ബിറ്റ്കോയിനും ക്രിപ്റ്റോ കറൻസിയും
(Bitcoin & Cryptocurrency)
‘എന്താണ് ബിറ്റ്കോയിൻ ?’ ഈ അടുത്ത കാലത്തായി ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ടൊരു ചോദ്യമാണിത്. എങ്ങനെ തിരയാതിരിക്കും 2013 ന്റെ തുടക്കത്തില്‍ ബിറ്റ്‌കോയിന്റെ മൂല്യം 14 ഡോളറിൽ നിന്നും വര്‍ഷാവസാനമെത്തും മുമ്പ് 800 ഡോളറിലേറെയായി വളര്‍ന്നു. ഇപ്പോൾ ഇതിനുള്ള മൂല്യം ഏകദേശം പത്ത് ലക്ഷം രൂപയിൽ കൂടുതൽ വരും..!! കൂടുതല്‍ കൂടുതലാളുകള്‍ ഇതിനേ തേടിയെത്തുന്നത് കൊണ്ടാണ് ഇതെന്നു വ്യക്തം. ക്രിപ്റ്റോ കറൻസികളെ കുറച്ചു മനസ്സിലാക്കാൻ ക്രിപ്‌റ്റോഗ്രാഫിയിലും പീര്‍ ടു പീര്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രവര്‍ത്തനത്തിലുമുള്ള സാമാന്യ ധാരണയെങ്കിലും നമുക്ക് ആവശ്യമാണ്. ക്രിപ്‌റ്റോകറൻസി (Cryptocurrency) എന്നാൽ ഗോപ്യഭാഷാ സാങ്കേതികവിദ്യയായ ക്രിപ്‌റ്റോഗ്രാഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ് ഇതൊരു സാങ്കൽപ്പിക കറൻസിയാണ്. ഇടപാടുകൾ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങൾ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നാണയ വ്യവസ്ഥയുടെ അടിസ്ഥാനം.
സ്വർണ്ണം പോലെ ഏതൊരു ദ്രവ്യത്തിനും പകരമായി കറന്‍സി വാങ്ങുന്നത്, പണം മടക്കി കൊടുത്താല്‍, അതേ ദ്രവ്യമോ, അതിന്‍റെ തുല്യ മൂല്യമുള്ള മറ്റെന്തെങ്കിലുമോ, തിരിച്ചു തരും എന്നുള്ള പ്രതീക്ഷയിലാണ്. ദ്രവ്യം പിന്നില്‍ ഇല്ലാതെ പണം ഇല്ല. പണം കൊടുക്കുന്നയാളുടെ വീട്ടില്‍ ദ്രവ്യം എന്നെന്നും കാത്തുകൊള്ളണം എന്നുമില്ല. പക്ഷെ ചോദിക്കുമ്പോള്‍ തിരിച്ചു കൊടുക്കാനുള്ള പ്രാപ്തി അയാള്‍ക്ക് ഉണ്ടാവണമെന്നെങ്കിലും പ്രതീക്ഷിക്കാന്‍ വേണ്ടുന്ന സാഹചര്യം ഉണ്ടാകണം. ഇത്തരത്തിൽ ദ്രവ്യം പിന്നില്‍ ഇല്ലാതെ ഇറക്കുന്ന കറന്‍സിയാണ് ക്രിപ്റ്റോ കറൻസി. കയ്യില്‍ ഒരു നുള്ള് സ്വര്‍ണ്ണമോ, എന്തെങ്കിലും അധികാരമോ, യാതൊന്നുമില്ലാത്ത ഒരുവനു പോലും, സാങ്കല്‍പ്പിക കറന്‍സിയുണ്ടാക്കാം. പക്ഷെ യാതൊന്നും പിന്നിലില്ലാത്ത ആരംഭാവസ്ഥയില്‍, മറ്റു കറന്‍സികളോടോ, ദ്രവ്യത്തിനോടോ, താരതമ്യം ചെയ്‌താല്‍, ഇതിന്‍റെ മൂല്യം പൂജ്യമായിരിക്കും. പിന്നീട് ഏതെങ്കിലും സാഹചര്യത്താല്‍, ദ്രവ്യമൂല്യം പിന്നില്‍ വന്നുറക്കുമ്പോഴായിരിക്കും സാങ്കല്‍പിക കറന്‍സിക്ക് വിലയുണ്ടാവുന്നത്. മൂല്യമില്ലാത്ത സമയത്തുപോലും, ഒരു ചൂതാട്ടം എന്നുള്ള നിലയില്‍, ഊഹവില കൊടുത്തോ, മറ്റുള്ളവരുടെ പ്രേരണയാലോ, ചിലര്‍ ഈ കറന്‍സി വിലകൊടുത്തു കൈക്കലാക്കുന്നതോടെ, ഇതിനു പിന്നില്‍ ദ്രവ്യമൂല്യം വന്നുറക്കാന്‍ തുടങ്ങും. പില്‍ക്കാലങ്ങളില്‍ ആ മൂല്യം കൂടിയോ, കുറഞ്ഞോ, ഒക്കെയിരിക്കും. ചിലപ്പോള്‍ വീണ്ടും പൂജ്യത്തിലുമെത്തും. ദ്രവ്യം, അദ്ധ്വാനം, ഇവ കൊടുത്തു ഞാന്‍ വാങ്ങിയ സാങ്കല്‍പ്പിക കറന്‍സി കൈമാറിയാല്‍, ഏതാണ്ട് അതേ മൂല്യമുള്ള വസ്തുക്കള്‍; ഒരുപക്ഷെ അതിനേക്കാള്‍ കൂടിയ മൂല്യമുള്ളവ; എനിക്ക് പകരം കിട്ടും, എന്നുള്ള ധാരണയാണ് സാങ്കല്‍പിക കറന്‍സിയുടെ അടിസ്ഥാനം.
