താജ്മഹലുമായി ബന്ധപ്പെട്ട ഈ കാര്യങ്ങൾ അറിയാമോ?

കാലം മാറുംതോറും എല്ലാത്തിനും മാറ്റങ്ങള്‍ സംഭവിക്കും, നമുക്കും പ്രകൃതിയ്ക്കും കെട്ടിടങ്ങള്‍ക്കും എല്ലാം. അങ്ങനെ, മാറുന്ന കാലത്തെയും ലോകത്തെയും അതിജീവിച്ച് സൃഷ്ടിയുടെയും , ഭാവനയുടെയും ഉദാത്ത ഉദാഹരണങ്ങളായി നിലകൊള്ളുന്ന നിര്‍മ്മിതികളാണ് ലോകാത്ഭുതങ്ങള്‍. ഇനിയൊരിക്കലും മനുഷ്യരാശിക്ക് ഇതുപോലെ ഒരു നിര്‍മ്മിതി സൃഷ്ടിച്ചെടുക്കുവാന്‍ കഴിയില്ല എന്നതിനാല്‍ ഇതിന്റെ പ്രാധാന്യം വേറെ തന്നെയാണ്. മനുഷ്യ നിര്‍മ്മിതവും , പ്രകൃതി നിര്‍മ്മിതവുമായ അത്ഭുതങ്ങള്‍ ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.കാലാകാലങ്ങളില്‍ ഈ പട്ടികയ്ക്ക് മാറ്റവും സംഭവിക്കും.ഇങ്ങനെ ചരിത്രത്തിലും , കെട്ടുകഥകളിലും സ്ഥാനം പിടിച്ച  ഒരു നിഗൂഢ വിസ്മയമാണ് താജ്മഹല്‍ . താജ്മഹലിനെ കുറിച്ച് പറയുമ്പോള്‍ ചില നാടോടി കഥകളിലെന്ന പോലെ ഷാജഹാന്റെയും , മുംതാസിന്റെയും പ്രണയ കഥയാണ് പറയപ്പെടുന്നത്. 

മുംതാസിന്റെ ഓര്‍മ്മക്കായി 

ഷാജഹാന്‍ നിര്‍മിച്ച ഓര്‍മ സ്മാരകമാണ് താജ്മഹല്‍. ഇതൊരു പക്ഷേ, കെട്ടുകഥയോ ചരിത്രമോ ആവാം. പക്ഷേ യമുനാ നദിയുടെ തീരത്ത് വെണ്ണക്കല്ലില്‍ തീര്‍ത്ത ആ മാര്‍ബിള്‍ സ്മാരകം എന്നും സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന വിസ്മയം തന്നെയാണ്. ഏവരെയും ആകര്‍ഷിപ്പിക്കുന്ന രഹസ്യങ്ങള്‍ ഒളിപ്പിച്ച വിസ്മയം.

താജ്മഹലുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

🏠ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളിലും 2022 ഓഗസ്റ്റ് 15ന് ത്രിവർണ വെളിച്ചവിസ്മയം തെളിയുമ്പോഴും  താജ്മഹലിനെ മാത്രം ഒഴിവാക്കിയിട്ടുണ്ട്. അതിനൊരു കാരണവുമുണ്ട്. 

1997 മാർച്ച് 20നാണ് അവസാനമായി താജ്മഹലിൽ ലൈറ്റിംഗ് നടത്തിയത്. അന്ന് പ്രശസ്ത പിയാനിസ്റ്റ് യാനിയുടെ സംഗീത പരിപാടിക്ക് വേണ്ടിയായിരുന്നു ഈ സജ്ജീകരണം. എന്നാൽ തൊട്ടടുത്ത ദിവസം താജ്മഹലിൽ നിറയെ ചത്ത പ്രാണികൾ കാണപ്പെട്ടു. ഇത് താജ്മഹലിലെ മാർബിളിന് കേടുപാടുകൾ വരുത്തിയിരുന്നു.

തുടർന്ന് പുരാവസ്തു വകുപ്പിന്റെ രാസപരിശോധനാ വിഭാഗം താജ്മഹലിൽ രാത്രിയിൽ വെളിച്ചവിന്യാസം നടത്തരുതെന്ന് നിർദേശിച്ചു. തുടർന്ന് രാത്രിയിൽ താജ്മഹലിൽ ഒരു വെളിച്ചവും പാടില്ലെന്ന് സുപ്രിംകോടതി നിർദേശിച്ചു. അന്ന് ഏർപ്പെടുത്തിയ വിലക്ക് കാരണമാണ് ഇപ്പോഴും താജ്മഹലിൽ വെളിച്ച സംവിധാനം നൽകാത്തത് .

