സ്കൂൾ ബസ്സുകൾ എല്ലാം മഞ്ഞ നിറം ആയതിന്റെ കാരണം എന്താണെന്ന് അറിയുമോ?


നമ്മുടെ നാടുകളിൽ നിന്ന് വിഭിന്നമായി വളരെ നേരത്തെ തന്നെ സ്കൂൾ സമയം ആരംഭിക്കുന്ന രീതിയാണ് പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ളത്‌. തന്മൂലം മൂടൽമഞ്ഞു കൊണ്ടും ചെറുചാറ്റൽ മഴ കൊണ്ടും ‌ദൂര കാഴ്‌ചയ്ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ കാരണങ്ങൾ കൊണ്ടു തന്നെ ധാരാളം അപകടങ്ങളും സംഭവിച്ചിരുന്നു. ഭാവി തലമുറയുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന ആശങ്കാജനകമായ ഈ അവസ്ഥ ഒഴിവാക്കാൻ അമേരിക്കൻ ഭരണകൂടം തീരുമാനിച്ചു.

കൊളംബിയൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. ഫ്രാങ്ക്‌ .ഡബ്ല്യു. സിർ 1939ലാണ് സ്കൂൾ കുട്ടികളുടെ യാത്രാസുരക്ഷക്ക്‌ വേണ്ടിയും സ്കൂൾ ബസുകളുടെ നിറത്തെ ഏകീകരിക്കാനുമായി സമ്മേളനം വിളിച്ച്‌ ചേർത്തത്‌. ചർച്ചകൾക്കവസാനം വടക്കേ അമേരിക്കയിലെ സ്കൂൾ ബസുകളുടെ നിറം ‘മഞ്ഞ’യാക്കാൻ തീരുമാനിച്ചു. പിന്നീട്‌  ഇദ്ദേഹം “മഞ്ഞ സ്കൂൾ ബസിന്റെ പിതാവ്‌” (Father of yellow school bus) എന്നറിയപ്പെട്ടു.

മഞ്ഞ നിറം കാഴ്‌ചക്ക്‌ മാത്രമല്ല, സുരക്ഷയ്ക്ക് കൂടിയാണ്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ചുവപ്പ്‌ നിറത്തെക്കാൾ 1.24 മടങ്ങ്‌ അധികം കാഴ്‌ച മഞ്ഞ നിറത്തിനുണ്ട്‌. മൂടൽമഞ്ഞ്‌/ മൂടിക്കെട്ടിയ അന്തരീക്ഷം എന്നീ സാഹചര്യങ്ങളിൽ മറ്റു നിറങ്ങളേക്കാൾ കൂടുതൽ എടുത്ത്‌ കാണിക്കുക മഞ്ഞ നിറമാണ്. ഇക്കാരണങ്ങളാലാണു മഞ്ഞ നിറത്തിനെ സ്കൂൾ ബസുകളുടെ നിറമായി തെരഞ്ഞെടുത്തത്‌.

എന്നാൽ ഇതൊരു പ്രത്യേക തരം മഞ്ഞ നിറമാണു. നാരങ്ങയുടെ മഞ്ഞ നിറവും , ഓറഞ്ച്‌ നിറവും കലർന്ന ഒരു നിറം ; പഴുത്ത മാങ്ങയുടെ മഞ്ഞ നിറം. ഈ വ്യത്യസ്ഥമായ മഞ്ഞ നിറത്തിൽ കറുത്ത അക്ഷരങ്ങളിൽ എഴുതുമ്പോഴാണ് വേഗത്തിൽ ശ്രദ്ധിക്കപ്പെടുന്നത്‌.
വടക്കെ അമേരിക്കയിൽ തുടങ്ങി വെച്ച ഈ രീതിയാണു ഇന്ത്യ അടക്കമുള്ള ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളും പിന്തുടരുന്നത്‌.
         

                                                        


Most Viewed Website Pages