എന്താണ് ടർബുലൻസ് അഥവാ ആകാശച്ചുഴി?

 


 ഇത് എങ്ങനെ വിമാനത്തെ ബാധിക്കും? 

ഏവിയേഷൻ രംഗത്ത് സാധാരണമായി ഉപയോഗിക്കുന്ന പദമാണ് ടർബുലൻസ്‌. കാറ്റിന്റെ സമ്മര്‍ദത്തിലും  , ചലനവേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ തള്ളുകയും , വലിക്കുകയും ചെയ്യും  ഇതിനെ വിശേഷിപ്പിക്കുന്ന പദമാണ് ടർബുലൻസ് അഥവാ ആകാശച്ചുഴി. ചെറിയതോതിൽ വിമാനം കുലുങ്ങുന്നതു കൂടാതെ, ശക്തിയേറിയ രീതിയിൽ എടുത്തിട്ട് അടിക്കുന്നതുപോലെയും അനുഭവപ്പെടാം. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ഇതിന് കാരണം. എയർപോക്കറ്റ് അല്ലെങ്കിൽ എയർഗട്ടർ അഥവാ ക്ലിയർ എയർ ടർബുലൻസ് (Clear-air turbulence എന്നൊക്കെയും ഇതിനെ പറയും.

വായുവിന്റെ സ്ഥിരത അനുസരിച്ച് ലൈറ്റ്, മോഡറേറ്റ്, സിവിയർ, എക്സ്ട്രീം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ടർബുലൻസിനെ പെടുത്താം. മോഡറേറ്റ് വിഭാഗത്തിൽപ്പെടുന്ന ടർബുലൻസ് ആണെങ്കിൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാകില്ല. സീറ്റ് ബെൽറ്റ് ധരിച്ചിരിക്കുന്ന യാത്രക്കാർക്ക് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നേയുള്ളൂ. എന്നാൽ എക്സ്ട്രീം ടർബുലൻസിൽ വിമാനം ഉയരത്തിൽനിന്നു വലിച്ചു താഴോട്ടോ മുകളിലോട്ടോ ഇടുന്നതുപോലെയുള്ള അനുഭവമായിരിക്കും ഉണ്ടാകുക. പൈലറ്റുമാർക്ക് വിമാനം നിയന്ത്രിക്കാൻ വളരെയേറെ ബുദ്ധിമുട്ടും ഉണ്ടാകും.

നേർരേഖയിൽ പോകേണ്ട കാറ്റിന്റെ ഗതി പെട്ടെന്ന് താഴേക്കാകുന്ന ഈ അവസ്ഥയിൽ വിമാനങ്ങളുടെ ഗതിയും , നിയന്ത്രണവും നഷ്ടമാകാൻ സാധ്യതയുണ്ട്.

അപ്രതീക്ഷിത ടർബുലൻസിനെ പ്രതിരോധിക്കാൻ  യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പറയുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്.

✈ യാത്രക്കാർ എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കുക

✈  പരിഭ്രാന്തരാകാതെ വിമാന ജീവനക്കാരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക

✈ ബാഗുകൾ പോലുള്ളവ സീറ്റിന്റെ അടിവശത്ത് വയ്ക്കുക. 

✈ തലയ്ക്കു മുകളിലുള്ള റാക്കിൽനിന്ന് ലഗേജ് വീഴാൻ സാധ്യതയുള്ളതിനാൽ കുനിഞ്ഞിരുന്ന് തലയ്ക്കു മുകളിൽ കൈവച്ച് തടസ്സം സൃഷ്ടിക്കുക. 

✈ ഛർദ്ദിൽ ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ ദീർഘമായി ശ്വസിക്കുക തുടങ്ങിയവ...

ആകാശച്ചുഴികൾ മിക്ക വിമാന യാത്രകളിലും ഉണ്ടാകാമെങ്കിലും യാത്രക്കാർക്ക് പരുക്കേൽക്കുന്ന വിധത്തിലുള്ള അപകടങ്ങൾ ചുരുക്കമായി മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ചില സമയങ്ങളിൽ, മിനുസമാർന്ന വായു പരുക്കനായി മാറുന്നു. തുടർന്ന് വിമാനം പറക്കുമ്പോൾ ഒരു കടലിലെ തിരമാലകളിൽ ആടി ഉലയുന്ന പോലെ  ഉയരുകയും, താഴുകയും ചെയ്യുന്നു. ഈ പ്രശ്നങ്ങളെ തരണം ചെയ്യത്തക്ക രീതിയിൽ തന്നെയാണ് വിമാന ഡിസൈനുകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

അതിനാൽ ഏതൊരു വാണിജ്യ എയർലൈനും ഇത്തരത്തിലുള്ള ആകാശച്ചുഴികൾ കൈകാര്യം ചെയ്യാൻ കഴിയും. അഥവാ സാഹചര്യങ്ങൾ കൈവിട്ടു പോയാൽ പൈലറ്റിന് അടിയന്തിര ലാൻഡിംഗിന്റെ ഓപ്ഷനും ഉണ്ട്. പൈലറ്റുമാർ ആകാശച്ചുഴിയിലൂടെ  പറക്കുമ്പോൾ അവർ എയർ ട്രാഫിക് കൺട്രോൾ ബോർഡിന് തൽക്ഷണം മുന്നറിയിപ്പ് നൽകുന്നു.  അപ്പോൾ അവർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ കൺട്രോൾ യൂണിറ്റ് നൽകുകയും ചെയ്യുന്നു.

         

                                                        



Most Viewed Website Pages