ഏപ്രിൽ ഫൂളിന്റെ ചരിത്രം
രസകരമായ ചില ആഘോഷങ്ങൾ വർണ , വർഗ , ഭാഷ , രാഷ്ട്ര ഭേദങ്ങൾ മറികടന്ന് ജനകീയവത്കരിക്കപ്പെട്ടതിന്റെ ഉദാഹരണങ്ങളിലൊന്നാണ് വിഢി ദിനാഘോഷം . ലോകമെങ്ങും ഏപ്രിൽ ഒന്നിനാണ് വിഡ്ഢി ദിനം ആഘോഷിക്കുന്നത് . കൂട്ടുകാരെയും നാട്ടുകാരെയും അന്നേദിവസം വ്യാജ കഥകളിലൂടെയും കാര്യങ്ങളിലൂടെയും കബളിപ്പിക്കലാണ് വിഡ്ഢി ദിനത്തിൽ പൊതുവേ ചെയ്യുന്നത് .
ഏപ്രിൽ ഫൂളിന്റെ ചരിത്രം തുടങ്ങുന്നത് എവിടെ നിന്നാണെന്ന കാര്യത്തിൽ ഇന്നും തർക്കമുണ്ട് . ജെഫ്രി ചോസറിന്റെ കാന്റർബെറി കഥകളിൽ നിന്നാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു . അതിൽ വന്ന മാർച്ച് 32 എന്ന പരാമർശമാണ് വിഡ്ഢി ദിനത്തിലേക്ക് നയിച്ചതെന്നാണ് വാദം, . എന്നാൽ ഇതിന് അധികം പിന്തുണക്കാരില്ല.
ഫ്രാൻസ് 1582 ൽ ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറിയതാണ് വിഡ്ഢി ദിനം ഉണ്ടാവാൻ കാരണമെന്നാണ് മറ്റൊരു വാദം . ജൂലിയൻ കലണ്ടർ അനുസരിച്ച് ഏപ്രിൽ ഒന്നിനാണ് പുതുവർഷം ആരംഭിക്കുക . ഗ്രിഗോറിയൻ കലണ്ടറിൽ അത് ജനുവരി ഒന്നിനും.
വാർത്താ വിനിമയം തുലോം പരിതാപകരമായിരുന്ന അക്കാലത്ത് പുതുവർഷം ജനുവരി ഒന്നിലേക്ക് മാറ്റിയ വിവരം അധികമാരും അറിഞ്ഞില്ല. സ്വാഭാവികമായും നല്ലൊരു ശതമാനം പേർ ഏപ്രിൽ 1 ന് പുതുവർഷം ആഘോഷിച്ച് മണ്ടന്മാരായി . വിഡ്ഢി ദിനാഘോഷം അങ്ങനെ ആരംഭിക്കുകയും ചെയ്തു.
1700 ലാണ് ഇംഗ്ളണ്ടിൽ ഇതൊരു വലിയ ആഘോഷമായി മാറിയത് . താമസിയാതെ തന്നെ മറ്റ് രാജ്യങ്ങളിലേക്കും ആഘോഷമെത്തി . സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന പ്രദേശങ്ങളിലും ഈ ആഘോഷം എത്തിച്ചേർന്നു. അങ്ങനെ ഇന്ത്യയിലും ഈ ആഘോഷം അറിയപ്പെട്ട് തുടങ്ങി.
റോമിലെ ഹിലാറിയ എന്ന ആഘോഷത്തിനും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്നുണ്ട്. മാർച്ച് അവസാനം നടക്കുന്ന ഈ ആഘോഷത്തിൽ ജനങ്ങൾ പ്രച്ഛന്ന വേഷം ധരിച്ച് മറ്റുള്ളവരെ കബളിപ്പിക്കുന്നു . ഇത് പിന്നീട് വിഡ്ഢി ദിനമായതാണെന്നും പറയപ്പെടുന്നുണ്ട്.
