സ്ത്രീകൾ മുടി വളർത്തുകയും പുരുഷന്മാർ മുടി ചെറുതാക്കി മുറിക്കുകയും ചെയ്യുന്ന രീതി എന്തുകൊണ്ടാണ് ഉണ്ടായത്?
സ്ത്രീകൾ മുടി വളർത്തുകയും പുരുഷന്മാർ മുടി ചെറുതാക്കി മുറിക്കുകയും ചെയ്യുന്ന രീതിക്ക് കാരണമായി ചില ചരിത്രകാരൻമാർ പറയുന്നത് ഇങ്ങനെ.
മനുഷ്യർക്ക് നാഗരികത ഉണ്ടാകുന്നതിന് വളരെ മുൻപ്, അതായത് മൃഗങ്ങളിൽ നിന്ന് അധികമൊന്നും വ്യത്യസ്തരല്ലാത്ത രീതിയിൽ ജീവിച്ചിരുന്ന കാലത്ത് മുടി മുറിക്കുന്ന ഏർപ്പാട് പുരുഷന്മാർക്കും , സ്ത്രീകൾക്കും ഉണ്ടായിരുന്നില്ല. താമസം ഗുഹയിലും മറ്റുമൊക്ക ആയിരുന്നു. വേട്ടയാടാനും മറ്റുമൊക്കെയായി പുരുഷന്മാരാണ് കൂടുതലും പുറത്ത് പോയിരുന്നത്. പുരുഷന്മാരുടെ മുടി നീണ്ടാൽ മരക്കൊമ്പിലും, മുള്ളിലും, വള്ളികളിലും കുരുങ്ങി അത് പൊട്ടിപ്പോകുമായിരുന്നു. മുടി മുറിച്ച് ചെറുതാക്കുക എന്നത് പുരുഷന്മാർക്ക് അന്നൊരു സമസ്യയായിരുന്നു. പിന്നീട് വേട്ടയ്ക്കുവേണ്ടി മൂർച്ചയുള്ള പലതരം ആയുധങ്ങൾ ഉണ്ടാക്കിയപ്പോൾ തലമുടി ചെറുതാക്കാനും അവർ അത് ഉപയോഗിച്ചു. ചില പുല്ലുകൾ കൊണ്ട് ഷേവ് ചെയ്യുന്ന മനുഷ്യർ ആഫ്രിക്കയിലുണ്ടെന്ന് ചരിത്രം പഠിപ്പിക്കുന്നു.
സ്ത്രീകൾക്ക് തലമുടി വെട്ടുക എന്നത് അത്ര വലിയൊരു ആവശ്യമായിരുന്നില്ല. മാറിടം പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ട് പുരുഷന്മാർ ആകൃഷ്ടരാകാതിരിക്കാൻ പെട്ടെന്ന് തലമുടി ഒരു മറയായി ഉപയോഗിച്ചിരിക്കാനും സാധ്യതയുണ്ട്.സ്ത്രീകൾക്ക് നീണ്ട തലമുടി അലങ്കാരമാണെന്നൊക്ക ചിലർക്ക് തോന്നുന്നത് ശീലമായതുകൊണ്ടാണ്. നമ്മുടെ പൂർവികരൊക്കെ കണ്ട സ്ത്രീകൾക്ക് മുടിയുണ്ടായിരുന്നു. അതാണ് ആകർഷണത്തിന്റെ ഒരു മാനദണ്ഡമെന്ന ധാരണ ജനിതകമായി നമുക്കും പകർന്നുകിട്ടി. എത്ര സൗന്ദര്യമുള്ള സ്ത്രീ ആണെങ്കിലും കീമോ കഴിഞ്ഞിട്ടും മറ്റും തലയിൽ ഒരു മുടി പോലുമില്ലെങ്കിൽ പുരുഷന്മാർക്ക് ഒരു നിമിഷത്തേക്ക് ഒരു വല്ലായ്മ തോന്നും. നഖം പോലെ ഒരുപാട് നീട്ടിയാൽ സംരക്ഷിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടുള്ള നിർജ്ജീവ വസ്തുവാണ് തലമുടിയും. വളർത്തുന്നതും , വളർത്തിരിക്കുന്നതും വ്യക്തി സ്വാതന്ത്ര്യമാണ്.
