വലിയ ട്രക്ക് ലോറികളിലെ ചില വീലുകള്‍ റോഡിൽ സ്പർശിക്കാതെ ഉയര്‍ത്തി വെച്ചിരിക്കുന്നത് എന്തിന്?

ചരക്ക് ഗതാഗതത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്  വലിയ ട്രക്ക് ലോറികളാണ്. ഈ വലിയ ട്രക്കുകളിലും , ലോറികളിലും നിലംതൊടാതെ ഉയര്‍ത്തി വെച്ചിരിക്കുന്ന ചില വീലുകള്‍ കാണാം. നിലത്ത് തൊടാതെ ഉയര്‍ത്തി വെച്ചിരിക്കുന്ന ഇത്തരം വീലുകളെ 'എക്‌സ്ട്ര ആക്‌സില്‍' എന്നാണ് വിളിക്കുന്നത്. ഇത്തരം ടയറുകള്‍ ആദ്യം കണ്ട മാത്രയില്‍ വണ്ടിയുടെ ലുക്ക് വര്‍ധിപ്പിക്കാനായി ഘടിപ്പിച്ച ടയറാണെന്ന് ചിന്തിച്ചവരുണ്ടാകും. ഒപ്പം തന്നെ ഇത് ട്രക്കിന്റെ സ്‌റ്റെപ്പിനി ടയര്‍ ആണെന്ന് തെറ്റിദ്ധരിച്ചവരും ഉണ്ട്.ഇത് എല്ലായ്‌പ്പോഴും നിലത്ത് തൊടുകയോ എപ്പോഴും ഉയര്‍ത്തി വെക്കുകയോ അല്ല ചെയ്യുന്നത്. ഇതിന് കൃത്യമായ ധര്‍മമുണ്ട്. എക്‌സ്ട്ര ആക്സിലിന്റെ നിയന്ത്രണം ഡ്രൈവറുടെ പക്കലാണ്. 

ചില സമയങ്ങളില്‍ ട്രക്കുകളില്‍ അധികം ഭാരമുള്ള വസ്തുക്കള്‍ വഹിച്ച് കൊണ്ടുപോകേണ്ട സാഹചര്യം ഉണ്ടാകും. ട്രക്കുകളില്‍ ഇത്തരത്തില്‍ അധിക ഭാരം കയറ്റുമ്പോള്‍ അതിന്റെ ചക്രങ്ങള്‍ക്ക് ആ ലോഡ് താങ്ങാനുള്ള ശേഷി ഉണ്ടായിരിക്കണം. ഇത്തരം സാഹചര്യങ്ങളിലാണ് എക്‌സ്ട്ര ആക്‌സിലിന്റെ ഉപയോഗം. എക്‌സ്ട്ര ആക്‌സിലുകള്‍ ഉണ്ടെങ്കില്‍ ലോറിയിലും , ട്രക്കുകളിലും അധികം ഭാരം വഹിച്ച് കൊണ്ടുപോകാം.ലോഡ് കൂടുമ്പോള്‍ എക്‌സ്ട്ര ആക്‌സില്‍ താഴ്ത്തുമ്പോള്‍ ഇതിന്റെ സപ്പോര്‍ട്ട് കൂടി വാഹനത്തിന് ലഭിക്കുന്നു. പൊതുവെ വാഹനത്തില്‍ ആക്‌സില്‍ കൂടുന്തോറും വാഹനത്തിന്റെ വേഗത കുറയുകയും അത് മൈലേജിനെ ബാധിക്കുകയും ചെയ്യും.അതിനാൽ ആക്‌സിലുകള്‍ കൂടുന്നത് വാഹന ഉടമക്ക് വമ്പന്‍ നഷ്ടമുണ്ടാക്കുന്ന സംഗതിയാണ്. ടോള്‍ പ്ലാസകളില്‍ കൂടുതല്‍ പണം മുടക്കണമെന്ന് മാത്രമല്ല ട്രക്കിന്റെ കാര്യക്ഷമതയെയും ഇത് ബാധിക്കും.

ട്രക്കില്‍ അധികഭാരം ഉള്ളപ്പോള്‍ ആണ് ഈ വീലുകളുടെ ഉപയോഗം. എന്നാല്‍ ഇത്തരം വാഹനങ്ങളില്‍ എപ്പോഴും ഓവര്‍ലോഡ് കാണില്ല. ലോഡ് ഇല്ലാത്ത സമയത്തും എക്‌സ്ട്ര ആക്‌സില്‍ താഴ്ത്തി വെച്ച് ഓടുന്നത് വണ്ടിയുടെ മൈലേജ് കുറയാന്‍ കാരണമാകും. അതിനാലാണ് ട്രക്കുകളില്‍ ലോഡ് ഇല്ലാത്ത സമയങ്ങളില്‍ ഈ വീലുകള്‍ ഉയര്‍ത്തി വെക്കുന്നത്.

ട്രക്ക് പോലുള്ള വലിയ വാഹനങ്ങളില്‍ മൈലേജ് എന്നത് പരിഗണിക്കപ്പെടേണ്ട കാര്യമായതിനാല്‍ തന്നെ ഉടമകള്‍ ഈ വിദ്യ പയറ്റുന്നു. ഇത് കൂടാതെ മോട്ടോര്‍ വാഹന നിയമപ്രകാരം ലോറികളുടെ ആക്‌സിലുകളുടെ എണ്ണത്തിനും ചില പരിധികളുണ്ട്. ലോഡ് കയറ്റുമ്പോഴും കൊണ്ടുപോകുമ്പോഴും ആക്സിലുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ അധികാരികള്‍ പിഴ ചുമത്താന്‍ സാധ്യതയുണ്ട്.

                                                        



Most Viewed Website Pages