ലോകത്തിലെ ഏറ്റവും വലിയ വിമാനാപകടം
ടെനറീഫ് എയര്‍ക്രാഷ്
ലോകത്ത് ഏറ്റവുമധികം പേര്‍ മരിച്ച വിമാനാപകടം നടന്നത് 1977ലായിരുന്നു. സ്‌പെയിനിലെ ടെനറീഫ് ദ്വീപിലെ റണ്‍വേയില്‍ രണ്ടു യാത്രാവിമാനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്നപ്പോള്‍ മരിച്ചത് 583 പേര്‍. സിവില്‍ ഏവിയേഷന്‍ ചരിത്രത്തില്‍ ഏറ്റവും അധികം ആളുകള്‍ മരിച്ച അപകടമായിരുന്നു അത്. 1977 മാര്‍ച്ച് 27 നാണ് ടെനറിഫ് ദ്വീപിലെ ലോസ് റോഡിയോസ് എയര്‍പോര്‍ട്ടിന്റെ (ഇപ്പോള്‍ ടെനറിഫ് നോര്‍ത്ത് എയര്‍പോര്‍ട്ട്) റണ്‍വേയില്‍ വെച്ച് രണ്ട് ബോയിങ് 747 വിമാനങ്ങള്‍ കൂട്ടിയിടിച്ചത്.
അപകടം ഇങ്ങനെ
ഡച്ച് വിമാനക്കമ്പനിയായ കെഎല്‍എമ്മിന്റെ വിമാനവും അമേരിക്കന്‍ കമ്പനിയായ പാന്‍ എഎമ്മിന്റെ വിമാനവുമാണ് കൂട്ടിയിടിച്ചത്. സ്‌പെയിനിലെ ഗ്രാന്‍ കനേറിയ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളായിരുന്നു രണ്ടും. എന്നാല്‍ ഗ്രാന്‍ കനേറിയയിലെ ബോംബ് സ്‌ഫോടനവും ബോംബ് ഭീഷണിയെയും തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചതുകൊണ്ട് ഈ രണ്ടു വിമാനങ്ങള്‍ അടക്കം അഞ്ച് വിമാനങ്ങള്‍ ടെനറീഫ് ദ്വീപിലെ ലോസ് റോഡിയോസ് വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിട്ടു. അമേരിക്കയിലെ ലോസാഞ്ചല്‍സില്‍നിന്ന് പുറപ്പെട്ടതായിരുന്നു പാന്‍ എഎമ്മിന്റെ വിമാനം. 19 ക്രൂ അടക്കം മൊത്തം 380 യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍. കെഎല്‍എമ്മിന്റെ വിമാനം നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാം എയര്‍പോര്‍ട്ടില്‍നിന്ന് പുറപ്പെട്ടതായിരുന്നു. ഹോളണ്ട് ഇന്റര്‍നാഷണല്‍ ട്രാവല്‍ ഗ്രൂപ്പിന് വേണ്ടി ചാര്‍ട്ടര്‍ ചെയ്തിരുന്ന വിമാനത്തില്‍ ഫ്ളൈറ്റ് ക്രൂ അടക്കം 248 യാത്രക്കാരുണ്ടായിരുന്നു.
താരതമ്യേന ചെറിയ വിമാനത്താവളമായ ടെനറീഫ് അഞ്ച് വിമാനങ്ങള്‍ ഒരുമിച്ച് ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്നു. ഒരു റണ്‍വേയും ഒരു ടാക്‌സിവേയും മാത്രമുള്ള വിമാനത്താവളത്തില്‍ ബോയിങ് 747 പോലുള്ള വലിയ വിമാനങ്ങളെ ഒരുമിച്ച് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ച ഗ്രാന്‍ഡ് കനേറിയ വിമാനത്താവളം വീണ്ടും തുറന്നു എന്ന അറിയിപ്പു കിട്ടിയ ശേഷമാണ് വിമാനങ്ങള്‍ പുറപ്പെടാന്‍ തയാറായത്. ടേക്ക് ഓഫിനുള്ള കെഎല്‍എം വിമാനം റണ്‍വേയിലൂടെ ടാക്‌സി ചെയ്ത് അറ്റത്ത് എത്തിയതിന് ശേഷം ടേക്ക് ഓഫ് ചെയ്യാൻ അനുമതി നല്‍കി.
