അസം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന സംസ്ഥാനമായ അസം രൂപവൽക്കരിച്ചത് 1950 ജനുവരി 26നാണ്. ഏഷ്യയിലാദ്യമായി എണ്ണനിക്ഷേപം കണ്ടെത്തിയത് അസമിലെ ദിഗ്‌ബോയി (DIGBOI)ലാണ്–1889. ഇന്ത്യയിൽ ഏറ്റവും അധികം ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങൾ ഉള്ള ഈ സംസ്ഥാനത്തിൻ്റെ തലസ്ഥാനം ദിസ്പുർ ആണ്.
അസമീസ്, ബംഗാളി, ബോഡോ, മിഷിങ്, കർബി എന്നിവയാണ് പ്രധാന ഭാഷകൾ. പുരാതന കാലത്ത് അസം അടങ്ങുന്ന പ്രദേശം കാമരൂപ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
എ.ഡി. 640 ൽ ഭാസ്കർ വർമന്റെ കാലത്ത് ചൈനീസ് സഞ്ചാരിയായ ഹുയാൻസാങ് കാമരൂപ സന്ദർശിച്ചതിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായ ഗുവാഹത്തി ഈ സംസ്ഥാനത്താണ്. കിഴക്കിന്റെ പ്രകാശ ഗോപുരം എന്നറിയപ്പെടുന്ന ഗുവഹത്തിയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ തേയില വിപണന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന ബ്രഹ്മപുത്ര ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നു. ലോഹിത് നദിക്ക് കുറുകെ 9150 മീറ്റർ നീളത്തിലുളള ധോല–സദിയ പാലം ആണ് ഇന്ത്യയിലെ നീളം കൂടിയ പാലം. ബ്രഹ്മപുത്ര നദിയിലെ മാജുലി ദ്വീപ് ആണ് ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല. അസമിലെ ഗോലാഘട്ട്, നഗാവോൺ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോ ദ്യാനമാണ് കാസിരംഗ നാഷനൽ പാർക്ക്. ലോകത്തിലെ മൊത്തം ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെയാണുള്ളത്. ഇന്ത്യയിൽ കാണപ്പെടുന്ന ഒരേയൊരു ആൾക്കുരങ്ങായ ഹൂലോക്ക് ഗിബ്ബണെ സംരക്ഷിക്കുന്ന ഹൊല്ലോങ്ങപർ ഗിബ്ബൺ സാങ്ച്വറി അസമിലാണ്. അസമി ന്റെ ദേശീയോൽസവമാണ് ബിഹു. ബിഹു ആഘോഷത്തോടനുബന്ധിച്ച് നടത്തുന്നതാണ് ബിഹു നൃത്തം.
ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന അർധ സൈനിക വിഭാഗമാണ് അസ്സം റൈഫിൾസ്. ഷില്ലോങ് ആണ് അസം റൈഫിൾസിന്റെ ആസ്ഥാനം. തീവ്രവാദ ഭീഷണി കൂടുതലായുള്ള പ്രദേശമായ നോർത്ത് കച്ചാർ ഹിൽസ് ജില്ലയിലൂടെയാണു ഭാരതത്തിലെ ഏക ബുള്ളറ്റ് പ്രൂഫ് തീവണ്ടി ഗതാഗതമുള്ളത് (ഗുവാഹത്തി മുതൽ സിൽച്ചാർ വരെ).