🏠 1939 - 45 ലെ രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് അധീനതയിലായിരുന്ന സ്ഥലങ്ങൾ ജർമ്മൻ ജപ്പാൻ വിമാനങ്ങൾ ബോംബിട്ട് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നു മനസിലാക്കി  താജ് മഹൽ മുള ഉപയോഗിച്ച് മറച്ചു വച്ചിരുന്നു.   പിന്നീട് ഇന്ത്യ- പാക് യുദ്ധ സമയത്തും ഇതുപോലെ തന്നെ ബോംബർ വിമാനങ്ങളിൽ നിന്ന് താജ് മഹലിനെ സംരക്ഷിച്ചിട്ടുണ്ട്.GPS ഉം  ,സാറ്റലൈറ്റ് ഇമേജിങും ഇല്ലാത്ത  കാലത്താണ് ഇതൊക്കെ നടന്നത്.

🏠ലോകത്തിലെ ഏഴല്‍ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ നിര്‍മാണം 1631 ല്‍ ആരംഭിച്ച് 1653 ല്‍ പൂര്‍ത്തിയാക്കി എന്നതാണ് ചരിത്രം പറയുന്നത്. വെള്ള മാര്‍ബിളില്‍ പണികഴിപ്പിച്ച താജ്മഹലിന്റെ നിറമെന്താണെന്നു ചോദിച്ചാല്‍ വെള്ള എന്നായിരിക്കും ഉത്തരം. എന്നാല്‍ സ്വര്‍ണ നിറത്തിലും താജ്മഹലിനെ കാണാനാവും. നിലാവുള്ള രാത്രിയില്‍ താജ്മഹല്‍ സ്വര്‍ണ നിറത്തിലായിരിക്കും. അതിരാവിലെ പിങ്ക് നിറത്തിലുള്ള താജ്മഹലായിരിക്കും കാണാനാവുക. ഉച്ച സമയങ്ങളില്‍ തൂവെള്ള നിറത്തിലും വൈകുന്നേരമാകുമ്പോള്‍ ഓറഞ്ച് നിറത്തിലുമാണ് താജ്മഹലിനെ കാണാനാകുക.സ്ത്രീകളുടെ വ്യത്യസ്ത സ്വഭാവമാണ് ഈ നിറ മാറ്റത്തിലൂടെ സൂചിപ്പിക്കുന്നതെന്ന് ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്. 

🏠22 എന്ന സംഖ്യയും താജ്മഹലും തമ്മില്‍ ഒരു ബന്ധമുണ്ട്. താജ്മഹല്‍ പൂര്‍ണമായും പണി തീര്‍ക്കാന്‍ 22 വര്‍ഷമെടുത്തു എന്നതാണ് ചരിത്രം. 22000 തൊഴിലാളികള്‍ ചേര്‍ന്നാണത്രേ താജ്മഹല്‍ പണികഴിച്ചത്. കൂടാതെ 1000 ആനകളെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നു. 

🏠താജ്മഹലിന്റെ മുഖ്യ ആകര്‍ഷണം അതിന്റെ ചുറ്റുമായി നിർമ്മിച്ചിട്ടുള്ള 4 മിനാരങ്ങള്‍ തന്നെയാണ്.

അതിശയിപ്പിക്കുന്ന ഒരുപാട് പ്രത്യേകതകള്‍ ഇതിനുമുണ്ട്.കാഴ്ചയില്‍ നേരയൊണ് നില്‍ക്കുന്നതെങ്കിലും യഥാർത്ഥത്തിൽ ഇത് പുറകിലേയ്ക്ക് ചരിഞ്ഞാണ് നില്‍ക്കുന്നത്. ഭൂമികുലുക്കമോ , നദിയുടെ അരികിലായതിനാല്‍ വെള്ളപ്പൊക്കമോ മറ്റ് കാരണങ്ങളാലോ അത് മറിഞ്ഞ് താജ്മഹലിന്റെ മുകളിലേയ്ക്ക് വീഴാത്ത വിധമാണ് നിര്‍മിച്ചിരിക്കുന്നത്. മാത്രമല്ല, അന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്രയും വലിയ മിനാരങ്ങള്‍ ഇത്രയും ഉയരത്തില്‍ കൃത്യതയോടെ നിര്‍മ്മിക്കുക എന്നത് അസാധ്യമാണ്.

🏠നാല് വ്യത്യസ്ത വാസ്തു നിര്‍മാണ ശൈലിയിലാണ് താജ്മഹല്‍ നിര്‍മിച്ചത്. പേര്‍ഷ്യന്‍, തുര്‍ക്കി, ഇന്ത്യന്‍, ഇസ്ലാമിക് വാസ്തു വിദ്യ താജ്മഹലിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. താജ്മഹലിന്റെ നിര്‍മാണത്തിന് ചില ചൈനീസ് ബന്ധങ്ങളുമുണ്ട്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ക്രിസ്റ്റലുകളാണ് അലങ്കാര പണികള്‍ക്ക് ഉപയോഗിച്ചിട്ടുള്ളത്. ശ്രീലങ്കയില്‍ നിന്നും , ടിബറ്റില്‍ നിന്നും , അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള ചില വിലപിടിപ്പുള്ള കല്ലുകള്‍ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. 