ഇരുനൂറോളം വരുന്ന ക്രിപ്റ്റോ കറന്‍സികള്‍ ഇന്ന് ലോകത്തില്‍ പ്രചാരത്തിലുണ്ട്. ബിറ്റ്‌കോയിന്‍,ലൈറ്റ് കോയിൻ, ഡാഷ് കോയിൻ, ഇതീറിയം... തുടങ്ങിയവയാണ് ക്രിപ്റ്റോ കറന്‍സികൾക്ക് ഉദാഹരണം. ബിറ്റ്കോയിൻ (Bitcoin) ആയിരുന്നു ആദ്യത്തെ വികേന്ദ്രീയ ക്രിപ്റ്റോ കറൻസി. പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ക്രിപ്റ്റോ കറൻസിയാണ് ബിറ്റ്കോയിൻ. ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്. ഇത് ലോഹനിർമ്മിതമായ നാണയമോ കടലാസ്നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്. 2008ല്‍ സതോഷി നകാമോട്ടോ എന്ന പേരില്‍ ഒരു അജ്ഞാതന്‍ ആണ് ആദ്യമായി ബിറ്റ്‌കോയിന്‍റെ ആശയം അവതരിപ്പിച്ചത്. ഇത് ഒരു വ്യക്തിയാണോ, അതോ ഒരുകൂട്ടം ആളുകളാണോ, അതോ ഏതെങ്കിലും രാജ്യത്തെ ഗവണ്‍മെന്‍റ് തന്നെയാണോ എന്നൊന്നും വ്യക്തമല്ല. ബിറ്റ്കോയിൻ ഇല്ലുമിനാറ്റിയുടെ സൃഷ്ടി ആണെന്ന വാദവും നിലനിൽക്കുന്നുണ്ട്.
ബിറ്റ്‌കോയിന്‍ നെറ്റ്വര്‍ക്ക് നിലവില്‍ വന്നപ്പോൾ പിയര്‍ - ടു - പിയര്‍ ഇലക്ട്രോണിക് കാഷ് സിസ്റ്റമായാണ് അവതരിപ്പിച്ചത്. ആദ്യത്തെ 23 വര്‍ഷങ്ങളില്‍ സതോഷി നകാമോട്ടോ അതിന്‍റെ സോഫ്‌റ്റ്വെയര്‍ നിര്‍മ്മാണത്തിലും ഫോറങ്ങളിലും സജീവമായിരുന്നെങ്കിലും, പിന്നീട് പിന്‍വലിയുകയാണുണ്ടായതത്രെ. ഫോർബ്സ് ബിസിനസ്സ് മാഗസിനിൽ, ടിം വോർസ്റ്റാൾ അദ്ദേഹത്തിന്റെ ഏകദേശരൂപം പറഞ്ഞു തന്നപ്പോൾ, ആ നകാമോട്ടൊയെ കുറിച്ച് ചില ഊഹങ്ങളുണ്ടായി. ഷിനിചി മൊചിസുകി എന്ന, ജപ്പാനിലെ സാമ്പത്തിക ശാസ്ത്രജ്ഞനാവാം ബിറ്റ്കോയിന്‍ ഉണ്ടാക്കിയതെന്നും ആസൂത്രണവും നിയമാവലിയും രൂപപെടുത്തി, അത് ലോകത്തിന് സതോഷി നകാമൊട്ടൊ എന്ന സങ്കല്പ നാമത്തിലൂടെ നൽകുകയുമായിരിക്കാം അദ്ദേഹം ചെയ്തത് എന്നുമാണത്. പക്ഷെ നക്കാമോട്ടോ ഏത് നാട്ടുകാരനാണെന്ന കാര്യത്തില്‍ പോലും ചില സംശയങ്ങള്‍ നിലനില്‍ക്കുന്നു. പേരുകൊണ്ടും സാഹചര്യം കൊണ്ടും ജപ്പാന്‍കാരനാണെങ്കിലും, കക്ഷിയുടെ ഈമെയില്‍ അഡ്രസ്സ് തപ്പിയാല്‍ ഒരു ജര്‍മ്മന്‍കാരനാണെന്നു തോന്നുമത്രേ.
ഏതായാലും 2008 നവംബര്‍ 1 ന് സതോഷി നക്കാമോട്ടോ എന്ന അജ്ഞാതനായ ഒരു നെറ്റിസണ്‍ പോസ്റ്റ് ചെയ്ത റിസര്‍ച്ച് പേപ്പര്‍ ഇങ്ങനെയൊക്കെ രൂപാന്തരപ്പെടും എന്ന് അയാള്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല എന്ന് തീര്‍ച്ച. 2016 മേയിൽ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്ദനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ശരാശരി 25 കോയിനുകള്‍ 10 മിനിറ്റില്‍ മൈന്‍ ചെയ്യപ്പെടുന്നു, അഥവാ പുറത്തിറക്കുന്നു. എന്നാല്‍ ‘പണപ്പെരുപ്പം’ ഉണ്ടാകാതിരിക്കാന്‍, കോയിനുകളുടെ ഉത്പാദനം നിയന്ത്രിക്കാന്‍, ഒരു സംവിധാനവുമുണ്ട്. ഖനനം ചെയ്ത് ഖനനം ചെയ്ത് എത്രയും നാണയങ്ങള്‍ കൈവശപ്പെടുത്താമെന്ന ധാരണ വേണ്ട.സ്വര്‍ണ്ണഖനനവും പെട്രോളിയം ഖനനനവുമെല്ലാം ഒരുകാലത്ത് നിലച്ചു പോകുമെന്ന് നമുക്കറിയാം, പക്ഷേ അത് എപ്പോഴെന്ന് കൃത്യമായി അറിയില്ല. ഇനി എത്ര സ്വര്‍ണ്ണം കുഴിച്ചെടുക്കാനാകുമെന്നും വ്യക്തമല്ല. പക്ഷേ ബിറ്റ് കോയിനിന്റെ കാര്യത്തില്‍ ഈ കണക്കിനു കൃത്യതയുണ്ട്. ബിറ്റ്കോയിന്റെ ഉപജ്ഞാതാക്കൾ 2.10 കോടി ബിറ്റ്കോയിനുകളാണ് സൃഷ്ടിച്ചത്. ഇവ ഇരുപത് വർഷം കൊണ്ടു പൂർണ്ണമായും ലഭ്യമാക്കുകയും പിന്നീട് പുതിയവ കിട്ടുകയുമില്ലെന്ന് അവർ പറഞ്ഞിരുന്നു. നിലവിലുള്ള ബിറ്റ്കോയിനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമേ പിന്നീട് നടക്കുകയുള്ളൂ.
