നീന്തല്‍ക്കാരുടെ ഗുഹ !


ഗുഹാ ചിത്രങ്ങള്‍ എന്നും നമ്മുക്ക് വിസ്മയമാണ്.പൂര്‍വ്വകാലത്തെക്കുള്ള ചൂണ്ടുപലകകള്‍ ആണ് ഇത്തരം ചിത്രങ്ങള്‍.ഗുഹാ നിവാസികളും നാടോടികളും ആയിരുന്ന ആദിമ മനുഷ്യര്‍ ഭാഷകള്‍ വികസിക്കുന്നതിനും മുന്‍പേ തങ്ങളുടെ വികാരവിചാരങ്ങള്‍ ഒരു പക്ഷെ കൈമാറിയിരുന്നത് കല്‍ഭിത്തികളിലെ ഇത്തരം ചില പോറലുകളിലൂടെ ആയിരുന്നിരിക്കാം. ആദിമനുഷ്യരുടെ ഇത്തരം വികാരപ്രകടനങ്ങളില്‍ എന്തുകൊണ്ടും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ് ഈജിപ്തിന്‍റെ ലബനോന്‍ അതിര്‍ത്തിയില്‍ (Wadi Sura) സ്ഥിതിചെയ്യുന്ന Cave of Swimmers അഥവാ നീന്തല്‍ക്കാരുടെ ഗുഹ!
1933 ല്‍ ഹംഗേറിയന്‍ പര്യവേഷകന്‍ ആയിരുന്ന László Almásy ആണ് ഈ വിചിത്ര ഗുഹയും അതിലെ വിസ്മയം ജനിപ്പിക്കുന ചിത്രങ്ങളും ആധുനിക ലോകത്തിനു മുന്‍പില്‍ തുറന്നു കാട്ടിയത്.സഹാറന്‍ മരുഭൂമിയിലെ കൊടും ചൂടില്‍ സ്ഥിതിചെയ്യുന്ന ഈ ഗുഹയിലെ ചിത്രങ്ങളുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന മനുഷ്യരൂപങ്ങള്‍ എല്ലാം തന്നെ സാധാരണ ചിത്രങ്ങളിലെ പോലെ നിവര്‍ന്നു നില്‍ക്കുകയല്ല ചെയ്യുന്നത് മറിച്ച് കാലുകള്‍ ഉയര്‍ത്തി നീന്തുകയാണ് ചെയ്യുന്നത് ! ലോകത്തിലെ ഏറ്റവും വലിപ്പമേറിയ മണല്‍ മരുഭൂവിലെ ഈ നീന്തല്‍ ചിത്രങ്ങള്‍ രേഖപ്പെടുതിയിരിക്കുന്നതാവട്ടെ ഏകദേശം പതിനായിരത്തില്‍പരം വര്‍ഷങ്ങള്‍ക്ക് മുന്‍പും!ഗുഹ കണ്ടുപിടിച്ച് ഒരു വര്‍ഷത്തിനു ശേഷം Almásy,താനെഴുതിയ The Unknown Sahara എന്ന പുസ്തകത്തില്‍ ഒരു അധ്യായം മുഴുവന്‍ ഈ ചിത്രങ്ങളെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്.അതില്‍ അദ്ദേഹം അന്ന് തീര്‍ത്തും അപരിചിതമായ (എന്നാല്‍ ഇന്ന് നാം സ്ഥിരമായി കേള്‍ക്കുന്ന)ഒരു തിയറി മുന്നോട്ടു വെച്ചു . അതായത് പതിനായിരം കൊല്ലങ്ങള്‍ക്ക് മുന്‍പ് സഹാറ പച്ചപ്പ്‌ നിറഞ്ഞ ഒരു പ്രദേശം ആയിരുന്നു എന്ന്.സത്യത്തില്‍ ഈ തിയറിക്ക് ഒരു സ്ഥിരീകരണം ലഭിച്ചത് 2007 ല്‍ ഈജിപ്ഷ്യന്‍ ജിയോമോര്‍ഫോലോജിസ്റ്റ് ആയ Dr. Eman Ghoneim ന്റെ കണ്ടുപിടിത്തത്തോട് കൂടിയാണ്.സഹാറന്‍ മണല്ക്കാടുകള്‍ക്ക് താഴെ 30,750 km² വിസ്തീര്‍ണ്ണം ഉള്ള ,പുരാതനമായ ഒരു കൂറ്റന്‍ തടാകത്തിന്റെ ശേഷിപ്പുകള്‍ ആണ് എമാന്‍ ചികഞ്ഞെടുത്തത് ! അതാകട്ടെ ഗുഹയില്‍ നിന്നും ഏകദേശം ഇരുന്നൂറു കിലോമീറ്ററുകള്‍ മാത്രം അകലെ ആയിരുന്നു താനും.നീന്തല്‍ക്കാരുടെ ഗുഹയിലെ ചിത്രങ്ങള്‍ മനുഷ്യ ആത്മ്മാക്കള്‍ പറന്നു നടക്കുന്നതിന്റെ ചിത്രീകരണം ആയിരിക്കാം എന്ന ചിലരുടെ വാദഗതി അതോടെ തകര്‍ന്നു.എന്നാല്‍ ഇത് അന്യഗ്രഹജീവികള്‍ ആകാശത്ത് പറന്നു നടക്കുന്നത് കണ്ട മനുഷ്യര്‍ വരച്ചതാകാം എന്നും കരുതുന്നവര്‍ കുറവല്ല.ഇതിനടുത്തുള്ള മൃഗങ്ങളുടെ ഗുഹയിലും ( Cave of the Beasts ) ഇതിനു സമാനമായ ചിത്രങ്ങള്‍ ആണ് ഉള്ളത്.ഇതിലെ ചിത്രങ്ങളിലെ ചില മനുഷ്യരുടെ വലിപ്പക്കൂടുതല്‍ ബൈബിളിലെ നെഫിലിമുകളിലെക്കും ചിലര്‍ വിരല്‍ ചൂണ്ടുന്നു.അതിനു ഏകദേശം എഴായിരത്തോളം വര്‍ഷങ്ങള്‍ പഴക്കം ഉണ്ടെന്ന് കരുതപ്പെടുന്നു. എന്തായാലും ഈ നീന്തല്‍ ചിത്രങ്ങള്‍ ഇന്നും മനുഷ്യന് അത്ഭുതം തന്നെയാണ്.