🏠താജ്മഹല്‍ പണികഴിപ്പിച്ച ശേഷം ഷാജഹാന്റെ മനസ്സില്‍ തോന്നിയത്രേ ഇത്‌പോലൊരു നിര്‍മിതി ലോകത്ത് ഉണ്ടാകാന്‍ പാടില്ലെന്ന്. നിര്‍മിതി ഇനി ഉണ്ടാകാതിരിക്കാന്‍ താജ്മഹല്‍ നിര്‍മാണത്തിന് നേതൃത്വം കൊടുത്ത ഉസ്താദ് ഈസയുടെയും , തൊഴിലാളികളുടെയും കൈവെട്ടി മാറ്റാന്‍ ഷാജഹാന്‍ ഉത്തരവിട്ടു എന്ന് പറയപ്പെടുന്നുണ്ട്. ഈ ഉത്തരവ് നേരത്തെ തന്നെ അറിഞ്ഞ ഉസ്താദ് ഈസ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പടയാളികള്‍ നടപ്പാക്കുന്നതിന് മുമ്പ് താജ്മഹല്‍ അവസാനമായി തനിക്ക് കാണണമെന്ന് പറഞ്ഞതും ഇതിന് ശേഷം ഒരു ചുറ്റികയും വലിയ ആണിയുമായി താജ്മഹലിന്റെ ഉള്ളിലേക്ക് പോവുകയും താജ്മഹലിന്റെ ഏതോ ഒരു ഭാഗത്ത് ആണിയടിക്കുകയും ചെയ്തു എന്നും അതേ തുടര്‍ന്ന് ഓരോ വര്‍ഷവും കണ്ണുനീര്‍ തുള്ളി പോലെ ഒരു വെള്ളം മുംതാസിന്റെ ശവകുടീരത്തിന് മേല്‍ വീഴുമെന്നും പറയപ്പെടുന്നു. 

🏠കറുത്ത നിറത്തില്‍ മറ്റൊരു താജ്മഹല്‍ പണിയാന്‍ ഷാജഹാന്‍ ഒരുങ്ങി എന്നും പറയപ്പെടുന്നുണ്ട്. യമുനാ നദിയുടെ മറുകരയില്‍ താജ്മഹലിന് അഭിമുഖമായി ഒരു കറുത്ത താജ്മഹല്‍ പണിയാന്‍ ഷാജഹാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് കഥ. വെള്ള താജ്മഹലില്‍ മുംതാസിന്റെ ശവകുടീരവും കറുത്ത താജ്മഹലില്‍ തന്റെ ശവകുടീരവും സ്ഥാപിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അപ്പോഴേക്കും മകന്‍ ഔറംഗസീബ് ഷാജഹാനെ തടവിലാക്കി എന്നും കഥകളുണ്ട്.

ഈ ആശയം ഉരുത്തിരിഞ്ഞത്, 1665 ൽ ആഗ്ര സന്ദർശിച്ച യുറോപ്യൻ സന്ദർശകനും ജീൻ-ബാപ്‌റ്റിസ്റ്റ് ടാവനിയർ എന്ന എഴുത്തുകാരന്റെ ഭാവനയിൽ നിന്നാണ്. കറുത്ത താജ് മഹൽ പണിയുന്നതിനു മുൻപ് ഷാജഹാനെ മകനായ ഔറംഗസേബ് തടവിലാക്കിയതിനാൽ ഇത് നടന്നില്ലെന്ന് അദ്ദേഹം എഴുതി. യമുന നദിയുടെ എതിർഭാഗത്ത് മൂൺലൈറ്റ് ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന കറുത്ത മാർബിൾ കല്ലുകൾ ഇതിനെ താങ്ങുന്ന തെളിവുകളായിരുന്നു. പക്ഷേ 1990-കളിൽ നടത്തിയ ഗവേഷണങ്ങളിൽ ഇത് തെറ്റാണെന്ന് കണ്ടെത്തുകയും,ഇവ വെള്ള മാർബിളിന്റെ കഷണങ്ങൾ കാലപ്പഴക്കത്താൽ കറുത്തതായി തീർന്നതാണെന്നും കണ്ടെത്തുകയുണ്ടായി. കറുത്ത താജ് പണിയുന്നതിന്റെ കഥ തെറ്റാണെന്ന് തെളിയിക്കുന്ന മറ്റൊരു പരീക്ഷണം 2006ൽ പുരാവസ്തുഗവേഷകർ നടത്തി. മൂൺ‌ലൈറ്റ് ഉദ്യാനത്തിൽ ഒരു ചെറിയ കുളം ഇപ്പോഴത്തെ താജ് മഹലിൽ ഉള്ളതിന്റെ അതേ അളവുകളിൽ പണിയുകയും അതിൽ വെള്ള കുടീരത്തിന്റെ കറുത്ത പ്രതിഫലനം കാണുകയും ചെയ്തു. ഇതായിരിക്കാം കറുത്ത താജ് എന്ന മിത്ത് രൂപപ്പെടുത്തിയത്

