കേരളത്തിൽ ആദ്യമായി ബസ്സ് ഓടിയത് 1910 യിൽ പാലാ - കോട്ടയം റൂട്ടിൽ ആയിരുന്നു


പാലായിൽ താമസിച്ചിരുന്ന " ജോസഫ് ആഗസ്തി " എന്ന അച്ചായൻ ആണ് ആദ്യമായി ബസ്സ് കൊണ്ടുവരുന്നത് , ഫ്രാൻസിൽ നിന്നും കപ്പലിൽ കയറ്റി ആണ് ബസ്സ് കൊണ്ടുവന്നത്,അങ്ങനെ, 1910ൽ കേരളത്തിലെ ആദ്യ ബസ് സർവീസ്കോട്ടയം-പാലാ റൂട്ടിൽ തുടങ്ങി. “മീനച്ചിൽ മോട്ടർ അസോസിയേഷൻ ', ജോസഫിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ആഗസ്തി മത്തായിക്കു ചെലവഴിക്കേണ്ടി വന്നതോ 1000 പവൻ! ഇന്നത്തെ സ്വർണവില അനുസരിച്ച് രണ്ടരക്കോടിയോളം രൂപ. അന്നത്തെക്കാലത്ത് 1000 പവൻ കൊടുത്താൽ മലയോരമേഖലയിൽ 3000 ഏക്കറിലേറെ സ്ഥലം ആരും കണ്ണടച്ചു തരും. പക്ഷേ, ചരിത്രം സൃഷ്ടിക്കാനായിരുന്നു ജോസഫിന്റെ നിയോഗം, ആഗസ്തി മത്തായിക്കോ; അതിനു വഴി തെളിക്കാനും. പിന്നീട് പാലാ സെൻട്രൽ ബാങ്കെന്ന പേരിൽ രാജ്യം മുഴുവൻ പടർന്ന സംരംഭത്തിനു പിന്നിലും ഈ കൂട്ടുകെട്ടായിരുന്നു.കടൽ കടന്ന് അവൻ വന്നു പാലാ വഴി അതിരമ്പുഴ- അരുവിത്തുറ റോഡ് പൂർത്തിയാകുന്നത് 1868ൽ. അത് 1893ൽ തൊടുപുഴയിലേക്കു നീണ്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തു തന്നെ പാലായിൽ മോട്ടർ വാഹനങ്ങളും എത്തി. അക്കാലത്ത്സു ഗന്ധവ്യഞ്ജനങ്ങളുടെ കാര്യത്തിലും പ്രശസ്തമായിരുന്നു പാലാ. ഇവിടെ നിന്നുള്ള കുരുമുളക് ലണ്ടൻ മാർക്കറ്റിൽ "പാലാ പെപ്പർ' എന്ന പേരിൽ പ്രത്യേക പരിഗണനയോടെ വിറ്റഴിക്കപ്പെട്ടിരുന്ന കാലം.യൂറോപ്പിൽനിന്നു ധാരാളം പേർ സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടം ഉറപ്പിക്കാൻ പാലായിൽ എത്തിയിരുന്നു. അവരിൽ നിന്നായിരിക്കണം ബസ് സർവീസ് എന്ന സ്വപ്നം ജോസഫ് ആഗസ്തിയെന്ന കൊച്ചുപാപ്പനിൽ ഉടലെടുത്തത്. അതിനു മുൻപ് ഒറ്റക്കുതിര വലിക്കുന്ന വില്ലുവണ്ടിയും ചവിട്ടുവണ്ടി എന്നറിയപ്പെട്ടിരുന്ന സൈക്കിളും ആദ്യം പാലായിൽ എത്തിച്ചതും കൊച്ചുപാപ്പനാണ്. അതൊക്കെ കാണാൻ കാഞ്ഞിരപ്പള്ളിയിൽ നിന്നും ചങ്ങനാശേരിയിൽ നിന്നുമൊക്കെ ആളുകൾ പാലായിൽ വന്നിരുന്നെന്നു പറഞ്ഞു കേട്ടിട്ടുള്ളതായി ആഗസ്തി മത്തായിയുടെ കൊച്ചുമകൻ ജേക്കബ് സേവ്യർ പറയുന്നു. അപ്പോൾ നാട്ടിലാദ്യമായി ബസ് എത്തിച്ചാലുള്ള പ്രൗഢിയോ? അതു തന്നെയാകണം ജോസഫ് ആഗസ്തിയെ ദിവസങ്ങൾ നീണ്ട സത്യഗ്രഹം എന്ന കടുംപിടിത്തത്തിലേക്ക് എത്തിച്ചിരിക്കുക. അല്ലെങ്കിൽ 1000 പവൻ മുടക്കിയുള്ള ബിസിനസ്, കാൽച്ചകം ടിക്കറ്റ് ചാർജ് കിട്ടി എന്നു