ബക്കറ്റ് യുദ്ധം: ബക്കറ്റിന് വേണ്ടിയുള്ള യുദ്ധം
പേര് കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിയുന്നുണ്ടല്ലേ ?
സംഗതി സത്യമാണ്. മനുഷ്യർ തമ്മിലുള്ള യുദ്ധങ്ങളിൽ ബഹുഭൂരിപക്ഷവും ഒന്നുകിൽ മണ്ണോ അല്ലെങ്കിൽ പെണ്ണോ കാരണമായാണ്.
എന്നാലൊരു തുക്കടാ ബക്കറ്റ് ആയിരക്കണക്കിന് പേരുടെ ജീവനെടുത്ത യുദ്ധത്തിന് കാരണമായിട്ടുണ്ട്.വർഷം 1325 ഇറ്റലിയിലെ രണ്ടു വലിയ നഗരങ്ങളാണ് ബോലോണയും മോദേനയും. അധികാരത്തിലിരിക്കുന്നവർ രണ്ടു തരക്കാരുണ്ടാ യിരുന്നു. പോപ്പിനെ പിന്തുണയ്‌ക്കുന്നവരും റോമൻ ചക്രവർത്തിയെ പിന്തുണയ്ക്കുന്നവരും. മോദേനക്കാർ റോമൻ സാമ്രാജ്യത്തോട് കൂറുള്ളവർ ആയിരുന്നു. ബോലോണക്കാർ പോപ്പിനെ പിന്തുണയ്ക്കുന്നവരും.ആശയപരമായ ഭിന്നത ഇരുനഗരങ്ങളിലുമുള്ളവരെ കടുത്ത ശത്രുക്കളാക്കി മാറ്റി.
ഒരു പ്രഭാതം,നാഗരാതിർത്തിയിലൂടെ റോന്ത് ചുറ്റുന്ന മോദേനക്കാരായ പട്ടാളക്കാർക്ക് ഒരു കുസൃതി തോന്നി. ബോലേന ഒന്ന് കണ്ടാലോ?
പാത്തും പതുങ്ങിയും അവർ നഗരത്തിനകത്ത് കടന്നു. കാഴ്ച്ചകൾ കണ്ടവരങ്ങനെ നടക്കവേ നഗരമധ്യത്തിലൊരു കിണർ കണ്ടു.
"എരണം കേട്ടതൊന്ന് എല്ലാ കൂട്ടത്തിലും ഉണ്ടാവുമല്ലോ!"
പട്ടാളക്കാരിൽ ഒരുത്തന് അപ്പോളൊരു തലതിരിഞ്ഞ കിറുക്ക് തോന്നി. പൊതുകിണറ്റിലെ ബക്കറ്റ് മോഷ്ടിയ്ക്കുക!
ആൾക്കാർ വെള്ളം കിട്ടാതെ കുറച്ച് ചുറ്റട്ടെ! വൈകിയില്ല, വെള്ളം കോരുവാൻ ഉപയോഗിച്ചിരുന്ന തടി ബക്കറ്റ് അവന്മാർ കയറോടെ പൊക്കി.
ബക്കറ്റ് മോദേനക്കാർ അടിച്ചു മാറ്റിക്കൊണ്ട് പോകുന്നത് കണ്ട ജനങ്ങൾ ബോലേനയിലെ ജനങ്ങൾ പട്ടാളക്കാരെ വിവരമറിയിച്ചു. വിവരമറിഞ്ഞ അധികൃതർ മോദേനയോട് ബക്കറ്റ് തിരിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അനുകൂലമായ പ്രതികരണം അല്ലായിരുന്നു ലഭിച്ചത്. കുപിതരായ ബോലേനക്കാർ മോദേനയോട് യുദ്ധം പ്രഖ്യാപിച്ചു. അവരുടെ മുപ്പത്തിരണ്ടായിരം പട്ടാളക്കാർ മോദേനയിലേക്ക് മാർച്ച് ചെയ്തു.പെറുക്കിക്കൂട്ടിയാൽ പോലും ഏഴായിരം പട്ടാളക്കാരിൽ അധികം മോദേനയിൽ ഇല്ലായിരുന്നു. പക്ഷേ യുദ്ധവീരന്മാരായ മോദേനക്കാർ കുലുങ്ങിയില്ല.
കനത്ത യുദ്ധം പൊട്ടിപ്പുറപ്പെട്ടു. എത്ര നാശനഷ്ടങ്ങൾ ഉണ്ടായിട്ടും മോദേനകാർ ബക്കറ്റ് തിരിച്ച് നൽകാൻ കൂട്ടാക്കിയില്ല. ശക്തമായും തന്ത്രപരമായും അതിശക്തമായി പ്രത്യാക്രമണം നടത്തിയ മോദേനയോട് എണ്ണത്തിൽ അനേകമിരട്ടിയായിട്ടും ബോലേനക്കാർക്ക് പിടിച്ചു നിൽക്കാനായില്ല. ഒടുവിൽ മോദേന തന്നെ ജയിച്ചു.
ഇന്നും ഇറ്റലിയിൽ
മോദേന നഗരത്തിലെ മ്യൂസിയത്തിൽ ആശാൻ ഇരിപ്പുണ്ട്. തിരികെ നൽകാൻ കൂട്ടാക്കാത്ത, ആയിരക്കണക്കിന് പേരുടെ ജീവനെടുത്ത,
രണ്ടു വൻ നഗരങ്ങൾ തരിപ്പണമാക്കിയ ആ ഓക്കുതടി ബക്കറ്റ്.