മനുഷ്യശരീരത്തിലെ ലൈംഗിക ഹോർമോണുകളായ ആൻഡ്രജനാണ് താടിയുടെയും , മുടിയൊഴികെയുള്ള ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെയും രോമവളർച്ചയ്ക്ക് കാരണമാകുന്നത്. ആൺകുട്ടികളിൽ ഏകദേശം പന്ത്രണ്ട് പതിമൂന്നു വയസ്സോടെയാണ് ബീജോൽപാദനത്തിന് സഹായിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ടെസ്റ്റിസിൽ ഉണ്ടാകുന്നത്. ടെസ്റ്റിസ് വളരുന്നതോടുകൂടി ശരീരത്തിൽ ആൻഡ്രജൻ ഉൽപാദിപ്പിക്കപ്പെട്ടു തുടങ്ങുകയും അതിനനുസരിച്ച് താടിയും , മീശയും വളരുകയും ചെയ്യും. പക്ഷേ, ആൻഡ്രജനിൽ മാത്രമല്ല താടിമീശയുടെ സൗന്ദര്യശാസ്ത്രം ഷേപ് ചെയ്യപ്പെടുന്നത്.
താടി വളർച്ചയിൽ പാരമ്പര്യത്തിനും ആൻഡ്രജനോടൊപ്പം തന്നെ പ്രാധാന്യമുണ്ട് . അച്ഛനമ്മമാരുടെ ജീനുകളിൽ ‘ഹെർഡിറ്ററി പാറ്റേൺ’ ഉണ്ടെങ്കിൽ മാത്രമേ മക്കൾക്കു താടി ഉണ്ടാവുകയുള്ളൂ.
അച്ഛന് നല്ല കട്ട താടിയുള്ളപ്പോൾ മകന് താടി വളരുന്നില്ല എന്ന പരാതിയാണെങ്കിൽ അതിന് കാരണവും ഇതേ പാരമ്പര്യത്തിന്റെ കളിയാണ്. അമ്മയുടെ കുടുംബത്തിൽ താടിയുള്ളവർ കുറവായിരിക്കാം. അമ്മയിൽ നിന്നാണ് താടിയുടെ ജീനുകൾ മകനിലേക്ക് പകർന്നതെങ്കിൽ, മകന് താടി വളരാനുള്ള സാധ്യത ഇല്ലാതാകും. ഉശിരൻ താടിയുള്ള അച്ഛന്റെ ജീൻ കിട്ടിയത് ഇളയവനും , അമ്മയുടെ കുടുംബത്തിലെ താടിയില്ലാത്ത ജീൻ കിട്ടിയത് ചേട്ടനുമാകുമ്പോഴാണ് ജ്യേഷ്ഠാനുജ താടിപ്രശ്നങ്ങൾ വരുന്നത്.
പാരമ്പര്യമായുള്ള അനുകൂല ഘടകങ്ങൾക്കൊപ്പം ആൻഡ്രജന്റെ ഉൽപാദനവും കൂടിചേരുമ്പോഴുണ്ടാകുന്ന സന്തു ലിതാവസ്ഥയനുസരിച്ചാണ് ഒരാൾക്കു താടിയുണ്ടാകാനുള്ള സാധ്യത നിശ്ചയിക്കപ്പെടുന്നത്. 20 വയസ്സെത്തിയിട്ടും താടി വരുന്നില്ലെങ്കിൽ ഹോർമോണൽ ടെസ്റ്റ് നടത്തി നോക്കാൻ മടിക്കേണ്ട. ആൻഡ്രജന്റെ കുറവാണ് താടി വളർച്ചയ്ക്കു കാരണമെങ്കിൽ ആ ഹോർമോൺ ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകളും , പോഷകങ്ങളും കഴിച്ച് താടിയുടെ വളർച്ച ഉറപ്പാക്കുകയും ചെയ്യാം. എന്നാൽ താടി വളരാത്തത് ഹോർമോൺ അപര്യാപ്തത മൂലമല്ലെങ്കിൽ സ്വാഭാവിക താടിയെന്ന സ്വപ്നം മാറ്റിവയ്ക്കേണ്ടി വരാം.
