വിസ എന്നാൽ എന്താണ്? എത്ര തരം വിസകൾ ഉണ്ട്?
ഒരു രാജ്യം സന്ദർശിക്കുവാൻ പാസ്സ്പോർട് മാത്രം പോര. അതിനു വിസ കൂടിയേ തീരു. വിസ വേണ്ടാത്ത രാജ്യങ്ങളും ഉണ്ട് .വിസ എന്നത് ഒരു രാജ്യത്തേക്ക് മറ്റു രാജ്യത്തെ ജനങ്ങള്‍ക്ക് കടക്കാനുള്ള സമ്മത പത്രമാണ് . അത് ഒരു പക്ഷെ ജോലിക്ക് വേണ്ടിയാകാം, ചികിത്സക്ക് വേണ്ടിയാകാം, പഠനം , വിനോദം , മീറ്റിംഗ് , വിവാഹം തുടങ്ങി ഒട്ടനവധി നമ്മുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട അനേകം ആവശ്യങ്ങള്‍ക്ക് വേണ്ടിയാകാം . ഇത്തരം സന്ദര്‍ഭത്തില്‍ അതാതു രാജ്യത്തെ ഭരണ കൂടങ്ങള്‍ ചില നിബന്ദനകള്‍ക്ക് വിധേയമായി നല്‍കുന്ന ഒരു അനുമതിയാണ് ചുരുക്കത്തില്‍ വിസ.സന്ദർശകർ ഒരു രാജ്യത്തു എന്തു ചെയ്യുന്നു എന്നു അനുസരിച്ചാണ് വിസയുടെ രൂപങ്ങൾ.സാധാരണയായി വിസ മുദ്ര കുത്തുന്നത് അല്ലെങ്കില്‍ ഒട്ടിക്കുന്നത് പാസ്പോർട്ടിലാണ്. വിസ കിട്ടി എന്നു പറഞ്ഞാൽ ആ പ്രത്യേക രാജ്യത്ത് നിശ്ചിത സമയ പരിധിയിൽ പ്രവേശിക്കുവാൻ അനുമതി ലഭിച്ചു എന്നാണ് അർഥം.ചില പ്രത്യേക സമയങ്ങളിൽ വിസ പ്രത്യേക പേപ്പറിലും നൽകാറുണ്ട്.അധിക രാജ്യങ്ങളിലും വിദേശികൾക്ക് രാജ്യത്തേക്ക് കടക്കാൻ വ്യക്തിക്ക് പൗരത്വമുള്ള രാജ്യത്തിന്റെ നിയമാനുസ്യതമായ പാസ്പോർട്ട് ആവശ്യമാണ്.
സാധാരണ കാണുന്ന വിസകൾ ഇവയൊക്കെയാണ്.പലതരത്തിലുള്ള വിസകള്‍ ഉണ്ട് അവ ഓരോന്നും വ്യത്യസ്ത സ്വഭാവവും , നടപടി ക്രമങ്ങളുമാണ് ഉള്ളത്.ഏതാനും ചിലത് നമുക്ക് നോക്കാം(ഉദാഹരണമായി U.A.E എന്ന ഗൾഫ് രാജ്യത്തേ എടുക്കാം)
1. ജോലി ചെയ്യാനുള്ള വിസകള്‍ :ഇത്തരം വിസകളില്‍ വരുന്നവര്‍ക്ക് മാത്രമേ ജോലി ചെയ്യുവാനുള്ള അനുവാദം ഉള്ളൂ .ഇത്തരം വിസകള്‍ ഇഷ്യൂ ചെയ്യുന്നത് പ്രൈവറ്റ് കമ്പനികള്‍ , ഗവര്‍ന്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ ,
അര്‍ദ്ധ-ഗവര്‍ന്മെന്റ് സെക്ടര്‍,ശൈഖുമാരുടെ പ്രൈവറ്റ് ഓഫീസുകള്‍ , (വീട്ടു ജോലിക്കായുള്ള വിസകള്‍) അഥവാ ഗൾഫ് പൗരന്‍മാര്‍, തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നതിനായി മാത്രമാണ്. ഓരോ വിഭാഗത്തിനും അതിന്‍റേതായ നിയമ - നടപടികളും ഫീസും ഉണ്ട്.
