ആറന്മുള കണ്ണാടി



കേരളത്തിന്റെ  പൈതൃക ബിംബങ്ങളിലൊന്നായ ആറന്മുള കണ്ണാടിയെപ്പറ്റി കേട്ടിട്ടില്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. എന്താണ് ആറന്മുള കണ്ണാടിയുടെ സവിശേഷത?. എന്തുകൊണ്ടാണ് ആറന്മുള കണ്ണാടി ഇത്രയധികം വിലപിടിച്ചതാകുന്നത്.? ഈ ചോദ്യങ്ങൾക്ക് ഉത്തരം തിരയുമ്പോഴാണ് ആറന്മുള കണ്ണാടി നിസ്സാരക്കാരനല്ലെന്ന് തിരിച്ചറിയുന്നത്...
    പത്തനംതിട്ടയിലെ ആറന്മുള എന്ന ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടികളാണ് ആറന്മുള കണ്ണാടി എന്ന് അറിയപ്പെടുന്നത്. സാധാരണ സ്ഫടിക കണ്ണാടികളിൽ നിന്നും വ്യത്യസ്തമായി പ്രത്യേകതരം ലോഹക്കൂട്ടു കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. പൂർണ്ണമായും കരവേലയാൽ നിർമ്മിക്കുന്ന ഈ കണ്ണാടി ഉണ്ടാക്കാനുപയോഗിക്കുന്ന ലോഹസങ്കര അനുപാതം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്ന ഒരു രഹസ്യമാണ്. ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനെൽവേലിക്കടുത്തുള്ള ശങ്കരൻ കോയിലൂരിൽ നിന്നും ആറന്മുള പാർത്ഥസാരഥി ക്ഷേത്രനിർമ്മാണത്തിന് സഹായികളായി വന്ന കൈത്തൊഴിൽ വിദഗ്ദ്ധരാണ് ആദ്യമായി ആറന്മുള കണ്ണാടി നിർമ്മിച്ചത്.ഇവരുടെ പിൻതലമുറക്കാരായ ഏതാനും കുടുംബങ്ങൾക്ക് മാത്രമേ ഇപ്പോഴും ഈ നിർമ്മാണരഹസ്യം അറിയുകയുള്ളൂ. ഈ അറിവ് ദൈവികമായി ലഭിച്ചതാണെന്ന് വിശ്വസിക്കുന്ന ഇവർക്ക് കണ്ണാടി നിർമ്മാണം കച്ചവടത്തെക്കാളുപരി അനുഷ്ഠാനം കൂടിയാണ്.

    അങ്ങേയറ്റം ക്ഷമയോടെ ദിവസങ്ങളോളം അദ്ധ്വാനിച്ചാണ് ഓരോ കണ്ണാടിയും രൂപപ്പെടുത്തിയെടുക്കുന്നത്. ആറന്മുളയിലെ നെൽപ്പാടങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്രത്യേകതരം കളിമണ്ണ് അരച്ചെടുത്ത് കണ്ണാടിക്ക് ആവശ്യമായ അച്ചുകൾ നിർമ്മിക്കുന്നു. കുപ്പിയുടെ മാതൃകയിലുള്ള ഈ അച്ചിന്റെ കഴുത്തു ഭാഗത്തുള്ള ചെറിയ ദ്വാരത്തിനു മുകളിൽ ചോർപ്പിന്റെ ആകൃതിയിലുള്ള ഭാഗത്ത് ചെറു ലോഹക്കഷണങ്ങൾ (പ്രത്യേക അനുപാതത്തിലുള്ള കോപ്പർ_ടിൻ സങ്കരം) നിറച്ച ശേഷം ഈ ഭാഗം അരച്ച കളിമണ്ണ് കൊണ്ട് പൊതിയുന്നു. തുടര്‍ന്ന് ഈ അച്ച് 400 ഡിഗ്രി ചൂടിൽ ഉലയിൽ വെച്ച് രണ്ടോ മൂന്നോ മണിക്കൂർ നേരം പഴുപ്പിച്ചെടുക്കുന്നു.
ഈ ചൂടേറ്റ് ലോഹക്കഷണങ്ങൾ ഉരുകി അച്ചിനുള്ളിലേക്ക് ഒഴുകി ഇറങ്ങുന്നു. തണുത്ത ശേഷം കളിമണ്ണ് പൊട്ടിച്ച് അതിനുള്ളിൽ ഉരുകിയുറച്ച ലോഹസങ്കരത്തെ പുറത്തെടുക്കുന്നു.

