപ്പെടുന്നത്. ത്വക്കിന് പുറമേ കാണപ്പെടുന്നു മുടിനാരുകളിൽ യാതൊരുവിധ ജീവ രാസപ്രവർത്തനങ്ങളും നടക്കുന്നില്ല. അതുകൊണ്ടു തന്നെ അതിനെ മൃതമായി കണക്കാക്കുന്നു.
മുടി നാരിനെ നെടുകെ ഛേദിച്ചു പരിശോധിച്ചാൽ അതിന് മൂന്ന് പ്രധാന പാളികളുളളതായി മനസ്സിലാക്കാം. ഇതിൻെറ പുറമേയുള്ള പാളിയെ ക്യൂട്ടിക്കിൾ എന്ന് വിളിക്കുന്നു. അതിനുമടിയിൽ കെരാറ്റിൻ അടങ്ങിയിരിക്കുന്നത് ക്വാർട്ടക്സ് എന്ന പാളിയാണ്. മധ്യപാളിയെ മെഡുല എന്ന് വിളിക്കുന്നു. ശരീരത്തിൽ വളരുന്ന മുടിനാരുകളെ രണ്ട് പ്രധാന വിഭാഗങ്ങളായി തരം തിരിക്കാം. അവയാണ് വെല്ലസ് മുടിയും ടെർമിനൽ മുടിയും .
വെല്ലസ് മുടി മനുഷ്യശരീരത്തെ ഏകദേശം മൊത്തമായി ആവരണം ചെയ്തുകൊണ്ട് ബാല്യം മുതൽ വളരുന്നു ഇത് വളരെ ചെറുതും മൃദുവും മങ്ങിയ നിറത്തോടുകൂടിയതും മിക്കവാറും ശ്രദ്ധയിൽപ്പെടാത്ത വിധത്തിലുമായിരിക്കും. ടെർമിനൽ മുടി ഇടതൂർന്നതും നീളമുള്ളതും ഇരുണ്ടതുമാണ്. ഇത് വെല്ലസ് മുടിയെ അപേക്ഷിച്ച് പൊതുവേ സാധാരണമല്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്നതാണ്. കൗമാരകാലങ്ങളിൽ പ്രത്യേക ശരീരഭാഗങ്ങളിൽ വെല്ലസ് മുടിക്ക് പകരം ഇത് വളരുന്നു. നമ്മുടെ തലയിലെ മുടി ടെർമിനൽ മുടിയാണ് . പുരുഷന്മാരുടെ താടിയും മീശയും നെഞ്ചിലെ രോമങ്ങളും ആൺ-പെൺ വ്യത്യാസമില്ലാതെ കക്ഷ ഭാഗങ്ങളിലും ഗുഹ്യ ഭാഗങ്ങളിലും കാണുന്നത് ടെർമിനൽ മുടിയാണ്. മനുഷ്യനിൽ കൈത്തണ്ടകൾ, പാദതലങ്ങൾ,ചുണ്ടുകൾ എന്നിവിടങ്ങളിൽ എവിടെ വേണമെങ്കിലും രോമങ്ങൾ കിളിർക്കാം.
തലയിലെ മുടി ഒരു താപ പ്രതിരോധകാരിയായി പ്രവർത്തിക്കുന്നു. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും അവ സംരക്ഷണമേകുന്നു. നമുക്ക് രോമാഞ്ചമുണ്ടാകുന്നത് ശരീരം കൂടുതൽ തണുക്കുകയും ഹെയർഫോളിക്കുകളോട് ചേർന്നുള്ള പേശികൾ ഉണർന്ന് പ്രവർത്തിക്കുന്നതിനാലുമാണ്. അതുകൊണ്ടാണ് രോമങ്ങൾ എഴുന്ന് നിൽക്കുന്നത്. ഇത് ഒരു താപ സംരക്ഷണ പാളി ത്വക്കിൽ രൂപപ്പെടുത്തുന്നു.
നീണ്ട മുടിക്ക് വട്ടത്തിലുള്ള മുടി നാരുകളും ചുരുണ്ട മുടിയിഴകൾക്ക് ഓവൽ രൂപത്തിലുള്ള നിരയില്ലാത്ത മുടിനാരുകളുമായിരിക്കും ഉള്ളത്.
പ്രകൃതിദത്തമായ നിറം മുടിക്ക് നൽകുന്നത് രണ്ട് രീതിയിലുള്ള പിഗ് മെൻറുകളാണ്. പുരികങ്ങൾ കണ്ണുകളെ അഴുക്കിൽ നിന്നും വിയർപ്പിൽ നിന്നും മഴയിൽ നിന്നും സംരക്ഷിക്കുന്നു. ആംഗ്യഭാഷയിൽ വിഷമവും ദേഷ്യവും സന്തോഷവുമൊക്കെ പ്രകടിപ്പിക്കാൻ ഇതിൻറെ പങ്ക് വേറെയാണ്. അഴുക്കിൽ നിന്നും പൊടിയിൽ നിന്നും ദോഷകരമായ വസ്തുക്കളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നത് കൺപീലികൾ ആണ്.
ശരീരത്തിലെ മറ്റേതു മുടി രോമങ്ങളെക്കാളും വേഗത്തിൽ മുഖരോമങ്ങൾ വളരുന്നു. ഒരു ദിവസം ഏകദേശം 50 മുതൽ 100 വരെ മുടിയിഴകൾ തലയിൽ നിന്നും പൊഴിയാറുണ്ട്. ഒരു മുടിയുടെ ഏകദേശം ആയുസ്സ് രണ്ടുവർഷം മുതൽ ഏഴ് വർഷം വരെയാണ്. വളരെ കുറച്ച് സസ്തനികൾ മാത്രമേ രോമം കുറഞ്ഞ ജീവികളായുള്ളു. അവയിൽ ചിലതാണ് ആനകൾ,കാണ്ടാമൃഗം, നീർക്കുതിരകൾ, പന്നികൾ മുതലായവ.

         

                                                        



Most Viewed Website Pages