ഈ മരം പക്ഷികളെ കൊല്ലും.
പശയോടുകൂടിയ പഴങ്ങളാണ് ഈ മരത്തിന്റെ ഏറ്റവും വലിയ സവിശേഷത.
വിളഞ്ഞുകിടക്കുന്ന പിസോണിയയുടെ പഴങ്ങൾ പക്ഷികളേയും പ്രാണികളേയും ആകർഷിക്കുന്നവയാണ്.
എന്നാൽ അവ മോഹിച്ച് മരത്തിലേക്ക് പറന്നടുക്കുന്ന പക്ഷികളിലധികവും മരച്ചുവട്ടിൽ ചത്തുവീഴാറാണ് പതിവ്.
അതിനാൽ തന്നെ പക്ഷിപ്പിടിയൻ മരം എന്നാണ് പിസോണിയ അറിയപ്പെടുന്നത് തന്നെ.
പഴങ്ങൾ കഴിക്കാനായി എത്തുന്ന പക്ഷികളുടെ കൊക്ക് അതിലെ പശയിൽ ഒട്ടിപ്പിടിക്കും എന്നതാണ് ഈ മരത്തെ ഭീകരനാക്കുന്നത്.
കൊക്ക് കുടുങ്ങുന്ന പക്ഷികൾക്ക് പിന്നീട് പറന്നുപോകാൻ സാധിക്കാതെ വരുന്നതോടെ മരത്തിലിരുന്ന് തന്നെ ചാകുന്നു.
ഇതിനാൽ തന്നെ പിസോണിയയുടെ ചുവട്ടിൽ പക്ഷികളുടെ ജഡങ്ങളും എല്ലുകളും പതിവ് കാഴ്ചയാണ്.
ഒപ്പം മരത്തിൽ തൂങ്ങിക്കിടക്കുന്ന പക്ഷികളുടെ ജഡങ്ങളും. മമ്മികൾക്ക് തുല്യമായ പക്ഷികളുടെ അവശിഷ്ടങ്ങളാൽ അലങ്കരിക്കപ്പെട്ട ഒരു ക്രിസ്മസ് ട്രീക്ക് തുല്യമാണ് പിസോണിയ.
എന്നാൽ മരത്തിന്റെ പശയുള്ള വിത്തുകളുടെ രഹസ്യം ഇതുവരെ ഗവേഷകർക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല.
പല സസ്യങ്ങൾക്കും അവയുടെ വംശവർദ്ധനവിനായി പല തരത്തിലുള്ള മാർഗങ്ങൾ പ്രകൃതിതന്നെ ഒരുക്കി നൽകിയിട്ടുണ്ട്.
അത്തരത്തിൽ പശിമയുള്ള വിത്തുകൾ മറ്റ് പല സസ്യങ്ങളിലും കാണാറുണ്ട്.
അതുവഴി എളുപ്പത്തിൽ വിത്തുകളുടെ വ്യാപനം സാധ്യമാകാറുണ്ട്.
എന്നാൽ വിത്തുകളുടെ വ്യാപനത്തിന് സഹായിക്കുന്ന ജീവികളെ കൊലപ്പെടുത്താൻ തക്ക പശയുള്ള വിത്തുകൾ മരത്തിന് എന്ത് ഗുണമാണ് ചെയ്യുന്നതെന്ന ചോദ്യമാണ് ഗവേഷകർക്ക് മുന്നിലുള്ളത്.
എന്റമോളജിസ്റ്റായ അലൻ ബർഗണാണ് ഈ മരത്തെ ആദ്യമായി കണ്ടെത്തിയത്.
എന്നാൽ ഈ മരത്തെക്കുറിച്ച് വിശദമായ പഠനം ഇനിയും നടത്തിയിട്ടില്ല.
മരത്തിന്റെ വളർച്ചയ്ക്കോ അല്ലെങ്കിൽ വിത്തുകൾ മുളയ്ക്കാനോ പക്ഷികളുടെ ജഡാവശിഷ്ടങ്ങൾ ആവശ്യമാണെന്നാണ് കരുതുന്നത്.