ക്ഷയമെന്നാല്‍ വെറും ചുമ മാത്രമല്ല

തലമുടിയും നഖവും പല്ലും ഒഴികെ ശരീരത്തിലെ ഏത് അവയവത്തെയും ക്ഷയരോഗം ബാധിക്കാം. മൈകോ ബാക്ടീരിയം ട്യൂബർക്യുലോസിസ്(എഎഫ്ബി) എന്ന രോഗാണുക്കളാണ് രോഗം പരത്തുന്നത്. രോഗി ചുമച്ചു തുപ്പുമ്പോൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്ന രോഗാണുക്കളെ ശ്വസിക്കുമ്പോഴാണ് രോഗം മറ്റുള്ളവരിലേയ്ക്ക് പകരുന്നത്. അപൂർവമായി മാത്രമേ മറ്റു തരത്തിലുള്ള രോഗബാധയ്ക്ക് സാധ്യതയുള്ളൂ.


മാസ്ക് ധരിക്കുന്നതിലൂടെയും ചുമയ്ക്കുകയും തുപ്പുകയും ചെയ്യുമ്പോൾ തുവാലകൊണ്ട് മറച്ചുപിടിക്കുകയും, തുറസായ സ്ഥലങ്ങളിൽ തുപ്പാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്നതു വഴി രോഗം പകരുന്നതു തടയാം.

ശ്വാസംവഴി രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ശ്വാസകോശത്തിൽ ഇടം കണ്ടെത്തി അവ പ്രവർത്തനം തുടങ്ങുന്നു. വ്യക്തിയുടെ പ്രതിരോധശേഷിയെ ആശ്രയിച്ചായിരിക്കും രോഗലക്ഷണങ്ങൾ പ്രത്യക്ഷമാകുക. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചതുകൊണ്ടുമാത്രം രോഗം വരണമെന്നില്ല. ശരീരത്തിൽ കയറിയ രോഗാണുക്കൾ അവിടെ വെച്ചുതന്നെ ദിവസങ്ങൾക്കുളളിൽ നശിച്ചുപോകാം. അല്ലെങ്കിൽ അവിടെ ചെറിയ വ്യത്യാസങ്ങളുണ്ടാക്കിയതിനുശേഷം പതുക്കെ പതുക്കെ നശിച്ചുപോകാം. അതല്ലെങ്കിൽ ശ്വാസകോശത്തിൽ ഒരുപാട് കേടുപാടുകളുണ്ടാക്കി കഫം തുപ്പുന്ന രോഗിയാക്കിമാറ്റാം.

ചിലപ്പോൾ രോഗാണുക്കൾ അൽപാൽപമായി ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേയ്ക്കും കടന്ന് രോഗം മൂർച്ഛിക്കാനിടയാക്കിയേക്കാം. രോഗാണു ശരീരത്തിന്റെ എല്ലാ അവയവത്തിലും എത്തിയാലും അവയെ കീഴ്പ്പെടുത്തി രോഗബാധയില്ലാത്ത അവസ്ഥയിലും രോഗിയെത്തിയെന്നുവരാം. അതും കൂടാതെ ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ രോഗാണുക്കൾ ഉറങ്ങിക്കിടക്കുന്നുണ്ടാകാം.


രോഗാണുക്കളുടെ ശരീരത്തിലെ പെരുമാറ്റരീതി ശരീരത്തിന്റെ പ്രതിരോധശേഷിയെ ആശ്രയിച്ചിരിക്കും. തീരെ പ്രതിരോധശേഷിയില്ലാത്തവർക്കാണ് ക്ഷയരോഗബാധയുണ്ടാകുന്നത്. പ്രതിരോധശേഷിയുള്ളവരിൽ അണുക്കൾ ഉടൻതന്നെയോ പതുക്കെപതുക്കെയോ നശിക്കും. അതുമല്ലെങ്കിൽ രോഗാണുക്കൾ ഉറങ്ങിക്കിടക്കുന്ന അവസ്ഥയിലാകും. എന്നെങ്കിലും പ്രതിരോധശക്തി കുറഞ്ഞ് അനുകൂല സാഹചര്യമുണ്ടായാൽ അവ വളരാൻതുടങ്ങും. ഈ രീതയിൽ ശരീരത്തിലെ ഏത് അവയവത്തിലും ക്ഷയരോഗബാധ ഉണ്ടാകാം.

രോഗലക്ഷണങ്ങൾ

ശ്വാസകോശത്തെയാണ് ബാധിക്കുന്നതെങ്കിൽ കഫത്തോടുകൂടിയ ചുമ, പനി, ശ്വാസംമുട്ടൽ എന്നിവ ഉണ്ടാകാം. ശരീരം മെലിയുകയും ചെയ്യും. എന്നാൽ ആരോഗ്യമുള്ള ഒരാളിൽ കഫമില്ലാതെ ചുമ മാത്രം വരുന്നത് ക്ഷയരോഗമാകാറില്ല. പനിയും ചുമയും ശരീരം ക്ഷീണിക്കലും ഒരുമിച്ചുവരുമ്പോൾ അത് ക്ഷയരോഗമാകാം. പനി, വിറയൽ, വിശപ്പില്ലായ്മ, ഭാരം കുറയുക, വിട്ടുമാറാത്ത ചുമ, ചുമച്ച് രക്തം തുപ്പുക, നെഞ്ച് വേദന, ക്ഷീണം എന്നിവ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളാണ്.