സാധാരണ കറൻസികളുടെ മൂല്യം എപ്പോൾ വേണമെങ്കിലും ഇടിയാൻ സാധ്യതയുള്ളപ്പോൾ ബിറ്റ്കോയിന് ആ ഭീഷണിയില്ല. കാരണം അവയുടെ എണ്ണം കൂടുന്നില്ല. സാധാരണ കറൻസി എത്ര വേണമെങ്കിലും അച്ചടിച്ചിറക്കി മൂല്യം കുറയ്ക്കുവാൻ കേന്ദ്രബാങ്കുകൾക്കു സാധിക്കും. ആകെയുള്ള ഇത്രയും കോയിനുകളില്‍, ഏതാണ്ട് 100 ലക്ഷത്തിലധികം, ഇതിനകമേ പ്രചാരത്തിലായിക്കഴിഞ്ഞു. നിലവിലുള്ള ഉത്പാദനം, 4 വര്‍ഷം കൂടുമ്പോള്‍ പകുതിയാകും. അതായത് 10 മിനിറ്റില്‍ 12.5 കോയിനുകളേ, മൈന്‍ ചെയ്യാനാവൂ. 2140 ല്‍ ഏകദേശം 2.10 കോടി കോയിനുകള്‍ ആകുമ്പോള്‍, മൈനിങ്ങ് നിഷ്ഫലമാകും. അതായത് 2.10 കോടി ബിറ്റ്‌കോയിനുകള്‍ മാര്‍ക്കറ്റില്‍ എത്തുന്ന ദിവസം ബിറ്റ്‌കോയിന്‍ ഖനനം പൂര്‍ത്തിയാകുന്നു. ഇതിനായി 2140 വരെ കാത്തിരിക്കണം.
2009 ല്‍ ക്രിസ്റ്റഫര്‍ കോച്ച് എന്ന നോര്‍വ്വേക്കാരന്‍ എന്‍ക്രിപ്ഷനുമായി ബന്ധപ്പെട്ട ഒരു പ്രബന്ധം തയ്യാറാക്കുന്നതിനിടെ സാന്ദര്‍ഭികമായി ബിറ്റ്‌കോയിനെക്കുറിച്ച് മനസ്സിലാക്കുകയും ഒരു കൗതുകത്തിന് 5,000 ബിറ്റ് കോയിനുകള്‍ 27 ഡോളര്‍ മുടക്കി വാങ്ങി സൂക്ഷിക്കുകയും ചെയ്തു. ജോലി തേടിയുള്ള അലച്ചിലിനിടെ ബിറ്റ്‌കോയിന്‍ ഒരു തരംഗമായതൊന്നും, പിന്നീടുള്ള വര്‍ഷങ്ങളില്‍ അയാളുടെ ശ്രദ്ധയില്‍ പെട്ടില്ല. നാല് വർഷങ്ങൾക്കു ശേഷം അവിചാരിതമായി ബിറ്റ്‌കോയിനെക്കുറിച്ചുള്ള മാധ്യമറിപ്പോര്‍ട്ട് കണ്ട ക്രിസ്റ്റഫറിന്റെ കണ്ണ് തള്ളി. 27 ഡോളര്‍ മാത്രം മൂല്ല്യമൂണ്ടായിരുന്ന ബിറ്റ്‌കോയിന്‍ വെറും നാലുവര്‍ഷങ്ങള്‍ക്കകം ക്രിസ്റ്റഫറിനെ കോടിപതിയാക്കിയിരിക്കുന്നു. മറ്റേതെങ്കിലും കറന്‍സിക്ക് ഇത്തരമൊരു കഥ പറയാനുണ്ടാകില്ലെന്ന് തീർച്ച.
2008 ഇല്‍ ആദ്യം ഇറങ്ങുമ്പോള്‍, ഏതാനും സെന്‍റുകള്‍ മാത്രമായിരുന്നു ഇതിന്‍റെ മൂല്യം. ഇതിനിടെ അത്യധികം കയറ്റയിറക്കങ്ങള്‍ ബിറ്റ്കോയിന്റെ മൂല്യത്തിൽ ഉണ്ടായിട്ടുണ്ട്. അതിവേഗം പ്രചാരത്തിലായ ബിറ്റ്കോയിൻ 2013 ൽ ഉയർന്ന മൂല്യമുള്ള ക്രിപ്റ്റോ കറൻസിയായി തീർന്നു. ആക്കാലത്ത് ഒരു ബിറ്റ്കോയിന് 1000 ഡോളറിലേറെ മൂല്യമുണ്ടായിരുന്നു. ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിലൂടെയാണ് ഇവയുടെ വിപണനം നടത്തിയിരുന്നത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കും ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കേന്ദ്രബാങ്കുകളുടെ എതിർപ്പിനെ തുടർന്ന് ബിറ്റ്കോയിന്റെ വളർച്ചയ്ക്കു വേഗം കുറഞ്ഞു. മൂല്യം 1000 ഡോളറിൽ നിന്ന് പകുതിയായി കുറഞ്ഞു 08/03/2017 അനുസരിച്ച് ഒരു ബിറ്റ് കോയിൻ 1212 യു.എസ് ഡോളറിന് തുല്യമാണ്. അങ്ങനെ തുടങ്ങി, ഇപ്പോള്‍ ഒരു ബില്യണ്‍ ഡോളറിനു തുല്യമായ ബിറ്റ്‌കോയിനുകള്‍ വരെ വിനിമയത്തിലുണ്ടത്രേ.
