ശരീരത്തിൽ ഒടിഞ്ഞ എല്ലുകൾ കൂടിച്ചേരുന്നതെങ്ങനെയെന്നറിയാമോ?




ഒടിഞ്ഞ എല്ലുകൾ കൂടിച്ചേരുന്ന പ്രക്രിയക്ക് പല ഘട്ടങ്ങൾ ഉണ്ട്.എല്ലൊടിയുമ്പോൾ ആ ഭാഗത്തു രക്തസ്രാവം ഉണ്ടാകുന്നു. ഒടിഞ്ഞു നീങ്ങിയ രണ്ടു കഷ്ണങ്ങൾക്കിടയിലുള്ള വിടവിൽ രക്തം കട്ട പിടിക്കുന്നു. അധികം വിട്ടുമാറാതെ രണ്ടു കഷണങ്ങളെയും പിടിച്ചു നിർത്താൻ കുറച്ചൊക്കെ ഈ രക്തക്കട്ട സഹായിക്കുന്നു. തുടർന്നു പൊട്ടിയ ഭാഗത്ത് എല്ലിനെ ആവരണം ചെയ്തിട്ടുളള പെരിയോസ്റ്റിയത്തിനുളള രക്തവാഹിനികൾ വിടവിലേക്കു വളരുന്നു. രക്തകോശങ്ങൾ വിടവിലുളള നശിച്ച കോശങ്ങൾ, രക്തക്കട്ട എന്നിവയെ പതുക്കെ നീക്കം ചെയ്യാനാരംഭിക്കുന്നു.

അതേസമയം പെരിയോസ്മിയത്തിലെ ഓസ്റ്റിയോബ്ലാസ്റ്റ് കോശങ്ങൾ (Osteoblast) കൊളാജൻ കലയും, പുതിയ അസ്ഥിയും നിക്ഷേപിക്കാൻ തുടങ്ങുന്നു. ക്രമേണ വിടവു മുഴുവൻ കൊളാജൻ, അസ്ഥി (bone), ഉപാസ്ഥി (cartilage) എന്നിവയെക്കൊണ്ട് നിറയുന്നു. ഇങ്ങനെ വിടവു നികത്താനായുണ്ടാകുന്ന കലയെ താൽക്കാലിക കാലസ് (Provisional callus) , എന്നു പറയും.

ചില മൃഗങ്ങളിൽ താൽക്കാലിക കാലസിൽ ഉപാസ്ഥിയാണ് കൂടുതലുണ്ടാകുക. മനുഷ്യനിൽ കൊളാജനും, അസ്ഥിയുമാണ് കൂടുതൽ.ഏതാനും ആഴ്ചകൾക്കുളളിൽ താൽക്കാലിക കാലസിലെ കൊളാജനും, ഉപാസ്ഥിക്കും മുകളിൽ അസ്ഥീകരണം (ossification) നടക്കുന്നു. അങ്ങനെ വിടവു മുഴുവൻ അസ്ഥിയാൽ നികത്തപ്പെടുന്നു. എന്നാൽ താൽക്കാലിക കാലസിലെ അസ്ഥിക്കു ബലം കുറവാണ്. എല്ലിൽ സാധാരണയുള്ള ക്രമത്തിലല്ല അവ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത് എന്നതാണ് കാരണം. കാലക്രമേണ താൽക്കാലിക കാലസിലെ അസ്ഥിയുടെ പുനർക്രമീകരണം (Remodelling) നടക്കുന്ന ഒരു വശത്ത് ഓസ്റ്റിയോക്ലാസ്റ്റുകൾ ( osteoclasts) എന്ന ബഹുന്യൂക്ലിയ കോശങ്ങൾ കാൽസീകൃത പദാർത്ഥങ്ങളെ വിഘടിപ്പിച്ച് അസ്ഥികലയെ മാറ്റുമ്പോൾ മറുവശത്ത് ഓസ്റ്റിയോബ്ലാസ്റ്റുകൾ ക്രമത്തിൽ പുതിയ അസ്ഥികല നിക്ഷേ പിക്കുന്നു.

എല്ലിന്റെ ഒടിഞ്ഞ അറ്റങ്ങൾ വല്ലാതെ മാറിപ്പോയിട്ടുണ്ടെങ്കിൽ കൂടിച്ചേരാൻ ബുദ്ധിമുട്ടുണ്ടാകും. ചിലപ്പോൾ വികൃതമായ രീതിയിലായിരിക്കും കൂടിച്ചേരുക. ഈ സന്ദർഭങ്ങളിൽ ഒടിഞ്ഞ അറ്റങ്ങൾ അടുപ്പിക്കുകയും പ്ലാസ്റ്ററോ, ആണിയോ, കമ്പിയോ മറ്റോഉപയോഗപ്പെടുത്തിക്കൊണ്ട് അതേപടി നില നിർത്തുകയും ചെയ്താൽ വേഗത്തിലും നല്ല രീതിയിലും അവ കൂടിച്ചേരും. മേൽ പറഞ്ഞ കര്യങ്ങൾ ഡോക്ടർമാർ ചെയ്യുന്നതാണ്.
                                                        



Most Viewed Website Pages