ക്ഷയം മറ്റ് അവയവങ്ങളെ ബാധിക്കുമ്പോൾ വ്യത്യസ്ഥ ലക്ഷണങ്ങളുണ്ടാകാം. ചിലപ്പോൾ പനിമാത്രമാത്രമായി വരാം. വിട്ടുമാറാത്ത നീണ്ടുനിൽക്കുന്ന പനി. കാരണമില്ലാതെ ശരീരം മെലിയൽ ഒരു ലക്ഷണമാകാം.

ബോൺ ടിബി: സന്ധിവേദന, സന്ധി വീക്കം, എല്ലിൽ പഴുപ്പ്, മുഴ, നട്ടെല്ലിന് ക്ഷതം സംഭവിച്ച് കൈകാലുകൾക്ക് ബലക്കുറവ് എന്നിവ ഉണ്ടാകാം.

ജനിറ്റോ യൂറിനറി ടിബി: വൃക്കകളെയാണ് ബാധിക്കുക. മൂത്രത്തിൽ പഴുപ്പ്, മൂത്രതടസം, മൂത്രത്തിൽ രക്തം, വൃക്കകളിൽ കല്ല്, വയറുവേദന, പനി തുടങ്ങിവയാകാം ലക്ഷണങ്ങൾ. ചിലപ്പോൾ കഴലവീക്കംമാത്രമാകാം.
ബ്രെയിൻ ടിബി: തലച്ചോറിൽ മുഴയുമാവാം. വിട്ടുമാറാത്ത തലവേദന, ബോധക്കുറവ്, പക്ഷാഘാതം എന്നിവയുമുണ്ടാകാം.
കണ്ണിനെ ബാധിച്ചാൽ കാഴ്ചയെ തടസ്സപ്പെടുത്തുന്ന പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാം.
വയറിനെ ബാധിച്ചാൽ വയറുവേദന, വയർ സ്തംഭനം, വയറിൽ നീരുകെട്ടുന്ന അവസ്ഥ എന്നിവ വരാം.
ശരീരത്തിൽ ഏതുഭാഗത്തും ക്ഷയരോഗബാധയുണ്ടാകാമെന്നതിനാൽ വിചിത്രമായ രീതിയിലാകാം രോഗലക്ഷണങ്ങൾ ഉണ്ടാകുക. പൊതുവായ ഒരുലക്ഷണം, ശരീരം ക്ഷയിച്ചു പോകുന്നു എന്നതാണ്. ശരീരം മെലിയുന്നതിന് മറ്റ് നിരവധി കാരണങ്ങളുണ്ടെന്ന കാര്യവും മറക്കേണ്ട.


ചിലർക്കുമാത്രം രോഗബാധ എന്തുകൊണ്ട്?

മൈകോ ബാക്ടീരിയം ട്യൂബർക്യുലോസിസ് എന്ന രോഗാണുക്കളാണ് ക്ഷയരോഗബാധയ്ക്ക് കാരണക്കാരായി പറയുന്നത്. എന്നാൽ യഥാർത്ഥകാരണം രോഗാണുക്കളല്ല, അവ ഒരു നിമിത്തം മാത്രമാണ്.

പോഷകാഹാരക്കുറവ്


പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോഗബാധയുണ്ടാകുന്നത്. പോഷകാഹാരക്കുറവ് കൊണ്ടാണ് പ്രതിരോധശേഷികുറയുന്നത്. പട്ടിണികൊണ്ടുമാത്രമല്ല പോഷകാഹാരക്കുറവുണ്ടാകുന്നത്, സമീകൃതാഹാരം കഴിക്കാത്തതു കൊണ്ടാണ പ്രതിരോധ ശേഷി കുറയുന്നത് . ഇന്ത്യയിൽ സമീകൃതാഹാരം കഴിക്കുന്നവർ പത്ത് ശതമാനം പോലുമില്ലെന്നാണ് നിരീക്ഷണം. ആഫ്രിക്കയിൽ പട്ടിണിക്കാരുമുണ്ട്. സമീകൃതാഹാരം എന്താണെന്ന് അറിയാത്തതുകൊണ്ടാണ് ഇന്ത്യയിൽ ഇത്രയധികം പേർക്ക് ക്ഷയരോഗ ബാധയുണ്ടാകുന്നത്.