മൂന്നു വിധത്തില്‍ നമുക്ക് ബിറ്റ്‌കോയിന്‍ സ്വന്തമാക്കാൻ സാധിക്കും. അവ എങ്ങനെ എന്ന് നോക്കാം… നിങ്ങളുടെ കയ്യിലുള്ള കറന്‍സിയെ ബിറ്റ്‌കോയിനായി വിപണി വിലയില്‍ മാറ്റിയെടുക്കാം, വിദേശ കറന്‍സികള്‍ എക്‌ചേഞ്ച് ചെയ്യുന്നതുപോലെ. മറ്റൊന്ന് നിങ്ങളുടെ കൈവശമുള്ള എന്തെങ്കിലും വസ്തുക്കള്‍ക്കോ സേവനത്തിനോ പകരമായി ബിറ്റ്‌കോയിന്‍ സ്വീകരിക്കാം. അതുമല്ലെങ്കില്‍ ഒരു ബിറ്റ്‌കോയിന്‍ ഖനി തൊഴിലാളിയോ മുതലാളിയോ ആയി ഖനനം ചെയ്തും എടുക്കാം. “ഖനനമോ ?” ഇത് എന്താ വജ്രമാണോ കുഴിച്ചെടുക്കാൻ എന്നായിരിക്കും അടുത്ത ചോദ്യം.., ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിന്നായി നമുക്കൊരു ഉദാഹരണത്തിലെക്ക് കടക്കാം... ഒരു കൈമാറ്റം നടന്നതിനു ശേഷം എവിടെയെല്ലാം എത്രയെല്ലാം നാണയങ്ങള്‍ ഉണ്ടെന്ന് അറിയാനായി ഈ ഇടപാടുകളുടെ കണക്ക് സൂക്ഷിക്കണം. എല്ലാത്തിനും ഒരു കണക്ക് വേണ്ടേ?, അതിനായി വലിയൊരു കണക്കു പുസ്തകമുണ്ട്. എല്ലാ ഇടപാടുകളും രേഖപ്പെടുത്തി വെച്ചിട്ടുള്ള വളരെ വിശാലമായ ഒരു തുറന്ന പുസ്തകം.
ആ പുസ്തകം ആര്‍ക്കും പരിശോധിക്കാം. പുസ്തകം തുറന്നതാണെങ്കിലും കൃത്യമായ പേജ് നമ്പറുകള്‍ ഇട്ടിട്ടുണ്ട്. പേജുകള്‍ കീറിക്കളയാനോ പഴയ കണക്കുകളില്‍ വെട്ടലും തിരുത്തലും നടത്താനോ സാധ്യമല്ല. ഒരു വിനിമയം നടന്നു കഴിഞ്ഞാല്‍ അത് കണക്കു പുസ്തകത്തില്‍ രേഖപ്പെടുത്താന്‍ പത്തു മിനിറ്റെടുക്കും. മാത്രവുമല്ല ഒന്നിലധികം കണക്കപ്പിള്ളമാര്‍ രേഖപ്പെടുത്തിയ കണക്ക് ശരിയാണോ എന്ന് സാക്ഷ്യപ്പെടുത്തുകയും വേണം. ഇവിടെ കണക്ക് പുസ്തകം ബ്ലോക്ക് ചെയ്ന്‍ എന്നറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ ലഡ്ജറും, കണക്കപ്പിള്ളമാര്‍ ബിറ്റ്‌കോയിന്‍ മൈനേഴ്‌സും, കണക്കെഴുത്ത് ബിറ്റ്‌കോയിന്‍ മൈനിങ്ങുമാണ്. അതായത് ബ്ലോക്ക് ചെയിനിലേക്ക് ഇടപാടുകള്‍ രേഖപ്പെടുത്തുന്നതാണ് ബിറ്റ്‌കോയിന്‍ മൈനിങ്. തുറന്ന പുസ്തകമല്ലേ കയ്യാങ്കളികള്‍ക്കുള്ള സാധ്യതകള്‍ ഒഴിവാക്കണമല്ലോ. ഇത്ര സങ്കീര്‍ണ്ണമായ ഈ കണക്കുപുസ്തകം പരിപാലിക്കാന്‍ ഒരു കണക്കപ്പിള്ള വേണ്ടേ..?, തുറന്ന കണക്കു പുസ്തകമായതിനാല്‍ സത്യസന്ധമായി ആര്‍ക്കും കണക്കെഴുത്ത് നടത്താം. വെറുതേ വേണ്ട, പ്രതിഫലമുണ്ട്. ശരിയായ രീതിയില്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയ ഓരോ കണക്കിനും നിശ്ചിത എണ്ണം നാണയങ്ങള്‍ നമുക്ക് പ്രതിഫലമായി ലഭിക്കും. കണക്കെഴുത്ത് അതികഠിനമായ ജോലിയാണെങ്കിലും, കണക്ക് ശരിയാണോ എന്നു പരിശോധിക്കുന്നത് വളരെ ലളിതമാണ്. ഇത്തരത്തില്‍ ഇടപാടുകള്‍ രേഖപ്പെടുത്തുമ്പോള്‍ രണ്ടുതരത്തില്‍ പ്രതിഫലം സ്വീകരിക്കാം. ഒന്ന് ഇടപാടുകള്‍ പെട്ടന്ന് കണക്കില്‍ കൊള്ളിച്ചുകിട്ടാന്‍ നല്‍കുന്ന ഇടപാടുകാര്‍ നല്‍കുന്ന കമ്മീഷന്‍. രണ്ട് ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിനിലേക്ക് ഒരു പുതിയ ബ്ലോക്ക് കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ ബിറ്റ്‌കോയിന്‍ സംവിധാനം സൃഷ്ടിക്കുന്ന കോയിനുകള്‍. ബിറ്റ്‌കോയിനുകളെക്കുറിച്ച് പറയുമ്പോള്‍ ഒരുപക്ഷേ ഏറ്റവുമധികം ആശയക്കുഴപ്പമുണ്ടാക്കുന്ന സംഗതി ബിറ്റ്‌കോയിന്‍ ഖനനം അഥവാ ബിറ്റ്‌കോയിന്‍ മൈനിങ് ആയിരിക്കും. ഇപ്പോൾ അത് കുറച്ചുകൂടി വ്യക്തമായെന്ന് വിശ്വസിക്കുന്നു.
