മരണമില്ലാത്ത ഒരേയൊരു ജീവി ജെലിഫിഷ്.

പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും സാധാരണഗതിയിൽ വയസ്സായി മരണത്തെ പുൽകുകയാണ് ചെയ്യുന്നത് . എന്നാൽ പ്രായമെത്തിയാലും ഒരിക്കലും മരിക്കാത്ത ഒരു ജീവിയുണ്ട്. ഒരിനം ജെല്ലി ഫിഷാണ് ഇത്തരത്തിൽ ചിരംജീവികളായി വിലസുന്നത്.

ടറിടോപ്സിസ് ഡോർണി (Turritopsis dohrnii) എന്നാണ് മരണമില്ലാത്ത ഈ ജെല്ലി ഫിഷിന്റെ ശാസ്ത്ര നാമം. വാർധക്യമെത്തുകയോ അല്ലെങ്കിൽ അസുഖം ബാധിക്കുകയോ ചെയ്തു മരണമടുത്തെന്നു തോന്നിയാൽ  അപ്പോൾ തന്നെ തിരികെ ശൈശവാവസ്ഥയിലേയ്ക്കു മടങ്ങാനുള്ള കഴിവാണ് ഇവയെ ചിരംജീവികളാക്കുന്നത്. പൂർണ വളർച്ചയെത്തിയ കോശങ്ങളെ തിരികെ വളർച്ചയെത്താത്ത കോശങ്ങളാക്കി മാറ്റാൻ ഇവയ്ക്കു സാധിക്കും. അതാണ് ഇവരുടെ മിടുക്ക്.

സമുദ്രത്തിനടിയിൽ പാറക്കൂട്ടങ്ങളിൽ പോളിപ് രൂപത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നതാണ് ജെല്ലി ഫിഷുകളുടെ വളർച്ചയിലെ ആദ്യ ഘട്ടം. പുറത്തു വന്നു രണ്ട് മൂന്ന്  ആഴ്ചകൾക്കുള്ളിൽ ഇവ പൂർണ്ണ വളർച്ച പ്രാപിക്കും. അതിനു ശേഷം ഭക്ഷണം ലഭിക്കാതെയോ രോഗം ബാധിച്ചോ  ഏതെങ്കിലും തരത്തിൽ മരണം അടുത്തെന്നു തോന്നിയാൽ ശരീരകോശങ്ങളിൽ സ്വയം മാറ്റം വരുത്തി തിരികെ പോളിപ് രൂപത്തിലേയ്ക്കു മടങ്ങാൻ ഇവയ്ക്കു കഴിവുണ്ട്.

കേവലം മൂന്നു ദിവസം മാത്രമേ ഇത്തരത്തിൽ തിരികെ ശൈശവാവസ്ഥയിലെത്താൻ ഇവയ്ക്കു വേണ്ടൂ. പുറമേയുള്ള രൂപം ആദ്യത്തേതിനു സമാനമാകുമെങ്കിലും ഓരോ തവണ പോളിപ് രൂപത്തിൽ എത്തുമ്പോഴും ആന്തരിക ഘടനയിൽ വ്യത്യാസമുണ്ടാകും. സ്വയം ചിരംജീവികളായിരിക്കാനുള്ള കഴിവുണ്ടെങ്കിലും വലിയ ജീവികൾ ഭക്ഷണമാക്കുകയോ മറ്റോ ചെയ്താൽ അവ ചെറുത്തു നിൽക്കാൻ ഇവയ്ക്കു സാധിക്കില്ല. 

                                                        



Most Viewed Website Pages