ലോകത്തെ ഏറ്റവും വലിയ കപ്പലിന്റ കഥ


Seawise-gaint

ലോകത്തെ ഏറ്റവും വലിയ കപ്പലെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുക ടൈറ്റാനിക്കും, എംഎസ് ഹാര്‍മണിയും ഒക്കെയാകും. എന്നാല്‍ ഇത്തരം യാത്രക്കപ്പലുകളെ വലുപ്പത്തില്‍ എന്നും പിന്നിലാക്കിയിട്ടുണ്ട് ചരക്ക് കപ്പലുകള്‍. അതുകൊണ്ട് തന്നെ ലോകത്ത് ഇന്നേ വരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ കപ്പലേതെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. അത് ജപ്പാന്‍റെ ഉടമസ്ഥതയില്‍ നിര്‍മിക്കപ്പെട്ട സീ വൈസ് ജയന്‍റ് ആണ്. ടൈറ്റാനിക്കിന്‍റെ നീളം 882 അടിയും ഇന്നു നിലവിലുള്ള ഏറ്റവും വലിയ യാത്രാക്കപ്പലായ എംഎസ് ഹാര്‍മണിയുടെ നീളം 1188 അടിയും ആണെങ്കില്‍ സീ വൈസ് ജയന്‍റിന്‍റേത് 1500 അടിയായിരുന്നു.


1979 ല്‍ ജപ്പാനിലെ ഒപ്പാമാ തുറമുഖത്ത് നിന്നു തുടങ്ങി 2010ല്‍ ഗുജറാത്തിലെ അലാംഗ് തീരത്ത് യാത്ര അവസാനിപ്പിച്ച സീ വൈസ് ജയന്‍റ് ഇന്നും ലോകത്തെ ഏറ്റവും വലിയ കപ്പലായി തുടരുകയാണ്. ഏറ്റവും വലിയ കപ്പലാണെന്നത് മാത്രമല്ല 30 വര്‍ഷം നീണ്ട സേവനത്തിനിടയില്‍ സീ വൈസ് ജയന്‍റ് നേരിട്ട വെല്ലുവിളികള്‍ കൂടിയാണ് ഈ കപ്പിലെ ശ്രദ്ധേയമാക്കുന്നത്. ഒരു തവണ ബോബ് സ്ഫോടനത്തെയും മൂന്നു തവണ ചുഴലിക്കൊടുങ്കാറ്റിനെയും അതിജീവിച്ച സീ വൈസ് ജയന്‍റ് ഒരിക്കല്‍ കടലിന്‍റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയതാണ്. അവിടെ നിന്നു ഉയര്‍ത്തിയെടുത്ത ശേഷവും 21 വര്‍ഷം സീ വൈസ് സമുദ്രഭേദനം നടത്തി. ഇത്രയും കാലത്തിനിടയില്‍ അഞ്ചു തവണ പേരു മാറുക കൂടി ചെയ്തു എന്ന പ്രത്യേകതയും സീ വൈസ് ജയന്‍റിനുണ്ട്.


ആദ്യ ഉടമയ്ക്ക് തന്നെ ഉപേക്ഷിക്കേണ്ടി വന്ന കപ്പല്‍


ലോകത്തെ ഏറ്റവും വലിയ കപ്പലിന്‍റെ തുടക്കം തന്നെ അപശകുനത്തോടെയായിരുന്നു. 1979ല്‍ ഒരു ഗ്രീക്ക് വ്യവസായിക്ക് വേണ്ടിയാണ് ജപ്പാനിലെ ഒപ്പാമ കപ്പല്‍ശാല സൈ വൈസ് ജയന്‍റ് നിര്‍മിക്കുന്നത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായതിനൊപ്പം തന്നെ ഈ വ്യവസായി കടക്കെണിയിലായി. കപ്പല്‍ശാലയ്ക്ക് പണം നല്‍കാനില്ലാതെ വന്നതോടെ സീ വൈസ് ജയന്‍റ് ജനിച്ചത് തന്നെ അനാഥത്വത്തിലേക്കായിരുന്നു. പിന്നീട് രണ്ടു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു സീ വൈസ് ജയന്‍റിന് പുതിയ ഉടമകളെത്താന്‍.


