എന്താണ് സമയം ??...സമയത്തെ കുറിച്ചുള്ള ചില ചിന്തകൾ...
ചോദ്യം : ഈ സമയം സ്ലോ ആവും എന്ന കോണ്സപ്റ്റ് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല... നമ്മൾ സമയത്തെ മനസ്സിലാക്കുന്നത് മൂന്നു രീതിയിൽ അല്ലേ ?
1) ഭൂമിയുടെ കറക്കവും സൂര്യനെ ചുറ്റുന്നതും നോക്കി.
2) ശരീരത്തിലും പ്രകൃതിയിലും നടക്കുന്ന ബയോളജിക്കൽ മാറ്റങ്ങളിലൂടെ.
3) ക്ലോക്ക് കറങ്ങുന്നത് നോക്കി.
സമയം പതുക്കെ ആകും എന്ന് പറയുമ്പോൾ ഇതിൽ ഏതിലാണ് മാറ്റം വരിക ??
ഉത്തരം : സമയം പതുക്കെ ആവുന്നു അല്ലെങ്കിൽ വേഗത്തിൽ ആവുന്നു എന്ന് പറയുന്നത് ആപേക്ഷികം ആണ്. നാം നിൽക്കുന്ന ഇടത്തിൽ സമയം സ്ലോ ആവുകയോ, ഫാസ്റ്റ് ആവുകയോ ചെയ്‌താൽ നമുക്ക് ഒരു തരത്തിലും അത് അനുഭവപ്പെടില്ല. കാരണം.. സമയം സ്ലോ ആവുമ്പോൾ അവിടെ ഉള്ള സകലതും സ്ലോ ആവുന്നു. നമ്മുടെ വികാരവിചാരങ്ങളും, ശാരീരിക പ്രവർത്തങ്ങളും, ക്ളോക്കും, ഒക്കെ സ്ലോ ആവുന്നു. സമയം സ്ലോ ആവുന്നത് നമ്മൾ മറ്റൊരിടത്തെ ഘടികാരവുമായി താരതമ്യം ചെയ്‌താൽ മാത്രമേ അറിയുവാൻ സാധിക്കൂ. ടൈം ഡയലേഷൻ എന്നാണ് ഇതിനു പറയുക.
ടൈം ഡയലേഷൻ 2 രീതിയിൽ സംഭവിക്കും.
1) വളരെ വേഗത്തിൽ സഞ്ചരിച്ചാൽ സമയം പതുക്കെ ആവും. ( ആപേക്ഷികം )
2) കൂടിയ ഗ്രാവിറ്റിയിൽ നിന്നാൽ സമയം പതുക്കെ ആവും. ( ആപേക്ഷികം )
മറ്റൊരിടവുമായി താരതമ്യത്തിൽ മാത്രമേ ടൈം ഡയലേഷൻ അറിയൂ എന്നതാണ് ഇവിടെ ആപേക്ഷികം എന്ന് പറഞ്ഞത്.
ചോദ്യം : ടൈം ഡയലേഷൻ സത്യമാണോ ?
ഉത്തരം : അതെ. ടൈം ഡയലേഷൻ പ്രതിഭാസം നമുക്ക് നമ്മുടെ ചുറ്റും കാണുവാൻ കഴിയും. പക്ഷെ വളരെ ചെറിയ അളവിലാണ് എന്ന് മാത്രം.
ഉദാ : നമ്മുടെ 'GPS സാറ്റലെറ്റ്. '
1) GPS സാറ്റലെറ്റ് ഭൂമിയുമായി 14,000 km/hour വേഗത്തിൽ നീങ്ങുന്നു. വേഗത കൂടുമ്പോൾ സമയം സ്ലോ ആവുന്നു എന്നതാണ് വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം പറയുന്നത്. ആ കാരണത്താൽ ദിവസവും GPS സാറ്റലെറ്റിലെ ക്ളോക്ക് 7 മൈക്രോ സെക്കന്റ് സ്ലോ ആവുന്നു !
2) GPS സാറ്റലെറ്റ് ഭൂമിയിൽ നിന്നും 20,000 കിലോമീറ്റർ ഉയരത്തിൽ ആണ്. ഗ്രാവിറ്റി കൂടുമ്പോൾ സമയം സ്ലോ ആവുകയും, ഗ്രാവിറ്റി കുറയുമ്പോൾ സമയം ഫാസ്റ്റ് ആവുകയും ചെയ്യുന്നു എന്നാണു സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പറയുന്നത്
GPS സാറ്റലെറ്റ് പോകുന്ന 20,000 കിലോമീറ്റർ ഉയരത്തിൽ ഭൂമിയുടെ ഗ്രാവിറ്റി കടൽ നിരപ്പിലെ ഗ്രാവിറ്റിയെക്കാൾ കുറവാണ്. ആ രീതിയിൽ 52 മൈക്രോ സെക്കന്റ് ഫാസ്റ്റ് ആവുന്നു ! . ഇവിടെ ഗ്രാവിറ്റി കുറഞ്ഞു. അതുകൊണ്ടാണ് ഫാസ്റ്റ് ആയത്. ഗ്രാവിറ്റി കൂടിയാൽ സമയം സ്ലോ ആവും. നമ്മൾ സ്ലോ, ഫാസ്റ്റ് എന്നൊക്കെ പറയുന്നത് ഭൂമിയിലെ നമ്മുടെ ക്ളോക്കിനെ അടിസ്ഥാനമാക്കി ആണ്.