🏠താജ്മഹലിന്റെ അടി ഭാഗത്തേക്ക് നിരവധി അറകളും വാതിലുകളും വഴികളുമുണ്ട്. താജ്മഹലിന്റെ അടിത്തട്ട് പൂര്‍ണമായും തടികൊണ്ടാണ് നിര്‍മിച്ചിരിക്കുന്നതെന്നും യമുനാ നദിയുടെ ഈര്‍പ്പം കൊണ്ടാണ് ഇത് നിലനില്‍ക്കുന്നതെന്നും പറയപ്പെടുന്നു. 

ഇത്രയും ഭാരമുള്ള താജമഹല്‍ തടി എങ്ങനെ താങ്ങിനിര്‍ത്തുമെന്നത് ചോദ്യമാണെങ്കിലും അതാണ് സത്യം. യമുനയുടെ തീരത്തായതിനാല്‍ ഇതിന്റെ ഈര്‍പ്പമേറ്റ് കെട്ടിടത്തിന് കേടുപാടുകള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് തടികൊണ്ടുള്ള അടിത്തറ നിര്‍മിച്ചിരിക്കുന്നതെന്നാണ് പറയുന്നത്.

🏠17-ാം നൂറ്റാണ്ടില്‍ പൂര്‍ണ്ണമായും വിലയേറിയ വെളുത്ത മാര്‍ബിളില്‍ നിര്‍മ്മിച്ച താജ്മഹല്‍ ഏകദേശം 22 വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്. താജ്മഹല്‍ സ്ഥിതി ചെയ്യുന്ന മൊത്തം പ്രദേശത്തിന്റെ വിസ്തൃതി 42 ഏക്കറാണ്. കാലത്തിന്റെ കവിളില്‍ വീണ കണ്ണുനീര്‍ത്തുള്ളി എന്നാണ് രബീന്ദ്രനാഥ ടാഗോര്‍ താജ്മഹലിനെ വിശേഷിപ്പിച്ചത്. താജ്മഹലിന്റെ പേര്‍ഷ്യന്‍ ഭാഷയിലെ അര്‍ത്ഥം കൊട്ടാരങ്ങള്‍ക്കിടയിലെ കിരീടം എന്നാണ്. ഉസ്താദ് അഹമ്മദ് ലാഹോരി ആണ് താജ്മഹലിന്റെ പ്രധാന ശില്പി എന്നു അറിയപ്പെടുന്നത്.

🏠 ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കീഴ്‌പ്പെടുത്തിയപ്പോള്‍ അവരും താജ്മഹലില്‍ നിന്നും എടുക്കാവുന്ന അത്രയും വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിച്ച് തങ്ങളുടെ നാടുകളിലേയ്ക്ക് അയച്ചു.ഇന്ത്യയില്‍ എല്ലാം ബ്രിട്ടീഷ് പ്ലാന്‍ അനുസരിച്ചാണ് നടന്നിരുന്നതെങ്കില്‍ ഇവിടെ താജ്മഹല്‍ എന്ന ലോക മഹാത്ഭുതം തന്നെ ഉണ്ടാകുമായിരുന്നില്ല. താജ്മഹല്‍ 7 ലക്ഷം രൂപയ്ക്ക് ബ്രിട്ടീഷ്‌കാര് വില്‍ക്കുകയും ചെയ്തിരുന്നു. താജ്മഹല്‍ പൊളിച്ചു മാറ്റി അതിലെ രത്‌നങ്ങളും മറ്റും ബ്രിട്ടനിലേയ്ക്ക് കടത്തുകയായിരുന്നു അന്നത്തെ ബ്രിട്ടിഷ് ഭരണാധികാരികളുടെ പ്ലാന്‍. കൂടാതെ താജ്മഹലിന് ഉള്ളിലെ മാര്‍ബിള്‍സും വിറ്റ് ബാങ്കുകള്‍ ആ പണം കൊണ്ട് നിറക്കാം എന്നായിരുന്നു അവര്‍ പദ്ധതിയിട്ടിരുന്നത്. 1828 ലാണ് അന്നത്തെ ഗവര്‍ണര്‍ ജനറല്‍ ലോര്‍ഡ് വില്ലിം ബന്ടിക് കൊല്‍ക്കത്ത പത്രങ്ങളില്‍ ഒരു ദര്‍ഘാസ് കൊടുക്കുന്നത്. അങ്ങനെ അത് കണ്ട  മധുര ബിസിനസുകാരനായ സേത്ത് ലക്ഷ്മിചന്ദ് ആണ് 7 ലക്ഷം രൂപയ്ക്ക് ഈ മഹാത്ഭുതം സ്വന്തമാക്കുന്നത്.

