കൊച്ചിരാജാവിന്റെ കാശിയാത്ര
ആധുനിക യാത്രാസൗകര്യങ്ങളുള്ള ഈ കാലത്ത് കേരളത്തിൽ നിന്ന് കാശിയിലേക്കോ മാനസസരോവറിലേക്ക് യാത്ര പോകുക അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. എങ്കിൽ നൂറ്റമ്പത് കൊല്ലങ്ങൾക്ക് മുമ്പ് ഈ അവസ്ഥയായിരുന്നില്ല. ദൂരയാത്ര ചെയ്യണമെങ്കിൽ ഏറെ കഷ്ടതകളും ബുദ്ധിമുട്ടുകളും നേരിടേണ്ടിയിരുന്നു. ദീർഘ യാത്രകൾക്ക് വർഷങ്ങളെടുക്കുമായിരുന്നു. ജീവിതവസാനത്തിൽ ഇങ്ങനെ തീർത്ഥാടന യാത്രയ്ക്കൊരുങ്ങുന്നവരിൽ പലരും തിരിച്ച് വരാറുമില്ല. ഇങ്ങനെ തീർത്ഥാടനയാത്രക്കായി ഒരുങ്ങിയ കൊച്ചിരാജാവ് തന്റെ യാത്രകളിലെ ഓരോ ദിനചര്യകളും ഡയറിയിൽ എഴുതി സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
1852 ജൂലായ് ആറിനാണ് രാജാവ് തൃപ്പണിത്തുറയിൽ നിന്ന് യാത്ര തിരിക്കുന്നത്.1851 മുതൽ 1853 വരെ പെരുമ്പടപ്പ് സ്വരൂപമെന്ന് കൊച്ചിരാജ്യം ഭരിച്ചിരുന്ന കേരളവർമ്മ നാലാമൻ എന്നറിയപ്പെട്ട വീരകേരളവർമ്മ രാജാവാണ് ഇങ്ങനെയൊരു സാഹസത്തിന്ന് തയ്യാറായാത്. കാശിയിൽ വെച്ച് തന്നെ ഇദ്ദേഹം മരണപ്പെട്ടത് കൊണ്ട് 'കാശിയിൽ തീപ്പെട്ട മഹാരാജാവ്' എന്നാണ് ഇയാൾ അറിയപ്പെടുന്നത്.
കൊച്ചിമഹാരാജാക്കന്മാര്‍ അറിയപ്പെടുന്നത് മൂന്നു തരത്തിലാണ്. കാശിയില്‍ തീപ്പെട്ട തമ്പുരാന്‍, തൃശൂരില്‍ തീപ്പെട്ട തമ്പുരാന്‍ എന്നിങ്ങനെ തീപ്പെട്ടതിനു (മരണപ്പെട്ടതിന്ന്) ശേഷം അറിയപ്പെടുന്ന പേരുകള്‍, സ്ഥാനത്യാഗം ചെയ്ത മഹാരാജാവ്, ഐക്യകേരള തമ്പുരാന്‍ എന്നിങ്ങനെ അവരുടെ പ്രധാന പ്രവൃത്തികള്‍ സൂചിപ്പിക്കുന്ന പേരുകള്‍. മൂന്നാമതായി മിടുക്കന്‍ തമ്പുരാന്‍ എന്നിപ്രകാരം അവരുടെ ഭരണനൈപുണ്യത്തെ സ്മരിക്കുന്ന പേരുകള്‍. നേരേമറിച്ച് തിരുവിതാംകൂറില്‍ രാജാക്കന്മാര്‍ ജനിക്കുമ്പോള്‍ത്തന്നെ പേരു വീണുകഴിയും. ജന്മനാളു നോക്കിയാണ് അവര്‍ അറിയപ്പെടുന്നത്. സ്വാതിതിരുനാള്‍ മഹാരാജാവ്, മൂലംതിരുനാള്‍, ചിത്തിര തിരുനാള്‍ എന്നിങ്ങനെയാണ് തിരുവിതാംകൂർ രാജക്കന്മാർ അറിയപ്പെടാർ.
