ഇന്നും നിലനിൽക്കുന്ന വിചിത്രവും ക്രൂരവുമായ ആചാരം


ലോകമെത്ര പുരോഗതി കൈവരിച്ചിട്ടും പ്രാചീന പരമ്പരാഗത ആചാരങ്ങളും രീതികളും കൈവിടാൻ പല ജനവിഭാഗങ്ങളും ഇന്നും തയ്യറല്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആഫ്രിക്കൻ രാജ്യമായ ഘാനയിലെ വോൾട്ടാ പ്രവിശ്യയിലുള്ള ഈവ് (EWE) ഗോത്രവിഭാഗം നടത്തിവരുന്ന ക്രൂരമായ ത്രോക്കോസി ആചാരം. സർക്കാർ നിയമം മൂലം നിരോധിച്ചിട്ടും ഇത്തരം പ്രാകൃത ആചാരങ്ങൾ ഇപ്പോഴും നിർബാധം തുടരുകയാണ്.

കുടുംബത്തുണ്ടാകുന്ന എന്തനർത്ഥത്തിനും , രോഗങ്ങൾക്കും, തെറ്റുകൾക്കും പ്രായശ്ചിത്തമായി കുടുംബത്തിൽ നിന്നുള്ള ഒരു കന്യകയെ ദാനമായി ഗോത്രപൂജാരിക്ക് നൽകണമെന്നതാണ് അവിടുത്തെ നിയമം. കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടാലും പിടിക്കപ്പെടുന്ന വ്യക്തിയുടെ കുടുംബത്തിലെ ഒരു കന്യകയെ പൂജാരിക്ക് നൽകിയേ മതിയാകുകയുള്ളു.


ഗോത്രത്തിന്റെ ആരാധലായത്തിലെ പൂജാരിയാണ് അവിടെ ദൈവതുല്യൻ. ദാസികളായി ലഭിക്കുന്ന സ്ത്രീകളെ അയാൾ ലൈംഗികമായി ചൂഷണം ചെയ്യുന്നതുകൂടാതെ അവർക്കുണ്ടാകുന്ന കുട്ടികളെയും അടിമകളെപ്പോ ലെയാണ് കണക്കാക്കുന്നത്. ഏതെങ്കിലുമൊരു യുവതി പീഡനം സഹിക്കവയ്യാതെ ഒളിച്ചോടിയാൽ പകരം ആ കുടുംബത്തിൽനിന്നുള്ള മറ്റൊരു പെൺകുട്ടിയെ പൂജാരിക്ക് ദാസിയായി ഉടനടി നൽകേണ്ടതുണ്ട്. ഇപ്രകാരം ഒരു കുടുംബത്തിൽ നിന്ന് നാലും അഞ്ചും യുവതികളെവരെ ദാസികളായി നൽകിയിട്ടുണ്ട്.


ത്രോക്കോസി ആചാരം എന്ന പേരിലറിയപ്പെടുന്ന ഈ ആചാരം നിയമവിരുദ്ധമായി ഈവ് ഗോത്രവിഭാഗം ഇന്നും കരുതുന്നില്ല. ദൈവകോപം ഇല്ലാതാക്കാനും ദൈവഹിതം  അനുകൂലമാക്കാനും ഈ രീതി ഇനിയും തുടരേണ്ടതുണ്ട് എന്നാണ് ഗോത്രത്തലവന്മാരുടെ ഉറച്ച തീരുമാനം.ദൈവത്തിന്റെ ദാസനാണ് പൂജാരി എന്ന ഉറച്ചവിശ്വസമാണ് ഗ്രാമീണരെ നയിക്കുന്നത്.


ദാസിയായി ലഭിക്കുന്ന പെൺകുട്ടികൾ പലരും പ്രായപൂർത്തിയാകാത്തവരായിരിക്കും. പൂജാരിയുമായി  ലൈംഗികബന്ധത്തിനു വിസമ്മതിക്കുന്ന പെൺകുട്ടികളെ മർദ്ദിക്കാനും ശിക്ഷിപ്പിച് അനുസരിപ്പിക്കാനും അയാൾക്ക് പൂർണ്ണ അധികാരമുണ്ട്. ഇങ്ങനെ പെൺകുട്ടി മരണപ്പെട്ടാലും മറ്റൊരു പെൺകുട്ടിയെ പകരമായി പൂജാരിക്ക് നൽകാൻ വീട്ടുകാർ ബാദ്ധ്യസ്ഥരുമാണ്.


കേരളത്തിൽ മുൻപുണ്ടായിരുന്ന ദേവദാസി സമ്പ്രദായത്തെ അനുസ്മരിപ്പിക്കുന്ന സമാനരീതിയിലുള്ള ഒന്നാണ് ഘാനയിലെ വോൾട്ടാ പ്രവിശ്യയിൽ ഈവ് ഗോത്രങ്ങളുടെയിടയിൽ ഇന്നും നടന്നുവരുന്ന  ത്രോക്കോസി ആചാരം.


1998 ൽ ഘാന സർക്കാർ ത്രോക്കോസി സമ്പ്രദായം നിയമം മൂലം നിരോധിക്കുകയും നിയമലഘനം നടത്തുന്നവരെ 3 വർഷം വരെ ശിക്ഷിക്കാനും ഉള്ള നിയമം പാസ്സാക്കിയിരുന്നെങ്കിലും അതംഗീകരിക്കാൻ ഇനിയും ഈവ് ഗോത്രസമൂഹം തയ്യറായിട്ടില്ല.

                                                        



Most Viewed Website Pages