ബിറ്റ്കോയിന്റെ ഉപയോഗം ലളിതമാണ്. അത് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഏതെങ്കിലും ഒരു സൈറ്റിലൂടെ ആവശ്യക്കാർ ഒരു ബിറ്റ്കോയിൻ വാലറ്റ് സ്വന്തമാക്കണം. അതിനു ശേഷം അവരുടെ ബാങ്കിൽ നിന്ന് പണം വാലറ്റിലേക്ക് മാറ്റി പിന്നീട് ബിറ്റ്കോയിൻ വാങ്ങാൻ ഉപയോഗിക്കാം. ബിറ്റ്കോയിനുകൾ വാലറ്റിലോ, കംപ്യൂട്ടറിലോ, മൊബൈൽ ഫോണിലോ, ശേഖരിച്ച് വയ്ക്കാം. ഇതുപയോഗിച്ച് പ്രത്യേക രീതിയിൽ സാധനങ്ങളും സേവനങ്ങളും വാങ്ങാമെങ്കിലും സാധാരണ കറൻസി പോലെ ഉപയോഗിക്കാവുന്നതല്ല. ആഗോളാടിസ്ഥാനത്തിൽ ഒരു ദിവസം ഇതിലൂടെ 25000 കോടി രൂപയുടെ വ്യാപാരം നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ചെറിയ ഇടപാടുകള്‍ക്കായി മില്ലി ബിറ്റ്കോയിൻ (mBTC), മൈക്രോ ബിറ്റ്‌കോയിൻ (µBTC) എന്നിവയുമുണ്ട്. ബിറ്റ്‌കോയിന്‍റെ പത്തുകോടിയില്‍ ഒരു ഭാഗം വരുന്ന ചെറിയ യൂണിറ്റുകളുമുണ്ട്. അവയ്ക്ക് ‘സതോഷി’ എന്നാണ് പേര്, നമ്മുടെ രൂപയും പൈസയും പോലെ.
ഒരു ബിറ്റ് കോയിന്‍ എന്നത് മറ്റാരുടെയും ഉടമസ്ഥതയിലല്ല, അസ്സല്‍ ഉരുപ്പടിയാണ് എന്ന് തിരിച്ചറിയാന്‍, പബ്ലിക്ക് കീ ക്രിപ്‌റ്റോഗ്രാഫി എന്നത് സഹായിക്കും. പക്ഷേ തന്റെ ഉടമസ്ഥതയിലുള്ള ഒരു ബിറ്റ് കോയിനെ നിയന്ത്രിക്കാന്‍ ഓരോ ഇടപാടുകാരനും ഒരു സ്വകാര്യതാക്കോലും ഇതോടൊപ്പം അനുവദിക്കും. എന്നു വെച്ചാല്‍ ഓരോ ഇടപാടുകാരനും രണ്ടു താക്കോല്‍ കിട്ടും. രണ്ടു പാസ്‌വേര്‍ഡുകള്‍ എന്നു കരുതിയാല്‍ മതി. സ്വകാര്യ താക്കോല്‍ നിങ്ങളുടെ ഇടപാടിനായി ഉപയോഗിക്കാവുന്ന പാസ്‌വേര്‍ഡ്. അതിനെ സുരക്ഷിതമായി സൂക്ഷിക്കേണ്ട കടമ നിങ്ങളുടേത്. പരസ്യത്താക്കോല്‍ ഉപയോഗിച്ച് ബിറ്റ്‌കോയിന്റെ വിശാലലോകം തുറന്നു കാണാം.
ആദ്യകാലങ്ങളില്‍ വളരെ ചുരുക്കം ഇടപാടുകാരെ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ കണക്കെഴുത്തും എളുപ്പമായിരുന്നു. പലപ്പോഴും ഒരാള്‍ക്ക് ഒറ്റയ്ക്ക് തന്നെ അത് സാധ്യമായിരുന്നു. കാലക്രമേണ ഇടപാടുകാരുടെ എണ്ണം കൂടിവന്നു. ഒന്നോ രണ്ടോ പേരെക്കൊണ്ട് കണക്കു കൂട്ടല്‍ ശരിയാകാതെയായി. അപ്പോള്‍ കൂടുതല്‍ പേര്‍ ഒന്നിച്ചിരുന്ന് കണക്കുകൂട്ടാന്‍ തുടങ്ങി. പക്ഷേ ശമ്പളത്തില്‍ വര്‍ദ്ധനവില്ല. അതിനാല്‍ കിട്ടുന്ന ശമ്പളം പണിക്കനുസരിച്ച് വീതിച്ചെടുക്കുകയായി. ഈ പ്രതിഫലം നല്‍കുന്നതാരാണ് എന്നു കൂടി അറിയണ്ടേ? അതിനായി ഇവിടെ നാണയം അടിച്ചിറക്കുന്ന ഒരു മെഷീന്‍ ഉണ്ട്. ആ യന്ത്രം വെറുതേയങ്ങു പ്രവര്‍ത്തിക്കുകയല്ല. കണക്കപ്പിള്ളമാര്‍ കണക്കുകൂട്ടാന്‍ ചെലവാക്കുന്ന ഊര്‍ജ്ജമാണ് നാണയ യന്ത്രത്തെ പ്രവര്‍ത്തിപ്പിക്കുന്നത്. കൂടുതല്‍ കൂടുതല്‍ നാണയങ്ങള്‍ പുറത്തു വരുന്നതോടെ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ഊര്‍ജ്ജത്തിന്റെ അളവും കൂടിക്കൂടി വരുന്ന രീതിയിലാണ് അതിന്റെ സജ്ജീകരണം. ബിറ്റ്‌കോയിനിന്റെ കാര്യത്തിലാകട്ടെ കേന്ദ്രീകൃത സുരക്ഷാനിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ദുഷ്ടലാക്കോടെയുള്ള ഇടപെടലുകളില്‍ നിന്നും ബിറ്റ്‌കോയിന്‍ ശൃംഖലയെ സംരക്ഷിക്കാന്‍ അതിശക്തമായ ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ഇതിനു നല്‍കേണ്ടുന്ന വിലയാണ് കമ്പ്യൂട്ടര്‍ വിഭവശേഷി. അങ്ങനെ അവസാന നാണയവും കുഴിച്ചെടുത്തു കഴിഞ്ഞാലോ? പിന്നെ ഈ നെറ്റ്വര്‍ക്ക് ചരമമടയുമോ? നെറ്റിസന്മാര്‍ക്ക് അതങ്ങനെ ഒഴിവാക്കി പോവാനാവുമോ? നെറ്റ് വര്‍ക്കിനെ തുടര്‍ന്നും നിലനിര്‍ത്താനായി അതില്‍ ഇടപെടുകയും ഇടപാടുകളുടെ കണക്ക് പരിശോധിക്കുകയും ചെയ്യുന്നതിനുള്ള കൂലി ട്രാന്‍സാക്ഷന്‍ ഫീസായി വീണ്ടും ഇക്കൂട്ടർക്ക് കിട്ടുമത്രെ. 2.10 കോടി ബിറ്റ് കോയിനുകളുടെ കൊടുക്കൽ വാങ്ങലുകളുടെ ആധികാരികത, കൃത്യത തുടങ്ങിയവ ഉറപ്പു വരുത്തുന്നതിനായി ഇങ്ങനെ കുറെ ആളുകളുടെ സേവനം തുടര്‍ന്നും നിലനിര്‍ത്തേണ്ടതല്ലേ?, പശു ചത്താലും മോരിലെ പുളി പോവില്ല എന്നു തന്നെ.