2. പ്രൈവറ്റ് മേഖലയിലുള്ള വിസകള്‍ :
യു എ യില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ , സ്ഥാപനങ്ങള്‍ , സ്കൂളുകള്‍ , ആശുപത്രികള്‍ തുടങ്ങിയ മേഖലകളിലെ ജോലിക്ക് വേണ്ടി അതാതു സ്ഥാപനങ്ങളുടെ പേരില്‍ ഇഷ്യൂ ചെയ്യുന്ന വിസകള്‍ ആണിത്. ഇത്തരത്തിലുള്ള വിസകള്‍ക്ക് ആദ്യം തൊഴില്‍ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ഉണ്ടെകില്‍ മാത്രം വിസ ലഭിക്കുകയുള്ളൂ. മാത്രമല്ല ഇത്തരം വിസകളില്‍ ജോലി ചെയ്യുന്നവർക്ക് ലേബര്‍ കാര്‍ഡും ഉണ്ടാകും ( പേര്, തൊഴില്‍ ചെയ്യുന്ന സ്ഥാപനം, നാഷനാലിറ്റി തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഒരു കാര്‍ഡ്) - പ്രൈവറ്റ് മേഖലകളിലേക്കുള്ള ഇത്തരം വിസയും, ലേബര്‍ കാര്‍ഡും രണ്ടു വര്‍ഷത്തേക്കാണ് ഇഷ്യൂ ചെയ്യുന്നത്. ഏതു സ്ഥാപനത്തിന്റെ വിസയിലാണോ വന്നത് ആ സ്ഥാപനത്തില്‍ തൊഴില്‍ മാത്രമേ ചെയ്യുവാൻ പറ്റുകയുള്ളു . ഈ വിസയിലുള്ള ആളുകള്‍ ചുരുങ്ങിയത് രണ്ടു വർഷം ഒരു സ്പോണ്‍സറുടെ കീഴില്‍ പണിയെടുക്കണം . അതിനു മുന്‍പ് മറ്റൊരു കമ്പനിയിലേക്ക് മാറുന്നത് ആറു മാസത്തെ തൊഴില്‍ വിലക്ക് ഉണ്ടാകും.
3. ടൂറിസ്റ്റ് / ബിസിനസ്സ് വിസകള്‍ :
വിനോദ സഞ്ചാര മേഖലകളില്‍ ഇഷ്യൂ ചെയ്യുന്ന ഇത്തരം വിസകള്‍ വളരെ കുറഞ്ഞ കാലയളവിലേക്ക് മാത്രമാണ്, മാത്രമല്ല ഈ വിസകള്‍ ട്രാവല്‍ ആന്‍ഡ് ടൂറിസ്റ്റ് സ്ഥാപനങ്ങള്‍ , ഹോട്ടലുകള്‍ തുടങ്ങിയവക്കാണ് കൊടുക്കുക. പതിനാല് ദിവസം മുതല്‍ തൊണ്ണൂറ് ദിവസങ്ങളോട്കൂടിയ വിസകള്‍ ഈ ഇനത്തില്‍ ലഭ്യമാണ്. ചെലവ് കുറവും ,മറ്റു ഫോര്‍മാലിറ്റിസും കുറവായതിനാല്‍ തന്നെ വളരെ ജനകീയമായ വിസകളാണിത്. എംപ്ലോയ്മെന്‍റ് വിസയിൽ നിന്നും ബിസിനസ് വിസയ്ക്കുള്ള വ്യത്യാസം എന്നത് ബിസിനസ് വിസയിൽ വരുന്നവർക്ക് ജോലി ചെയ്ത് അതിൽ നിന്നും വരുമാനം ഉണ്ടാക്കുവാൻ സാധിക്കില്ല എന്നതാണ്.