കൊച്ചിയിൽ നിന്ന് തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം, മൈസൂർ വഴി ബാംഗ്ലൂർ വഴി തിരുപ്പതിയിലെത്തി. ഒറീസ, ബംഗാൾ വഴി ബീഹാറിലൂടെ സഞ്ചരിച്ചാണ് കാശിയിലെത്തുന്നത്. ഡൽഹി, ഇൻഡോർ, ഭോപ്പാൽ, പൂനെ വഴി മദിരാശിയിലെത്തി രാമേശ്വരം സന്ദർശിച്ച ശേഷം കൊച്ചിയിലേക്ക് മടങ്ങാനായിരുന്നു രാജാവ് ഉദ്ദേശിച്ചിരുന്നതെങ്കിലും കാശിയിലെത്തിച്ചേർന്നതിന്റെ നാലാം ദിവസം പനി പിടിപെടുകയും പത്താം ദിവസം മരണപ്പെടുകയുമുണ്ടായി.
കുതിരപ്പുറത്തും കുതിരവണ്ടിയിലും പല്ലക്കിലുമായിരുന്നു യാത്ര. രാജാവിനെ അനുഗമിച്ച് മുപ്പതോളം ആളുകൾ ഉണ്ടായിരുന്നുവെന്ന് ഊഹിക്കുന്നു. 1852 ജൂലായ് 6 ന്ന് തുടങ്ങിയ യാത്ര 220 ദിവസങ്ങൾ കഴിഞ്ഞ് 1853 ഫിബ്രവരി രണ്ടിനാണ് കാശിയിലെത്തുന്നത്. അക്കാലത്ത് മോട്ടോർ വാഹനങ്ങളോ ട്രെയിനുകളോ ഇന്ത്യയിൽ ഓടി തുടങ്ങിയിരുന്നില്ല. 1853 ഏപ്രിൽ 16 ന്നാണ് ഇന്ത്യയിൽ ട്രെയിൻ ഗതാഗതം ആരംഭിക്കുന്നത്. അതും ബോംബെയിലെ ഏതാനും കിലോമീറ്ററുകളിൽ മാത്രം. ഇംഗ്ലീഷ് ഭാഷയിൽ നല്ല പരിജ്ഞാനമുണ്ടായിരുന്നു രാജാവിന്. ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. സുന്ദരനും ബുദ്ധിയും കഴിവുമുള്ള രാജാവ് വളരെ ലളിതമായ ജീവിതമായിരുന്നു നയിച്ചിരുന്നത്.
ഇംഗ്ലീഷുകാരനായ ഡോക്‌ടർ ബിംഗിളും സുഹൃത്തായ ശങ്കുണ്ണിയും യാത്രയിലുടനീളം കൂടെയുണ്ടായിരുന്നുവെന്ന് കാണാം. ഇവരെ കൂടാതെ ചുമട്ടുകാരും സഹായികളുമൊക്കെയായി മുപ്പതോളം ആളുകളുണ്ടായിരുന്നുവെങ്കിലും മറ്റുള്ളവരുടെ പേർ വിവരങ്ങൾ ലഭ്യമല്ല. കൂടെയുണ്ടായിരുന്ന ചുമട്ടുകാരിൽ ചിലർ കോളറയും വസൂരിയും വന്ന് മരണപ്പെടുകയുണ്ടായി. ദുരിതപർവ്വമായിരുന്നു യാത്രയെങ്കിലും രാജാവിന്റെ ദിനചര്യകൾ മുടങ്ങാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നാട്ടുരാജാക്കന്മാരുടെ സത്രങ്ങളിലും സുരക്ഷിതയിടങ്ങളിലും രാത്രികാലങ്ങൾ കഴിച്ചു കൂട്ടി. പോകുന്ന വഴിയിലെ പ്രകൃതി കൗതുകവും ക്ഷേത്രങ്ങളും സന്ദർശിക്കാനും രാജാവ് സമയം കണ്ടെത്തി. ഓരോ ദിവസങ്ങളിലും കണ്ടുമുട്ടുന്ന പ്രത്യേകതകൾ രാജാവ് ഡയറി പോലെ എഴുതി സൂക്ഷിച്ചു.