കള്ളപ്പണം വെളുപ്പിക്കാന്‍ ധാരാളമായി വിനിയോഗിക്കപ്പെടുന്നതിനാല്‍, ഇന്ത്യയില്‍ ബിറ്റ് കോയിന്‍ ഉപയോഗത്തിനെതിരെ റിസര്‍വ് ബാങ്ക് താക്കീത് നല്‍കിയുരുന്നു. ഇതേ തുടര്‍ന്ന് നിരവധി ബിറ്റ് കോയിന്‍ ഓപറേറ്റര്‍മാര്‍ ഇടപാട് നിര്‍ത്തിവക്കുകയുണ്ടായി. സൈബര്‍ സുരക്ഷാ പ്രശ്‌നം സംബന്ധിച്ചും റിസര്‍വ് ബാങ്ക് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ചൈനയിലും ബിറ്റ്കോയിൻ നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ റിസര്‍വ് ബാങ്കും ബിറ്റ്കോയിന്‍ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇന്‍റെര്‍നെറ്റ് വഴി ആളുകളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ കൈമാറ്റം ചെയ്യപ്പെടുന്ന ബിറ്റ്കോയിന്‍ എങ്ങനെ നിയന്ത്രിക്കുമെന്നതാണ് പ്രശ്നം. അമേരിക്കയിൽ ഇടപാടുകാരെ വെറുതെ വിട്ടെങ്കിലും, മൈനിങ്ങുകാരെ "മണി ലോണ്ടറിങ്ങ് ആക്റ്റ്" നിർവചനത്തിനുള്ളിലാക്കിയിട്ടുണ്ട്.
എപ്പോൾ വേണമെങ്കിലും തകരാവുന്ന ഒരു കുമിള ആയാണ് പല ധനതത്വശാസ്ത്രജ്ഞരും ക്രിപ്റ്റോ കറൻസികളെ കാണുന്നത്. ഏതെങ്കിലും കാലത്ത് ബിറ്റ്‌കോയിന്‍ അതിന്‍റെ ആത്യന്തിക മൂല്യമായ പൂജ്യത്തില്‍ എത്തിച്ചേരുമെന്ന് വിലയിരുത്തുന്ന സാമ്പത്തിക വിദഗ്ധരും ഏറെയുണ്ട്. ഇപ്പോഴത്തെ നിലയില്‍ അതിന് സാധ്യത വളരെ കുറവാണെങ്കില്‍ പോലും, തീര്‍ത്തും തള്ളി കളയാനാകില്ല. ബിറ്റ്കോയിൻ പുതിയ ലോകക്രമമാണ് അവതരിപ്പിക്കുന്നത്, അത് വികേന്ദ്രീകൃതമാണ്, എന്നുള്ള ന്യായങ്ങള്‍ യാതൊന്നും അതിനു മഹത്വം നല്‍കുന്നില്ല. ദ്രവ്യം പകരം നല്‍കിയാണ് നിങ്ങള്‍ കോയിന്‍ വാങ്ങുന്നത് അല്ലെങ്കില്‍, ആ കമ്പനിക്ക് പണിചെയ്തു കൊടുത്തതിന്‍റെ കൂലിയായിട്ടാണ്. അതൊരു ഊഹവിലയിലാണ് ആ വില നിലനിന്നേക്കില്ല, ചിലപ്പോള്‍ നിങ്ങളുടെ സമ്പത്ത് നഷ്ടമായേക്കാം. നിലവിലുള്ള കറൻസികൾക്ക് മിക്കവാറും തന്നെ ഈടായി സ്വർണ്ണശേഖരം, സർക്കാരും റിസർവ്വ് ബാങ്കുകളും സൂക്ഷിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഒരു ഈടും, ബിറ്റ്കോയിന്‍റെ കാര്യത്തിലില്ല എന്നതാണ് വലിയ അപകടം.
ഇന്‍റെര്‍നെറ്റില്‍ ഉള്ള മറ്റേത് ഡാറ്റയുടെയും കാര്യം പോലെ, സുരക്ഷയാണ് ബിറ്റ് കോയിന്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടെങ്കിലും, ഇന്നും ഇത് പൂര്‍ണ്ണമായും സുരക്ഷിതമെന്ന് പറയാനാകില്ല. ലോകത്തെ ഏറ്റവും വലിയ ബിറ്റ്‍കോയിന്‍ എക്സ്ചേഞ്ച് ആയ, മറ്റ്ഗോക്സ് (Mt.Gox) വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതും, 8,50,000ത്തോളം ബിറ്റ്കോയിനുകള്‍ നഷ്ടപ്പെട്ടതും, ബിറ്റ്കോയിന്‍ ലോകത്തെ പിടിച്ചു കുലുക്കിയ വാര്‍ത്തയാണ്. അപ്പോള്‍ പിന്നെ സാധാരാണ ഉപഭോക്താക്കളുടെ കാര്യം പറയണോ..?, ബിറ്റ് കോയിനുകള്‍ നമ്മുടെ ബിറ്റ്കോയിൻ വാലറ്റിലാണ് സൂക്ഷിക്കുന്നത്. യൂ ടോറന്റ്, ബിറ്റ് ടോറന്റ് തുടങ്ങിയ അപ്ലിക്കേഷനുകളെപ്പോലെ പീര്‍ ടു പീര്‍ പ്രോട്ടോക്കോളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സൗജന്യ സ്വതന്ത്ര സോഫ്റ്റ്‌വേറാണ് ബിറ്റ്‌കോയിന്‍ അപ്ലിക്കേഷന്‍. വിന്‍ഡോസ്, ലിനക്‌സ്, മാക്ക്, ബ്ലാക്ക്‌ബെറി, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ബിറ്റ്‌കോയിന്‍ സോഫ്റ്റ്‌വേറുകള്‍ ലഭ്യമാണ്. ബിറ്റ്‌കോയിനുകള്‍ സുരക്ഷിതമായി സൂക്ഷിച്ചുവെയ്ക്കുന്ന പണസഞ്ചിയാണ് ബിറ്റ്‌കോയിന്‍ വാലറ്റ് എന്നപേരില്‍ അറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ സോഫ്റ്റ്‌വേറുകള്‍. ഓരോ പണസഞ്ചിക്കും ഈമെയില്‍ പോലെ തനതായ ഒരു വിലാസം ഉണ്ടായിരിക്കും. ഈ വിലാസത്തിലേക്ക് മറ്റു ബിറ്റ്‌കോയിന്‍ ഉപഭോക്താക്കള്‍ക്ക് പണം അയയ്ക്കാം. ഈമെയില്‍ അക്കൗണ്ടിനെപ്പോലെ തന്നെ പാസ്‌വേഡ് ബിറ്റ്‌കോയിന്‍ വാലറ്റ് ഉടമയ്ക്ക് സ്വന്തം. സോഫ്റ്റ്‌വേര്‍ വാലറ്റ്, മൊബൈല്‍ വാലറ്റ്, വെബ് വാലറ്റ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള ബിറ്റ്‌കോയിന്‍ വാലറ്റുകളാണ് നിലവിലുള്ളത്.