അതിനു ശേഷം നടന്ന ചില സംഭവങ്ങള്‍ ആണ് നമ്മള്‍ക്ക് ഇന്നും താജ്മഹല്‍ കാണുവാന്‍ കാരണമായിത്തീര്‍ന്നത്. ചില ചരിത്ര ഗവേഷകര്‍ ആണ് ബ്രിട്ടീഷുകാരുടെ അന്നത്തെ പ്ലാനിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകൾ പുറത്ത് കൊണ്ട് വന്നത്. അന്നത്തെ അവരുടെ താജ്മഹല്‍ പൊളിക്കാനുള്ള ആ പ്ലാനിനെ കുറിച്ച് താജ്മഹലിന്റെ പഴയ സംരക്ഷകര്‍ക്ക് വിവരം ലഭിച്ചത്രേ. അവര്‍ ആ വിവരം ലണ്ടനിലെ ചില രാഷ്ട്രീയക്കാര്‍ക്ക് ചോര്‍ത്തി കൊടുക്കുകയും അങ്ങനെ സംഭവം ലണ്ടന്‍ അസംബ്ലിയില്‍ ചൂടന്‍ വിവാദമായി മാറുകയും ചെയ്തു. ആരുമറിയാതെ ചെയ്ത പ്രവര്‍ത്തി ലോകമറിഞ്ഞതോടെ ഗവര്‍ണര്‍ ജനറല്‍ ലോര്‍ഡ് വില്ല്യം ബന്ടിക് ആ വില്‍പ്പന റദ്ദാക്കുകയായിരുന്നു.

പ്രമുഖ ചരിത്രകാരനായ പ്രൊഫ. രാമനാഥ് ആണ് തന്റെ ഗ്രന്ഥമായ ദി താജ്മഹലില്‍ ഇക്കാര്യത്തെ കുറിച്ച് വിശദമായി പറയുന്നത്. ബ്രിട്ടീഷ് എഴുത്തുകാരനായ എച്ച്ജി കാന്‍സും തന്റെ ഗ്രന്ഥമായ  "ആഗ്ര ആന്‍ഡ് നൈബര്‍ഹുഡ്‌സ് " എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ചരിത്രകാരന്‍ പ്രൊഫ. രാമനാഥ് പറയുന്നത് പ്രകാരം അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ തലസ്ഥാനം കൊല്‍ക്കത്ത ആയിരുന്നു. 1831 ജൂലൈ 26 ന് കൊല്‍ക്കത്ത ഇംഗ്ലീഷ് പത്രമായ ജാന്‍ബുളിലും താജ്മഹല്‍ വില്‍ക്കാനുള്ള പരസ്യം അവര്‍ കൊടുത്തിരുന്നു. ആദ്യത്തെ ലേലം വിളിയില്‍ സേത്ത് ലക്ഷ്മിചന്ദ് കേവലം ഒന്നരലക്ഷം രൂപയ്ക്ക് താജ്മഹല്‍ തന്റെ പേരിലാക്കിയിരുന്നു. എന്നാല്‍ അന്ന് ആ ലേലം എങ്ങിനെയോ ക്യാന്‍സല്‍ ചെയ്യപ്പെടുകയായിരുന്നു. അത് ക്യാന്‍സല്‍ ചെയ്യപ്പെട്ടെങ്കിലും താജ്മഹലില്‍ നിന്നും വില്ല്യം ബന്ടികും കൂട്ടരും ഒട്ടേറെ രത്‌നങ്ങളും മറ്റും ലണ്ടനിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് ചരിത്രകാരന്മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