4. വിസിറ്റ് വിസകള്‍ :
വ്യക്തികള്‍ക്കും ,ടൂറിസ്റ്റ് / ഹോട്ടല്‍ സ്ഥാപനങ്ങള്‍ക്കും ഒരു പോലെ ലഭിക്കുന്ന വിസയാണിത്, സ്വഭാവത്തില്‍ വിസിറ്റ് വിസകള്‍ ടൂറിസ്റ്റ് വിസകളെ പോലെയാണെങ്കിലും പ്രധാന വ്യതാസം വിസിറ്റ് വിസകള്‍ ചുരുങ്ങിയ കാലയളവിലേക്ക് നീട്ടാം എന്നതും വ്യക്തികള്‍ക്ക് അവരുടെ രക്ത ബന്ധത്തില്‍ പെടുന്ന ആളുകളെ സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ കൊണ്ട് വരാം എന്നതുമാണ്. മുപ്പതു മുതല്‍ തൊണ്ണൂറ് ദിവസങ്ങള്‍ കൂടിയ വിസകള്‍ ലഭ്യമാണ്. മാക്സിമം കാലാവധി തൊണ്ണൂറ് ദിവസമാണ്.
5. ചികിത്സാ , വിദ്യാഭ്യാസ സംബന്ധമായ വിസകള്‍ :
പേര് സൂചിപ്പിക്കും പോലെ ചികിത്സക്കും , വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ക്കും വേണ്ടി എടുക്കുന്ന വിസകള്‍ ആണിത് . ഇത്തരം വിസകള്‍ അതതു ബന്ധപെട്ട മേഖലകളില്‍ മാത്രം ഒതുങ്ങുന്നതുമാണ്. ചികിത്സക്കായുള്ള വിസകള്‍ ആശുപത്രികളുടെ സ്പോണ്‍സര്‍ഷിപ്പില്‍ മാത്രവും (ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി വേണം) . വിദ്യാഭ്യാസ വിസകള്‍ സ്കൂളുകള്‍ , കോളേജുകള്‍ , യൂണിവേഴ്സിറ്റികളുടെ സ്പോണ്‍സര്‍ഷിപ്പിലും മാത്രം ഇഷ്യൂ ചെയ്യുന്നതാണ്. (വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും അനുമതി വേണം )
6. ഫാമിലി വിസകള്‍:
ജോലി ആവശ്യാര്‍ത്ഥം വരുന്ന പ്രവാസികള്‍ക്ക് അവരുടെ ഭാര്യാ-സന്താനങ്ങള്‍ , സഹോദര -സഹോദരിമാരെയും , മാതാപിതാക്കളേയും സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ കൊണ്ടുവരാന്‍ അനുവദിക്കുന്ന ഈ വിസകള്‍ ഒരു പരിധി വരെ വലിയ ആശ്വാസമാണ്. രണ്ടു വര്‍ഷത്തെ കാലയളവില്‍ ഇഷ്യൂ ചെയ്യുന്ന ഈ വിസകള്‍ ജോലി ചെയ്യുന്നതിനെ വിലക്കുന്നു.
7. ട്രാന്‍സിറ്റ് / മീറ്റിംഗ് / ഉത്സവങ്ങള്‍ തുടങ്ങിയവക്കുള്ള വിസകള്‍ :
ഏതാനും മണിക്കൂറുകള്‍ മാത്രം വാലിഡിറ്റി ഉള്ള ഇത്തരം വിസകള്‍ മീറ്റിംഗ് , തല്‍കാല താമസം (വിമാനങ്ങള്‍ , കപ്പലുകള്‍ തുടങ്ങിയവ അടിയന്തിരമായി സാഹചര്യങ്ങള്‍ നിറുത്തേണ്ടി വരുമ്പോള്‍ അതിലെ യാത്രക്കാര്‍ക്കും മറ്റും കുറച്ചു സമയത്തേക്ക് അവിടെ താങ്ങാന്‍ അനുവദിക്കുന്ന വിസകള്‍ - ട്രാന്‍സിറ്റ് വിസ - വളരെ അപൂര്‍വമായി മാത്രമേ കാണാറുള്ളൂ) എന്നാല്‍ മന്ത്രിമാര്‍ , ഉന്നത തല യോഗത്തിനും മറ്റുമായി മീറ്റിംഗ് വിസകള്‍ ഉപയോഗിക്കുന്നു. ഡി എസ് എഫ് പോലെയുള്ള വലിയ ബിസിനസ്സ് സംഗമങ്ങള്‍ക്കും , മതപരമായ സംഗമങ്ങള്‍ക്കും ആയി പങ്കെടുക്കാന്‍ ഇത്തരം വിസകള്‍ ഉപയോഗിക്കപെടുന്നു.