അപ്പോൾ GPS സാറ്റലെറ്റ് നു വേഗത കാരണം 7 മൈക്രോ സെക്കന്റ് സ്ലോ വും, 52 മൈക്രോ സെക്കന്റ് ഫാസ്റ്റ് ഉം ആയി. അത് തമ്മിൽ കൂട്ടിയും കുറക്കുകയും ചെയ്‌താൽ മൊത്തം 52-7 = 45 മൈക്രോ സെക്കന്റ് ഫാസ്റ്റ് ആയി. ഒരു ദിവസത്തെ സമയ വിത്യാസം ആണ് ഈ പറയുന്ന 45 മൈക്രോ സെക്കന്റ്.
ചോദ്യം : 45 മൈക്രോ സെക്കന്റ് ഫാസ്റ്റ് എന്നത് വല്ല കാര്യവും ആണോ ?
ഉത്തരം : വളരെ കൃത്യതയുള്ള കാര്യങ്ങൾക്കാണെങ്കിൽ മൈക്രോ സെക്കന്റ് കാര്യമാവും. അതാണല്ലോ നമ്മൾ ഇത്ര കൃത്യമായി ഇത് കണക്കു കൂട്ടുന്നത്. ഈ 45 മൈക്രോ സെക്കന്റ് ഫാസ്റ്റ് ആകുന്നതു കാരണം GPS സാറ്റലെറ്റിൽ നിന്നും നമ്മുടെ മൊബൈലിലേക്ക് സിഗ്നൽ അയക്കുമ്പോൾ അതിൽ തെറ്റു വരുന്നു.
1 ദിവസം കഴിയുമ്പോൾ ഈ 45 മൈക്രോ സെക്കന്റ് ഫാസ്റ്റ് ആകുന്നതു കാരണം എത്ര ദൂരമാണ് മാറിപോകുന്നതെന്നു നോക്കാം.
ദൂരം = പ്രകാശത്തിന്റെ വേഗത x സമയം.
ദൂരം = 3 ലക്ഷം കിലോമീറ്റർ x 0.000045 sec = 13500 മീറ്റർ.
ഒരു ദിവസത്തെ സമയ വിത്യാസം കാരണം GPS വഴി നമ്മുടെ സ്ഥലം കാണിക്കുമ്പോൾ 13.5 കിലോമീറ്റർ വിത്യാസം ആണ് വരിക.
അപ്പോൾ 5 ദിവസത്തെ വ്യത്യാസം കണക്കാക്കിയാൽ എറണാകുളത്തെ എന്റെ വീട് GPS വഴി നോക്കിയാൽ തൃശൂർ ആവും കാണിക്കുക :D
ഇനി പറയു... 45 മൈക്രോ സെക്കന്റ് വിത്യാസം ഒരു പ്രശനം അല്ലെ ? ആണ് 45 മൈക്രോ സെക്കന്റ് വിത്യാസം ഒരു പ്രശനം തന്നെ ആണ്.
ചോദ്യം : ചന്ദ്രന്റെ ഗ്രാവിറ്റി ഭൂമിയെ അപേക്ഷിച്ചു വളരെ കുറവല്ലേ ?? അവിടെ ടൈം ഫാസ്റ്റ് ആകുമോ ??
ഉത്തരം : ചന്ദ്രനിൽ പോയാൽ ഗ്രാവിറ്റി കുറവ് കാരണം സമയം ഫാസ്റ്റ് ആവും. പക്ഷെ ചന്ദ്രൻ ഭൂമിക്കു ചുറ്റും വേഗത്തിൽ സഞ്ചരിക്കുന്നും ഉണ്ട്. അതുകൊണ്ട് സമയം സ്ലോയും ആവും. രണ്ടും കൂടി കൂട്ടിയും കുറച്ചും നോക്കിയാൽ ദിവസവും 0.1 മില്ലി സെക്കന്റ് ഫാസ്റ്റ് ആവും.
ചോദ്യം : പക്ഷെ സമയം സ്ലോ ആവുന്നത് എങ്ങനെ എന്ന് എനിക്ക് ഇപ്പോഴും മനസിലായില്ല...
ഉത്തരം : ശരി. ഞാൻ സിംപിൾ ആയി പറയാം. പക്ഷെ ഇത് ശാസ്ത്രീയം അല്ല. കാര്യം മനസിലാക്കുവാൻ വേണ്ടി മാത്രം പറയുന്നതാണ്.
