സൂര്യനെ പറ്റിച്ചവര്‍



വടക്കൻ ഇറ്റലിയിലെ ഒരു കൊച്ചു മലയോര ഗ്രാമമാണ്  Viganella. പ്രസിദ്ധമായ റ്റൂറിന്‍ (Turin) നഗരത്തില്‍ നിന്നും ഏകദേശം 120 കിലോമീറ്റര്‍ വടക്ക് കിഴക്കായി ആണ് ഇത്  സ്ഥിതി ചെയ്യുന്നത്.13.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള ഈ ഗ്രാമത്തില്‍ (comune) ഏകദേശം ഇരുന്നൂറില്‍ താഴെ മാത്രം ആളുകള്‍ ആണ് താമസിക്കുന്നത്.ഒരു സാധാരണ ഇറ്റാലിയന്‍ ഗ്രാമത്തിനുള്ള  എല്ലാ പ്രത്യേകതകളും, സൗകര്യങ്ങളും Viganella ക്ക് ഉണ്ടായിരുന്നു, ഒന്നൊഴിച്ച്! എന്താണെന്നോ? സൂര്യപ്രകാശം!!!! ങേ ! ഇങ്ങനെയൊരു സ്ഥലമോ എന്ന് ചിന്തിച്ചേക്കാം.പക്ഷെ സത്യമാണ്,പക്ഷെ ഈ പ്രകാശമില്ലായ്മ്മ എപ്പോഴുമില്ല.വര്‍ഷത്തില്‍ ഏകദേശം മൂന്ന് മാസത്തോളം ആണ് പ്രശനം. സൂര്യഗ്രഹണം പോലെ ഒരു ഭീമന്‍ നിഴല്‍ വന്ന് ഈ ഗ്രാമത്തെ മൂടും. ഇത് ഉണ്ടാക്കുന്നതോ, ചുറ്റുമുള്ള മലകളും !  ഉയര്‍ന്നു നില്‍ക്കുന്ന മലകള്‍ സൂര്യനെ മറയ്ക്കുന്നതാണ് പ്രശനം.ശീതകാലം തുടങ്ങുമ്പോള്‍ ആണ്  ഈ ഗതികേട് ആരംഭിക്കുന്നത്.നവംബർ പതിനൊന്നിന് അസ്തമിക്കുന്ന സൂര്യനെ ഇവർ പിന്നീട് കാണുന്നത് ഏകദേശം എണ്‍പത്തി മൂന്ന് ദിവസങ്ങൾ കഴിഞ്ഞ് ഫെബ്രുവരി രണ്ടിനാണ്!അത്രയും നാള്‍ പകല്‍ എന്ന് വെച്ചാല്‍ ഒരു ഇരുണ്ട സന്ധ്യ ആണ് ഇവര്‍ക്ക്.നേരിട്ടുള്ള സൂര്യ പ്രകാശം ലഭിക്കാത്തതിനാൽ അത്രയും ദിവസത്തെ ജീവിതം ബുദ്ധിമുട്ട് തന്നെ ആയിരുന്നു.വൈറ്റമിന്‍ D യുടെ അഭാവം ഉണ്ടാകുമോ എന്ന് പേടിച്ച്  കഴിയുന്ന ദിവസങ്ങളിലെല്ലാം മല മുകളിലേക്ക് വണ്ടിയോടിച്ചു കയറ്റി സൂര്യപ്രകാശം കൊള്ളുന്നത്‌ ഇവര്‍ ഒരു ശീലമാക്കി മാറ്റി. ഇതിനൊന്നും കഴിയാത്ത ആളുകള്‍  അവിടെ നിന്നും മാറി താമസിക്കുവാനും തുടങ്ങി. ഇങ്ങനെ പോയാല്‍ ഗ്രാമം വിജനമാകും എന്നൊരു അവസ്ഥ വന്നപ്പോള്‍ ഇതിനൊരു പരിഹാരം കാണണം എന്ന തീരുമാനത്തില്‍ അവര്‍ എത്തി. അവസാനം ഒരു നിര്‍ദ്ദേശം എല്ലാവര്‍ക്കും സ്വീകാര്യമായി. മലക്ക് അപ്പുറത്ത് നിന്നും ഒളിച്ചു നിന്ന് ചിരിച്ചു കാണിക്കുന്ന സൂര്യനെ സൂത്രത്തില്‍ ഗ്രാമത്തിലേക്ക് കൊണ്ടുവരുക!എങ്ങിനെയെന്നോ?മല മുകളില്‍ കൂറ്റന്‍ ദര്‍പ്പണങ്ങള്‍ വെക്കുക. അവ പകല്‍ സമയം സൂര്യപ്രകാശം ഗ്രാമത്തിലേക്ക് പ്രതിഫലിപ്പിക്കും.
അങ്ങിനെ ആ കണ്ണാടിയുടെ നിര്‍മ്മാണം ആരംഭിച്ചു.ഈ ഭീമൻ കണ്ണാടി എപ്പോഴും സൂര്യനെ അനുഗമിച്ച് കറങ്ങി കൊണ്ടേ ഇരിക്കും (heliostat).8 m വീതിയും 5 m ഉയരവും ഉള്ള ഈ കണ്ണാടിയിൽ സ്റ്റീലിന്റെ 14 ഷീറ്റുകൾ ആണ് ഉള്ളത്.രണ്ടായിരത്തി ആറ് ഡിസംബറില്‍ (17)  ഗ്രാമവാസികള്‍ ഈ കമ്പ്യൂട്ടര്‍ നിയന്ത്രിതദര്‍പ്പണം ഉത്ഘാടനം ചെയ്തു. ദിവസം ആറ് മണിക്കൂറാണ് കണ്ണാടി ഗ്രാമത്തിലേക്ക് പ്രകാശം ചൊരിയുന്നത് എല്ലായിടത്തും വെളിച്ചം ലഭിക്കുന്നില്ലെങ്കിലും പള്ളിയും പ്രധാന തെരിവും പ്രകാശ മയമാക്കാൻ ഇതിന് സാധിക്കും. Giacomo Bonzani എന്ന ആര്‍ക്കിടെക്റ്റ് ആണ് ഇത് രൂപകല്‍പ്പന ചെയ്തത്. Emilio Barlocco ആയിരുന്നു എഞ്ചിനീയര്‍.ആകെ ചെലവ് ഒരു ലക്ഷം യൂറോ.നഷ്ടപെട്ട ദിനങ്ങൾ തിരികെ കിട്ടി  എന്നാണ് ഗ്രാമവാസികൾ ഇപ്പോൾ പറയുന്നത് .  എല്ലാ വര്‍ഷവും ഡിസംബര്‍  17  "day of the light" ആയി ആഘോഷിക്കുകയാണ്  ഇവര്‍ ഇപ്പോള്‍ .