വേണ്ടത്ര സൂര്യപ്രകാശം കിട്ടുന്നതുകൊണ്ട് വൈറ്റമിൻ ഡി യുടെ കുറവ് രാജ്യത്ത് ഇല്ലെന്നാണ് ഒരുകാലത്ത് നാം വിശ്വസിച്ചിരുന്നത്. 1993ൽ നടത്തിയ പരിശോധനയിൽ ഒരു ക്ഷയരോഗബാധിതന് വൈറ്റമിൻ ഡി യുടെ കുറവ് കണ്ടെത്തിയത് ഈ ലേഖകൻ തന്നെയാണ്. തുടർന്ന് 20 കൊല്ലം നീണ്ട അന്വേഷണത്തിൽ, 90 ശതമാനംപേർക്കും വൈറ്റമിൻ ഡി യുടെ കുറവുണ്ടെന്ന കണ്ടെത്തലിലെത്തിച്ചു. വൈറ്റമിൻ ഡി ആവശ്യത്തിന് ലഭിക്കണമെങ്കിൽ സമീകൃതാഹാരം കഴിക്കുകയും സൂര്യപ്രകാശം തൊലിയിൽ തട്ടുകയും വേണം. സമീകൃതാഹാരം കഴിക്കുന്നയാൾ തുറസായ സ്ഥലത്ത് വ്യായാമം ചെയ്യുമ്പോൾ മാത്രമാണ് ഇത് ലഭിക്കുന്നത്. വൈറ്റമിൻ ഡിയുടെ കുറവ് ഇന്ത്യയിലെ സമ്പന്നർക്കുപോലും ഉണ്ടാകുന്നതിന്റെ കാരണമിതാണ്. പോഷകാഹാരക്കുറവുമായി എല്ലാരോഗങ്ങൾക്കും ബന്ധമുണ്ടെന്ന് മനസിലാക്കണം.

ക്ഷയരോഗത്തിന് കാരണം മൈകോ ബാക്ടീരിയം ട്യൂബർക്യുലോസിസ് ആണെന്ന പ്രചാരണം എല്ലാ രോഗപ്രതിരോധപ്രവർത്തനങ്ങളും രോഗാണുവിനെതിരെ തിരിച്ചുവിടാനിടയാക്കുന്നു.


ചികിത്സയോ, പ്രതിരോധമോ?

രോഗം വരാതിരിക്കാനും രോഗം മൂർച്ചിക്കാതിരിക്കാനും ചികിത്സ കഴിഞ്ഞാലും വീണ്ടും രോഗം വരാതിരിക്കാനുമുള്ള പ്രധാനമരുന്ന് എല്ലാവർക്കും സമീകൃതാഹാരം ലഭ്യമാക്കുകയെന്നതാണ്. സമീകൃതാഹാരം എന്താണെന്ന് മനസിലാക്കാൻ ബോധവത്കരണവും അനിവാര്യമാണ്. ക്ഷയം മാത്രമല്ല മറ്റു പല രോഗങ്ങളും ഇതിലൂടെ പ്രതിരോധിക്കാൻ നമുക്കാകും.

ക്ഷയരോഗബാധ രാജ്യത്ത് സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. മരുന്നുകളെ തോൽപ്പിക്കാൻകഴിയുന്ന രോഗാണുക്കൾ ഇന്ത്യയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്നു (എംഡിആർ ടിബി, എക്സ്ഡിആർ ടിബി). ഇതിനെല്ലാം പരിഹാരം ജനങ്ങൾ സമീകൃതാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണ്.


സമീകൃതാഹാരം എന്ത്?

സസ്യാഹാരം

1.അരി, ഗോതമ്പ്, മുത്താറി, ചോളം, ഓട്ട്സ്
2.പയർ, കടല, പരിപ്പ്, മുതിര, ഉഴുന്ന്, തൈര്
3.പച്ചക്കറികൾ
4.പഴങ്ങൾ
5.ശുദ്ധജലം

മാംസാഹാരം

1. അരി, ഗോതമ്പ്, മുത്താറി, ചോളം, ഓട്ട്സ്, കപ്പ, കാച്ചിൽ, ചേന, ഉരുളക്കിഴങ്ങ്, ചക്കപ്പുഴുക്ക്
2. മത്സ്യം, മാംസം, മുട്ട (വറുത്തതും പൊരിച്ചതും ഒഴിവാക്കുക)
3. പച്ചക്കറികൾ
4. പഴങ്ങൾ
5. ശുദ്ധജലം

വറുത്തതും പൊരിച്ചതും ഫാസ്റ്റ് ഫുഡും അമിതാഹാരവും ഒഴിവാക്കണം.

ക്ഷയരോഗ ചികിത്സ

എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്. ചുമച്ച് കഫം തുപ്പുന്നവരെ കണ്ടെത്തി ചികിത്സിക്കുന്നത് രോഗവ്യാപനം തടയാൻ സഹായിക്കുന്നു എന്നതുകൊണ്ട് താൽക്കാലികമായി ഇത് ഗുണം ചെയ്യുന്നണ്ട്. എന്നാൽ അടിസ്ഥാന പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ടുള്ള രോഗചികിത്സ പ്രശ്നത്തിന് പരിഹാരമല്ല.
                                                        



Most Viewed Website Pages