ഇപ്പോൾ ദിനപ്പത്രങ്ങളും ചാനലുകളുമെല്ലാം വ്യാജവാർത്തകൾ നൽകി പ്രേക്ഷകരെ കബളിപ്പിക്കുന്നുണ്ട് . 1957 ൽ ബിബിസി അവരുടെ പനോരമ സീരീസിൽ ജനങ്ങളെ പറ്റിച്ചിട്ടുണ്ട് . വൃക്ഷങ്ങളിൽ നിന്ന് നൂഡിൽസ് വിളവെടുക്കുന്ന ദൃശ്യങ്ങൾ ബിബിസി ജനങ്ങളെ കാണിച്ചു . നിരവധി പേർ ബിബിസിയിൽ വിളിച്ച് ഈ വൃക്ഷങ്ങളുടെ തൈ വേണമെന്ന് ആവശ്യപ്പെട്ടു . ഒരു പാത്രത്തിൽ നൂഡിൽസ് എടുത്ത് വച്ച് തക്കാളി സോസ് ഒഴിച്ച് കാത്തിരിക്കാനായിരുന്നു നിർദ്ദേശം .
1976 ൽ ബിബിസി വീണ്ടും ജനങ്ങളെ പറ്റിച്ചു . ഏപ്രിൽ 1 ന് രാവിലെ 9:47 ന് വാഴത്തിന് പിന്നിൽ പ്ളൂട്ടോ എത്തുമെന്നും അതുവഴിയുണ്ടാകുന്ന മാറ്റങ്ങൾ ഗ്രഹങ്ങളുടെ സ്വഭാവത്തെ മാറ്റുമെന്നും ബിബിസിയിൽ നടന്ന ഇന്റർവ്യൂവിൽ പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ വ്യക്തമാക്കി .
ഈ സമയത്ത് ഭൂമിയുടെ ഗുരുത്വാകർഷണ ബലം കുറയുമെന്നും കൃത്യ സമയത്ത് ചാടി നോക്കിയാൽ പറന്ന് പോകുന്ന അവസ്ഥയുണ്ടാകുമെന്നും ശാസ്ത്രജ്ഞൻ പറഞ്ഞു. അന്ന് നിരവധി പേരാണ് ബിബിസിയിൽ വിളിച്ച് തങ്ങൾക്കുണ്ടായ അനുഭവങ്ങൾ വിവരിച്ചത് . താനും തന്റെ 11 സുഹൃത്തുക്കളും കസേരയിൽ നിന്ന് ഉയർന്ന് പറന്നെന്ന് ഒരു സ്ത്രീ അവകാശപ്പെടുക പോലുമുണ്ടായി.
രസകരമായ മറ്റൊരു സംഭവം നടന്ന സ്വീഡനിലാണ് . ബ്ളാക് ആൻഡ് വൈറ്റ് ടിവികളുടെ കാലത്ത് 1962 ലായിരുന്നു സംഭവം . ഒരു ചാനൽ മാത്രമാണ് അന്ന് സ്വീഡനിൽ ഉണ്ടായിരുന്നത് . ബ്ളാക്ക് ആൻഡ് വൈറ്റ് ടിവിയിൽ കളർ ചിത്രങ്ങൾ കാണിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ കിട്ടിയെന്ന് ചാനൽ വ്യക്തമാക്കിയതോടെ എല്ലാവരും ആകാംക്ഷാ ഭരിതരായി.
ടിവി സ്ക്രീൻ ഒരു ജോഡി സ്റ്റോക്കിംഗ്സ് കൊണ്ട് നല്ല രീതിയിൽ പൊതിയാനായിരുന്നു നിർദ്ദേശം . നിരവധി പേർ ബ്ളാക്ക് ആൻഡ് വൈറ്റ് ടിവി സ്ക്രീൻ സ്റ്റോക്കിംഗ്സ് കൊണ്ട് പൊതിഞ്ഞ് കളർ ചിത്രങ്ങൾ കാത്തിരുന്ന് നിരാശരായി. എന്തായാലും സ്വീഡനിൽ കളർ ചിത്രങ്ങൾ സംപ്രേഷണം ആരംഭിച്ചതും ഒടുവിൽ ഒരു വിഡ്ഢി ദിനത്തിൽ തന്നെയായിരുന്നു . 1970 ഏപ്രിൽ ഒന്നിന്.