ഇതേ അവസ്ഥ തന്നെയാണ്  നോര്‍വയിലെ Rjukan ഗ്രാമവാസികള്‍ക്കും ഉണ്ടായിരുന്നത്. അവര്‍ക്കാകട്ടെ ഏകദേശം ആറു മാസം ആയിരുന്നു വെളിച്ചമില്ലാതെ തള്ളി നീക്കെണ്ടിയിരുന്നത്. അപ്പോഴാണ്‌ മുകളില്‍ വിവരിച്ച ഇറ്റാലിയന്‍ വിജയഗാഥ ഇവര്‍ കേട്ടത്. പിന്നെ ഒട്ടും അമാന്തിച്ചില്ല, അവരും ഘടിപ്പിച്ചു ഒരു കൂറ്റന്‍ ദര്‍പ്പണം. ഇതിനാല്‍ ഏകദേശം  600 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ഇപ്പോള്‍ സൂര്യപ്രകാശം എത്തുന്നുണ്ട്. 2013  ഒക്ടോബറില്‍ ആണ് ഇത് പൂര്‍ത്തിയായത്.  എന്തായാലും സൂര്യനെ "കയ്യിലാക്കിയതിന്റെ " ആഹ്ലാദത്തില്‍ ആണ് ഇരു ഗ്രാമങ്ങളും ഇപ്പോള്‍!

നോര്‍വ്വയിലെ Rjukan നില്‍ കണ്ണാടി പ്രകാശം ചൊരിയുന്ന ദൃശ്യമാണ് മുകളിൽ  കാണുന്നത്.

         

                                                        



Most Viewed Website Pages