അയർലൻഡിലും ന്യൂസീലൻഡിലും ഒരൊറ്റ പാമ്പു പോലും ഇല്ല

ഭൂമിയിൽ മിക്ക മേഖലകളിലും പാമ്പുകളുണ്ട്. കരയിലും കടലിലും മരുഭൂമിയിലുമൊക്കെ പാമ്പുകളുടെ സാന്നിധ്യം കാണാം. ലോകത്ത് അന്റാർട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും പാമ്പുകളുണ്ട്. എന്നാൽ ഒറ്റ പാമ്പു പോലുമില്ലാത്ത ചില രാജ്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട രാജ്യമാണ് അയർലൻഡ്. 15 കോടി വർഷം മുൻപാണ് പാമ്പുകൾ ഭൂമിയിൽ പ്രത്യക്ഷപ്പെട്ട് പെരുകിയതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ അപ്പോഴേക്കും അയർലൻഡ് മറ്റു കരകളിൽ നിന്നെല്ലാം അകന്ന് ഒരു ദ്വീപിന്റെ സ്വഭാവം കൈവരിച്ചിരുന്നു. അതിനാൽ പാമ്പുകൾക്ക് അവിടെയെത്താൻ സാധിച്ചില്ല. അക്കാലത്ത് അയർലൻഡ് അതീവ ശൈത്യമുള്ള രാജ്യമായതും പാമ്പുകളെ ഇങ്ങോട്ടേകാകർഷിച്ചില്ല. ഏതായാലും അയർലൻഡിൽ ഇപ്പോഴും പാമ്പുകളില്ല. എന്നാൽ തൊട്ടടുത്ത് തന്നെയുള്ള ഇംഗ്ലണ്ടിൽ മൂന്നിനത്തിലുള്ള പാമ്പുകളുണ്ട്.

ഇതു പോലെ പാമ്പുകളില്ലാത്ത മറ്റൊരു രാജ്യമാണ് ന്യൂസീലൻഡ്. വമ്പൻ രാജ്യമായ ഓസ്ട്രേലിയയ്ക്കു സമീപം കടലിലാണ് ന്യൂസീലൻഡിന്റെ കിടപ്പ്. ഓസ്ട്രേലിയയിലാണെങ്കിൽ ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പു മുതൽ ഏറ്റവും അപകടകാരിയായ പാമ്പു വരെയുണ്ട്. എന്നാൽ ന്യൂസീലൻഡിൽ പാമ്പില്ല. ചിലപ്പോഴൊക്കെ പാമ്പുകൾ കടൽ സ്ട്രീമുകളിൽ പെട്ടൊക്കെ അയൽരാജ്യങ്ങിളേലേക്ക് എത്തിപ്പെടാറുണ്ട്. എന്നാൽ ഓസ്ട്രേലിയയും ന്യൂസീലൻഡും തമ്മിലുള്ള ദൂരം വളരെ കൂടുതലായതിനാൽ ഇവയ്ക്ക് അതു സാധ്യമല്ല. ഫലമോ ന്യൂസീലൻഡിൽ പാമ്പുകളില്ലാതെയായി. ന്യൂസീലൻഡ് മൃഗസംരക്ഷണ വകുപ്പ് നൽകുന്ന വിവരപ്രകാരം കടൽപ്പാമ്പുകൾ പോലും ഈ ദ്വീപിനു സമീപത്തേക്ക് അധികം എത്താറില്ലത്രേ. താപനില വളരെ കുറവായതിനാൽ തണുത്തവെള്ളം ഇവിടെ സ്ഥിതി ചെയ്യുന്നതാണ് കാരണം.


അയർലൻഡിലെപ്പോലെ തന്നെ മറ്റൊരു യൂറോപ്യൻ രാജ്യമായ ഐസ്‌ലൻഡിലും പാമ്പുകളില്ല. അയർലൻഡിലുള്ള അതേ കാരണങ്ങളാണ് ഇവിടെ പാമ്പുകളില്ലാതെയാകാൻ ഇടയാക്കിയത്. അതു പോലെ തന്നെ ഓഷ്യാനിയൻ മേഖലകളിലുള്ള ദ്വീപുകളായ കിരിബാറ്റി, ടുവാലു, നാവുറു തുടങ്ങിയവയിലൊന്നും പാമ്പുകളില്ല. യുഎസ് സംസ്ഥാനങ്ങളായ അലാസ്കയിലും ഹവായിയിലും പാമ്പുകളില്ല. കാനഡയുടെ വടക്കൻ ഭാഗങ്ങളിൽ പാമ്പുകൾ അപൂർവമാണ്. റഷ്യയിലെ സൈബീരിയയിലും പാമ്പുകളില്ല. ഇന്ത്യയുടെ ദ്വീപുകളായ ലക്ഷദ്വീപിലും പാമ്പുകളില്ല.


ഹവായിയിൽ പാമ്പുകളില്ലെങ്കിലും മറ്റൊരു യുഎസ് സമുദ്രമേഖലാ ദ്വീപായ ഗുവാമിൽ ലക്ഷക്കണക്കിനു പാമ്പുകളുണ്ട്.ഓസ്ട്രേലിയയിൽ നിന്ന് ഇവിടെയെത്തിയ ബ്രൗൺ ട്രീ സ്നേക്കുകളാണ് ഇവയിൽ കൂടുതൽ. ഇവ ഇവിടെ എത്തിയതോടെ ദ്വീപിലെ തദ്ദേശീയമായ പക്ഷികളെല്ലാം നശിച്ചു. വലിയ ഒരു പരിസ്ഥിതി പ്രതിസന്ധി ഗുവാം ദ്വീപിൽ പാമ്പുകൾ മൂലം ഉടലെടുത്തു.

                                                        



Most Viewed Website Pages