സോഫ്റ്റ്‌വെയര്‍ വാലറ്റുകള്‍ വിന്‍ഡോസ്, മാക്, ലിനക്‌സ് തുടങ്ങിയ ഡസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാവുന്നതും, മൊബൈല്‍ വാലറ്റുകള്‍ ആന്‍ഡ്രോയ്ഡ്, ബ്ലാക്ക്‌ബെറി തുടങ്ങിയ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നതുമാണ്. ക്യു ആര്‍ കോഡ്, എന്‍ എഫ് സി സാങ്കേതികവിദ്യകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ മൊബൈല്‍ വാലറ്റുകള്‍ ഇപ്പോള്‍ കൂടുതല്‍ പ്രചാരത്തിലുണ്ട്. മൂന്നാംകക്ഷികള്‍ ഹോസ്റ്റ് ചെയ്തിരിയ്ക്കുന്ന വെബ്‌സൈറ്റ് അപ്ലിക്കേഷനുകള്‍ മൊബൈല്‍ വാലറ്റുകളായി പ്രവര്‍ത്തിക്കുന്നു. നാം ഗൂഗിള്‍ , യാഹൂ തുടങ്ങിയവ നല്‍കുന്ന സൗജന്യ ഈമെയില്‍ സേവനം ഉപയോഗിക്കുന്നതുപോലെ വെബ്ബ് അടിസ്ഥാനത്തിലുള്ള ബിറ്റ്‌കോയിന്‍ വാലറ്റ് സേവനങ്ങള്‍ നല്‍കുന്ന വെബ് സൈറ്റുകളും ഉണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം വിശ്വസനീയതയാണ്. ബിറ്റ്‌കോയിന്‍ വാലറ്റ് നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കുക അസാധ്യം. വാലറ്റ് നഷ്ടമാവുകയോ പാസ്‌വേഡ് മറന്നുപോവുകയോ ചെയ്താല്‍ വാലറ്റിലെ പണവും നഷ്ടമാകും. പക്ഷേ ഇവിടെ നഷ്ടമായ ബിറ്റ്‌കോയിനുകള്‍ ഉടമസ്ഥന്റെ വാലറ്റ് കീ ഇല്ലാതെ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ് വ്യത്യാസം. ഇതിനു പുറമേ ഫുള്‍ ബിറ്റ്‌കോയിന്‍ ക്ലയന്റ് എന്നറിയപ്പെടുന്ന ബിറ്റ്‌കോയിന്‍ സോഫ്റ്റ്‌വേര്‍ ഡൗണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്കും ബിറ്റ്‌കോയിന്‍ ശൃംഖലയുടെ ഭാഗമാകാം. അതായത് മുഴുവന്‍ ബിറ്റ്‌കോയിന്‍ ബ്ലോക്ക് ചെയിനും നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും അവ തത്സമയം പുതുക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ടോറന്റ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മറ്റുള്ളവര്‍ക്കായി സീഡ് ചെയ്യുന്നതുപോലെയുള്ള ഒരു സേവനമാണ് ഇത്. ബിറ്റ്‌കോയിന്‍ നെറ്റ്‌വര്‍ക്കിന്റെ നിലനില്‍പ്പിന് (വിനിമയങ്ങള്‍ പരിശോധിക്കുന്നതിനും പുതുക്കുന്നതിനും) ഇത്തരം ഫുള്‍ ബിറ്റ്‌കോയിന്‍ ക്ലയന്റുകള്‍ അത്യാവശ്യമാണ്.