നമ്മൾ എല്ലാം മെഷീനുകൾ പോലെ എന്ന് കരുതുക. നമ്മൾ നടക്കുന്നതും, ചിന്തിക്കുന്നതും, നമ്മുടെ കോശങ്ങൾ വളരുന്നതും എല്ലാം വാച്ചിലെ പോലെ ടിക്ക്.. ടിക്ക്.. സ്പന്ദനത്തിൽ ആണെന്നും കരുതുക. ഒരു ടിക്ക് നു 1 സെക്കന്റ് വച്ച്.
അപ്പോൾ ടിക്ക്---ടിക്ക്---ടിക്ക്---ടിക്ക്---ടിക്ക്--- എന്നാണ് അടിക്കുമ്പോൾ നമ്മൾ ഇപ്പോൾ ഉള്ള രീതിയിൽ നടക്കുന്നു, ചിന്തിക്കുന്നു, വളരുന്നു..
ഇനി ടിക്ക്------------------ടിക്ക്------------------ടിക്ക്------------------ടിക്ക്------------------ടിക്ക്------------------ എന്ന് സമയം സ്ലോ ആയാൽ നമ്മുടെ നടത്തവും, ചിന്തയും, വളർച്ചയും ഒക്കെ സ്ലോ ആവും.
ഇനി സമയം ടിക്ക്-ടിക്ക്-ടിക്ക്-ടിക്ക്- എന്ന് സ്പീഡ് ആയാൽ നമ്മുടെ നടത്തവും, ചിന്തയും, വളർച്ചയും ഒക്കെ ഫാസ്റ്റ് ആവും.
എല്ലാം സമയത്തെ അടിസ്ഥാനം ആക്കി ആണ്. അപ്പോൾ സമയം ടിക്ക് എന്നാണ് അടിച്ചു നിന്നുപോയാലോ ?? നമ്മളും നിൽക്കും. നമ്മുടെ ആലോചനയും, വളർച്ചയും ഒക്കെ നിൽക്കും. അതുകൊണ്ടുതന്നെ സമയം ഫാസ്റ്റ് ആയോ, സ്ലോ ആയോ, നിന്നോ എന്നൊന്നും നമുക്ക് അറിയുവാൻ സാധിക്കില്ല, മനസ്സിലായെന്ന് കരുതുന്നു.
ഇനി ചില രസകരമായ കാര്യങ്ങൾ..
( ഇത് ഒരു ബൗദ്ധീക ചിന്ത മാത്രം ആണ്. ശാസ്ത്രീയമായി തെളിഞ്ഞ കാര്യം അല്ല. )
നമ്മൾ ഓരോരുത്തരും ഇപ്പോൾ ഈ കാലത്തിൽ ആയിരിക്കില്ല ജീവിക്കുന്നത് !
X ഇപ്പോൾ 2020 ഇൽ ആയിരിക്കാം ജീവിക്കുന്നത്.. അല്ലെങ്കിൽ ചിന്തിക്കുന്നത്. അതുപോലെ Y ചിലപ്പോൾ 2010 ഇൽ ആയിരിക്കാം ജീവിക്കുന്നത്.
എന്നുവച്ചാൽ കാലമാകുന്ന പുസ്തകത്തിന്റെ സമയമാകുന്ന പേജുകളിൽ ! നാം ആ പേജിലെ ആളുകളെ കാണുന്നു, കമ്യൂണിക്കേറ്റ് ചെയ്യുന്നു. പക്ഷെ നിങ്ങളോരോരുത്തരുടേയും മനസു കാണുന്നത് മറ്റു പേജുകൾ ആവാം.
ഞാൻ ഇപ്പോൾ 2018 ജനുവരി-20 ഇൽ ആണ് ജീവിക്കുന്നതെന്ന് എനിക്കറിയാം. പക്ഷെ എപ്പോൾ വേണമെകിലും ഞാൻ കാലത്തിൽ മുന്നോട്ട് പോവുകയോ, പിന്നോട്ട് പോവുകയോ ചെയ്യാം. പക്ഷെ ഇപ്പോഴും എനിക്ക് കഴിഞ്ഞു പോയ കാലം മാത്രമേ ഓർക്കുവാൻ സാധിക്കൂ. എന്ന് വച്ചാൽ ഞാൻ ഇനി 2014 ലേക്ക് പോയാൽ ഞാൻ അല്ലെങ്കിൽ എന്റെ തലച്ചോറിൽ നിന്നും ഇപ്പോഴുള്ള മെമ്മറി ഒക്കെ മാഞ്ഞു പോകും. ചുരുക്കി പറഞ്ഞാൽ നമ്മളൊക്കെ ഒരു കാസറ്റ് ടേപ്പിൽ റെക്കോഡ് ചെയ്തു വച്ചിരിക്കുന്നപോലെ ചെയ്തുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ആണ്. ഭാവി, ഭൂതം, വർത്തമാന കാലങ്ങൾ ഒക്കെ ഇവിടെ ഉണ്ട്. അതുപോലെ സമയത്തിന്റെ വേഗതയും നമുക്ക് വിത്യസ്തമായാവും അനുഭവപ്പെടുക. എല്ലാം നമ്മുടെ മനസിന്റെ കാഴ്ചപ്പാട് മാത്രം. സമയം ഒരു മായ ആണ്.