ചില മലയാളം വാക്കുകൾക്ക് പറയാനുള്ളത്


മലയാളത്തിൽ നമ്മൾ ഉപയോഗിക്കുന്ന മിക്ക വാക്കുകൾക്കും എന്തെങ്കിലുമൊരു കഥ നമ്മോട് പറയാനുണ്ടാകും.

ഭീമാകാരമോ സംഭവ ബഹുലമോ ആയ എന്തെങ്കിലുമൊരു കാര്യത്തെയോ വസ്തുവിനെയോ സൂചിപ്പിക്കാൻ മലയാളത്തിൽ ഉപയോഗിക്കുന്ന ഒരു വാക്കാണ് എമണ്ടൻ

ചിലപ്പോൾ കളിവാക്കായും ഉപയോഗിക്കാറുണ്ട്. കേട്ടാൽ ബഷീർ കഥകളിൽനിന്ന് ഇറങ്ങി വന്നതോ ഈ എമണ്ടൻ എന്നു തോന്നും. എന്നാൽ ഒന്നാം ലകമാഹായുദ്ധ കാലത്ത് ശത്രുപക്ഷത്തെ നിലംപരിശാക്കാൻ ജർമ്മനി നിർമ്മിച്ച പടക്കപ്പലായ എസ് എംഎസ് എംഡൻ ആണ് നമ്മുടെ എമണ്ടൻആയി മാറിയത്...


ക്ണാപ്പൻ (Knappan)

ഈ വാക്ക് കേൾക്കുമ്പോൾ തന്നെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി എത്തിയിരിക്കും. ഒന്നിനും കൊള്ളാത്തവൻ എന്നാണ് ഈ പദം കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ഇത് മലബാർ ജില്ലയിൽ കല് കടറായിരുന്ന ഒരു ബ്രിട്ടീഷ് ഓഫീസറുടെ പേരാണ് എന്ന് അധികമാർക്കും അറിയില്ല. സർ ആർതർ റോലാൻഡ് നാപ്പ് (Sir Arthur Rowland Knapp) എന്ന ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ് ഹതഭാഗ്യനായ ആ മനുഷ്യൻ. ഭാരതത്തിനെയോ അതിന്റെ പൈതൃകത്തെയോ ശരിയായി മനസ്സിലാക്കാതിരുന്ന സർ ആർതർ നാപ്പ് എടുത്ത പല തീരുമാനങ്ങളും വിഡ്ഡിത്തങ്ങളായി ചിത്രീകരിക്കപ്പെട്ടു. കഴിവുകെട്ട അധികാരിയെന്ന തരത്തിലായിരുന്നു സർ ആർതർ നാപ്പിന്റെ പേര് അധികവും ഉപയോഗിക്കപ്പെട്ടത്. പിന്നീട് ഇദ്ദേഹം റവന്യൂ ബോർഡ് സെക്രട്ടറിയായി മദ്രാസിലേക്ക് മാറി. മലയാളിയുടെ നാവിന് അപരിചിതമായ ഒരു പേരും ആ വ്യക്തി അവശേഷിപ്പിച്ച കഴിവുകെട്ടവൻ എന്ന ഇമേജും ചേർന്നപ്പോൾ ക്ണാപ്പൻ എന്ന പുതിയ വായ്മൊഴി രൂപപ്പെട്ടതായിട്ടാണ് പറയപ്പെടുന്നത്. കാര്യങ്ങൾ എന്തായാലും, നമ്മുക്ക് ചുറ്റും ക്ണാപ്പൻമാരായി വിശേഷിപ്പിക്കപ്പെടുന്ന പല ജീവിതങ്ങൾ.


ഓസ്സ് / ഓസിന്നു തട്ടുക- OC

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഔദ്യോഗിക കത്തിടപാടുകളിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവവും പരിണാമവും എന്ന് വിശ്വസിക്കപ്പെടുന്നു. കത്തുകളും, തപാലും മറ്റും, പോസ്റ്റൽ വഴി അയക്കുന്നതിനു കമ്പനിയ്ക്ക് സ്റ്റാമ്പ് പതിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പകരമായി കമ്പനി ആവശ്യത്തിനു എന്നർത്ഥമുള്ള On Company Service- OCS എന്നു എഴുതിയാൽ മതിയായിരുന്നു. ഇപ്പോഴുള്ള സർക്കാർ തപാലുകളിൽ IGS എന്നു സീൽ ചെയ്യുന്നതു പോലെയായിരുന്നു ഈ സംവിധാനവും. കമ്പനി ഉദ്യോഗസ്ഥർ തങ്ങളുടെ സ്വകാര്യ കത്തിടപാടുകളും OCS എന്ന് ആലേഖനം ചെയ്യുവാൻ തുടങ്ങി. പോസ്റ്റൽ ഫീസ് അടയ്ക്കുന്നതിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നു ഈ തന്ത്രം. സ്വീകർത്താവിന് അർഹതയില്ലാത്ത ആനുകൂല്യം കൈപ്പറ്റുകയും, തനിക്ക് സൗജന്യമായി ലഭിക്കുന്നു എന്നു അവകാശപ്പെടുകയും ചെയ്യുന്നവരെ ഓസിനു വാങ്ങാൻ നടക്കുന്നവൻ എന്നു നാടൻ വായ്ത്താരിയിൽ പരിഹസിക്കുവാൻ തുടങ്ങിയത് അങ്ങനെയാണത്രേ.


കേഡി-KD

വില്ലൻ അല്ലെങ്കിൽ പ്രശ്നക്കാരൻ എന്നല്ലെ നമ്മൾ കേഡി എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്. യാഥാർത്ഥ അർത്ഥവും ഏറെ വ്യത്യസ്തമല്ല. Known Depredator-അറിയപ്പെടുന്ന കവർച്ചക്കാരൻ എന്നാണ് ഇതിന്റെ അർത്ഥം. അറിയപ്പെടുന്ന കവർച്ചക്കാരുടെ ലിസ്റ്റ് പ്രാദേശിക പോലീസ് സ്റ്റേഷനുകളിൽ ലഭ്യമായിരിക്കണമെന്നു ഇന്ത്യൻ പീനൽ കോഡ് നിർദ്ദേശിക്കുന്നുണ്ട്. KD മാരുടെ പട്ടിക തയ്യാറാക്കുന്നത് അങ്ങനെയായിരുന്നു. ക്രമേണ ഇംഗ്ലീഷിലെ ഈ ചുരുക്കെഴുത്ത് മലയാളത്തിലെ ഒരു നവാഗത പദമായി മാറി.
         

                                                        



Most Viewed Website Pages