ആൻഡ്രജൻ എന്ന സെക്‌ഷ്വൽ ഹോർമോണ്‍ കാരണമാണ് താടിയുടെയും , മീശയുടെയും വളർച്ചയെങ്കിൽ താടിവളരാത്ത ആണുങ്ങൾക്ക് ലൈംഗിക ശേഷിക്കുറവ് ഉണ്ടാകാമല്ലോ എന്ന സംശയവും വരാം.നെറ്റിൽ നിന്നു കിട്ടുന്ന വിവരങ്ങൾ ചേർത്തു വായിച്ച് താടി വളരാത്തതിന്റെ പേരിൽ ലൈംഗിക ശേഷിക്കുറവിന്റെ ചികിത്സയ്ക്കു പോകുന്നവരും ധാരാളം.സത്യത്തിൽ താടിയുടെ വരവും , ലൈംഗിക ശേഷിയും തമ്മിൽ ഒരു ബന്ധവുമില്ല. പാരമ്പര്യമായി പകർന്നു കിട്ടുന്ന ജീനുകൾകൊണ്ട് മാത്രമേ താടി ഉണ്ടാകൂ . അങ്ങനെയുണ്ടാകുന്ന താടിയുടെ വളർച്ചയ്ക്കു സഹായിക്കുന്ന ഹോർമോണുകളുടെ സ്ഥാനമാണ് ആൻഡ്രജനുള്ളത്. അതുകൊണ്ട് താടി വളർന്നില്ലെങ്കിൽ ഒരിക്കലും ലൈംഗികമായ ശേഷിക്കുറവ് വരുമെന്ന് വിചാരിക്കരുത്.
അനുകൂല സാഹചര്യങ്ങളിൽ താടിയുടെ വളർച്ചയെ സഹായിക്കുമെന്നത് മാത്രമാണ് താടിയുമായി ഹോർമോണിനുള്ള ബന്ധം. നല്ല കട്ടത്താടിയുള്ളവരേക്കാൾ ലൈംഗികശേഷി കൂടുതൽ ചിലപ്പോൾ താടിരോമങ്ങൾ തീരെയില്ലാത്തവർക്കാകും. അതുകൊണ്ട് താടി പേടിച്ച് ജീവിതത്തിലെ സമാധാനം ഷേവ് ചെയ്തു കളയരുതെന്ന് ചുരുക്കം.
കരടിക്ക് ധാരാളം രോമമുണ്ടെന്നല്ലാതെ കരടി നെയ്യ് കാരണം താടിരോമങ്ങൾ വളരുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എങ്ങനെയെങ്കിലു താടി വളരട്ടെ എന്ന നിസ്സഹായ അവസ്ഥയിലാണ് പലതരം ഓയിലിന്റെ മുകളിലേക്ക് ആളുകള്‍ തെന്നീവീഴുന്നത്. ബിയേർഡ് ഓയിൽ താടി ഒതുക്കി നിർത്താനും , മൃദുവാക്കാനും മാത്രമാണ് സഹായിക്കുന്നത്, അല്ലാതെ രോമമില്ലാത്ത മുഖത്ത് ബിയേർഡ് ഓയിൽ തേച്ചാൽ എണ്ണയുടെ തിളക്കമല്ലാതെ മുഖത്ത് രോമവളർച്ചയുണ്ടാകില്ല. എന്തെങ്കിലും ഓയിലോ ,ഒറ്റമൂലിയോ പോലും താടിവളര്‍ച്ചയ്ക്കുവേണ്ടി ശാസ്ത്രീയമായി കണ്ടുപിടിച്ചിട്ടി ല്ല. മുടി ട്രാൻസ്പ്ലാന്റ് ചെയ്യുന്നതുപോലെ ആർട്ടിഫിഷ്യൽ പ്രോസ്തെസിസ് ചെയ്ത് താടിയും മുഖത്ത് പിടിപ്പിക്കാം.