8.റെസിഡൻസ് വിസ - വിദേശത്തു കൂടുതൽ നാൾ താമസിക്കാൻ ഉള്ളത് . ചിലത് താത്കാലികം ആണ്.
9.ഗോൾഡൻ വിസ
വിദേശികള്‍ക്ക് ദീര്‍ഘകാലം താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. 100 ശതമാനം ബിസിനസ് ഉടമസ്ഥാവകാശം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഗോള്‍ഡന്‍ വിസ അനുവദിച്ചവര്‍ക്ക് സ്‌പോണ്‍സറിന്റെ ആവശ്യമില്ല.
നിക്ഷേപകര്‍, സംരംഭകര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. ശാസ്ത്രരംഗത്ത് ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികളെയാണ് യുഎഇ പ്രോത്സാഹിപ്പിക്കുന്നത്. കുറഞ്ഞത് അഞ്ചുലക്ഷം ദിര്‍ഹത്തിന്റെ മൂലധന നിക്ഷേപമുള്ള പദ്ധതികള്‍ നടത്തുന്ന സംരംഭകര്‍ക്ക് ഇതിനായി അപേക്ഷിക്കാം. അല്ലെങ്കില്‍ രാജ്യത്തെ അംഗീകൃത ബിസിനസ് ഇന്‍ക്യൂബേറ്ററിന്റെ അനുമതിയുള്ള സംരംഭകര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്കായി സമീപിക്കാവുന്നതാണ്.
ചില രാജ്യങ്ങളിൽ നിലവിലുള്ള മറ്റു ചില വിസകൾ കൂടി നോക്കാം.
ഇന്‍റേൺ വിസ :
ചില സ്ഥാപനങ്ങളിൽ ഇന്‍റേൺഷിപ്പ് ചെയ്യുവാൻ ആഗ്രഹിക്കുന്ന ആളുകൾക്കുള്ളതാണ് ഇന്‍റേൺ വിസ. എന്നാൽ ചില പ്രത്യേക നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഇപ്പോൾ പല രാജ്യങ്ങളും ഇന്‍റേൺ വിസ ലഭ്യമാക്കുകയുള്ളു.
മാത്രമല്ല, ഇന്‍റേൺ വിസയിലെത്തി അത് എംപ്ലോയ്മെന്‍റ് വിസയാക്കുന്നതിനോ , മറ്റേതെങ്കിലും വിസയാക്കുന്നതിനോ അനുവദിക്കാറില്ല . ഇന്‍റേൺഷിപ്പിന്‍റെ കാലാവധിയോ ഒരു വർഷമോ ഏതാണ് കുറവ് അതായിരിക്കും ഇന്‍റേൺ വിസയുടെ കാലാവധിയായി കണക്കാക്കുന്നത്.
ജേർണലിസ്റ്റ് വിസ :
ജേർണലിസ്റ്റ് അല്ലെങ്കിൽ ഫോട്ടോഗ്രാഫർമാർക്കാണ് ജേർണലിസ്റ്റ് വിസ അനുവദിക്കാറുള്ളത്. എന്നാല്‍ ഇത് നേടിയെടുക്കുക എന്നത് വലിയ ഒരു കടമ്പ തന്നെയാണ്. ഫോട്ടോ എടുക്കുക, അത് പ്രസിദ്ധീകരിക്കുക, ട്രാവൽ സ്റ്റോറികൾ എഴുതുക തുടങ്ങിയ കാര്യങ്ങളുടെ കൂടെ പ്രത്യേക പ്രദേശങ്ങൾ സന്ദർശിക്കുമ്പോഴും , ആളുകളെ സന്ദർശിക്കുമ്പോഴും ഒക്കെ ഈ വിസ പ്രയോജനം ചെയ്യും. വെറും മൂന്ന് മാസം മാത്രമാണ് മിക്കവാറും ഇതിന്റെ കാലാവധി.