🏠പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യത്തിലെ തന്നെ ഏറ്റവും മഹത്തായ സൃഷ്ടിയെന്ന് തോന്നിയതിനാല്‍ തന്നെ ചില ബ്രട്ടീഷുകാര്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ആരും സൂക്ഷിക്കാനില്ലാത്തതിനാല്‍ തന്നെ താജ്മഹലിനു മുന്നില്‍ ഷാജഹാന്‍ നിര്‍മിച്ചിരുന്ന പൂന്തോട്ടവും , ഫലം കായ്ക്കുന്ന വൃക്ഷങ്ങളുമെല്ലാം തന്നെ പൂര്‍ണമായി നശിച്ചു പോയിരുന്നു. എന്നാല്‍ പിന്നീട് ബ്രിട്ടീഷുകാർ തന്നെയാണ് നമ്മള്‍ ഇന്ന് കാണുന്ന മാതൃകയില്‍ പൂന്തോട്ടം പുനര്‍നിര്‍മിച്ചത്. വളരെ വലിയ മരങ്ങളും അതിലെ പഴങ്ങള്‍ ആളുകള്‍ക്ക് വന്ന് എടുത്തുകൊണ്ട് പോകുന്ന തരത്തില്‍ വളരെ മനോഹരമായ പുഷ്പങ്ങളടക്കമുള്ളവ ഉപയോഗിച്ചായിരുന്നു ഷാജഹാന്‍ പൂന്തോട്ടം നിര്‍മിച്ചിരുന്നത്.  ബ്രട്ടീഷുകാര്‍ നവീകരിച്ച ഫ്രഞ്ച് രീതിയിലുള്ള ഗാര്‍ഡനാണ് ഇപ്പോള്‍ അവിടുള്ളത്.

🏠 ഇന്ന് ഇതുപോലെ ഒരു കെട്ടിടം പണിയണമെങ്കില്‍ ഏകദേശം ഏഴായിരം കോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രാഥമിക നിഗമനം . ഓരോ കാലഘട്ടങ്ങളിലും അവിടെ ഭരിച്ചിരുന്നവര്‍ താജ്മഹലിനെ എല്ലാ ആക്രമണങ്ങളില്‍ നിന്നും രക്ഷിച്ചിരുന്നു.

🏠 താജ്മഹലിന്റെ അടിഭാഗത്തേയ്ക്ക് ഒരുപാട് തുരങ്കങ്ങളും വാതിലുകളുമെല്ലാം ഉണ്ട്. ഇത് ഇന്നും ദുരൂഹത നിറയക്കുന്നവയാണ്. ഒരുപാട് രഹസ്യങ്ങളും നിഗൂഢതകളും അതിനകത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. 

🏠ഷാജഹാൻ ചക്രവർത്തിയുടെ സ്വകാര്യ ഉദ്യാനമായിരുന്നു മെഹ്താബ് ബാഗ്. മെഹ്താബ് ബാഗ് എന്നാൽ 'നിലാവിന്റെ ഉദ്യാനം' എന്നർഥം. യമുനാനദിക്കരയിൽ താജ്മഹലിന്റെ എതിർഭാഗത്താണ് മെഹ്താബ് ബാഗ് ഉള്ളത്.  താജ്മഹലിൽ സന്ദർശകരുടെ തിരക്ക് ഉണ്ടെങ്കിലും മെഹ്താബ് ബാഗ് ഒട്ടും തിരക്കില്ലാത്ത തികച്ചും ശാന്തമായ ഒരിടമാണ്. നാനൂറ് വർഷത്തോളം അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഈ ഉദ്യാനം വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയത് 1990കളിലാണ്. ഇന്നിവിടെ ഉള്ളത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(ASI)യുടെ നേതൃത്വത്തിൽ നടക്കുന്ന ഗവേഷണത്തിന്റെ അടയാളങ്ങളും , മുഗൾ ഉദ്യാനങ്ങളുടെ മാതൃകയിൽ പുതുതായി വെച്ചുപിടിപ്പിച്ച ഒരു പൂന്തോട്ടവുമാണ്.

 താജ്മഹലിന്റെ ഭാഗമായിത്തന്നെയായിരുന്നു മെഹ്താബ് ബാഗിന്റെയും നിർമാണം. നടുവിലായി യമുനാനദി വരുന്ന രീതിയിൽ താജ്മഹൽ കോംപ്ലക്സിന്റെ അതേ വിസ്തീർണത്തിലാണ് മെഹ്താബ് ബാഗ് ഡിസൈൻ ചെയ്തിരിക്കുന്നത്. താജ്മഹൽ കോംപ്ലക്സിന്റെ പ്രധാന പ്രവേശന കവാടത്തിൽ നിന്ന് മെഹ്താബ് ബാഗിന്റെ അങ്ങേ അറ്റത്തേക്ക് ഒരു നേർവര വരച്ചാൽ അതിന്റെ കൃത്യം പകുതിയിലാണ് മുംതാസ് മഹലിന്റെ ശവകുടീരം. 