ചൈനീസ് വ്യാപാരിയായ സി.വൈ തുംഗ് ആണ് 1981ല്‍ സീ വൈസ് ജയന്‍റിനെ ജാപ്പനീസ് നിര്‍മാതാക്കളില്‍ നിന്നു വാങ്ങുന്നത്. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ 1482 അടിയായിരുന്നു സീ വൈസ് ജയന്‍റിന്‍റെ നീളം. ഈ നീളത്തിലും ലോകത്തിലെ ഏറ്റവും വലിയ കപ്പലായിരുന്നു സീ വൈസ് എങ്കിലും തുംഗ് കപ്പലിന്‍റെ നീളം 18 അടി കൂടി വര്‍ദ്ധിപ്പിച്ചു. ഇതോടെ സീ വൈസിന്‍റെ വലുപ്പം 1500 അടി നീളവും 220 അടി വീതിയിലും എത്തി. തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ നിന്ന് അമേരിക്കയിലേക്ക് എണ്ണ കയറ്റുമതിക്കായി കപ്പല്‍ ഉപയോഗിക്കാനാരംഭിച്ചു. 1981 മുതല്‍ 88 വരെ എണ്ണക്കയറ്റുമതി നടത്തുന്നതിനിടയിലാണ് രണ്ടു ചുഴലിക്കൊടുങ്കാറ്റുകളെ കപ്പല്‍ അതിജീവിച്ചത്.


ഇറാഖിന്‍റെ ബോംബാക്രമണം


1988ല്‍ ഇറാനെതിരെ ഇറാഖിന്‍റെ അപ്രതീക്ഷിത ആക്രമണമുണ്ടായത് സീ വൈസ് ജയന്‍റിന്‍റെ കഥയില്‍ അടുത്ത നാടകീയ വഴിത്തിരിവിന് കാരണമായി. ഇറാന്‍ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന സീ വൈസ് ജയന്‍റിന് നേരെ ഇറാഖ് സൈന്യം ബോംബ് വര്‍ഷിച്ചു. ബോബാക്രമണത്തില്‍ സമ്പൂര്‍ണമായി കത്തി നശിച്ച കപ്പല്‍ ഇറാന്‍ തുറമുഖത്തിന്‍റെ അടിത്തട്ടിലേക്ക് ആഴ്ന്നു. ഇതോടെ ലോകത്തെ ഏറ്റവും വലിയ കപ്പലിന്‍റെ അവസാനവും ടൈറ്റാനിക്കിന്‍റേതെന്ന പോലെ ദുരന്തത്തില്‍ കലാശിച്ചെന്ന് ഏവരും വിധിയെഴുതി.


എന്നാല്‍ സീ വൈസ് ജയന്‍റിന്‍റെ ജാതകക്കുറിപ്പ് മറ്റൊന്നായിരുന്നു. കടലിന്‍റെ അടിത്തട്ടിലമര്‍ന്ന് ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും കപ്പൽ ഒരു നോര്‍വീജിയന്‍ കമ്പനി. തുച്ഛവിലക്ക് കപ്പല്‍ സ്വന്തമാക്കി. ഇവര്‍ കടലിന്‍റെ അടിത്തട്ടില്‍ നിന്ന് സീ വൈസിനെ പൊക്കിയെടുത്തു. തുടര്‍ന്ന് സിംഗപ്പൂരിലേക്ക് അറ്റകുറ്റപ്പണികള്‍ക്കയച്ചു. 3700 ടണ്‍ സ്റ്റീലാണ് ഈ അഴിച്ചു പണിയുടെ ഭാഗമായി സീ വൈസ് ജയന്‍റില്‍ നിന്നു മാറ്റി പുതിയത് സ്ഥാപിച്ചത്.


വീണ്ടും പേര് മാറ്റം


നോര്‍വീജിയന്‍ ഉടമകള്‍ സീ വൈസ് ജയന്‍റിന് ഹാപ്പി ജയന്‍റ് എന്ന പുതിയ പേര് നല്‍കി. 1991ൽ പുതിയ നാമം സ്വീകരിച്ച് ഹാപ്പി ജയന്‍റ് വീണ്ടും വിപണിയിലേക്കെത്തി. തുടര്‍ന്ന് കപ്പല്‍ വ്യവസായ ഭീമനായ ജോര്‍ഗന്‍ ജാഹ്റെ ഹാപ്പി ജയന്‍റിനെ 3 കോടി യൂറോയ്ക്ക് സ്വന്തമാക്കി. ഒപ്പം ഹാപ്പി ജയന്‍റിന് പുതിയൊരു പേരും ലഭിച്ചു, ജാഹ്റെ വിക്കിങ്. പിന്നീടുള്ള 10 വര്‍ഷക്കാലവും എണ്ണക്കയറ്റുമതി എന്ന പഴയ ജോലി തന്നെ ജാഹ്റെ വിക്കിങ് തുടര്‍ന്നു. വലുപ്പത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും കപ്പല്‍ ജീവനക്കാരുടെ എണ്ണത്തില്‍ മിക്ക കപ്പലുകളേക്കാള്‍ പിന്നിലായിരുന്നു ജാഹ്റെ വിക്കിങ്. 40 ജീവനക്കാര്‍ മാത്രമാണ് ഈ കൂറ്റന്‍ കപ്പല്‍ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത്.


