ചാരത്തില്‍ നിന്നു ഡിഎന്‍എ ലഭിക്കുമോ?
ഭൗതികശരീരം ജീര്‍ണിച്ചു തുടങ്ങുന്നതിനനുസരിച്ച് ഡിഎന്‍എ ലഭിക്കാനുള്ള സാധ്യത കുറയുമെന്ന് തന്നെയാണ് വിദഗ്ധാഭിപ്രായം.ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുൻപ് മരിച്ച മനുഷ്യന്റെ ഭൗതിക ശരീരത്തില്‍ നിന്നുള്ള ഡിഎന്‍എ വരെ ഇതുവരെ ശാസ്ത്രലോകം വിജയകരമായി വേര്‍തിരിച്ചെടുത്തിട്ടുമുണ്ട്. മനുഷ്യന്റെ ഭൗതികശരീരം തീയില്‍ സംസ്‌ക്കരിച്ചാലും എല്ലുകളും , പല്ലുകളും പൂര്‍ണമായി നശിക്കണമെന്നില്ല. ഈ സാധ്യതയാണ് ചാരത്തിലെ എല്ലുകളുടേയും, പല്ലുകളുടേയും ഭാഗങ്ങളില്‍ നിന്നുപോലും ഡിഎന്‍എ പരിശോധന സാധ്യമാക്കുന്നത്.
മനുഷ്യന്റെ ഭൗതിക ശരീര അവശിഷ്ടങ്ങളില്‍ ഡിഎന്‍എ വേര്‍തിരിച്ചെടുക്കാന്‍ എളുപ്പത്തില്‍ സാധ്യതയുള്ളത് പല്ലുകളില്‍ നിന്നാണ്. പല സംഭവങ്ങളില്‍ പല്ലുകള്‍ മാത്രമാണ് ഡിഎന്‍എ ലഭിക്കാന്‍ സാധ്യതയുള്ള ഒരേയൊരു സാധ്യത പോലും. പല്ലുകളുടെ രൂപവും , സ്ഥാനവുമാണ് എളുപ്പത്തില്‍ ഡിഎന്‍എ പരിശോധന സാധ്യമാക്കുന്നത്. മനുഷ്യശരീരത്തിലെ മറ്റെല്ലാ ഭാഗങ്ങളും നശിച്ചാലും പല്ലുകള്‍ ലഭിച്ചാല്‍ ജനിതക പരിശോധന നടത്താനാകും. പല്ലിന് പുറമേയുള്ള തിളങ്ങുന്നതും, കട്ടിയേറിയതുമായ കവചമായ ഇനാമലിനുള്ളില്‍ നിന്നും ഡിഎന്‍.എ എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കാനാകും. അഗ്നിക്കിരയാക്കിയാല്‍ പോലും മനുഷ്യശരീരത്തില്‍ നിന്നും എറ്റവും അവസാനം നശിക്കുന്ന ഭാഗമായിരിക്കും പല്ലുകള്‍.