താടി വളരാനായി എന്തെങ്കിലുമൊക്കെ മുഖത്ത് കാട്ടികൂട്ടുന്നത് വലിയ മണ്ടത്തരമാണ്. പെട്ടെന്ന് റിയാക്‌ഷൻ സംഭവിക്കുന്ന തരത്തിലുള്ള കോശങ്ങളാണ് മുഖത്തുള്ളത്. അതുകൊണ്ട് അമിതമായ പരീക്ഷണങ്ങൾക്കു മുഖത്തെ വിട്ടുകൊടുക്കാതിരിക്കുന്നതാണ് നല്ലത്.
ചിലതരം ഭക്ഷണങ്ങൾ കഴിച്ചാൽ താടി വളരുമെന്ന് ആരെങ്കിലും പറഞ്ഞാൽ അതും കണ്ണടച്ച് വിശ്വസിക്കരുത്. പ്രോട്ടീനുകളടങ്ങിയ മീന്‍, ഇറച്ചി, മുട്ടയുടെ വെള്ള, അയൺ അടങ്ങിയ ചീര, മുരിങ്ങയില, നട്സ്, കാൽസ്യമടങ്ങിയ പാൽ, ചെറുമീനുകൾ, നെല്ലിക്ക... ഇവയെല്ലാം പൊതുവായി മുടിയുടെയും താടിരോമങ്ങളുടെയും ആരോഗ്യത്തിന് നല്ലതാണ്. എങ്കിലും, ഇതൊക്കെ കഴിച്ചാൽ താടിയില്ലാത്തവർക്കു താടി വളരുമെന്നു പറഞ്ഞാൽ അത് വെറും തെറ്റിധാരണയാണെന്ന് മനസ്സിലാക്കുക.
പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് എന്ന രോഗാവസ്ഥ , തൈറോയിഡ്, പ്രോലക്റ്റിൻ, ടെസ്റ്റോസ്റ്റിറോൺ എന്നീ ഹോർമോണുകളിലുണ്ടാവുന്ന വ്യതിയാനങ്ങൾ മൂലവും സ്ത്രീകളിലും രോമവളർച്ചയുണ്ടാകാം. പുരുഷന്മാരിലുണ്ടാകുന്ന അതേ രോമവളർച്ച സ്ത്രീകളിലുണ്ടാകുന്നതിനെയാണ് 'ഹിർസ്യൂട്ടിസം' എന്ന് പറയുന്നത്.