വലുപ്പം ഭാരമായി മാറുന്നു


അസാധാരണ വലുപ്പമുണ്ടായിരുന്നു ജാഹ്റെ വിക്കിങ് പല തുറമുഖത്തും നങ്കൂരമിടുക അസാധ്യമായിരുന്നു. ഒപ്പം പനാമ കനാല്‍, സൂയസ് കനാല്‍, ഇംഗ്ലീഷ് കനാല്‍ എന്നിവിടങ്ങളിലൂടെ കടന്നുപോവുക തന്നെ ജാഹ്റെ വിക്കിങ്ങിന് അസാധ്യമായിരുന്നു. സാധ്യമായ ഭാരം മുഴുവന്‍ കയറ്റിയാല്‍ വെള്ളത്തിനടിയിലേക്ക് 80 അടി വരെ ആഴം ജാഹ്റെ വിക്കിങ്ങിന് ഉണ്ടായിരുന്നതാണ് ഇതിന് കാരണം. കൂടാതെ വമ്പിച്ച ഇന്ധനച്ചിലവും ജാഹ്റെ വിക്കിങ്ങിനെ പരിപാലിക്കുന്നത് അമിതഭാരം സൃഷ്ടിച്ചു. 2001ന് ശേഷം എണ്ണകയറ്റുമതിക്ക് പകരം മറ്റു പല വ്യാപാരങ്ങള്‍ക്കും ഈ കപ്പല്‍ ഉപയോഗിച്ച് തുടങ്ങി. 2004 ആയപ്പോഴേക്കും അമിത ചെലവ് മൂലം കപ്പല്‍ നോര്‍വേയിലെ തന്നെ ഫസ്റ്റ് ഓല്‍സണ്‍ ടാങ്കേഴ്സിന് വിറ്റു. ഇവിടെ വച്ച് ക്നോക് നേവിസ് എന്ന പേര് കപ്പലിന് ലഭിച്ചു.


ചരക്കു കടത്തുന്നത് അമിതചിലവായി വന്നതോടെ ഖത്തറിലെ ഒരു എണ്ണഖനിയില്‍ പെട്രോളിയം സൂക്ഷിക്കാനുള്ള സംഭരണിയായ ക്നോക് നേവിസ് ഉപയോഗിക്കാന്‍ തുടങ്ങി. പിന്നീട് വലിയ സംഭവ വികാസങ്ങളൊന്നും ക്നോക് നേവിസ് എന്ന സീ വൈസ് ജയന്‍റിന്‍റെ കടല്‍ജീവിതത്തില്‍ ഉണ്ടായില്ല. 6 വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി ക്നോക് നേവിസ് കടല്‍ യാത്ര നടത്തി. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഈ യാത്ര ക്നോക് നേവിസിന്‍റെ അവസാനയാത്രയായിരുന്നു.


കൂടുതല്‍ സംഭരണ ശേഷിയുള്ള ചെറുകപ്പലുകള്‍ നിര്‍മിക്കപ്പെടുന്ന ഈ കാലത്ത് ഇനിയൊരു സീ വൈസ് ജയന്‍റ് ഉണ്ടാകാനിടയില്ല. ഇത്ര വലിയ കപ്പല്‍ നിര്‍മിച്ചാലും അത് സംരക്ഷിക്കാനുള്ള ബാധ്യതയും, ചരക്ക് നീക്കത്തിന് അതുപയോഗിച്ചാലുണ്ടാകുന്ന പാഴ്ചിലവുമാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ലോകത്ത് തന്നെ നിര്‍മിക്കപ്പെട്ട ഏറ്റവും വലിയ കപ്പലായി സീവൈസ് ജയന്‍റ് എല്ലാ കാലത്തേക്കും തുടരാനാണ് സാധ്യത.

                                                        



Most Viewed Website Pages