ഇപ്പോള്‍ ആറൂ ഗിഗാ ബൈറ്റിലധികം വരും ബ്ലോക്ക് ചെയിന്‍ ഡാറ്റാബേസിന്റെ വലിപ്പം. ഇത് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റില്‍ നിന്നും ഇത്രയധികം ഡാറ്റ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ വിഷമിക്കുന്നവര്‍ക്കായി ഡാറ്റ ഡിവിഡി രൂപത്തിലും ലഭ്യമാണ്. ചെറിയ ഹാര്‍ഡ് വെയര്‍ തകറാറോ, വൈറസ് അറ്റാക്കോ പോലും, ഉപഭോക്താക്കളുടെ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെടുന്നതിലേക്ക് ചിലപ്പോൾ നയിച്ചേക്കാം. കൈമാറ്റം ചെയ്യുന്ന വ്യക്തികളുടെ യഥാര്‍ഥ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല എന്നതാണ്, ഇതിന്‍റെ ഏറ്റവും വലിയ ആകര്‍ഷണമെങ്കില്‍, മറ്റൊരു വിധത്തില്‍, അത് വലിയൊരു പോരായ്മ കൂടിയാണ്. അപരിചിതരുമായുള്ള ഇടപാടുകള്‍ സാഹസികമാണ്. മാത്രവുമല്ല; ഊരും, പേരും, ഇല്ലാത്ത ഉടമയും, ഇടപാടുകാരും, മാത്രമുള്ള ഈ നാണയ വ്യവസ്ഥ, കോടതികളില്‍ പോലും, വിലപ്പോയേക്കില്ല. നഷ്ടം വന്നവന്‍ ഒറ്റപ്പെട്ടവനാകും. പ്രോബ്ലം സോള്‍വിങ്ങും, കോയിനുകള്‍ സ്വന്തമാക്കുന്നതും, രസകരമായ വിനോദമായി കണ്ട പല ടെക്കികളും പണം മുടക്കാതെ ആരംഭം മുതൽ തന്നെ ബിറ്റ്കോയിന്‍ സമ്പാദിക്കുന്നുണ്ട് എന്നതും സത്യമാണ്. ബിറ്റ്‌കോയിൻ നാണയമോ നോട്ടോ അല്ലാത്തത് കൊണ്ട് കള്ളനോട്ട് ഇറങ്ങും എന്ന് പേടിക്കേണ്ട. ബിറ്റ്‌കോയിന്‍ ഇടപാടുകളെല്ലാം അതീവ രഹസ്യമായാണ് നടക്കുക. അതുകൊണ്ടുതന്നെ ഈ രഹസ്യ ഇടപാടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതാര് എന്ന് കണ്ടെത്തുക വിഷമമാണ്. പണം വെളുപ്പിക്കുന്ന വമ്പന്മാരും, ആയുധക്കച്ചവടക്കാരും മയക്കുമരുന്നിടപാടുകാരുമൊക്കെ ബിറ്റ്‌കോയിന്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ എങ്ങനെയൊണ് അതില്‍ ഇടപെടുക എന്നത് ഒരു വലിയ ചോദ്യമായിരുന്നു. കൂടിപ്പോയാൽ ഏതു കമ്പ്യൂട്ടറാണ് ബിറ്റ്‌കോയിന്‍ ഉല്പാദിപ്പിച്ചെടുത്തത് എന്നു കണ്ടെത്താനാവും അത്രതന്നെ, പക്ഷേ അതിനെയും മറികടക്കാനാവുന്ന സോഫ്റ്റ് വെയറുകള്‍ ഇപ്പോൾ നിലവിലുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈ ബിറ്റ്കോയിൻ ഒരു കറന്‍സി തന്നെയാണോ..?, കറന്‍സിയാണ് എന്നു പറഞ്ഞാല്‍ അത് അത്രകണ്ട് ശരിയാവുകയുമില്ല. ഒരു കേന്ദ്ര ബാങ്കിന്റെയും അംഗീകാരമോ നിയന്ത്രണമോ ഇല്ലാതെ ബിറ്റ്‌കോയിന്‍ വന്‍കരകളായ വന്‍കരകളില്‍, രാഷ്ട്രങ്ങളായ രാഷ്ട്രങ്ങളിലാകെ തേരോട്ടം നടത്തുന്നു, നിക്ഷേപകരുടെ വിശ്വാസം നേടുന്നു. ഇത്തരമൊരവസ്ഥയിലാണ് പോള്‍ ക്രൂഗ്മാനെപ്പോലൊരാള്‍ ”ബിറ്റ്‌കോയിന്‍ തിന്മയാണ്” എന്ന് പ്രഖ്യാപിക്കുന്നത്. എവിടെ നിന്നാണ് ഈ കോയിന് മൂല്യം വന്നു ചേരുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. വെറുമൊരു കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ പ്രയോഗത്തിന് എങ്ങനെയാണ് ഇങ്ങനെയൊക്കെ പ്രചാരം നേടാനാവുന്നതും അതിന് മൂല്യമുണ്ടാവുന്നതും? എന്തുകൊണ്ടാണ് ബിറ്റ്‌കോയിനു ഇത്ര മൂല്യം..?
ബിറ്റ്‌കോയിനുകളുടെ അടിസ്ഥാനമൂല്യം കമ്പ്യൂട്ടര്‍ കണക്കുകൂട്ടലുകള്‍ക്കാവശ്യമായ വൈദ്യുതിയുടെ വിലയുമായി പ്രത്യക്ഷത്തില്‍ തന്നെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും, അതല്ല എന്നതാണ് വാസ്തവം. ബിറ്റ്‌കോയിനുകളുടെ ലഭ്യത നിയന്ത്രിക്കാനുള്ള ഒരു സംവിധാനവും ബിറ്റ്‌കോയിന്‍ സിസ്റ്റം മുഴുവനായും സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് അതിസങ്കീര്‍ണ്ണമായ ക്രിപ്‌റ്റോഗ്രാഫിക് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നത്. ഒരു ഒറ്റരൂപാ നാണയത്തിന്റെ നിര്‍മ്മാണച്ചിലവ് അതിന്റെ മൂല്യത്തേക്കാള്‍ എത്രയോ കൂടുതലായിരിക്കും. ഒരു വസ്തുവിന്റെ ലഭ്യതക്കുറവ് അതിന്റെ വിപണി മൂല്യത്തെ സ്വാധീനിക്കാമെങ്കിലും അതിന്റെ സ്വീകാര്യതയും ഉപയോഗവുമാണ് യഥാര്‍ത്ഥത്തില്‍ അതിന്റെ വില നിശ്ചയിക്കുന്നത്. 2008 ല്‍ ഇങ്ങനെയൊരു നാണയത്തിന് രൂപകല്‍പ്പന ചെയ്ത സതോഷി നകാമോട്ടോ എന്ന അജ്ഞാതനായ തൂലികാനാമധാരി കരുതിയതിലും എത്രയോ മടങ്ങ് വ്യാപ്തിയാണ് അനേകായിരം ഗണിത ശാസ്ത്ര വിശാരദരായ സോഫ്റ്റ് വെയര്‍ സാക്ഷരര്‍ ഇന്ന് ബിറ്റ്‌കോയിന് നല്‍കിയിരിക്കുന്നത്. കേന്ദ്ര ബാങ്കുകളുടെയും മോണിറ്ററി അധികൃതരുടെയും ഉറക്കം കെടുത്തിക്കൊണ്ട്, അതങ്ങനെ വ്യാപിക്കുകയാണ്, അതെവിടെച്ചെന്ന് അവസാനിക്കുമെന്ന് ആര്‍ക്കും പറയാൻ കഴിയുകയില്ല.