മഞ്ഞപ്പത്രം നീലച്ചിത്രം - ചില നിറമുള്ള വാക്കുകൾ


1882 ല്‍ ന്യൂയോര്‍ക്കില്‍ രണ്ടു പത്രങ്ങള്‍ തമ്മില്‍ സര്‍ക്കുലേഷന് വേണ്ടിയുള്ള മത്സരങ്ങള്‍ ആരംഭിച്ച കാലഘട്ടം. ഒരു പത്രത്തില്‍ ജോലി ചെയ്തിരുന്ന മിടുക്കന്മാരെ മറ്റേ പത്രം വമ്പന്‍ കാശുകൊടുത്തു ചാടിക്കുന്നത് പതിവായി. അതില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ആയിരുന്ന പുലിസ്ടരിന്‍റെ പത്രമായ "ദി വേള്‍ഡ്" സ്ഥിരമായി "ദി യെല്ലോ കിഡ്" എന്ന പേരിലുള്ള ഒരു കാര്‍ടൂണ്‍ പ്രസിദ്ധീകരിച്ചു പോന്നു. ആ കാര്‍ടൂണ്‍ വരച്ചിരുന്ന കാര്‍ടൂണിസ്ടിനെ എതിരാളി പത്രം തട്ടിയെടുത്തു. ഇതില്‍ കലിപൂണ്ട പുലിസ്ടര്‍ അതിവേഗം മറ്റൊരു കാര്‍ടൂണിസ്ടിനെ കണ്ടെത്തുകയും പ്രസ്തുത "യെല്ലോ കിഡ്" തുടരുകയും ചെയ്തു. ക്രമേണ തരം താഴ്ന്ന മത്സരങ്ങളിലേക്ക് പത്രപ്രവര്‍ത്തനം നീങ്ങിയപ്പോള്‍ ആളുകള്‍ അതിനെ കളിയാക്കിക്കൊണ്ട്‌ "യെല്ലോ ജേര്‍ണലിസം" അഥവാ "മഞ്ഞ പത്രപ്രവര്‍ത്തനം" എന്ന് വിളിച്ചുതുടങ്ങി. പിന്നീട് പത്രപ്രവര്‍ത്തന രംഗത്തെ സകല തരംതാഴലുകളും "മഞ്ഞ" ആയി.

ഇതുപോലെ തന്നെ "നിറമുള്ള" മറ്റൊരു വാക്കാണ്‌ "നീലച്ചിത്രം" - പ്രസ്തുത വാക്ക് കേള്‍ക്കാത്തവര്‍ വിരളം. ഇന്ത്യയില്‍ മാത്രമാണ് ഈ വാക്ക് ഉപയോഗിക്കുന്നതും. സാധനം എന്താണെന്ന് പറയേണ്ടതില്ലല്ലോ, അത് തന്നെ! പ്രസ്തുത വാക്കില്‍ എവിടുന്നാണ് "നീല" കടന്നുവന്നത് എന്നറിയുമോ? ആദ്യകാലങ്ങളിലെ ചിത്രങ്ങളില്‍ രാത്രിയും ഇരുട്ടുമൊക്കെ ചിത്രീകരിക്കുന്നത് പട്ടാപ്പകല്‍ തന്നെയായിരുന്നു. രാത്രിയുടെ "ഇരുട്ട്" തോന്നിക്കാന്‍ ക്യാമറയില്‍ നീല നിറമുള്ള ഫില്‍റ്റര്‍ ഇട്ടാണ് ചിത്രീകരിക്കുക. മേല്‍പ്പറഞ്ഞതരം ചിത്രങ്ങളിലും അഭിനേതാക്കളെ മനസിലാകാതിരിക്കുന്നതിനായി നീല നിറമുള്ള ഫില്‍റ്റര്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് അങ്ങനെയുള്ള ചിത്രങ്ങള്‍ക്ക് "നീലചിത്രം" എന്ന പേര് വീഴുകയായിരുന്നു.
(ഒരു നീല വാർത്ത കൂടി : ഫേസ്ബുക്ക് തുറന്നുനോക്കിയാല്‍ കാണാം, അടിമുടി നീലനിറമാണ്. ലോഗോയില്‍ തുടങ്ങി, ഒരു ചെറു ബട്ടണ്‍ പോലും നീലമയം ആണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? കേട്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ ഞെട്ടിയെക്കാം.

ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക്‌ സക്കര്‍ബര്‍ഗിന്  "വര്‍ണാന്ധത" എന്ന രോഗം ഉണ്ട്. അതായത് ചില നിറങ്ങള്‍ കാണാന്‍ കഴിയാത്ത ഒരുതരം രോഗാവസ്ഥ. സക്കര്‍ബര്‍ഗിന് ചുവപ്പും പച്ചയും കാണാന്‍ കഴിയില്ല. നീലനിറം ആണ് കൂടുതല്‍ നന്നായി കാണുന്നത്. അതുകൊണ്ടുതന്നെ ആദ്യമേ നീലനിറം തിരഞ്ഞെടുത്തു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.)


         

                                                        



Most Viewed Website Pages