മുതലാകാൻ! 1908ൽ മീനച്ചിൽ മോട്ടർ അസോസിയേഷൻ എന്ന പേരിൽ കമ്പനി റജിസ്ട്രർ ചെയ്തു. തിരുവിതാംകൂറിൽ റജിസ്ട്രർ ചെയ്യുന്ന മൂന്നാമത്തെ കമ്പനി. പിറ്റേവർഷം അവസാനത്തോടെ ഫ്രാൻസിൽ നിന്നു കപ്പലിൽ അവനെത്തി; ജോസഫിന്റെ സ്വപ്നം. "തോണിക് കാറ്റ്' എന്ന കമ്പനി നിർമിച്ച ബസ്. ഇരുമ്പുവളയത്തിനു ചുറ്റും റബർ പൊതിഞ്ഞ ടയർ, പലക കൊണ്ടുള്ള സീറ്റുകൾ. മദിരാശിയിലെ സിംസൺ ആൻഡ് കമ്പനിയായിരുന്നു ഇടനിലക്കാർ. ബസിന്റെ അറ്റകുറ്റപ്പണി നടത്തലും ഡ്രൈവർ പരിശീലിപ്പിക്കലും എല്ലാം അവരുടെ ഉത്തരവാദിത്തമായിരുന്നു. ചങ്ങനാശേരിയിലെ പ്രമുഖ കുടുംബത്തിൽനിന്ന് ഒരാളെയാണു ഡ്രൈവർ ആയി നിയോഗിച്ചത്. ലഭിച്ച അപേക്ഷകളിൽ നിന്നു കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി വിലയിരുത്തിയായിരുന്നു നിയമനം. ഇദ്ദേഹത്തെ മദിരാശിയിൽ വിട്ടു പരിശീലിപ്പിച്ചു. ഇന്നത്തെ പൈലറ്റിനുള്ളതിനെക്കാൾ "പവർ' അന്നത്തെ ബസ് ഡ്രൈവർക്കുണ്ടായിരുന്നു. സായിപ്പന്മാർ ധരിക്കുന്ന മാതൃകയിലുള്ള തൊപ്പി, മുട്ടിനു താഴെ വരെയെത്തുന്ന ഷൂസ്, നിറയെ പോക്കറ്റുകളുള്ള കോട്ട്, ടൈ എന്നിങ്ങനെയായിരുന്നു വേഷം. ബസിന്റെ ഇന്ധനമായ കൽക്കരി കൊച്ചിയിൽ നിന്നു വള്ളത്തിൽ പാലായിൽ എത്തിച്ചു. 1910 പകുതിയോടെ പാലായിൽ നിന്നു കോട്ടയത്തേക്കു ബസ് ഓടിത്തുടങ്ങി. കാളവണ്ടികളും കുതിരവണ്ടികളും പിടിവണ്ടികളും നിറഞ്ഞ റോഡിലൂടെ മോട്ടർ ബസിന്റെ യാത്. രാവിലെ പാലായിൽ നിന്ന് ഓട്ടം തുടങ്ങുന്ന വണ്ടി ചെങ്കല്ലുകളും കുഴികളും നിറഞ്ഞ മൺപാതയിലൂടെ 25 കിലോമീറ്റർ ചാടിയും തുള്ളിയും ഓടി രണ്ടരമണിക്കൂറോളം എടുത്ത് കോട്ടയത്തെത്തും. പിന്നെ 2 മണിക്കൂർ വണ്ടിക്കും ഡ്രൈവർക്കും വിശ്രമം. വൈകുന്നേരത്തോടെ തിരിച്ചു പാലായിലേക്ക്. സ്റ്റോപ്പുകളോ, നിർത്താൻ മണിയടിയോ ഒന്നുമുണ്ടായില്ല. സാർ എന്നു യാത്രക്കാരൻ നീട്ടിവിളിക്കും; ഡ്രൈവർ സാർ വണ്ടി നിർത്തും. പത്തു സീറ്റുള്ള വണ്ടിയിൽ പലപ്പോഴും പകുതി ആളുപോലും ഉണ്ടാകില്ല. ചില ദിവസങ്ങളിൽ ആളില്ലാത്തതിനാൽ സർവീസ് വേണ്ടെന്നും വച്ചു. കാൽച്ചകമായിരുന്നു നിരക്കെങ്കിലും ആ തുകയ്ക്ക മറ്റു പല ആവശ്യങ്ങളും നിറവേറ്റാനുണ്ടായിരുന്ന ജനം "കാൽനട സർവീസ്' തന്നെ തുടർന്നു. പക്ഷേ, മെട്രോയിൽ കയറാൻ കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നു ജനം കൊച്ചിയിലേക്ക് എത്തിയതുപോലെ ബസിൽ കയറാൻ മാത്രമായി പലയിടങ്ങളിൽ നിന്നും ആളു വന്നിരുന്നു. കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം ഭാഗങ്ങളിൽ നിന്നു പുലർച്ചെ ചൂട്ടുകത്തിച്ചു നടന്നു പാലായിലെത്തി ബസിൽ കയറി കോട്ടയത്തിനു പോയവരേറെ. കോട്ടയത്തു നിന്നു തിരിച്ച് കാഞ്ഞിരപ്പള്ളിക്കും പൊൻകുന്നത്തിനും മുണ്ടക്കയത്തിനുമൊക്കെ അവർ നടന്നുപോയി. പോകുന്ന വഴിയിൽ കണ്ടവരോടെല്ലാം ബസിൽ കയറിയ കഥയും പറഞ്ഞിട്ടുണ്ടാകണം; നാം മെട്രോ കണ്ട് കഥ പറഞ്ഞപോലെ. കയറാൻ പണം മുടക്കാനില്ലാത്തവർ പാലായിൽ എത്തി ബസ് കണ്ടും ചിലർ ഭയഭക്തിയോടെ തൊട്ടും നിർവൃതിയടഞ്ഞു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത നടുവൊടിച്ചതോടെ ഉള്ള യാത്രക്കാരും കൂടി ഇല്ലാതായി. കുറെനാൾ വണ്ടി ഓടാതെ പാലായിൽ കയ്യാലയ്ക്കകം വീടിനു സമീപം കിടന്നു. അക്കാലത്ത് കൊച്ചി പതിയെ പച്ചപിടിച്ചു വരുന്നതേയുള്ളൂ. ആലപ്പുഴയാണു വലിയ പട്ടണം. അതു കഴിഞ്ഞാൽ കൊല്ലം. വ്യാപാരവും വ്യവസായങ്ങളും ശക്തിപ്പെട്ടിരുന്ന കൊല്ലത്തുനിന്നു തിരുവനന്തപുരത്തേക്കു ധാരാളം യാത്രക്കാരെ കിട്ടാൻ സാധ്യതയുണ്ടെന്നു ജോസഫ് ആഗസ്തിക്കു തോന്നി. അങ്ങനെ 1912ൽ രണ്ടു വലിയ കെട്ടുവള്ളങ്ങൾ ചേർത്തുവച്ച് അതിൽ നമ്മുടെ "കഥാപുരുഷൻ' കൊല്ലത്തേക്ക്. ജോസഫിന്റെ നിഗമനം ശരിയായിരുന്നു. കൊല്ലം- തിരുവനന്തപുരം റൂട്ടിൽ ധാരാളം യാത്രക്കാരെ കിട്ടി. 1919 വരെ ഈ റൂട്ടിൽ മീനച്ചിൽ മോട്ടർ അസോസിയേഷൻ ബസ് ഓടി. ഇതിനിടയിൽ മറ്റൊരു ബസ് കൂടി ജോസഫ് ഫാൻസിൽ നിന്ന് എത്തിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നു ജേക്കബ് സേവ്യർ. പക്ഷേ, രേഖകളൊന്നുമില്ല. 1918 ജനുവരി നാലിനു കൊല്ലം- തിരുവനന്തപുരം റൂട്ടിൽ ട്രെയിൻ ഓടിത്തുടങ്ങിയതോടെ ബസിൽ ആളു കുറഞ്ഞു തുടങ്ങി. അങ്ങനെ 1919ൽ വണ്ടി വീണ്ടും പാലായ്ക്ക്. പിന്നീട് 1922 വരെ പാലാ- കോട്ടയം റൂട്ടിൽ ഓട്ടം. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമുള്ള അനിശ്ചിതത്വം മൂലം ബസിന്റെ സ്പെയർ പാർട്സ് കിട്ടാതായി. ഇതിനിടെ, പെട്രോൾ എൻജിനിലേക്കു മാറിയ വണ്ടിക്കു പെട്രോൾക്ഷാമവും വിനയായി. അതോടെ 1922ൽ ഓട്ടം അവസാനിപ്പിച്ചു. പിന്നീട് വാങ്ങിയതിലും വളരെക്കുറഞ്ഞ വിലയ്ക്ക് ബസ് മദിരാശിയിലുള്ള ആർക്കോ വിറ്റു. അടുത്ത അദ്ഭുതം ബാങ്ക് ബസ് സർവീസ് പൂട്ടിക്കെട്ടിയെങ്കിലും വസ്ത്രവ്യാപാര രംഗത്തു പ്രമുഖനായിരുന്ന ആഗസ്തി മത്തായിയും സഹോദരപുത്രൻ ജോസഫ് ആഗസ്തിയും തോറ്റു പിന്മാറാൻ തയാറായില്ല. അവർക്കു വേറെ ചരിത്രം കൂടി എഴുതിച്ചേർക്കേണ്ടതുണ്ടായിരുന്നു; അതാണു ദ് പാലാ സെൻട്രൽ ബാങ്ക് ലിമിറ്റഡ്. പാലാ എന്ന ചെറിയൊരു നഗരത്തിൽ നിന്നു രാജ്യം മുഴുവൻ പടർന്ന വിസ്മയം.