ബ്ലേഡും നടുവിലെ തുളകളും

ബ്ലേഡ് വളരെ നിസാരക്കാരനാണ് എന്നാൽ വളരെ വലിയ പ്രശ്നക്കാരനും . ജീവിതം തന്നെ ഇല്ലാതാക്കാൻ ഈ കുഞ്ഞന് കഴിയും. എന്തിനാണ് ബ്ലേഡിന്റെ നടുവിലെ വിചിത്ര അളവിലുള്ള തുളകൾ...

എത്രപേർ ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്..

ഇതിന്റെ പിന്നിൽ വലിയൊരു കഥ ഉണ്ട്. രണ്ടു കമ്പനികൾ തമ്മിലുള്ള തർക്കമാണ് ഇങ്ങനെ ഒരു തുളയുണ്ടാക്കാൻ കാരണമായതും പിന്നെ അത് എല്ലാവരും പിന്തുടരാൻ കാരണം ആയതും .. 

ബ്ലേഡിന്റെ ഈ ദ്വാരങ്ങളുടെ ചരിത്രം അറിയണമെങ്കിൽ ബ്ലേഡിന്റെ ചരിത്രവും കാലപ്പഴക്കം ചെന്ന നിയമ യുദ്ധങ്ങളും പേറ്റന്റ് യുദ്ധങ്ങളും അറിയണം. പുരാതനകാലം മുതലേ പല രൂപത്തിലും ഭാവത്തിലും ബ്ലേഡുകൾ നിലനിന്നിരുന്നു കടൽ കക്കകൾ മുതൽ മൂർച്ചയേറിയ ലോഹക്കഷണങ്ങൾ വരെ ക്ഷൗരത്തിന് ഉപയോഗിച്ചിരുന്നു 

പിന്നീട് പതിനെട്ടാം നൂറ്റാണ്ടോടെ കൂടിയാണ് ഷേവിംഗ് ബ്ലേഡ്കളുടെയും റെയ്സറുകളുടെയും ഉദയം തുടങ്ങിയത്. ഫ്രാൻ‌സിൽ ആണ് ഷേവിങ്ങ് കത്തി ആദ്യമായി അവതരിപ്പിക്കുന്നത്. നാട്ടിൽ ചിലപ്പോഴൊക്കെ ഉപയോഗിക്കുന്ന ടൂ പീസ് മോഡൽ ആണ് അത് . അതേത്തുടർന്ന് പല രൂപത്തിലും,  പല തരത്തിലുമുള്ള സേഫ്റ്റി റേസറുകൾ വിപണിയിലെത്തി. പലതും അമ്പേ പരാജയമായിരുന്നു. ഷേവ് ചെയ്യുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ ആയിരുന്നു പ്രധാന കാരണം. 

അതേത്തുടർന്നാണ് 1904ൽ ഷേവിങ് വ്യവസായത്തിൽ ഒരു വിപ്ലവം എന്നോണം ഒട്ടും മുറിവേൽപ്പിക്കാതെ അതിസുരക്ഷിതമായ സേവിങ് സിസ്റ്റം ഗില്ലറ്റ് കമ്പനി (Safety Razor) പുറത്തിറക്കിയത് . അവർ ലോകത്ത് ആദ്യമായി ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ഷേവിംഗ് ബ്ലേഡ് പുറത്തിറക്കി. കൂടെ റേസറും. ബ്ലേഡ് സുരക്ഷിതമായി ഉറപ്പിക്കാൻ മൂന്ന് ദ്വാരങ്ങൾ അതിൽ പഞ്ച് ചെയ്തു. സ്ക്രൂ മെക്കാനിസം വഴി ഇത് റേസറിൽ ഉറപ്പിക്കുന്നു. ഉപയോഗം കഴിഞ്ഞു ബ്ലേഡ് ഉപേക്ഷിക്കാം. ഇതിനു കമ്പനി പേറ്റന്റും എടുത്തു.  ഇങ്ങനെ ഒന്നാം ലോക മഹായുദ്ധ കാലത്ത് മൂന്നര മില്യൺ വരുന്ന പട്ടാളക്കാർക്ക് ഉപയോഗിക്കാവുന്ന സേഫ്റ്റി റേസറുകൾ ഉൽപ്പാദിപ്പിച്ചതിനെ തുടർന്ന് വളരെ വ്യാപകമായി ഇത് ഒരു അത്യാവശ്യ വസ്തുവായി എല്ലാ വീടുകളിലും പ്രചാരത്തിൽ എത്തി. ഗില്ലറ്റ് കമ്പനി പുറത്തിറക്കിയ ബ്ലേഡിൽ മൂന്നു ദ്വാരങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.  ആ ഒരു ഡിസൈനിൽ നിന്നും ഇന്നത്തെ ഡിസൈനിലേക്ക് ബ്ലേഡ് മാറ്റിയത് ഹെൻറി ഗൈസ്‌മാൻ എന്ന ഗവേഷകനും ഗില്ലറ്റ് കമ്പനിയും തമ്മിലുള്ള പേറ്റന്റ് തർക്കംമൂലം ആണ്. 

