ആംബുലൻസുകൾ എത്ര തരം?ആംബുലൻസിന്റെ നാല് വ്യത്യസ്ത ശബ്ദങ്ങൾ എന്തിനൊക്കെയാണ്?
ബിഎൽഎസ് (ബേസിക് ലൈഫ് സപ്പോർട്ട്): ശാരീരികമായി അവശതകളുള്ള ഒരാളെ കൊണ്ടുപോകാൻ സാധാരണയായി ഉപയോഗിക്കുന്നതു ബിഎൽഎസ് ആംബുലൻസുകളാണ്. രോഗികൾക്കു കിടക്കുന്നതിന് ആവശ്യമായ ബെഡ്, ഓക്സിജൻ നൽകുന്ന ഉപകരണം, പൾസ് അളക്കുന്ന ഉപകരണം തുടങ്ങിയവയാണു ബിഎൽഎസ് ആംബുലൻസിലുള്ളത്.
എഎൽഎസ് (അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട്): സാധാരണ ആംബുലൻലസുകളെ അപേക്ഷിച്ചു കൂടുതൽ അവശതയിലുള്ള രോഗികളെ എഎൽഎസ് ആംബുലൻസുകളിലാണ് ആശുപത്രികളിലേക്കും മറ്റും എത്തിക്കുന്നത്. വെന്റിലേറ്റർ, ഇസിജി മോണിറ്ററി ഡിവൈസ് തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഇത്തരം ആംബുലൻസുകളിലുണ്ട്.
വിവിധ സന്നദ്ധ സംഘടനകളും മറ്റും ഒട്ടേറെ ആംബുലൻസുകൾ ആശുപത്രികൾക്കും , ആംബുലൻസ് സർവീസ് സെന്ററിനുമൊക്കെ നൽകാറുണ്ടെങ്കിലും ആംബുലൻസിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉടമകൾ സ്വയം ഒരുക്കേണ്ട അവസ്ഥയാണ് ഉള്ളത്. ആംബുലൻസിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും വാങ്ങുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനുമായി ഏകദേശം 30 ലക്ഷത്തിനടുത്തു ചെലവു വരും.
നവജാത ശിശുക്കൾക്കു മുതൽ പ്രായമായവർക്കു വരെ ഉപയോഗിക്കാൻ സാധിക്കുന്ന വ്യത്യസ്ത വെന്റിലേറ്ററുകൾ, സിറിഞ്ച് പമ്പ്, ഡീസിലേറ്റർ തുടങ്ങിയ ഒട്ടേറെ ഉപകരണങ്ങളാണ് ആംബുലൻസുകളിൽ ഉപയോഗിക്കുന്നത്.
ആംബുലൻസിലെ ഡ്രൈവറടക്കമുള്ള ജീവനക്കാർക്കു അതിനുള്ളിലെ ഉപകരണങ്ങളെ പറ്റി വേണ്ടത്ര പരിശീലനം ലഭിക്കാറില്ല എന്നതാണ് സത്യം.സാധാരണ ഒരു ആംബുലൻസ് ഡ്രൈവർക്ക് എൽഎംവി ലൈസൻസും , ബാഡ്ജും പിന്നെ ധൈര്യവും മാത്രം മതി. എന്നാൽ അതിലുമുപരി ഒരു ആംബുലൻസ് ഡ്രൈവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആംബുലൻസിലെ ലൈറ്റുകളും ,സൈറണും ഒക്കെ എങ്ങനെ പ്രവർത്തിപ്പിക്കണം എന്ന് ആംബുലൻസ് ഓടിക്കുന്ന ഡ്രൈവർ അറിഞ്ഞിരിക്കണം.
ഒരു ജീവൻ രക്ഷിക്കുവാനായി കിലോമീറ്ററുകൾ കുറഞ്ഞ സമയംകൊണ്ട് കൂടുതൽ വേഗതയിൽ സ്വന്തം ജീവൻ തന്നെ പണയം വെച്ചുകൊണ്ടാണ് ആംബുലൻസ് ഡ്രൈവർമാർ പായുന്നത്. ആംബുലൻസിനെ മറ്റു വാഹനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ബീക്കൺ ലൈറ്റും സൈറണും ആണ്.
ആംബുലൻസ് സൈറണുകൾ പല വിധത്തിലുണ്ട്. എമർജൻസി അനുസരിച്ച് അവ എങ്ങനെയാണ് മാറ്റി ഇടേണ്ടതെന്ന് ആംബുലൻസ് ഡ്രൈവർ അറിഞ്ഞിരിക്കേണ്ട കാര്യമാണ്.സൈറൻ ശബ്ദങ്ങൾ നാല് രീതിയിൽ ആണ് തരംതിരിച്ച് ഇരിക്കുന്നത്
ഒന്നാമത്തെ ശബ്ദം :ലോങ് ഡിസ്റ്റൻസിൽ ആണ് വാഹനം എത്തുന്നത് എന്നാണ് ആദ്യ സൈറൻ വഴി അറിയിക്കുന്നത് . രോഗിയുടെ അടുത്തേക്ക് വാഹനം എത്തുന്നതിനായി ഉള്ള സൈറനും ഇത് തന്നെ.പ്രധാനമായും ഹൈവേ കളിൽ ഉപയോഗിക്കുന്നു. വഴി കാട്ടുക എന്ന് അർത്ഥം.