റിസർവ് ബാങ്കിന്റെ പരാതിയെത്തുടർന്ന് 1960ൽ ബാങ്ക് അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവിടുമ്പോൾ ന്യൂഡൽഹി, മുംബൈ, പുണെ, കൊൽക്കത്തെ എന്നിവിടങ്ങളിലടക്കം 35 ശാഖകൾ ബാങ്കിനുണ്ടായിരുന്നു.1931ൽ രാജ്യതലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ന്യൂഡൽഹിയിൽ ആദ്യമായി ശാഖ തുടങ്ങിയതും പാലാ സെൻട്രൽ ബാങ്കാണ്. 1932-ൽ ആയിരുന്നു അത്. ബാങ്ക് നടത്തിപ്പിൽ ആഗസ്തി മത്തായിക്കു സഹായമേകി മാനേജിങ് ഡയറക്ടറായി ജോസഫ് ആഗസ്തിയുണ്ടായിരുന്നു. പാലാ മേഖലയിൽ ചുടുകട്ട കൊണ്ട് ആദ്യം പണിത കെട്ടിടം ബാങ്കിന്റേതായിരുന്നു. ഈ കെട്ടിടത്തിലാണ് ഇപ്പോൾ കിഴതടിയൂർ സഹകരണ ബാങ്ക് പ്രവർത്തിക്കുന്നത്. 1940ൽ ആഗസ്തി മത്തായി മരിച്ചു. മൃതദേഹം അടക്കിയതു ളാലം പള്ളിക്കുള്ളിൽ. സാധാരണ, വൈദികരുടെ മൃതദേഹങ്ങൾ മാത്രമേ പള്ളിയിൽ അടക്കാറുള്ളു. എന്നാൽ ചങ്ങനാശേരി ആർച്ച് ബിഷപ്പിന്റെ പ്രത്യേക കൽപനപ്രകാരം ആഗസ്തിയെ പള്ളിയിൽ അടക്കുകയായിരുന്നു. ഒരുപാടു ചരിത്രം രചിച്ചതിന്, ഒട്ടേറെ ചരിതങ്ങൾക്കു കൂട്ടുനിന്നതിനു ലഭിച്ച ബഹുമതി. ജോസഫ് ആഗസ്തി 1967ൽ ആണു മരിച്ചത്. ജോസഫിന്റെ ഇളയസഹോദരൻ ജെ.തോമസ് കയ്യാലയ്ക്കകം ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു.പാരമ്പര്യം കൈവിടാതെ കയ്യാലയ്ക്കകം തറവാട്ടിലെ ഇപ്പോഴത്തെ തലമുറയിലും ഉണ്ട് ചരിതം സൃഷ്ടിക്കുന്നവർ. ആഗസ്തി മത്തായിയുടെ കൊച്ചുമകനും പ്ലാന്ററുമായ ജേക്കബ് സേവ്യർ "ടെംപോ ട്രാവലർ' 1987ൽ ആദ്യമായി കേരളത്തിലെത്തിച്ചാണു പാരമ്പര്യം കാത്തത്. ചെറിയ മേശയും അത്യാവശ്യം പാചകത്തിനുള്ള സാമഗ്രികളും അടക്കം ചെറിയൊരു "കാരവൻ' ആക്കി അദ്ദേഹം അതിനെ മാറ്റുകയും ചെയ്തു. കേരളത്തിൽ റജിസ്ട്രേഷൻ ബുദ്ധിമുട്ടായപ്പോൾ വണ്ടി തമിഴ്നാട്ടിൽകൊണ്ടുപോയി റജിസ്ട്രർ ചെയ്തു. അന്ന് ഭാര്യയുടെ ഉപദേശം കൊച്ചുമത്തച്ചൻ കേട്ടിരുന്നില്ലെങ്കിൽ, 1000 പവനും പൊതിഞ്ഞുകെട്ടി വച്ചിരുന്നെങ്കിൽ, ബസ് സർവീസ് പൊട്ടിയിട്ടും പൊട്ടാൻ സാധ്യതയുള്ള ബാങ്ക് തുടങ്ങാൻ തീരുമാനിച്ചിരുന്നില്ലെങ്കിൽ..ചരിത്രം വീരന്മാർക്കുള്ളതാണ്, മുന്നിലെ ഇരുട്ടിലേക്ക് എടുത്തുചാടാൻ ധൈര്യം കാട്ടുന്നവർക്കുള്ളത്.
                                                        



Most Viewed Website Pages