ഇതേസമയം പാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം റണ്‍വേയിലൂടെ ടാക്‌സി ചെയ്ത് മൂന്നാമത്തെ എക്‌സിറ്റിലൂടെ ടാക്‌സിവേയിലേക്ക് പ്രവേശിച്ച് നാലാം എക്‌സിറ്റിലൂടെ റണ്‍വേയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ കനത്ത മൂടല്‍മഞ്ഞ് നിമിത്തം മൂന്നാമത്തെ എക്‌സിറ്റ് പാന്‍ എഎം വിമാനത്തിന് നഷ്ടമായി (റണ്‍വേയില്‍ എക്‌സിറ്റുകള്‍ക്ക് കൃത്യമായ നമ്പറില്ലായിരുന്നുവെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി).
ടവറില്‍ നിന്നിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് റണ്‍വേയില്‍ കിടന്ന രണ്ട് വിമാനങ്ങള്‍ ഇപ്പോള്‍ എവിടെയാണ് എന്ന് കാണാന്‍ സാധിക്കാത്തതും, രണ്ട് വിമാനങ്ങളിലെ പൈലറ്റുമാര്‍ക്കും എതിര്‍ദിശയില്‍ സമീപിച്ചു കൊണ്ടിരുന്ന വിമാനങ്ങളെയും കാണാന്‍ സാധിക്കാത്തതും അപകടകാരണമായി. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് ക്ലിയറന്‍സ് ലഭിക്കുന്നതിന് മുന്നേ പറന്നുയരാന്‍ ശ്രമിച്ച കെഎല്‍എം വിമാനത്തിന്റെ പൈലറ്റിന്റെ അക്ഷമയാണ് അപകടകാരണങ്ങളിലൊന്ന് എന്നാണ് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയത്.
റണ്‍വേയില്‍നിന്ന് പറന്നുയരാനായി ഫുള്‍ ത്രെസ്റ്റില്‍ സഞ്ചരിച്ച കെല്‍എമ്മിന്റെ പൈലറ്റ് പാന്‍എഎമ്മിന്റെ വിമാനം കാണുന്നത് തൊട്ടടുത്ത് എത്തിയപ്പോഴാണ്. രണ്ട് വിമാനങ്ങളിലെ പൈലറ്റുമാരും അപകടം മുന്നില്‍ കണ്ട് അവസാനനിമിഷം ചില ശ്രമങ്ങള്‍ നടത്തി. എന്നാല്‍ അവയെല്ലാം പാഴ്ശ്രമങ്ങളായി. കെഎൽഎമ്മിന്റെ വലതു ചിറകും മെയിന്‍ ലാന്‍ഡിംഗ് ഗിയറും എന്‍ജിനുകളും പാന്‍ എഎമ്മിന്റെ മുകളില്‍ വന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പാന്‍ എഎമ്മിന്റെ മുകള്‍വശം മുഴുവനായി തകർന്നു.കെഎല്‍എമ്മിലെ 248 യാത്രക്കാരില്‍ ഒരാള്‍ പോലും അപകടത്തെ അതിജീവിച്ചില്ല. എഎമ്മിലെ 380 യാത്രക്കാരില്‍ 66 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏറ്റവും മുന്നിലും പിന്നിലുമായി ഇരുന്നവരാണ് രക്ഷപ്പെട്ടത്. രണ്ടു വിമാനങ്ങളിലുമായി 583 പേര്‍ മരണപ്പെട്ടു. സിവില്‍ ഏവിയേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി ഇത് മാറുകയും ചെയ്തു.
എന്നാൽ ഈ അപകടം ലോകത്തെ സിവില്‍ ഏവിയേഷന്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. സുരക്ഷയ്ക്കുള്ള പ്രാധാന്യം വളരെയധികം വര്‍ദ്ധിപ്പിച്ചു. കൂടാതെ നിരന്തര ഗവേഷണത്തിലൂടെ കണ്ടെത്തിയ അത്യാധുനിക സംവിധാനങ്ങള്‍ അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്തു