രാത്രികളിലായിരുന്നു ഷാജഹാൻ ചക്രവർത്തി ഈ ഉദ്യാനത്തിൽ എത്തിച്ചേർന്നിരുന്നത്. നിലാവെളിച്ചത്തിൽ മുങ്ങിനിൽക്കുന്ന താജ്മഹലിന്റെ ദൃശ്യം ലോകത്തിലേക്കും വെച്ച് ഏറ്റവും സൗന്ദര്യമുള്ള കാഴ്ചകളിലൊന്നാണ്. 

 മുഗൾ ഗാർഡനുകളുടെ പ്രസിദ്ധമായ 'ചാർബാഗ്' നിർമാണശൈലിയാണ് മെഹ്താബ് ബാഗിനും.  യമുനയുടെ കരയിൽ 50 മീറ്ററോളം ഉയർത്തിപ്പണിത അടിത്തറയിലാണ് താജ്മഹൽ നിൽക്കുന്നതെങ്കിൽ ജലനിരപ്പിനോട് ചേർന്നായിരുന്നു മെഹ്താബ് ബാഗിന്റെ നിർമാണം. അക്കാലത്ത് കൂടെക്കൂടെ സംഭവിക്കുമായിരുന്ന വെള്ളപ്പൊക്കങ്ങൾ നിർമാണം പൂർത്തിയായി ഇരുപത് വർഷങ്ങൾക്കുള്ളിൽ ഈ ഉദ്യാനത്തിന്റെ പകുതിയിലധികവും നശിക്കാനിടയാക്കി. മുഗൾ നിർമിതികളിൽ തീരെ സംഭവിക്കാറില്ലാത്ത ഇത്തരമൊരു സൂക്ഷ്മതക്കുറവ് മെഹ്താബ് ബാഗിന്റെ കാര്യത്തിൽ എങ്ങനെ സംഭവിച്ചു എന്നത് ഇന്നും ചോദ്യമാണ്. 

സാധാരണ മുഗൾ സ്മാരകങ്ങളുടെ ഒരു പ്രത്യേകതയായ  ഭൂഗർഭ മുറികൾ താജ് മഹലിലും ഉണ്ട്.താജ് മഹലിലെ നൂറിലധികം മുറികൾവിനോദസഞ്ചാരികൾ കെട്ടിടത്തിന് താഴേയ്ക്ക് കടക്കുന്നത് തടയാനും

വിവിധ കാരണങ്ങളാലും പൂട്ടിയിട്ടിരിക്കുകയാണ് .ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI )ആണ് ഈ മുറികളെല്ലാം പരിപാലിക്കുന്നതെന്നും കൃത്യമായി പരിപാലനം നടക്കുന്നുവെന്നും ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് ഈയിടെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

🏠താജ്മഹലിനുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഷാജഹാന്റെയും , മുംതാസിന്റെയും ശവകുടീരങ്ങൾ സഞ്ചാരികൾക്ക് സൗജന്യമായി കാണാനുള്ള അവസരം എല്ലാവർഷവും പുരാവസ്തു വകുപ്പ് നൽകാറുണ്ട്.മു​ഗൾ ചക്രവർത്തി ഷാജഹാന്റെ   ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് ഫെബ്രുവരി 27, 28, മാർച്ച് ഒന്ന് എന്നീ തീയതികളിലാണ് സഞ്ചാരികൾക്ക് താജ്മഹലിലേക്കുള്ള സൗജന്യ പ്രവേശനം. 27, 28 തീയതികളിൽ ഉച്ചയ്ക്ക് 2 മുതൽ സൂര്യാസ്തമയം വരെയും മാർച്ച് ഒന്നിന് സൂര്യോദയം മുതൽ അസ്തമയം വരെയുമാണ് സൗജന്യ പ്രവേശനം. എല്ലാ വർഷവും ഇതേസമയത്ത് മൂന്ന് ദിവസങ്ങളിൽ താജ്മഹലിൽ സൗജന്യപ്രവേശനം അനുവദിക്കാറുണ്ട്. കൂടാതെ ലോക വിനോദസഞ്ചാര ദിനത്തിലും താജ്മഹലിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