താടിയും , മീശയും വളരാതെ ഇരിക്കുന്നവർക്ക് എല്ലാവരും കൊടുക്കുന്ന ഒരു ഉപദേശമാണ് " എന്നും ഷേവ് ചെയ്‌താൽ മതി താടി വരും " എന്ന്. അത് വിശ്വസിച്ച് എന്നും ഷേവ് ചെയ്യുന്നവരുമുണ്ട്. സത്യത്തിൽ താടിയുടെയും , മീശയുടെയും വളർച്ചയും ഷേവിങ്ങും തമ്മിൽ ഒരു ബന്ധവുമില്ല. താടിയുള്ളവർ ഷേവ് ചെയ്യുകയാണെങ്കിൽ പുതിയത് വരും എന്നാൽ എന്നും ഷേവ് ചെയ്‌തതത് കൊണ്ട് താടിയും , മീശയും വരണമെന്നില്ല. എന്നും ഷേവ് ചെയ്യുന്നത് കൊണ്ട് മുഖത്തേ ഫോളിക്കിളുകൾ കൂടാനോ , കുറയാനോ സാധ്യതയില്ല. മാത്രമല്ല എതിർദിശയിലാണ് ഷേവ് ചെയ്യുന്നതെങ്കിൽ ഫോളിക്കിളുകൾ നശിച്ചുപോകാനും അങ്ങനെ താടിയും , മീശയും വരാതിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് ഷേവ് ചെയ്യുമ്പോൾ എപ്പോഴും ഒരേ ദിശയിൽ ഷേവ് ചെയ്യുന്നതാണ് നല്ലത്.
ഇനി നന്നായി താടിയുള്ളവരുടെ ഒരു പ്രശ്‌നം താടിയും മീശയും തമ്മിൽ യോജിക്കാത്തതാണ്. അതിനുള്ള പ്രതിവിധിയായി അവർ തിരഞ്ഞെടുക്കുന്നതും ഷേവിങ് ആണ്. പക്ഷേ ഇങ്ങനെ താടിയും , മീശയും ഒരുമിക്കുന്നിടത്ത് രോമം വളരാൻ താമസമെടുക്കുന്നത്തിന്റെ പ്രധാന കാരണം അവിടെ ഫോളിക്കിളുകൾ കുറവാണ് എന്നതാണ്. അതുകൊണ്ടാണ് അവിടെ രോമം വളരാൻ അത്രയും താമസം നേരിടുന്നത്. പക്ഷെ അതിനു പ്രതിവിധിയായി നിരന്തരം ഷേവ് ചെയ്യുക എന്ന മാർഗം തിരഞ്ഞെടുത്താൽ ഉള്ള ഫോളിക്കിളുകൾ നശിക്കുകയും , പിന്നെയും രോമം വളരാൻ താമസം നേരിടുകയും ചെയ്തേക്കാം. അതുകൊണ്ട് ഇതിനുള്ള ഏക പരിഹാരം ക്ഷമയോടെ കാത്തിരിക്കുക എന്നത് മാത്രമാണ്. പെട്ടെന്നു തന്നെ റിയാക്ഷന്‍ സംഭവിക്കാനും , നശിച്ചുപോകാനും സാധ്യതയുള്ള കോശങ്ങളാണ് മുഖത്തുള്ളത് . അതിനാൽ അമിതമായ ഷേവിങ് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
അതുപോലെ തന്നെ മീശയും താടിയും വേണ്ട എന്നുള്ളവരും എന്നും ഷേവ് ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും . അതും നമ്മുടെ മുഖത്തെ ചർമത്തിന് വളരെ ഹാനികരമാണ് ; കാരണം ഷേവിങ്ങ് റേസറുകൾ നിങ്ങളുടെ രോമം മാത്രമല്ല മുറിച്ചു കളയുന്നത് ചർമ്മത്തിലുടനീളം ബ്ലേഡ് പ്രവർത്തിപ്പിക്കുമ്പോഴെല്ലാം അവ ചർമ്മ കോശങ്ങളുടെ ഒരു പാളി തന്നെ പൂർണമായോ ഭാഗീകമായോ, നീക്കം ചെയ്യും. ഷേവിംഗ് സെഷനുകൾക്കിടയിൽ കോശങ്ങൾ സുഖപ്പെടുന്നതിന് രണ്ടോ അതിലധികമോ ദിവസം ചർമ്മത്തിന് നൽകുന്നത് ചർമ്മത്തെ ആരോഗ്യകരവും , മിനുസമാർന്നതും വ്യക്തവും , പോഷകപ്രദവുമായി നിലനിർത്താൻ സഹായിക്കും.