സ്പോർട്സിലെ വിപ്ലവം
1964ൽ സംപ്രേക്ഷണം ആരംഭിച്ച ബിബിസി 2 എന്ന ടിവി ചാനൽ ആണ് സ്പോർട്സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത്.1966ൽ ആഴ്ചയിൽ 2 മണിക്കൂർ വീതം പ്രോഗ്രാമുകൾ ടെക്നിക്കളറിൽ പ്രക്ഷേപണം ഉണ്ടാവും എന്നു അവർ പ്രഖ്യാപിച്ചു. 1967ൽ ബിബിസി2 ചാനലിൽ ആദ്യമായി വിംബിൾഡൻ ടൂര്ണമെന്റ് മൊത്തത്തിൽ കളറിൽ സംപ്രേഷണം ചെയ്തു അവർ ചരിത്രം കുറിച്ചു. 1968ഓടെ അവരുടെ ഒട്ടുമിക്ക പരിപാടികളും കളറിൽ ആവുകയും ചെയ്തു..
അന്ന് ഫുട്‌ബോൾ മത്സരങ്ങൾ കാണിച്ചിരുന്ന ബിബിസി 1 ചാനൽ അപ്പോഴും ബ്ളാക്ക് ആൻഡ് വൈറ്റിൽ തന്നെ ആയിരുന്നു സംപ്രേഷണം. ബിബിസി 2 ന്റെ കളർ പ്രക്ഷേപണം വിജയമായത് കണ്ട ബിബിസി1, ഫുട്‌ബോൾ മത്സരങ്ങളുടെ ഹൈലൈറ്റ്സ് അര മണിക്കൂർ കളർ സംപ്രേഷണം തുടങ്ങി. 1969ൽ ചാനലിന്റെ എഡിറ്റർ നടത്തിയ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ ഫുട്‌ബോൾ പ്രേമികളെ സന്തോഷിപ്പിക്കുന്നതായിരുന്നു. 69 നവംബറിൽ ആൻഫീല്ഡിൽ നടക്കാൻ പോകുന്ന ലിവർപൂൾ - വെസ്റ്റ് ഹാം മത്സരം ടെക്നിക്കളറിൽ തത്സമയ സംപ്രേക്ഷണം ഉണ്ടാവും എന്നതായിരുന്നു ആ പ്രഖ്യാപനം.
ലിവർപൂളിൽ നടക്കുന്ന മത്സരം തന്നെ തിരഞ്ഞെടുക്കാൻ ബിബിസി തീരുമാനിച്ചത് ആ സ്റ്റേഡിയത്തിലെ വർണ്ണപകിട്ടായിരുന്നു. അത്രയും വർണ്ണശബളമായ ഒരു സ്റ്റേഡിയവും കാണികളും ബിബിസിയുടെ അഭിപ്രായത്തിൽ അന്ന് ഇംഗ്ലണ്ടിൽ വേറെ ഉണ്ടായിരുന്നില്ല.
69ൽ ടെക്നിക്കളറിൽ തുടങ്ങിയ സംപ്രേഷണം ഇന്ന് ഇപ്പോൾ ഹൈ ഡെഫിനിഷൻ, 3ഡി എന്നീ സാങ്കേതിക വിദ്യകളിലൂടെ വളർന്നിരിക്കുന്നു.. ഇനിയും പല പുതിയ സാങ്കേതികവിദ്യകളും വരികയും അതിനനുസരിച്ചു ടിവി സംപ്രേക്ഷണം കൂടുതൽ ആധുനികവൽക്കരിക്കുകയും ചെയ്യും. എന്നിരുന്നാലും 1966ൽ ബിബിസി2 എന്ന ചാനൽ അന്ന് തുടങ്ങി വച്ച ധീരമായ ചുവട് ആണ് സ്പോർട്സ് രംഗത്തെ പ്രക്ഷേപണത്തെ മാറ്റിമറിച്ചത്.
വാൽക്കഷ്ണം: ആദ്യം ബ്രൗണ് നിറത്തിലുള്ള പന്തുകളും പിന്നീട് വെള്ള പന്തുകളും ഉപയോഗിച്ചു കളിച്ചിരുന്ന ഫുട്‌ബോൾ മത്സരങ്ങൾ കറുപ്പും വെളുപ്പും ഉള്ള പന്തുകളിലേക്ക് മാറാൻ കാരണം കളർ ടിവി സംപ്രേഷണം ആയിരുന്നു. 1970ൽ ആണ് കറുപ്പും വെളുപ്പും പന്ത് ആദ്യമായി ഒരു മത്സരത്തിന് ഉപയോഗിക്കുന്നത്.
ഫോട്ടോ: 69ലെ ലിവർപൂൾ ടീം