ലോകം കണ്ട ഏറ്റവും വലിയ സാമ്രാജ്യമായ ബ്രിട്ടീഷ് സാമ്രാജ്യം
ലോകം കണ്ട ഏറ്റവും വലിയ സാമ്രാജ്യമായ ബ്രിട്ടീഷ് സാമ്രാജ്യം, അവരുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ യുദ്ധത്തിനായി 1898 ല്‍ അവരുടെ സേനയെ ആഫ്രിക്കയിലെ തെക്കന്‍ മുനമ്പിലുള്ള രണ്ടു ചെറു ബുവർ /ബോവർ (Boer)സംസ്ഥാനങ്ങള്‍ക്കു നേരെ അണിനിരത്തി. (ബുവേർ എന്നാൽ യൂറോപ്യൻ വെള്ളക്കാരായ ഡച്ച് കർഷകരുടെ പിൻ തലമുറക്കാർ ആണ്. ബുവർ എന്ന വാക്കിന്റെ അർത്ഥം ഡച്ചു ഭാഷയിൽ കർഷർ എന്നാണു) നിലവിലുള്ള സൈനീകരെ കൂടാതെ ഏതാണ്ട് അറുപതിനായിരം വരുന്ന കുതിരകള്‍ ഉള്ള കര്‍ഷകരേയും, കുന്തവും പരിചകളും ഉള്ള മറ്റൊരു അന്‍പതിനായിരം ആഫ്രിക്കന്‍ നാട്ടുക്കാരേയും നേരിടാന്‍ ഏതാണ്ട് നാലരലക്ഷം സൈനീകരെ ആണ് ബ്രിട്ടീഷ് സാമ്രാജ്യം വിന്യസിച്ചത്. ബ്രിട്ടീഷ് ലക്‌ഷ്യം ഈ രണ്ടു സ്ഥലങ്ങളിലുമുള്ള കണക്കറ്റ സ്വര്‍ണ്ണ നിക്ഷേപം തന്നെയായിരുന്നു. ഈ രണ്ടു സ്വതന്ത്ര ബുവർ രാജ്യങ്ങളും ശക്തമായി ബ്രിട്ടീഷ് അധിനിവേശത്തിനു എതിര്‍ത്തുനിന്നു എന്നു മാത്രമല്ല വിജയകരമായി അവരെ പ്രതിരോധിക്കുകയും ചെയ്തു . ഈ രണ്ടു ചെറു രാജ്യങ്ങളിലെ നാട്ടുകാരുടേയും കര്‍ഷകരുടേയും എതിരിടുന്ന ശൗര്യം കണ്ട് ഒരു വേള ബ്രിട്ടീഷ് സൈന്യം ഈ യുദ്ധം പരാജയപ്പെടുന്ന ഘട്ടം വരെ എത്തിയിരുന്നു. ഏതാണ്ട് നാലരലക്ഷം വരുന്ന പ്രതാപശാലിയായ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സൈനീകര്‍ അതിലും എണ്ണത്തിലെത്രയോ കുറവുള്ള കുറച്ചു സൈനീകരോടും കര്‍ഷകരോടും യുദ്ധത്തില്‍ തോല്‍ക്കാന്‍ പോകുന്നു എന്നുകണ്ട് എല്ലാം ചുട്ടു ചാമ്പലാക്കുന്ന (Scrothed earth policy ) പ്രയോഗം നടപ്പിലാക്കാന്‍ തുടങ്ങി. ഈ രണ്ടു രാജ്യങ്ങളിലെയും കൃഷിയിടങ്ങള്‍ മുഴുവന്‍ തീവെച്ചു നശിപ്പിച്ചു, സകല കന്നുകാലികളെയും കൊന്നൊടുക്കി , സ്ത്രീകളെയും കുട്ടികളേയും പിടികൂടി തടങ്കല്‍ പാളയങ്ങളില്‍ ഇട്ടു , പേരില്‍മാത്രം ആണ് തടങ്കല്‍ പാളയം , സംഭവം ശെരിക്കും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ തന്നെ ( അതെ ഹിറ്റ്ലെര്‍ ജൂതന്മ്മാരെ കൊന്നൊടുക്കിയ, ലെനിന്‍ തുടങ്ങി വെച്ചു സ്റ്റാലിന്‍ കാലത്ത് തനിക്കു എതിരെ സംസാരിക്കാന്‍ സാധ്യത ഉള്ള രാജ്യത്തിലെ എല്ലാ വിഭാഗം ആളുകളയും തടവിലാക്കി അതില്‍ ഭൂരിഭാഗത്തിനെയും കൊന്നൊടുക്കിയ ഗുലാഗ് പോലുള്ള സെറ്റപ്പ് ) 1899 തുടങ്ങി 1902 വരെ നീണ്ടു നിന്ന ഈ യുദ്ധത്തില്‍ പട്ടിണിയും നരകയാതനയും കാരണം 45 കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മരിച്ചു വീണത് ഏതാണ്ട് മുപ്പത്തിഅയ്യായിരം കുഞ്ഞുങ്ങളും സ്ത്രീകളും ആണ്. ഇതേ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ മരിച്ചു വീണ ആണുങ്ങളുടെ കൃത്യമായ കണക്കുകള്‍ ഇത് വരെ അറിയില്ല , എങ്കിലും ഏതാണ്ട് ഒരു ലക്ഷത്തോളം ആഫ്രിക്കന്‍ നിവാസികളെ ബുവർ യുദ്ധവുമായി ബന്ധപ്പെട്ടു മരണപെട്ടിട്ടുണ്ടാവും എന്ന് കണക്കാക്കപ്പെടുന്നു. മുപ്പതിനായിരത്തോളം ബ്രിട്ടീഷ് സൈനീകരും. ഇത് എഴുതാന്‍ കാരണം ഈ യുദ്ധത്തിനിടയില്‍ ഒരു ദിവസം സംഭവിച്ച ചില പ്രത്യേകതകള്‍ ആണ്. 24 ജനുവരി 1900 സ്പിയോണ്‍ കോപ് കുന്നുകളില്‍ ആണ് അന്ന് പോരാട്ടം നടന്നത്(Battle off Spion kop) ഈ ദിവസം നടന്ന യുദ്ധത്തില്‍ ബുവർ പക്ഷം വിജയിച്ചു , 243 ബ്രിട്ടീഷ് സൈനീകരും 68 ബുവർ സൈനീകരും മരിച്ചിരുന്നു. എങ്കിലും ഈ ചെറിയ കുന്നില്‍ അന്ന് മൂന്ന് ലോക നേതാക്കള്‍ (പില്‍ക്കാലത്ത് ലോക നേതാക്കള്‍ ആയവര്‍ ) സന്നിഹിതരായിരുന്നു എന്നതാണ് പ്രത്യേകത. ഇതില്‍ ആരെങ്കിലും ഒരാള്‍ അന്നത്തെ ദിവസം വെടിയേറ്റ് മരിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഇരുപതാം നൂറ്റാണ്ടിന്‍റെ ചരിത്രം തന്നെ നമ്മള്‍ ഇന്ന് അറിയുന്നതില്‍ നിന്നും എത്ര മാറിയേനെ. അന്നു അവിടെ ഉണ്ടായിരുന്ന ഒരാള്‍ ചെറുപ്പക്കാരനായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആയിരുന്നു ,ഒരു ബ്രിട്ടീഷ് മാധ്യമത്തിനു വേണ്ടി പത്രലേഖകന്‍ ആയി യുദ്ധവിവരങ്ങള്‍ ശേഖരിക്കാന്‍ അവിടെ ഉണ്ടായിരുന്നതാണ്. ഇതിനിടയില്‍ ചര്‍ച്ചില്‍ ബുവർ പട്ടാളത്തിന്‍റെ പിടിയില്‍ ആയെങ്കിലും എങ്ങിനെയൊക്കെയോ അവിടെ നിന്നും രക്ഷപെട്ടിരുന്നു.