രണ്ടാമത്തേത് : (ഹെല്പ് )എന്നുള്ളത് ; വാഹനത്തിന് അകത്ത് രോഗി ഉണ്ട് എന്ന് അറിയിക്കുന്ന സൈറൻ ആണിത് . വാഹനങ്ങൾ സൈഡിലേക്ക് മാറ്റുക എന്നുള്ളതാണ് ഈ ശബ്ദത്തിൽ നിന്നും മനസിലാക്കേണ്ടത്.
മൂന്നാമത്തെ ശബ്ദ്ദം: (ഹെൽപ് 2)
;രണ്ടാമത്തതിന് അനുബന്ധിച്ച് ഉള്ളതാണ്.
നാലാമത്തെ സൈറൻ :(ഹൈ- ലോ) ;
ഏറ്റവും അർജന്റ് ആയി രോഗിയെയും കൊണ്ടുപോകുന്ന ആംബുലൻസിൽ നിന്ന് പുറത്ത് വരുന്ന ശബ്ദം ആണ്. ഈ സൈറനിൽ എത്തുന്ന ആംബുലൻസുകൾക്ക് വി ഐ പി വാഹനങ്ങൾ പോലും വഴി മാറി നൽകണം എന്നാണ് നിയമം.
മിക്ക ആംബുലൻസുകളിലും അതിലെ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. പ്രത്യേകിച്ച് ഓക്സിജൻ സിലിണ്ടർ ഘടിപ്പിക്കുമ്പോഴുണ്ടാകുന്ന പിഴവുകൾ ചിലപ്പോൾ പൊട്ടിത്തെറിക്കുന്നതിനു കാരണമാകും. സിലിണ്ടറിന്റെ ഗുണമേന്മ, വാൽവിന്റെ പ്രശ്നങ്ങൾ എന്നിവയാണു സിലിണ്ടർ പൊട്ടിത്തെറിക്കുന്നതിന്റെ പ്രധാന കാരണം. കൃത്യമായ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്, ആംബുലൻസ് ഡ്രൈവർക്കു വിശ്രമം ലഭിക്കുന്നുണ്ടോ?, പരിശീലനം ലഭിച്ചിട്ടുണ്ടോ? എന്നീ കാര്യങ്ങളാണ് ആംബുലൻസ് നിരത്തിലിറക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഉപകരണങ്ങൾ കൃത്യമായി ഘടിപ്പിച്ചിട്ടില്ലെങ്കിൽ അതും വലിയ അപകടങ്ങൾ വരുത്തിവയ്ക്കും.
എമർജൻസി ലൈറ്റിട്ട് സൈറൺ മുഴക്കിവരുന്ന അവശ്യസർവീസ് വാഹനങ്ങളായ ഫയർ എൻജിൻ, ആംബുലൻസ് , പൊലീസ് വാഹനങ്ങൾ എന്നിവ ഏതു ദിശയിൽ നിന്നു വന്നാലും അവയ്ക്കു വഴി മാറിക്കൊടുക്കണം എന്നതാണു നിയമം. ആംബുലൻസിന് വഴി ഒരുക്കാത്തതു ട്രാഫിക്ക് നിയമലംഘനം തന്നെയാണ്. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ലൈസൻസ് റദ്ദാക്കാം.
നേരത്തെ ഡൽഹി സർക്കാർ നഗരപാതകളില്‍ ആംബുലന്‍സിന് വഴിമാറി കൊടുത്തില്ലെങ്കില്‍ 2000 രൂപ പിഴ ഈടാക്കാൻ തീരുമാനിച്ചിരുന്നു.
ആംബുലന്‍സ്, ഫയര്‍ എൻജിന്‍, പോലീസ് വാഹനം എന്നിവയ്ക്കു റോഡുകളില്‍ മുന്‍ഗണനയുണ്ടെങ്കിലും ട്രാഫ ിക് ബ്ലോക്ക് മൂലം പലപ്പോഴും ഇവയ്ക്ക് കടന്നുപോകാന്‍ വഴി ലഭിക്കാറില്ല. വഴി മാറിത്തരാത്ത വാഹനത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ തീയ്യതി, സമയം, എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അതടക്കം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയാകും. കാര്യങ്ങള്‍ പരിശോധിച്ച് നിയമലംഘകര്‍ക്ക് പൊലീസ് നോട്ടീസയയ്ക്കും.