കോൺഫറൻസ് വിസ
ഗവൺമെന്‍റിനു കീഴിലുള്ള സംഘടനകൾ നടത്തുന്ന കോൺഫറൻസുകളിൽ പങ്കെടുക്കുവാൻ വിദേശികൾക്ക് നൽകുന്നതാണ് കോൺഫറൻസ് വിസ . എന്നാൽ സ്വകാര്യ കമ്പനികളുടെ കോൺഫറൻസിന് പങ്കെടുക്കുവാനാണെങ്കിൽ ബിസിനസ് വിസയിൽ വേണം വരുവാൻ.
ഫിലിം വിസ
ടിവി ഷോ, കൊമേഷ്യൽ ഫിലിം തുടങ്ങിയവ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്കാണ് ഫിലിം വിസ വേണ്ടിവരിക. എന്നാൽ സിനിമ, പരസ്യം, ഡോക്യുമെന്‍ററി തുടങ്ങിയ ഷൂട്ട് ചെയ്യുവാനായി വരുന്നവർക്ക് ജേർണലിസ്റ്റ് വിസയാണ് വേണ്ടിവരിക. ഫിലിം വിസയ്ക്ക് അപേക്ഷിച്ചാലും 60 ദിവസത്തോളം സമയമെടുത്തു മാത്രമേ വിസ നടപടികൾ പൂർത്തിയായി വിസ ലഭിക്കുകയുള്ളൂ.
റിസർച്ച് വിസ
ലഭിക്കുവാൻ ഏറ്റവും പ്രയാസമുള്ള വിസകളിലൊന്നാണ് റിസർച്ച് വിസ. ഗവേഷണാവശ്യങ്ങൾക്കായി താല്പര്യമുള്ളവർക്കാണ് ഇത് അപേക്ഷിക്കുവാൻ സാധിക്കുക. വിസ പ്രൊസിങ്ങിന് ധാരാളം സമയം എടുക്കും.
വിസ കിട്ടാൻ ഏറ്റവും എളുപ്പം ഒരു ട്രാവൽ ഏജൻസിയെ സമീപിക്കുക എന്നതാണ്. സ്വന്തമായി ചെയ്യാനും പറ്റും. ഏതു രാജ്യത്തിന്റെ വിസ ആണോ വേണ്ടത്, ആ രാജ്യത്തിന്റെ ഇമിഗ്രേഷൻ വെബ്സൈറ്റിൽ നോക്കുക. അതിൽ വിശദ വിവരങ്ങൾ ചേർത്തിട്ടുണ്ടാകും.
വിസ ഫീസും , എപ്പോൾ അത് കിട്ടും എന്നതും ഏതു വിസ ആണെന്ന് അനുസരിച്ചു ഇരിക്കും. ഉദാഹരണമായി മിക്ക രാജ്യത്തിലേക്കും വിസിറ്റിംഗ് വിസ വേഗം കിട്ടും , അതിനു ചിലവും കുറവാണ്. പക്ഷെ സ്റ്റുഡന്റ് വിസ അങ്ങനെ ആവില്ല. അതിനു അതിന്റെ പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ചിലവും കൂടുതൽ ആണ്.ഓരോ രാജ്യവും അനുസരിച്ചു വിസയുടെ പേരും , നിബന്ധനകളും , എന്തൊക്കെ ചെയ്യാം എന്നുള്ളതും മാറും.
അതുപോലെ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉപയോഗിക്കുന്ന e-വിസയും നിലവിൽ ഉണ്ട്. പാസ്സ്പോർട്ടിൽ സ്റ്റാമ്പ് ഉണ്ടാവില്ല എന്നതാണ് അതിൻ്റെ പ്രത്യേകത.