അന്ന് അവിടെവച്ചു ചര്‍ച്ചില്‍ കൊല്ലപ്പെട്ടിരുന്നെങ്കില്‍ ബ്രിട്ടീഷ് ചരിത്രമോ ലോകമഹായുദ്ധത്തിന്‍റെ ഗതിയോ ഒരുപക്ഷെ മാറിയിരുന്നിരിക്കാം അവിടെ ഉണ്ടായിരുന്ന മറ്റൊരു പ്രമുഖ ലോക നേതാവ് മഹാത്മാഗാന്ധി ആയിരുന്നു. ചെറുപ്പകാരനായ ഗാന്ധി അന്നു ബ്രിട്ടീഷ് പട്ടാളത്തിലെ പരിക്കേറ്റവരെ വഹിക്കാനുളള സ്ട്രെച്ചര്‍ വാഹകന്‍ ആയി ഇതേ കുന്നില്‍ ഇതേ ദിവസം പ്രവര്‍ത്തിച്ചിരുന്നു. അന്നു ഗാന്ധിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടില്ല എന്നല്ല, പക്ഷെ സ്വാതന്ത്ര്യ സമരത്തിന്‍റെ ഗതി തീര്‍ച്ചയായും മറ്റൊന്നായേനെ! ഇവര്‍ രണ്ടുപേരും ബ്രിട്ടീഷ് പക്ഷത്തുള്ളവര്‍ ആയിരുന്നെങ്കില്‍ അന്നു അവിടെ ഉണ്ടായിരുന്ന ജനറല്‍ ലൂയിസ് ബോത്ത Louis Botha ബുവർ വിഭാഗത്തിന് വേണ്ടി പൊരുതുകയായിരുന്നു.1902 യുദ്ധവാസനം കീഴടങ്ങിയ ലൂയിസ് ബോത്ത പിന്നീട് 8 വര്‍ഷങ്ങള്‍ക്കു ശേഷം യൂണിയന്‍ ഓഫ് സൌത്ത് ആഫ്രിക്കയുടെ (ഏതാണ്ട് യുണയിട്ടട് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക പോലെ ) ആദ്യ പ്രധാനമന്ത്രി ആയിരുന്നു. ഈ യുദ്ധത്തില്‍ തന്നെ മറ്റൊരു അസാധാരണമായ സംഭവവും നടന്നു. ബ്രിട്ടീഷ് കൈയ്യില്‍ കിട്ടാതെ ഇരിക്കാന്‍ വേണ്ടി പ്രസിഡന്റ് പോള്‍ ക്രുഗേര്‍ Paul Kruger നിര്‍ദ്ദേശിച്ചതനുസരിച്ച് പ്രിട്ടോറിയയില്‍ Pretoria നിന്നും ഒരു ട്രെയിന്‍ നിറച്ചു കടത്തിയ സ്വര്‍ണ്ണം (ഏതാണ്ട് മൂവായിരം ടണ്‍ സ്വര്‍ണ്ണം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു ) മൊസാംബിക് പോര്ട്ടിലേക്ക് port Mozambique പുറപ്പെട്ടുവെങ്കിലും ഇടയ്ക്ക് എവിടെയോ വെച്ചു സ്വര്‍ണ്ണവും ട്രെയിനും ഒരു തെളിവുകളും അവശേഷിപ്പിക്കാതെ കാണാതെയാവുകയായിരുന്നു. ഇത് ഏതോ നദിയുടെ അടിത്തട്ടില്‍ ഒളിപ്പിച്ചിട്ടുണ്ട് എന്നും. ഏതോ പാടത്തു കുഴിച്ചു മൂടിയിട്ടുണ്ട് എന്നും ഒക്കെ വിശ്വസിക്കുന്നുണ്ട്. എങ്കിലും ഇന്നും ഇതൊരു വലിയ നിഗൂഢതയായി ആവശേഷിക്കുന്നു.(2001ല്‍ ഇതിന്‍റെ കുറച്ചു കിട്ടിയതായി വാര്‍ത്തകള്‍ വന്നിരുന്നു.)