ആംബുലന്‍സ് അടക്കമുള്ള അടിയന്തര വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി റോഡുകളില്‍ മറ്റ് വാഹനങ്ങള്‍ വഴിമാറി നല്‍കണമെന്നുണ്ടെങ്കിലും പലരും ഈ നിയമം അനുസരിക്കാറില്ലെന്ന് ആംബുലന്‍സ് ഡ്രൈവർമാർ സാക്ഷ്യപ്പെടുത്തുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ എത്രയും പെട്ടന്ന് ആശുപത്രിയിയില്‍ എത്തിക്കുന്നതിന് തടസമുണ്ടാകുന്നതായും ഇങ്ങനെ പല രോഗികളും ബ്ലോക്കിൽ പെട്ട് വഴിമധ്യേ മരിക്കുന്ന അവസ്ഥയും നിലവിലുണ്ടെന്ന് അവര്‍ പറയുന്നു. കൂടാതെ ആംബുലൻസിന്റെ പുറകേ അതിവേഗത്തിൽ പായുന്നവരും കുറവല്ലെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
അടിയന്തിരഘട്ടങ്ങളിൽ ഒരു ജീവൻ രക്ഷിക്കുവാൻ വളരെ സ്പീഡിൽ പോകേണ്ടതുണ്ട്. ഇത്തരത്തിൽ പോകുമ്പോൾ വാഹനത്തിന്റെ നിയന്ത്രണം തെറ്റാതെ നോക്കുവാനുള്ള കഴിവ് ആംബുലൻസ് ഡ്രൈവർ സ്വായത്തമാക്കിയിരിക്കണം. ഹോസ്പിറ്റലുകളിൽ നിന്നും രോഗികളെ മറ്റു ഹോസ്പിറ്റലുകളിലേക്ക് കൊണ്ടുപോകുമ്പോൾ മിക്കവാറും ഒരു നേഴ്സ് ആംബുലൻസിൽ ഉണ്ടാകുമെങ്കിലും ഡ്രൈവറും രോഗിയുടെ അവസ്ഥ മനസിലാക്കിയിരിക്കണം.
വീടുകളിൽ നിന്നും ഹോസ്പിറ്റലിലേക്ക് രോഗിയെ കൊണ്ടുപോകുകയാണെങ്കിൽ, വഴിക്കുവെച്ച് രോഗിയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടനടി അതിനു വേണ്ട പ്രാഥമിക ശുശ്രൂഷകൾ ചെയ്യുവാനും മറ്റും ആംബുലൻസ് ഡ്രൈവർ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് രോഡിയുടെ ഓക്സിജൻ സിലിണ്ടർ തീർന്നുപോകുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ട് ഓക്സിജൻ സിലിണ്ടറിൽ നിന്നും ഓക്സിജൻ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന അവസരങ്ങളിൽ ഇത്തരം ഓക്സിജൻ സിലിണ്ടറുകൾ എവിടെ കിട്ടുമെന്നുള്ള വിവരങ്ങളും ആംബുലൻസ് ഡ്രൈവർ മനസ്സിലാക്കിയിരിക്കണം.
ഇന്ന് നാം വാർത്താമാധ്യമങ്ങളിലൂടെ കേൾക്കുന്ന സംഭവങ്ങളാണ് കേരളത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് രോഗിയുമായി നിശ്ചിത സമയംകൊണ്ട് ആംബുലൻസിൽ എത്തിച്ചേരുന്നതൊക്കെ. ഇത്തരം ഉദ്യമങ്ങൾ വരുമ്പോൾ ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ തങ്ങളുടെ അംഗങ്ങളിൽ ഈ മിഷൻ ഏറ്റെടുക്കുന്നതിന് പ്രാപ്തരായ ആളുകളെ ഉടനടി തിരഞ്ഞെടുക്കുകയും ഇങ്ങനെ തിരഞ്ഞെടുത്ത ഡ്രൈവർ ആ ആംബുലൻസിന്റെ സാരഥിയാകുകയുമാണ് ചെയ്യാറുള്ളത്.ഇത്തരത്തിൽ ആംബുലൻസ് യാത്ര ചെയ്യുമ്പോൾ മുന്നിലും പിന്നിലുമായി പൈലറ്റ് വാഹനങ്ങൾ ഉണ്ടായിരിക്കും. അതോടൊപ്പം തന്നെ പോലീസുകാർക്കൊപ്പം ആംബുലൻസ് കടന്നുപോകുന്ന വഴിയിലെ ട്രാഫിക് ശരിയാക്കി കടന്നു പോകുവാനുള്ള വഴിയൊരുക്കുന്നതും ആംബുലൻസ് ഡ്രൈവേഴ്സ് അസ്സോസിയേഷൻ പ്രവർത്തകരായിരിക്കും. ആറു മാസത്തിലൊരിക്കൽ അസോസിയേഷനും , മോട്ടോർ വാഹന വകുപ്പും ചേർന്നുകൊണ്ട് ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേകം ക്ലാസ്സുകൾ കൊടുക്കാറുണ്ട്. അസോസിയേഷനിൽ ഇല്ലാത്ത ആംബുലൻസ് ഡ്രൈവർമാരെ അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നുണ്ട്.