                      അടുത്ത പടി ഇതിനെ ഉരച്ചു മിനുക്കിയെടുക്കലാണ്.ആദ്യ ഘട്ടത്തിൽ നന്നായി വെന്തു ഭസ്മമായ കളിമണ്ണ്, നല്ലെണ്ണ , ചണം ഇവചേർന്ന മിശ്രിതത്തിലാണ് ഉരയ്ക്കുന്നത്. പിന്നീട് കോട്ടൺ തുണിയിലും അവസാനം വെൽവെറ്റിലും ഉരച്ചു മിനുക്കുന്നു. ഈ ചിലപ്പോൾ അഞ്ചും ആറും ദിവസം വരെ നീളുന്ന ഈ പ്രക്രിയ്ക്കൊടുവിൽ ലോഹക്കഷണം സ്ഫടിക സമാനമായ കണ്ണാടിയായി മാറും!. തുടര്‍ന്ന് ഈ കണ്ണാടിയെ ഓട്ടുചട്ടത്തിൽ ഉറപ്പിച്ചെടുക്കുന്നു. സാധാരണ കണ്ണാടിയിൽ നിന്ന് വ്യത്യസ്തമായി വിഭ്രംശമില്ലാത്ത യഥാര്‍ത്ഥ രൂപമാണ് ആറന്മുള കണ്ണാടി പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വസ്തുവിനും പ്രതിബിംബത്തിനുമിടയിൽ അകലം ഉണ്ടാകില്ല.  ലോഹനിർമ്മിതമാണെങ്കിലും താഴെ വീണാൽ സാധാരണ കണ്ണാടി പോലെ ഉടഞ്ഞു പോകുന്നത് ഈ ലോഹസങ്കരത്തിന്റെ പ്രത്യേകതയാണ്. വൃത്താകൃതിയിലും ദീർഘവൃത്താകൃതിയിലുമാണ് ആറന്മുള കണ്ണാടികൾ നിർമ്മിക്കുന്നത്.
     ആറന്മുള കണ്ണാടിയുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. കിഴക്ക് ദിക്കിനഭിമുഖമായി പൂജാമുറിയിൽ വെയ്ക്കുന്ന ആറന്മുള കണ്ണാടി വാസ്തുദോഷം നീക്കുമെന്നും, വീട്ടിൽ ഐശ്വര്യം കൊണ്ടുവരുമെന്നും  വിശ്വസിക്കപ്പെടുന്നു. അഷ്ടമംഗല്യത്തട്ടിലെ പ്രധാന ഇനമാണ് ആറന്മുള കണ്ണാടി (വാൽക്കണ്ണാടി). വലിപ്പത്തിനനുസരിച്ച് 3000രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വിലയുള്ള ആറന്മുള കണ്ണാടികളുണ്ട്. നിർമ്മാണത്തിലെ നിഗൂഢതയും, അനുപമമായ സൗന്ദര്യവും തൊഴിലാളികളുടെ അർപ്പണവുമാണ് ആറന്മുള കണ്ണാടിയെ ഇത്രയധികം വിലപിടിച്ചതാക്കുന്നത്. 2004_05ൽ geographical Indication (GI) tag ലഭിച്ച ആറന്മുള കണ്ണാടികളുടെ പ്രശസ്തി വിദേശ വിനോദ സഞ്ചാരികളിലൂടെ ലോകം മുഴുവനും വ്യാപിച്ചിട്ടുണ്ട്.
ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ 45സെന്റിമീറ്റർ നീളമുള്ള ഒരു ആറന്മുള കണ്ണാടി സൂക്ഷിച്ചിട്ടുണ്ട്. ആറന്മുള കണ്ണാടിയിലൂടെ കേരളത്തിന്റെ മഹത്തായ സംസ്കാരവും, ലോഹസംസ്കരണ പാരമ്പര്യവും ലോകം മുഴുവനും പ്രതിഫലിക്കട്ടെ.
         

                                                        



Most Viewed Website Pages