🏠താജ് മഹലിന്റെ ചുറ്റിലും ഏകദേശം 300 സ്ക്വയർ മീറ്റർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഉദ്യാനമാണ് ചാർ ബാഗ് ഉദ്യാനം. ഇത് ഒരു യഥാർഥ മുഗൾ ഉദ്യാനമായി കണക്കാക്കപ്പെടുന്നു. ഈ ഉദ്യാനത്തിന്റെ നടുവിലൂടെ ഉയർത്തിയ വഴികൾ കൊണ്ട് ഉദ്യാനത്തിന്റെ നാലു ഭാഗങ്ങളായും 16 പൂത്തടങ്ങളായും തിരിച്ചിരിക്കുന്നു. ഇതിന്റെ നടുക്കായി മാർബിളിൽ ഉയർത്തി പണിതിരിക്കുന്ന വെള്ള ടാങ്ക് സ്ഥിതി ചെയ്യുന്നു.  ഈ മാർബിൾ ടാങ്കിലെ വെള്ളത്തിൽ താജ് മഹലിന്റെ പ്രതിഫലനം (തെക്ക് വടക്ക് ഭാഗത്തായി) കാ‍ണാവുന്നതാണ്. ഉയർത്തി പണിതിരിക്കുന്ന ഈ മാർബിൾ വെള്ള ടാങ്ക് അൽ ഹവ്‌ദ് അൽ-കവ്‌താർ എന്നറിയപ്പെടുന്നു.  പേർഷ്യൻ ഉദ്യാനങ്ങളുടെ മാതൃകയിൽ നിന്നും പ്രചോദനം കൊണ്ടിരിക്കുന്നതാണ് ചാർബാഗ് ഉദ്യാനം. ഈ രീതി ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മുഗൾ ചക്രവർത്തിയായ ബാബർ ആയിരുന്നു.

🏠താജ് മഹലിൽ കാണപ്പെടുന്ന കൈയെഴുത്തുകൾ തുളുത് എഴുത്തു രീതിയാണ്. ഇത് പ്രധാനമായും ചെയ്തിരിക്കുന്നത് പേർഷ്യൻ കൈയെഴുത്തുകാരനായ അമാനത്ത് ഖാൻ ആണ്. ഈ കൈയെഴുത്തുകൾക്കായി ഉപയോഗിച്ചിരിക്കുന്നത് വെള്ള മാർബിളുകൾ കൊത്തി അതിൽ ജാസ്പർ എന്ന കല്ല് ഉൾച്ചേർത്തിയിരിക്കുന്ന രീതിയിലാണ്. മുകളിലുള്ള ചുവരുകളിൽ അല്പം വലിയ അക്ഷരങ്ങളിലാണ് ഈ കൈയെഴുത്തുകൾ കൊത്തിയിരിക്കുന്നത്. താഴെ നിന്ന് നോക്കുമ്പോൾ എല്ലാ വശത്തും അക്ഷരങ്ങൾ ശരിയായ അനുപാതത്തിൽ കാണുവാൻ വേണ്ടിയിട്ടാണ് ഇത്. താജ് മഹലിന്റെ അകത്തും പുറത്തുമായി കൊത്തിയിരിക്കുന്ന ഈ കൈയെഴുത്തുകൾ ഖുറാനിൽ നിന്നുള്ള വചനങ്ങളാണ്. 

🏠അടുത്ത കാലങ്ങളിൽ താജ് മഹൽ പരിസ്ഥിതി മലിനീകരണം മൂലം വളരെയധികം ഭീഷണി നേരിടുന്നുണ്ട്. മഥുര എണ്ണ കമ്പനികളുടെയും , യമുന നദിയിലെ മലിനീകരണം മൂലമുള്ള ആസിഡ് മഴ പ്രഭാവം കൊണ്ടും വെള്ള മാർബിളുകളുടെ നിറം മങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. താജ് മഹലിന്റെ നിറം മങ്ങുന്നതിൽ നിന്നും സംരക്ഷിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം മണ്ണ് ഉപയോഗിച്ചുള്ള ഒരുതരം സംരക്ഷണ മാർഗ്ഗം അവലംബിക്കുന്നുണ്ട്. മൾട്ടാണി മിട്ടി എന്ന പ്രത്യേക തരം മണ്ണ് ഉപയോഗിച്ചാണ് ഈ നവീകരണം നടത്തുന്നത്. 1994, 2001, 2008 വർഷങ്ങളിൽ ഇത് ചെയ്തിരുന്നു. 

🏠പുക വമിപ്പിക്കുന്ന മലിനീകരണ വാഹനങ്ങൾക്ക് താജ് മഹലിന്റെ അടുത്ത് പ്രവേശനമില്ല. സന്ദർശകർ നടന്നു എത്തുകയോ, സൈക്കിൾ റിക്ഷ മുതലായ പരിസ്ഥിതി മലിനീകരണത്തിന് കാരണമല്ലാത്ത വാഹനങ്ങൾ ഉപയോഗിച്ചോ എത്തണം.  താജ് മഹലിന് തെക്ക് ഭാഗത്തുള്ള ചെറിയ പട്ടണം താജ് ഗഞ്ച് എന്നറിയപ്പെടുന്നു. മുംതാസ്ബാദ് എന്നും പറയാറുണ്ട്. മുഗൾ കാലഘട്ടത്തിൽ ഒരു ചന്തയായി പണി തീർത്ത ഇവിടം ഇന്നും അങ്ങനെ തന്നെ സ്ഥിതി ചെയ്യുന്നു. 

         

                                                        



Most Viewed Website Pages