ഗില്ലറ്റ് കമ്പനിക്ക് 1921 വരെ അവരുടെ ത്രീ ഹോൾ ഡിസൈൻ പേറ്റന്റ് ഉള്ളത് കാരണം ആർക്കും അതെ ഡിസൈനിൽ ബ്ലേഡ് ഉത്പാദിപ്പിക്കാൻ പറ്റിയിരുന്നില്ല. എന്നാൽ 1921നു ശേഷം ഹെൻറി ഗൈസ്‌മാൻ മൂന്ന് ദ്വാരങ്ങളും നില നിർത്തി പുതിയ ഡിസൈനിൽ ബ്ലേഡിന്‌ പേറ്റന്റ് എടുത്തു . അത് ഗില്ലറ്റിനു കൊടുത്ത ഒരു 'മുട്ടൻ പണി' ആയിരുന്നു. അത് പ്രകാരം അവരുടെ ബ്ലൈഡുകൾ ഏതു റേസറിലും (ഗില്ലറ്റിന്റെതു ഉൾപെടെ) ഉപയോഗിക്കാം. എന്നാൽ അവരുടെ റേസറിൽ ഗില്ലറ്റിന്റെ ബ്ലേഡ് ഇണങ്ങുകയുമില്ല. പ്രോബാക്ക് എന്ന പേരിൽ വൻ തോതിൽ ജന പ്രീതി ആകർഷിച്ചു ഇത്. ഗില്ലറ്റിൻറെ ബ്ലേഡ് വില്പന ഇടിയുകയും ചെയ്തു. 

ഗില്ലറ്റും അടങ്ങിയിരുന്നില്ല പേറ്റന്റ് യുദ്ധങ്ങളും ഡിസൈൻ മാറ്റങ്ങളും തുടർച്ചയായി അരങ്ങേറി . അങ്ങനെ ഈ യുദ്ധങ്ങൾക്കൊടുവിൽ 1933 ൽ ലോക വ്യാപകമായി അംഗീകരിച്ച ഒരു ഡിസൈൻ നിലവിൽ വന്നു. ഏതു റേസറുകൾക്കും സ്വീകരിക്കാൻ പാകത്തിൽ ഇപ്പോളത്തെ വിചിത്ര തുളകളുമായി ഉള്ള ഡിസൈനിൽ. 

ഇത്തരം തുളകൾക്കു ഒരു ശാസ്ത്രീയ കാരണം കൂടി ഉണ്ട്. പണ്ടുള്ള ബ്ലേഡുകൾ 0.20 mm കനമുള്ള ക്രോം സ്റ്റീലിൽ ഹീറ്റ് ട്രീറ്റ് ചെയ്തു ദൃഢീകരിച്ചതായിരുന്നു . ഇത്തരം കാഠിന്യമുള്ള ബ്ലേഡുകൾ പൊട്ടിപോകാതിരിക്കുവാൻ ഈ ഡിസൈൻ ഉപകരിച്ചിരുന്നു. പിന്നീട് സ്റ്റൈൻലെസ്സ് സ്റ്റീൽ ഉപയോഗിച്ചുള്ള ബ്ലേഡ്കൾ വന്നു എങ്കിലും 30 ഓളം വർഷം നീണ്ടു നിന്ന നിയമ പോരാട്ടങ്ങളുടെ പിന്നാമ്പുറ കഥകൾ ഉണ്ട് ഇപ്പോഴത്തെ ബ്ലേഡ് രൂപത്തിന്. 

പക്ഷെ മാറ്റം അനിവാര്യമാണല്ലോ.ഇത്തരം ബ്ലേഡ്കളുടെ ഉപയോഗം ഇതിലും സുഖകരമായ ഷേവിങ് നൽകുന്ന റേസറുകളുടെ ആവിർഭാവത്തോടെ കാല യൗവനികക്കുള്ളിൽ മറഞ്ഞു. ഗില്ലറ്റ് തങ്ങളുടെ ഗവേഷണം തുടർന്നു.  കൂടുതൽ സുഖമാർന്നതും, രോകൂപങ്ങൾ കൂടുതൽ അടിപറ്റെ മുഖത്തുനിന്ന് നീക്കാൻ പറ്റിയതുമായ ഒരു റേസറിനായി അവർ പ്രയത്നം തുടർന്നു .  അതിന്റെ ഫലപ്രാപ്തി ആയിരുന്നു  1971 ലെ രണ്ടു ബ്ലേഡുകൾ അടുത്തടുത്ത് സെറ്റ് ചെയ്ത കാർട്രിഡ്ജ് ഷേവിങ് സെറ്റായ Trac 2 വിന്റെ ലോഞ്ചിഗ്. 

അതിനുശേഷം  അവരുടെ ലാബിൽ നിന്ന് പലതരം ഷേവിങ് സിസ്റ്റങ്ങളുടെ പെരുമഴതന്നെയായിരുന്നു. മൂന്നു ബ്ലേഡുകൾ ഉള്ള Mach 3, അഞ്ചു ബ്ലേഡ്കൾ ഉള്ള ഫ്യൂഷൻ എന്നിവ അവരുടെ top selling items ആണ്. Mach 3 ആണ് ഇപ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന റേസർ. 

കഴിഞ്ഞ കൊല്ലം പുറത്തിറക്കിയ Gillette lab with exfoliating bar ആണ് ഏറ്റവും പുതിയ ഐറ്റം." മുഖം കഴുകുന്നതുപോലെ എളുപ്പവും സുഖപ്രദവുമായ ഷേവിങ് അനുഭവം"  എന്നാണ് ഗില്ലറ്റ് ഇതിനെ വിശേഷിപ്പിക്കുന്നത്.


                                                        



Most Viewed Website Pages